SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 PM IST

നോക്കുകുത്തിയായി പറമ്പിക്കുളം - ആളിയാർ കരാർ

paramikkuklam

കുംഭച്ചൂടിൽ കത്തിയെരിയുകയാണ് പാലക്കാട്, ഒപ്പം ജലക്ഷാമവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം കേരളത്തിന് അർഹമായ ജലം തമിഴ്നാട് തരാതായതോടെ പാലക്കാടിന്റെ കിഴക്കൻ മേഖല വരൾച്ചയിലേക്ക് നീങ്ങുകയാണ്. ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ 40,000 ഏക്കറിലെ നെൽകൃഷിയാണ് പ്രതിസന്ധിയിലാകുന്നത്. നെൽപ്പാടങ്ങളിൽ ജലസേചനം അത്യാവശ്യമായ സമയത്താണ് ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം തമിഴ്നാട് സെക്കഡിൽ 230 ഘനയടിയായി കുറച്ചത്. ഈ സമയത്ത് സെക്കൻഡിൽ 500 ഘനയടി തോതിലുള്ള വെള്ളമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. നെൽകൃഷിയെ കൂടാതെ കൂടാതെ പച്ചക്കറി, നാളികേരം തുടങ്ങിയ വിളകളെയും ജലക്ഷാമം പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. അതേസമയം, ആളിയാറിൽ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് ജലവിഭവവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഇക്കാര്യം സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി തലത്തിൽ തമിഴ്നാടുമായി സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം എതിർപ്പറിയിച്ചതിനെത്തുടർന്ന് ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം തമിഴ്നാട് നേരിയ തോതിൽ ഉയർത്തി. കഴിഞ്ഞ ദിവസം സെക്കൻഡിൽ 190 ഘനയടി തോതിലായിരുന്നു ജലവിതരണം. അത് 230 ഘനയടി തോതിലാക്കിയിട്ടുണ്ട്. 500 ഘനയടി തോതിലാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. ഇതേ അളവിൽ ജലം കിട്ടിയാൽ മാത്രമേ ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാംവിള നെൽക്കൃഷി ഉണക്കം കൂടാതെ കൊയ്‌തെടുക്കാനാകൂ.

ഇക്കഴിഞ്ഞ മഴക്കാലത്തു ശക്തമായ മഴയിൽ പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രദേശത്തു നിന്നു ധാരാളം വെള്ളം ചിറ്റൂർപ്പുഴ വഴി ഒഴുക്കിയിരുന്നു. ഇത്തരത്തിൽ ജലം ഒഴുക്കിയാണു തമിഴ്നാട് ആളിയാർ പുഴയുടെ തീരത്തടക്കമുള്ള പ്രളയം ഒഴിവാക്കിയത്. ശരാശരി ഒന്നര ടി.എം.സി പ്രളയജലം ചിറ്റൂർപ്പുഴയിലേക്ക് ഒഴുക്കിയെന്നാണു കണക്ക്. ഈ ജലമത്രയും ചിറ്റൂർപ്പുഴയിലേക്കു നൽകാനുള്ള വെള്ളത്തിന്റെ കണക്കിൽപ്പെടുത്തണമെന്നാണു തമിഴ്നാടിന്റെ ആവശ്യം.

പറമ്പിക്കുളം - ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിനു മുന്നോടിയായി കേരള സൂപ്രണ്ടിംഗ് എൻജിനീയർ കാർത്തികേയൻ, സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടർ ഷെറിൻ മേരി സാം, എക്സിക്യൂട്ടീവ് എൻജിനീയർ ശിവകുമാർ എന്നിവർ തമിഴ്നാട് ജലവിഭവവകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയറുമായി നടത്തിയ ചർച്ചയിലാണു തമിഴ്നാട് ഏകപക്ഷീയ നിലപാടെടുത്തത്. ഇതു കേരളം പാടേ നിരാകരിച്ചിരുന്നു തുടർന്നാണ് തമിഴ്നാട് കേരളത്തിന് അനുവദിക്കേണ്ട വെള്ളത്തിൽ കുറവ് വരുത്തിയത്.

തമിഴ്നാട്ടിലെ ആളിയാർ അണക്കെട്ടിൽനിന്ന് എത്രയുംവേഗം വെള്ളം ലഭിച്ചില്ലെങ്കിൽ ചിറ്റൂർപ്പുഴ മേഖലയിലെ 40,000 ഏക്കർ നെൽക്കൃഷി ഉണങ്ങും. ഈ ജലവർഷത്തിൽ കേരളത്തിന് 2.4 ടി.എം.സി. ജലമാണ് ഇനി ലഭിക്കാനുള്ളത്. മുൻവർഷത്തെ കുടിശ്ശികയിനത്തിൽ 1.6 ടി.എം.സി. ജലവുമുണ്ട്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ കേരള തമിഴ്നാട് സംയുക്ത ജലക്രമീകരണ ബോർഡ് യോഗം തയ്യാറായിട്ടില്ല. പ്രളയജലം കൂടി ചേർത്ത് കേരളത്തിന് ഈ ജലവർഷം 10.4 ടി.എം.സി. ജലം നൽകിയെന്ന തമിഴ്നാടിന്റെ വാദം കരാർലംഘനമാണെന്നും കർഷകർ പറയുന്നു.

ഇനിയും 2.65 ടി.എം.സി

ജലം ലഭിക്കണം
പറമ്പിക്കുളം - ആളിയാർ പദ്ധതിയിൽ നിന്നു ചിറ്റൂർപ്പുഴയിലേക്ക് ഒരു ജലവർഷം 7.25 ടി.എം.സി ജലം നിർബന്ധമായും ലഭ്യമാക്കണം. ഇതിൽ ജനുവരി 31 വരെ 4.6 ടിഎംസി ജലമാണു ലഭിച്ചിട്ടുള്ളത്. ജൂൺ 30നു നടപ്പു ജലവർഷം അവസാനിക്കുന്നതിനു മുൻപ് 2.65 ടി.എം.സി ജലം കൂടി ലഭിക്കണം. രണ്ടാംവിള കൃഷിക്ക് ഇപ്പോൾ ജലം അത്യാവശ്യമാണ്. ഒപ്പം വേനൽക്കാലത്തേക്കു ചിറ്റൂർപ്പുഴയിലും ഭാരതപ്പുഴയിലും ശുദ്ധജലം ഉറപ്പാക്കാൻ ആളിയാർ ജലം അനിവാര്യമാണ്.

2.65 ടി.എം.സി ജലം അതേ അളവിൽ നൽകാനില്ലെന്നാണു തമിഴ്നാടിന്റെ നിലപാട്. ഇതിൽ നിന്ന് 1.5 ടി.എം.സി പ്രളയജലം കുറച്ചാൽ ഒരു ടി.എം.സി ജലമാണു കേരളത്തിനു ലഭിക്കുക. പറമ്പിക്കുളം - ആളിയാർ ഡാമുകളിൽ വേണ്ടത്ര ജലമുണ്ടായിരിക്കെയാണ് കേരളത്തിനു വെള്ളം നിഷേധിക്കുന്നത്. പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ ഉൾപ്പെട്ട കേരള ഷോളയാർ ഡാം ഫെബ്രുവരി ഒന്നിനു പൂർണതോതിൽ നിറയ്ക്കണമെന്ന നിർദേശവും ഇത്തവണ തമിഴ്നാട് ലംഘിച്ചു. ഇക്കാര്യത്തിലും കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മന്ത്രിതലത്തിലും ചർച്ച

പറമ്പിക്കുളം - ആളിയാർ കരാർ പുനരവലോകന ചർച്ചകൾക്കും പദ്ധതിയിൽ നിന്നു കേരളത്തിന് അർഹമായ ജലം നേടിയെടുക്കുന്നതിനുമായി 27ന് ഇരുസംസ്ഥാനങ്ങളും തമ്മിൽ മന്ത്രിതല ചർച്ച നടത്തും. ഇതിനായി തമിഴ്നാട് ജലവിഭവവകുപ്പു മന്ത്രി കേരളത്തിലെത്തും. ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം വെട്ടിക്കുറച്ചതിൽ കേരളം തമിഴ്നാടിനെ പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെയും പ്രതിസന്ധി അറിയിച്ചു. ഇതേത്തുടർന്ന് ചീഫ് സെക്രട്ടറി തലത്തിൽ പ്രതിസന്ധി വിലയിരുത്തി തമിഴ്നാടുമായി സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മന്ത്രി കേരളത്തിലെത്തുന്നത്. മുമ്പ് മുഖ്യമന്ത്രി തലത്തിലും മന്ത്രിതലത്തിലും കേരളവും തമിഴ്നാടും തമ്മിൽ പറമ്പിക്കുളം - ആളിയാർ കരാർ പുനരവലോകനം ഉൾപ്പെടെ ചർച്ച ചെയ്തിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.

തമിഴ്നാട്ടിൽ നിന്നു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 500 ഘനയടിയായി ഉയർത്തിയില്ലെങ്കിൽ കൃഷി പൂർണമായും ഉണങ്ങിനശിക്കുമെന്ന് കുന്നംകാട്ടുപതി സിസ്റ്റത്തിന് കീഴിലെ കർഷകർ പറയുന്നു. 27ന് കേരളം തമിഴ്നാടുമായി നടത്തുന്ന മന്ത്രിതല ചർച്ചവരെ കർഷകർക്ക് കാത്തുനിൽക്കാനാവില്ലെന്നും കർഷകർ പറഞ്ഞു.

എലപ്പുള്ളി, നല്ലേപ്പുള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് തുടങ്ങിയ പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നത് കുന്നംകാട്ടുപതി സിസ്റ്റത്തിൽ നിന്നാണ്. വാലറ്റപ്രദേശമായ തേനാരിവരെയുള്ള 34 കിലോമീറ്റർ കനാൽപരിധിയിലെ 3,200 ഏക്കറോളം നെൽക്കൃഷിയാണ് ഉണക്കുഭീഷണി നേരിടുന്നത്. കുന്നംകാട്ടുപതി മേഖലയ്ക്ക് അർഹതപ്പെട്ടവെള്ളം തടഞ്ഞുനിറുത്തി മറ്റുഭാഗങ്ങളിലേക്ക് തിരിച്ചുവിടുന്ന പ്രവണത കാലങ്ങളായുണ്ടെന്നും പ്രദേശത്തേക്ക് അർഹതപ്പെട്ടവെള്ളം അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ട് ചിറ്റൂർപ്പുഴപദ്ധതി എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതി നൽകാനിരിക്കയാണ് കർഷകർ.


കരാർ പുതുക്കാത്തത്

ഗുരുതര വീഴ്ച
1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ 1970 മേയ് 29നാണ് കേരളവും തമിഴ്നാടും തമ്മിൽ പറമ്പിക്കുളം - ആളിയാർ കരാർ ഒപ്പിട്ടത്. ഓരോ 30 വർഷം കൂടുമ്പോഴും കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു കരാർ. ഇതനുസരിച്ച് 1988ലും 2018ലും കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യേണ്ടതാണെങ്കിലും അത് സംബന്ധിച്ച് നടപടികളുണ്ടായില്ല.

ഇക്കാര്യത്തിൽ കേരളം ഗുരുതര വീഴ്ചയാണു വരുത്തിയത്. ഇതുമൂലം കേരളത്തിനുള്ള ജല, കാർഷിക നഷ്ടവും ഭീമമാണ്. ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു ലഭിക്കുന്ന വെള്ളം തികയുന്നുമില്ല. ഈ സാഹചര്യത്തിൽ പറമ്പിക്കുളം - ആളിയാർ ചർച്ചകൾക്ക് ഏറെ പ്രാധാന്യമേറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARAMIKKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION