SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

ശശിബിംബത്തിൽ തോമാ ഉമ്മവച്ചു, വഴിയാധാരമായ ചാക്കോയുടെ വിലാപഗീതം

a

കയറ്റിറക്കങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് പി.സി ചാക്കോ. കോൺഗ്രസിൽ ലീഡർ കെ. കരുണാകരന്റെ പ്രതാപകാലത്ത് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ശക്തിയായിരുന്നു ചാക്കോ. അതേ ലീഡറുമായി പിന്നീട് തെറ്റിപ്പിരിഞ്ഞു. കോൺഗ്രസ് എസിലേക്ക് ചേക്കേറി. തിരിച്ചു കോൺഗ്രസിലേക്ക് എത്തിയെങ്കിലും ശരദ്പവാറിനോടുള്ള വ്യക്തിബന്ധം മൂലം ഒടുവിൽ എൻ.സി.പിയിലുമെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവും ദേശീയ നേതാവുമായിരുന്ന ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അത്രമോശമല്ല. നിയമസഭാ സാമാജികനായും സംസ്ഥാന മന്ത്രിയായും പിന്നീട് നാലുതവണ ലോക്സഭാംഗവുമൊക്കെയായി കോൺഗ്രസിനെ നല്ല പോലെ 'സേവിച്ച 'നേതാവായിരുന്നു അദ്ദേഹം. തികഞ്ഞ ഗാന്ധിയനാണെങ്കിലും എപ്പോഴും എന്തെങ്കിലുമൊരു സ്ഥാനം വേണമെന്നത് അദ്ദേഹത്തിന്റെ ദൗർബല്യമാണ്. ഇക്കാര്യത്തിൽ ചാക്കോയുടെ ആത്മാർത്ഥതയെ താരതമ്യം ചെയ്യാൻ കേരളത്തിൽ പിന്നെ പ്രൊഫ. കെ.വി. തോമസ് മാത്രമേയുള്ളു. രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളുമായുള്ള ബന്ധം വേണമെന്ന വരട്ടു ന്യായത്തിലൊന്നും തെല്ലും അന്ധവിശ്വാസമില്ലാത്ത നേതാവായിരുന്നു ചാക്കോ. ചിഹ്നം നോക്കി വോട്ടുകുത്തി നേതാക്കളെ ജയിപ്പിക്കേണ്ട ബാദ്ധ്യത സമ്മതിദായകർക്കുള്ളതിനാൽ ചാക്കോയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഒരിക്കലല്ല, പലവട്ടം. കൈയിലിരിപ്പിന്റെ ശുദ്ധത കൊണ്ടോ തലയിലെഴുത്തിന്റെ പുണ്യം കൊണ്ടോ, ചാക്കോയ്ക്ക് എവിടെയും എന്തെങ്കിലും സ്ഥാനമോ പദവിയോ കിട്ടാതിരുന്നിട്ടുമില്ല.

ഒരു പഞ്ചായത്തു വാർഡിൽ പോലും മത്സരിച്ച്, സ്വന്തമായി ജയിച്ച്, സ്വന്തം കരുത്തുകാട്ടാൻ താത്പര്യം കാട്ടാത്ത, കാട്ടിയാലും ഫലപ്രാപ്തിയിലാവാത്ത കേരളത്തിലെ എൻ.സി.പി യുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്താൻ ചാക്കോയ്ക്ക് അവസരം കിട്ടിയത്, ഒരിക്കൽ കൂടുവിട്ട് കൂടുമാറിയ ശരദ് പവാറിനൊപ്പം ഒട്ടിപ്പിടിച്ചു നിന്നതിന്റെ ഉപകാര സ്മരണയാണ്. കിട്ടിയ അവസരം ചാക്കോ വേണ്ടവിധം ഉപയോഗിച്ചു. തനിക്ക് താത്പര്യമില്ലാത്ത പല ജില്ലാ നേതാക്കളെയും നടപടിയെടുത്ത് സ്ഥാനമാനങ്ങളിൽ നിന്നൊഴിവാക്കുകയും തനിക്ക് താത്പര്യമുള്ള മാന്യദേഹങ്ങളെ ആ ഇടങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. അണികൾക്ക് പഞ്ഞമുണ്ടെങ്കിലും നേതാക്കൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ആദർശ നിബദ്ധമായ പാർട്ടി കൂടിയാണല്ലോ എൻ.സി.പി. കുട്ടനാട്ടിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ, വിയർപ്പിന്റെ ഗന്ധമുള്ള തോമസ് കെ.തോമസ് എന്ന എം.എൽ.എയെ ഒരു മന്ത്രിയാക്കി കാണണമെന്ന് ചാക്കോ മോഹിച്ചത് വ്യക്തിപരമായ ഒരു താത്പര്യത്തിന്റെയും പേരിലല്ല, തീർത്തും യാദൃശ്ചികം മാത്രമാണ്. ചാക്കോയുടെ രാഷ്ട്രീയ ജീവിതത്തിൽ പുതിയൊരു പരീക്ഷണത്തിനാണ് ഈ നീക്കം തുടക്കമിടുകയെന്ന് അദ്ദേഹം സ്വപ്നേപി വിചാരിച്ചില്ല.

മോഹങ്ങൾ

മാത്രം ബാക്കി

കുട്ടനാട് എം.എൽ.എ ആയിരിക്കുകയും ഒരു വേള മന്ത്രിക്കസേരയിലെത്തുകയും അകാലത്തിൽ ഇഹലോകം വെടിയുകയും ചെയ്ത തോമസ് ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ പിന്തുടർച്ചക്കാരനായാണ് അദ്ദേഹത്തിന്റെ സ്വന്തം അനുജൻ തോമസ് കെ.തോമസ് നിയമസഭയിലെത്തുന്നത്. കളർഫുള്ളായ അക്കാഡമിക് ബായ്ക്ക് ഗ്രൗണ്ടൊന്നുമില്ലാത്ത തനി സാധാരണക്കാരൻ. ചെന്നിത്തലയെപ്പോലെ വൈഡ് റീഡിംഗും വാസ്റ്റ് നോളജുമില്ലെങ്കിലും പച്ചമലയാളത്തിൽ കുട്ടനാട്ടുകാരോട് ആശയവിനിമയം നടത്താൻ അറിയുന്ന നേതാവ്. ചക്ക് എന്നുദ്ദേശിക്കുകയും കൊക്കെന്ന് പറയുകയും ചെയ്യുന്നതായി നമുക്കു തോന്നുന്നത് അദ്ദേഹത്തിന്റെ വിനയം ഒന്നു കൊണ്ടു മാത്രമാണ്. കർത്താവ് കഴിഞ്ഞാൽ പിന്നെ തോമസ് കെ.തോമസ് മെഴുകുതിരി കത്തിക്കാതെ തൊഴുതു നിൽക്കുന്നത് പിണറായി വിജയൻ എന്ന ദിവ്യപ്രഭയ്ക്ക് മുന്നിലാണ്. നിയമസഭയിൽ പ്രസംഗിക്കാൻ കിട്ടുന്ന വിരലിലെണ്ണാവുന്ന വിലപ്പെട്ട നിമിഷങ്ങളിൽ അദ്ദേഹം വേദവാക്യം പോലെ ഉരുവിടുന്ന പിണറായി സ്തുതികളുടെ പൊരുൾ, പോകെപ്പോകെയാണ് മറ്റു സാമാജികർക്കും പിടികിട്ടിയത്. കനപ്പെട്ട വകുപ്പൊന്നും കിട്ടിയില്ലെങ്കിലും കടന്നപ്പള്ളിയെപ്പോലെ ഒരു മന്ത്രി സ്ഥാനം, ഒരു കൊടിവച്ച കാർ, ഒരു പൊലീസ് എസ്കോർട്ട്, രാപ്പാർക്കാൻ ഒരു മന്ത്രിമന്ദിരം.... ഒരു ശരാശരിക്കാരന് താങ്ങാവുന്ന മോഹങ്ങൾ മാത്രമായിരുന്നു തോമസിന്റെ മനസിൽ. ആഗ്രഹം മനസിലുണ്ടെങ്കിലും ഗണപതികല്യാണം പോലെ അത് നീണ്ടുനീണ്ടു പോയി. ഈ ഘട്ടത്തിലാണ് തോമസ്. കെ.തോമസിന്റെ മനസിലെ പൂതി പി.സി ചാക്കോ വായിച്ചറിഞ്ഞത്. അതോടെ ചാക്കോ രാപ്പകൽ അദ്ധ്വാനമായി, തോമസിനെ മന്ത്രിയാക്കാൻ. പഴയ ഫെവിക്കോൾ ബന്ധമുള്ളതിനാൽ ശരദ് പവാറും ചാക്കോയ്ക്ക് എല്ലാ അനുഗ്രഹാശിസുകളും നൽകി.

പക്ഷെ ഇവിടെ വിഘ്നമായി നിൽക്കുകയാണ് പാർട്ടിയുടെ നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രൻ. പൂച്ചക്കുട്ടികളെ പ്രാണന് തുല്യം സ്നേഹിക്കുന്ന പാവം ശശീന്ദ്രനെ വന്യജീവി ആക്രമണങ്ങുടെ പേരിൽ രാഷ്ട്രീയ ശത്രുക്കൾ നിറുത്തിപ്പൊരിക്കുന്ന ഘട്ടത്തിലാണ് മന്ത്രിമാറ്റം എന്ന നൂതനാശയവുമായി പി.സി ചാക്കോ രംഗപ്രവേശം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് ചാക്കോ നേരിട്ട് കാര്യം ബോധിപ്പിച്ചു. പിണറായിക്കാണെങ്കിൽ ശശീന്ദ്രനോട് ഒരു പ്രത്യേക വാത്സല്യമുള്ളതുമാണ്. മുന്നണി മര്യാദപ്രകാരം ഘടകക്ഷികളുടെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ അനൗചിത്യവുമുണ്ടല്ലോ. കീഴൂട്ട് രാമൻപിള്ള ബാലകൃഷ്ണപിള്ള മകൻ ഗജപ്രേമി ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ പോലും മുഖ്യമന്ത്രി ഈ മര്യാദ കാട്ടി മാതൃകയായതുമാണ്. പക്ഷെ എന്തു ചെയ്യാൻ , ഇതിനിടെയാണ് വീഴാൻ നിൽക്കുന്ന മരത്തിന് ഇടി ഏശും പോലെ തോമസ് കെ. തോമസിനെതിരെ ഒരുകോഴ വിവാദം വരുന്നത്. രണ്ട് എം.എൽ.എമാരെ കൂറുമാറ്റാൻ കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു വിവാദം. മന്ത്രിസ്ഥാനം കൈവിട്ട് നിരാശാ കാമുകഭാവത്തിൽ 'മാനസമൈനേ ' പാടി പിരിഞ്ഞ ആന്റണി രാജുവും ഇക്കാര്യത്തിൽ തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തു. ഇതോടെ മുഖ്യമന്ത്രി കട്ടായം പറഞ്ഞു, മാറ്റമില്ലാത്തത് മാറ്റങ്ങൾക്കാണെങ്കിലും ശശീന്ദ്രനെ മാറ്റില്ലെന്ന്.

പ്രവേശനോത്സവത്തിന് കുട്ടിയെ സ്കൂളിലാക്കാൻ കൈപിടിച്ചു പോകുന്ന രക്ഷകർത്താവിനെപ്പോലെ തോമസ് കെ.തോമസിന്റെ കൈപിടിച്ച് മന്ത്രിയാക്കാൻ പോയ ചാക്കോ ഹതാശനായി.

അപ്പോഴേക്കും തോമസ് കെ. തോമസിന് വൈകിയാണെങ്കിലും രാഷ്ട്രീയബുദ്ധി ഉദിച്ചു. ശശീന്ദ്രനെയും അതുവഴി മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കുട്ടനാട് സീറ്റ് സ്വാഹാ ആവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. രക്ഷകർത്താവിന്റെ കൈവിട്ട് അണിഗുണ്ട് മിഠായിക്ക് വേണ്ടി ഓടുന്ന കുട്ടിയെപ്പോലെ തോമസ് കെ.തോമസ് ഓടി, ശശീന്ദ്ര പാളയത്തിലേക്ക്. ഏതാണ്ട് കളഞ്ഞ ഏതാണ്ടിനെപ്പോലെ ചാക്കോ, പവാറിന് മുന്നിലേക്ക് രക്തം കൊണ്ടെഴുതിയ തന്റെ രാജി അയച്ചു. ശേഷം ഭാഗം സ്ക്രീനിൽ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PC CHAKO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION