
വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നാണ് പഴഞ്ചൊല്ല്. മദയാനയും കടുവയും പുലിയും കുറുനരിയുമൊക്കെയുള്ള കൊടുംകാടിന്റെ മന്ത്രി എ.കെ. ശശീന്ദ്രന്റെ പവർ അറിയാതെ വിരട്ടാൻ നോക്കിയ താമരശേരി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാർ കുറച്ചൊക്കെ പഴഞ്ചൊല്ലുകൾ പഠിച്ചിരിക്കണം. മൂപ്പരിതൊന്നും കേട്ട് പേടിക്കുന്ന ആളല്ല. കാട്ടാന വിഷയത്തിൽ മന്ത്രിയെയും സർക്കാരിനെയും വിമർശിച്ച ബിഷപ്പുമാരെ കടന്നാക്രമിച്ച് ശശിമന്ത്രി പുലിയാകുന്നതുകണ്ട് സകലരും ഞെട്ടിയിരിക്കയാണ്. എല്ലാവരും ആദരിക്കുന്ന ബിഷപ്പുമാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാൽ നോക്കിയിരിക്കില്ലെന്നാണ് മന്ത്രി ആഞ്ഞടിച്ചത്. രാഹുൽജിക്കു മാത്രം വശമുള്ള ആഞ്ഞടിയെന്ന കലാപരിപാടി ശശിമന്ത്രി എങ്ങനെ പഠിച്ചെടുത്തെന്ന് കോൺഗ്രസുകാർക്ക് ഇതുവരെ മനസിലായിട്ടില്ല. ഒരുകാര്യം ഉറപ്പായി. ശശിമന്ത്രി വെറും ശശിയല്ല. അദ്ദേഹത്തിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു എമണ്ടൻ പുലിയുണ്ട്. തോണ്ടി ഉണർത്തിയാൽ വിവരമറിയും.
താത്വികമായി വിലയിരുത്തിയാൽ ശശിമന്ത്രിയുടെ വാദം ശരിയാണ്. കാട്ടാന നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. കാടിന്റെയും കാട്ടുമൃഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുകയെന്നതാണ് മന്ത്രിയുടെ ചുമതല. അതു നന്നായി ചെയ്യുന്നുമുണ്ട്. ഒന്നിനും ക്ഷാമമില്ലാത്ത കാട്ടിൽ പുലിയും കടുവയും ആനയും കാട്ടുപന്നിയുമൊക്കെ വളരെ ഹാപ്പിയാണ്. പക്ഷേ, നല്ല ചക്കപ്പഴത്തിന്റെ മണമടിച്ചാൽ ഏതാനയും ഇറങ്ങിവരും. വെറൈറ്റി ആഗ്രഹിക്കാത്തവരില്ല. അങ്ങനെ വരുമ്പോൾ ചില കൈയബദ്ധങ്ങൾ പറ്റുന്നത് സ്വാഭാവികമാണ്.
പക്ഷേ, മനുഷ്യത്വത്തിന്റെ പേരിൽ പല കാര്യങ്ങളും മന്ത്രി ചെയ്യുന്നത് ആരും കാണാതെ പോകരുത്. പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ ഓടിക്കുന്നുണ്ട്. രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് പാട്ടകൊട്ടുന്നത് പ്രായോഗികമല്ല.
കാട്ടാനകൾ നാട്ടിലിറങ്ങരുതെന്ന് അതിർത്തികളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടും പാലിക്കപ്പെടുന്നില്ല. വേലികെട്ടി കറന്റ് കടത്തിവിട്ടാൽ പാവം ആനകൾ ഷോക്കടിച്ചു ചാകും. കാട്ടുമൃഗങ്ങളുടെ ദേഹത്തുതൊട്ടാൽ വിവരമറിയും. ജാമ്യം കിട്ടില്ല. അതുകൊണ്ട്, ഒരു കാര്യവുമില്ലാതെ കറങ്ങിനടക്കുന്ന ശീലം മനുഷ്യർ നിറുത്തണം.
ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ട ബിഷപ്പുമാർ പോലും വിവരക്കേട് പറയുമ്പോൾ മന്ത്രിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും. ഒന്നും കാണാതെ ശശിമന്ത്രി ആഞ്ഞടിക്കില്ലെന്നും ആരോ പറയിച്ചതാണെന്നും പലരും സംശയിക്കുന്നു. എല്ലാറ്റിനും പിന്നിൽ ഒരു കാരണഭൂതൻ ഉണ്ടാകാതെ വഴിയില്ലെന്ന് പഴമക്കാർ പറയുന്നതിൽ കാര്യമില്ലാതില്ല. ശരദ് പവാറെന്ന കേന്ദ്രനേതൃത്വത്തേക്കാൾ പവറും പ്രതാപവുമുള്ള ഒരാൾ കേരളത്തിൽ അങ്ങ് മുകളിലുള്ളപ്പോൾ ശശിമന്ത്രിയുടെ കസേര ഡബിൾ സ്‌ട്രോംഗാണ്. ഇതു മനസിലാക്കാൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ലേശംവൈകി. മനസിലാക്കിയപ്പോഴേക്കും കസേര തെറിച്ചു. രാജിവച്ചതാണെന്ന് പറയാമെങ്കിലും, ഇനിയും തുടരുന്നത് അത്ര പന്തിയല്ലെന്ന് ചാക്കോജിക്കു മനസിലായി. 'എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതുകാണാം" എന്ന് കുഞ്ചൻനമ്പ്യാർ പാടിയത് എത്ര ശരിയാണ്.
കാര്യങ്ങൾ ശരിയായി,
ചാക്കോ 'ശശി"യായി
ബദ്ധശത്രുക്കളായിരുന്ന ശശിമന്ത്രിയും കുട്ടനാടൻ എം.എൽ.എ തോമസ് കെ. തോമസും 'അടയുംചക്കര"യുമായതാണ് ചാക്കോജിക്ക് ഇരുട്ടടിയായത്. പഴയ ഉഷാറില്ലാത്ത ശശിമന്ത്രിയെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന തോമാച്ചൻ ഇങ്ങനെയൊരു പണിതരുമെന്ന് പി.സി. ചാക്കോച്ചൻ കരുതിയില്ല. മിടുക്കനായ തോമാച്ചനെ മന്ത്രിയാക്കാൻ മുഖ്യനോട് ശക്തമായി ആവശ്യപ്പെട്ടിരുന്ന ചാക്കോച്ചൻ കളത്തിനു പുറത്തായി. മന്ത്രിക്കസേര വേണമെന്നില്ലെന്നും പകരം ചാക്കോജിയിരുന്ന എൻ.സി.പി സംസ്ഥാനപ്രസിഡന്റിന്റെ കസേരമതിയെന്നുമാണ് തോമാച്ചന്റെ പുതിയ നിലപാട്. ഇന്ദുലേഖ ഇല്ലെങ്കിൽ വേലക്കാരിയായാലും മതിയെന്ന്, ചന്തുമേനോന്റെ 'ഇന്ദുലേഖ"യിൽ സൂരി നമ്പൂതിരി പറഞ്ഞിട്ടുണ്ട്. ഏതായാലും ചാക്കോച്ചന്റെ ഗുരു എൻ.സി.പി അഖിലേന്ത്യാ പ്രസിഡന്റ് പവാർജിപോലും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ശിഷ്യൻ എന്താഗ്രഹിച്ചാലും സാധിച്ചുകൊടുത്തിരുന്ന ഗുരുജിപോലും കൈയൊഴിഞ്ഞതോടെ ചാക്കോച്ചൻ വലിയ സങ്കടത്തിലാണ്.
ദേഹമനങ്ങാതെ ചാരുകസേരയിയിൽ കിടക്കുന്ന മന്ത്രിയെ മാറ്റണമെന്ന് നിലവിളിച്ചിരുന്ന തോമാച്ചാന് ഈയിടെയായി മന്ത്രി ശശീന്ദ്രനെ വളരെയിഷ്ടമാണ്. മന്ത്രിയായി ഇനി ഒരു കൊല്ലമേ ഇരിക്കാനാവൂ, പാർട്ടി പ്രസിഡന്റായാൽ അങ്ങനെയങ്ങ് തുടരാമെന്നുമുള്ള ശശീന്ദ്രന്റെ ഉപദേശത്തിൽ കാര്യമുണ്ട്. പരമസാത്വികനായ ശശീന്ദ്രനെ എല്ലാവരും കൂടി വെറും ശശിയാക്കരുതെന്ന് മുഖ്യമന്ത്രി നേരത്തേ തോമാച്ചനോട് പറഞ്ഞിട്ടുണ്ട്. സ്വന്തം പാർട്ടിയിൽ മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ശശിമന്ത്രിക്ക് പിടിപാടുണ്ടെന്ന് അപ്പോഴാണ് ബോദ്ധ്യമായത്.
അഖിലേന്ത്യാ പാർട്ടിയായ എൻ.സി.പിയോട് വെറുമൊരു സംസ്ഥാനപാർട്ടിയായ സി.പി.എമ്മിന്റെ നിലപാട് അത്രശരിയല്ലെന്ന് പറഞ്ഞിരുന്ന പി.സി. ചാക്കോജി ഇനിയെന്തുചെയ്യുമെന്ന് അറിയില്ല. കോൺഗ്രസിലേക്കു മടങ്ങിപ്പോകാൻ വയ്യ. പോയിട്ടുകാര്യമില്ല. പരിവാറുകാരിൽ ചെറിയൊരു പ്രതീക്ഷയില്ലാതില്ല.
കൂട്ടിലെ പുലി
പതുങ്ങിയാൽ!
ചാക്കോജിയുടെ രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് 10 ജില്ലാ പ്രസിഡന്റുമാർ ശരദ്പവാറിന് കത്തയച്ചിരിക്കയാണ്. തീരുമാനമെടുക്കും മുമ്പ് 14 സംസ്ഥാന പ്രസിഡന്റുമാരുടെയും അഭിപ്രായം കേൾക്കണമെന്നാണ് ആവശ്യം. അതായത്, 4 പേരുടെ പിന്തുണയേ ശശീന്ദ്രനുള്ളൂവെന്ന് വ്യംഗ്യം. ചാക്കോയുടെ രാജി സ്വീകരിച്ചാൽ പാർട്ടി തകരുമെന്നാണ് അവരുടെ മുന്നറിയിപ്പ്. പാർട്ടി തകരുമോ, പിളരുമോ എന്ന കാര്യത്തിൽ പവാർജിക്ക് ആശങ്കയുണ്ടാകാൻ വഴിയില്ല. 'പിളരാനിനി എന്തോന്ന് ബാക്കിയെടേ" എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാമെന്നാണ് എൻ.സി.പിയിലെ ചില മുതിർന്ന നേതാക്കളുടെ ആത്മഗതം.
എന്തായാലും തോമസ് കെ. തോമസിന് മന്ത്രി ശശീന്ദ്രൻ പൂർണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻ.സി.പി കെട്ടുറപ്പോടെ നിലനിൽക്കാൻ തോമസ് കെ. തോമസ് പാർട്ടി അദ്ധ്യക്ഷനാകണമെന്നു പറഞ്ഞ് ദേശീയ പ്രസിഡന്റിന് കത്തയയ്ക്കുകയും ചെയ്തു. കാര്യങ്ങളുടെ ഇരിപ്പുവശം പിടികിട്ടിയ നിലയ്ക്ക്, 'നിൽക്കണോ അതോ പോണോ' എന്ന് പി.സി. ചാക്കോയ്ക്ക് തീരുമാനിക്കാം. അതേസമയം, പുലി പതുങ്ങുന്നത് എന്തിനാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂവെന്ന് ചാക്കോയെ അനുകൂലിക്കുന്നവർ പറയുന്നു. കൂട്ടിൽക്കിടക്കുന്ന പുലി പതുങ്ങിയാലും നിവർന്നാലും എന്തുകാര്യമെന്നാണ് മറുചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |