SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

നിയമ ലംഘനങ്ങൾക്ക്  മൂക്കുകയർ ഒരുങ്ങുന്നു

highcourt

'എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നേരെയാവൂല്ലാ' എന്ന തഗ് ഡയലോഗ് പോലെയാണ് ചില കാര്യങ്ങളിൽ മലയാളികൾ. റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള സമ്മേളനങ്ങളുടെ പേരിൽ കോടതി പലതവണ വടിയെടുത്തതാണ്. എന്നിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുകയാണ്. വഞ്ചിയൂരിൽ മെയിൻ റോഡിൽ പന്തൽ കെട്ടി നടത്തിയ സി.പി.എമ്മിന്റെ സമ്മേളനമാണ് ആദ്യം കോടതിയുടെ ശ്രദ്ധയിൽ വന്നത്. നിശിതമായ വിമർശനങ്ങളാണ് കോടതിയലക്ഷ്യക്കേസ് ഓരോ തവണ പരിഗണിച്ചപ്പോഴും ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ കൂടുതൽ നിയമലംഘനങ്ങളുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലെ ജോയിന്റ് കൗൺസിൽ ധർണയും കൊച്ചി നഗരസഭയ്ക്ക് മുന്നിലെ കോൺഗ്രസ് ധർണയും കോടതിയലക്ഷ്യമുണ്ടാക്കി. ഫുട്പാത്തിലും റോഡരികിലും കസേരയിട്ടും പരവതാനി വിരിച്ചുമായിരുന്നു പരിപാടികൾ. ബാലരാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാ ശാക്തീകരണ പരിപാടിയിലും റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി. നാലു സംഭവങ്ങളുമായി മുതിർന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമടക്കം കോടതിയലക്ഷ്യം നേരിടുകയാണ്. എന്നാൽ ഇതുകൊണ്ടൊന്നും പഠിച്ചമട്ടില്ല.

രമേശ് ചെന്നിത്തലയ്ക്കും

ആർഷോയ്ക്കും കുരുക്ക്

വഞ്ചിയൂർ കോടതിയലക്ഷ്യക്കേസിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയടക്കം ഹൈക്കോടതി വിളിപ്പിച്ചതിന്റെ ചൂടാറുന്നതിന് മുമ്പായിരുന്നു യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ എസ്.എഫ്.ഐക്കാരുടെ കസർത്ത്. ഗതാഗതം തടസപ്പെടുത്തിയ റോഡ് ഉപരോധത്തിന്റെ പേരിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതിയലക്ഷ്യത്തിന് ഹർജി വന്നിരിക്കുകയാണ്. സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മരട് സ്വദേശി എൻ. പ്രകാശ് ഹർജി നൽകിയിരിക്കുന്നത്. സർവകലാശാല യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.എഫ്.ഐയുടെ ഉപരോധം.

ഈ കോലഹലമെല്ലാം നടക്കുന്നതിനിടെയാണ് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ റോഡും നടപ്പാതയും തടഞ്ഞുകൊണ്ട് രാപ്പകൽ ധർണ നടത്തിയത്.

പ്രാസംഗികരായെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും എം.എൽ.എമാർക്കുമെതിരേ കോടതിയലക്ഷ്യ ഹർജിയെത്തിയിരിക്കുകയാണ്. ആശാ വർക്കർമാർ ഫെബ്രുവരി 10ന് പ്രതിഷേധപരിപാടി നടത്തിയത് റോഡിൽ കസേരയടക്കം നിരത്തിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം.പി.വിൻസെന്റ്, കെ.കെ. രമ, ഡി.ജി.പി. ഷേക്ക് ദർവേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംഘടനാ നേതാക്കൾ തുടങ്ങി 13പേരെ എതിർകക്ഷികളാക്കിയാണ് ഹർജി.

ലംഘിക്കുന്ന ഉത്തരവുകൾ

വാസ്തവത്തിൽ, റോഡ് അടച്ചുകെട്ടിയുള്ള സമ്മേളനങ്ങളിൽ ഹൈക്കോടതി ഇടപെടൽ പുതുതല്ല. 2021ലാണ് ഡിവിഷൻ ബെഞ്ചിൽ നിന്ന് സുപ്രധാന ഉത്തരവുണ്ടായത്. ആലുവ റെയിൽവേ സ്റ്റേഷനു മുന്നിൽ ഗതാഗതം തടഞ്ഞുള്ള ഉപരോധമായിരുന്നു കേസിന് ആധാരമായത്. ഇത്തരം സമ്മേളനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ അനുമതി കൊടുക്കരുതെന്നും നിയമംലംഘിച്ച് പന്തൽ കെട്ടിയാൽ പൊളിച്ചുമാറ്റണമെന്നും ആളുകളെ നീക്കണമെന്നുമായിരുന്നു ഉത്തരവ്. കോടതി നിർദ്ദേശപ്രകാരം പൊലീസും പൊതുമരാമത്ത് വകുപ്പും തദ്ദേശവകുപ്പുമടക്കം മാർഗനിർദ്ദേശങ്ങളും ഇറക്കി.

എന്നാൽ ക്രമേണ എല്ലാം പഴയപടിയായി. അനുമതി നിഷേധിക്കുകയോ ബലപ്രയോഗത്തിന് മുതിരുന്ന ഉദ്യോഗസ്ഥർക്ക് പണികിട്ടുമെന്ന സ്ഥിതിയായി. അതോടെ പ്രബലർ നടത്തുന്ന സമ്മേളനങ്ങളിൽ പൊലീസും മറ്റ് ഉദ്യോഗസ്ഥരും കാഴ്ചക്കാരായി. റോഡരികും ഫുട്പാത്തും വിട്ട് നടുറോഡു കൈയേറി സ്റ്റേജ് കെട്ടുന്ന സ്ഥിതിയുണ്ടായി. വഞ്ചിയൂരിൽ റോഡിന് നടുവിലെ പന്തലിൽ പ്രൊഫഷണൽ നാടകം വരെ അരങ്ങേറി. അതോടെയാണ് കോടതിയിൽ നിന്ന് വീണ്ടും ഇടപെടലുണ്ടായിരിക്കുന്നത്.

ഫ്ലക്സും ബസും

ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഏറെ നാളായി അനധികൃത ബോർഡുകൾക്കും കൊടിമരങ്ങൾക്കും പിന്നാലെയാണ്. പൊതുസ്ഥലങ്ങളിൽ ഇവയുണ്ടാക്കുന്ന അപകടസാദ്ധ്യതയും പരിസ്ഥിതി പ്രശ്നവും വരുമാന നഷ്ടവുമടക്കം കണക്കിലെടുക്കാണ് കോടതി ജാഗ്രത പാലിക്കുന്നത്. ആർക്കും എവിടേയും യഥേഷ്ടം ഫ്ലക്സുകൾ വയ്ക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു. കോടതി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തുന്ന അവസ്ഥയും. ഈ സാഹചര്യത്തിൽ ഹൈക്കോടതി കർശന നിലപാടെടുത്തു. ഇത്തരം ബോർഡുകൾ നീക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പോക്കറ്റിൽ നിന്നെടുത്ത് പിഴ ഒടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുനൽകി. വകുപ്പു സെക്രട്ടറിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇതോടെ നഗരപ്രദേശങ്ങളിലെങ്കിലും കളിമാറി. അനധികൃത ബോർഡുകൾ കൂട്ടത്തോടെ നീക്കി പിഴയിട്ടു.

വാഹനങ്ങളിൽ അനുവദനീയമല്ലാത്ത രൂപമാറ്റങ്ങൾ വരുത്തുന്നതിനെതിരേയും ഹൈക്കോടതി ശക്തമായി നിലകൊള്ളുകയാണ്. കോടതി നിർദ്ദേശപ്രകാരം നടപടികൾ തുടങ്ങിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ദീപവിതാനങ്ങളുമായി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കടക്കം അധികൃതർ വൻതുക പിഴയിട്ടു.

മൂന്നു വിഷയങ്ങളിലും അടുത്തുതന്നെ അന്തിമ ഉത്തരവുകളുണ്ടാകുമെന്നാണ് ബന്ധപ്പെട്ട ബൈഞ്ചുകൾ നൽകുന്ന സൂചന. ഓരോ നിയമലംഘനവും പ്രത്യേകമായെടുത്ത് പരിശോധിക്കുന്നത് സമയം പാഴാക്കലാണ്. അതിനാൽ പൊതുവായ ഉത്തരവുണ്ടാകും.

നിലവിലുള്ള നിയമങ്ങൾ കർശനമാണ്. ഉത്തരവാദപ്പെട്ടവർ അത് വേണ്ടവിധം നടപ്പാക്കാത്തതാണ് പ്രശ്നം. അതിനാൽ നിയമപരിധിയിൽ നിന്നുകൊണ്ടുള്ള ഉത്തരവുകൾക്കാണ് കോടതി തയാറെടുക്കുന്നത്.

റോഡ് തടഞ്ഞുള്ള സമ്മേളനങ്ങളിൽ ഇനി സർക്കുലർ കൊണ്ട് കാര്യമില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമലംഘകർ കർശനമായ നടപടി നേരിടേണ്ടിവരുന്ന വിധത്തിലാകും ഇക്കാര്യത്തിൽ വിധിപറയുക. വാഹനരൂപമാറ്റത്തിൽ ഡ്രൈവറും ഉടമയും ബോഡി ബിൽഡറും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അനധികൃത ബോർഡുകളുടെ കേസുകൾ ഇനി അനന്തമായി നീട്ടില്ലെന്ന് സിംഗിൾബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കും പ്രചാരണങ്ങൾക്കും എതിരല്ല. എന്നാൽ അത് മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടാകരുതെന്നാണ് ഹൈക്കോടതി പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION