SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

സ്‌കൂളുകളിലും കണ്ണില്ലാത്ത ക്രൂരത 

ragging

കോട്ടയം സർക്കാർ നഴ്സിംഗ് കോളജിലെ ക്രൂര റാഗിംഗിന്റെ ഞെട്ടൽ മാറും മുൻപു കണ്ണൂരിലും അതേസംഭവം. നോട്ടം ശരിയല്ല, ബഹുമാനിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച് എല്ലൊടിച്ചു. കൊളവല്ലൂർ പി.ആർ.എം സ്‌കൂളിലാണു സംഭവം. പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെ പ്രതി ചേർത്തു എഫ്.ഐ.ആർ റജിസ്റ്റർ ചെയതിട്ടുണ്ട്. തോളെല്ലിനു പരുക്കേറ്റ വിദ്യാർത്ഥി നിഹാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്‌കൂളിൽ സംഘർഷാവസ്ഥയുണ്ട്. ഒരേ സംഘടനയിൽപ്പെട്ടവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളെങ്കിലും നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്.

നിരവധി കേസുകൾ

ഈ അദ്ധ്യായന വർഷം ക്ലാസുകൾ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുകയുണ്ടായി. കഴിഞ്ഞ ജൂലായ് മാസം ചിറക്കൽ രാജാസ് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ 15 സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. തൊട്ടടുത്ത ദിവസം തോട്ടട സ്‌കൂളിലും സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒരു വിദ്യാർത്ഥി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകണ്ഠാപുരം ഗവൺമെന്റ് എച്ച്.എസ്.എസിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 21 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. സഹപാഠിയെ മർദ്ദിച്ച സംഭവത്തിൽ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്തദിവസം തന്നെയാണ് ഇതേ സംഘം പ്ലസ് വൺ വിദ്യാർത്ഥിയെയും തല്ലിച്ചതച്ചത്.
തളിപ്പറമ്പിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ച സംഭവവും ഈ അദ്ധ്യായന വർഷത്തിന്റെ തുടക്കത്തിലായിരുന്നു. കൂത്തുപറമ്പ് കോട്ടയം മലബാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പത്ത് പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസും കേസെടുത്തിരുന്നു.
മേലെചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിൽ റാഗിംഗുമായി ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പരാതിയിലും വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സഹപാഠികളുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ച ഇരിട്ടി സ്വകാര്യ കോളജ് വിദ്യാർത്ഥികൾക്കെതിരേ കരിക്കോട്ടക്കരി പൊലീസ് കേസെടുത്ത സംഭവവും അടുത്തിടെയാണ്.


ആന്റി റാഗിംഗ്

സ്‌ക്വാഡുകൾ നിർജ്ജീവം

സ്‌കൂളുകളിലെ ഡിസിപ്ലിൻ സ്‌ക്വാഡുകളാണ് റാഗിംഗിനെതിരെ നടപടി എടുക്കേണ്ടത്. എന്നാൽ ഇവരുടെ പോലും കണ്ണുവെട്ടിച്ചാണ് വിദ്യാർത്ഥികൾ റാഗിംഗ് നടത്തുന്നത്. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച ആന്റി റാഗിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം നിലവിൽ നിർജ്ജീവമാണ്. ഒരു സമിതി രൂപീകരിച്ചതല്ലാതെ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എവിടെയും കാര്യക്ഷമമായി നടക്കുന്നില്ല.


റാഗിംഗ് തെളിഞ്ഞാൽ

രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും

റാഗിംഗിൽ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാർ

രണ്ടരലക്ഷം രൂപ വരെ റാഗിംഗ് നടത്തിയവരിൽ നിന്ന് പിഴ ഈടാക്കാം.

കുറ്റം തെളിഞ്ഞാൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും.

 കോഴ്സ് പൂർത്തിയാക്കാനാവില്ല.

പരീക്ഷ എഴുതുന്നതിനുള്ള വിലക്ക്

ലഭിക്കുന്ന സ്‌കോളർഷിപ്പ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ തടയും.

അടുത്ത മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനവിലക്ക്.


റാഗിംഗിന് ഇരയായാൽ എന്തുചെയ്യണം?

പരിചിതമല്ലാത്ത ക്യാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയർ വിദ്യാർത്ഥികൾക്ക് മേൽ മുതിർന്ന വിദ്യാർത്ഥികൾ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്. 1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവർക്ക് നിയമം നിർവചിക്കുന്നത് കർശന ശിക്ഷയാണ്. റാഗിംഗ് പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെങ്കിൽ സ്ഥാപന മേധാവിക്ക് മേലും കേസ് വരും.
വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥിക്കോ ജൂനിയർ വിദ്യാർത്ഥിക്കോ നേരെയുള്ള ശാരീരിക അതിക്രമമോ ആക്രമണമോ ആണ് റാഗിംഗ്. ജൂനിയർ വിദ്യാർത്ഥിയെ മാനസികമായി ആക്രമിക്കുന്നതും റാഗിംഗ് ആണ്. ശാരീരികമയോ മാനസികമയോ ആക്രമിക്കുമെന്ന് ഭീതിപ്പെടുത്തുന്നതും റാഗിംഗായി കണക്കാക്കും. ജൂനിയർ വിദ്യാർത്ഥികളെ കളിയാക്കുന്നതും അപമാനിക്കുന്നതും ശല്യപ്പെടുത്തുന്നതുമെല്ലാം റാഗിംഗിന്റെ നിർവചനത്തിൽ വരും. ജൂനിയർ വിദ്യാർത്ഥിയുടെ താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ നിർബന്ധിക്കുന്നതും റാഗിംഗ് ആയി കണക്കാക്കും. ജൂനിയർ വിദ്യാർത്ഥികളിൽ നിന്നുള്ള നിർബന്ധിത പണപ്പിരിവും റാഗിംഗിന്റെ ഭാഗമാണ്.


മനശാസ്ത്രം

മുതിർന്ന വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായി പെരുമാറും, വേദനിപ്പിക്കും. അധികാരം, സീനിയോറിറ്റി, കരുത്ത്, അധീശത്വം തുടങ്ങിയവ പ്രകടമാക്കുന്നതിനാണ് സീനിയർ വിദ്യാർത്ഥികൾ ജൂനിയേഴ്സിന് നേരെ ഈ ക്രൂരത അഴിച്ചുവിടുന്നത്. സംസ്ഥാന നിയമനിർമ്മാണ സഭകൾ പാസാക്കിയ റാഗിംഗ് വിരുദ്ധ നിയമം മാത്രമല്ല റാഗിംഗ് കേസിലെ പ്രതികളെ കാത്തിരിക്കുന്നത്. ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ അനുബന്ധ വകുപ്പുകൾ അനുസരിച്ചും നിയമ നടപടി നേരിടേണ്ടി വരും. ബി.എൻ.എസ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പൊലീസ് ജാമ്യമില്ലാ കുറ്റം വരെ ചുമത്തും.റാഗിംഗിന് ഇരയാകുന്ന വിദ്യാർത്ഥിക്കോ,​ രക്ഷിതാക്കൾക്കോ പരാതി നൽകാം. റാഗിംഗിന് ഇരയായ വിദ്യാർത്ഥിക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകർക്കും പരാതി എഴുതി നൽകാനാവും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്കാണ് പരാതി നൽകേണ്ടത്. പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം റാഗിംഗ് സംഭവം സ്ഥാപന മേധാവി അന്വേഷിക്കണം. കുറ്റകൃത്യം സംഭവിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടാൽ കുറ്റക്കാരായവരെ ഉടൻ സസ്‌പെൻഡ് ചെയ്യണം. പരാതി ലഭിച്ച് 24 മണിക്കൂറിനകം തുടർനടപടികൾക്കായി സ്ഥാപന മേധാവി, വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന മേഖലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറണം. പരാതിക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയാൽ അക്കാര്യം പരാതിക്കാരെ രേഖാമൂലം അറിയിക്കണം.വീഴ്ച വരുത്തുന്ന മേധാവിക്കെതിരെ റാഗിംഗിനുള്ള പ്രേരണക്കുറ്റം ചുമത്തും. റാഗിംഗ് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് രണ്ട് വർഷം തടവും പതിനായിരം രൂപ വരെ പിഴയും സ്ഥാപന മേധാവിക്കും ലഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION