
അസാദ്ധ്യമായി ഒന്നുമില്ലെന്നു തെളിയിച്ച്, ദേശീയ വ്യവസായ വികസന ദൗത്യങ്ങളിൽ രാജ്യത്തിന്റെ തന്നെ ലക്ഷ്യകേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള കുതിപ്പിലാണ് നമ്മൾ. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റിഫോംസിൽ ഒന്നാം സ്ഥാനമാണ് സംസ്ഥാനത്തിന്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി 'നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ" അംഗീകാരം നേടി. അത് കേരളത്തിന്റെ 'സംരംഭകവർഷം" പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എം.എസ്.എം.ഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016-ൽ അധികാരമേറ്റ ഒന്നാം പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർത്ഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫീസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി, ഏകജാലക സംവിധാനം ഒരുക്കിയതു മുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻ സാധിച്ചു.
ഇതിന്റെ തുടർച്ചയിൽ, ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലും ഉദ്യോഗസ്ഥരുടെ പൂർണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നു കയറിയത്. ഇതിനു ശേഷം ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഉൾപ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിലാണ് 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റ് " കടന്നുവരുന്നത്.
നിക്ഷേപങ്ങളുടെ
വലിയ തീരം
ആഗോള നിക്ഷേപക സംഗമമായ 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റ് " ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കുകയാണ്. കേരളത്തിന്റെ വ്യവസായ രംഗത്തേക്ക് വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും. സംസ്ഥാന വ്യവസായ നയം ലക്ഷ്യമിടുന്ന നൂതന വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ വ്യവസായ ഹബ്ബ് ആയി മാറാനാണ് കേരളം ശ്രമിക്കുന്നത്. അമ്പതോളം മുന്നൊരുക്ക പരിപാടികൾ ഈ നിക്ഷേപക സംഗമത്തിനായി നമ്മൾ സംഘടിപ്പിച്ചു. ചെന്നൈ, ബംഗളൂരു, മുംബയ്, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബായിലും ഇൻഡസ്ട്രിയൽ റോഡ്‌ഷോ സംഘടിപ്പിച്ചു. രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്കു പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകൾ പൂർത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ ആകെ 352 പരിഷ്‌കരണ പരിപാടികൾ പറഞ്ഞതിൽ 340 എണ്ണവും നടപ്പിലാക്കിയാണ് കേരളം ഒന്നാമതെത്തിയത്. ഒമ്പതു മേഖലകളിൽ സംസ്ഥാനം ആദ്യസ്ഥാനം കരസ്ഥമാക്കി. ആന്ധ്രാപ്രദേശിന് അഞ്ചിനങ്ങളിലും ഗുജറാത്തിന് മൂന്ന് ഇനങ്ങളിലുമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. ടോപ്പ് അച്ചീവർ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്‌കാരം ഡൽഹിയിൽ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ വച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ആണ് കൈമാറിയത്.
കുരുക്കഴിച്ച്
ഏകജാലകം
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആവിഷ്കരിച്ച ആദ്യ പദ്ധതികളിലൊന്ന് 1410 കോടി രൂപയുടെ എം.എസ്.എം.ഇ പാക്കേജാണ്. ഇതിനു പിന്നാലെ ഫിക്കി, സി.ഐ.ഐ, കെ.എസ്.എസ്.ഐ.എ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി ചർച്ച നടത്തി, ഇവരുടെ ആവശ്യങ്ങളിൽ നടപടികൾ കൈക്കൊണ്ടു. 50 കോടി രൂപ വരെയുള്ള, റെഡ് കാറ്റഗറിയിൽ അല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി മൂന്നര വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി.
വ്യവസായ ശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ- സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. സംരംഭകന് സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ കാരണമില്ലാതെ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും നടപടി ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരം നൽകി.
വലിയ നിക്ഷേപകരെ ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ 'മീറ്റ് ദി ഇൻവെസ്റ്റർ" പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാൻ നമുക്ക് സാധിച്ചു. ഐ.ബി.എം, എച്ച്.സി.എൽ ടെക്, നോവ് ഐ.എൻ.സി, സ്ട്രാഡ ഗ്ലോബൽ, ഡിസ്‌പേസ്, സാഫ്രാൻ, ആക്സിയ ടെക്‌നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി മുപ്പതിലധികം കമ്പനികൾ നിക്ഷേപം നടത്തി. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്.
തേടി വരുന്നു,
വമ്പൻ താരനിര
ഐ.ബി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ടു വർഷത്തിനിടെ രണ്ടു പദ്ധതികൾ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്. എച്ച്.സി.എൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂണിറ്റ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചു. മേഴ്സഡസ് ബെൻസ്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐ.ബി.എസ്, അദാനി ഗ്രൂപ്പ്, ഏണസ്റ്റ് ആന്റ് യംഗ്, ടാറ്റ എൽക്സി, യു.എസ്.ടി ഗ്ലോബൽ, അഡെസ്സോ ഗ്ലോബൽ, അഗാപ്പെ, കോംഗ്സ്ബെർഗ്, സിസ്‌ട്രോം, മുരുഗപ്പ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ചോയിസ്, വി.കെ.സി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, ക്രേസ് ബിസ്‌കറ്റ്സ്, ബേക്കർ ടില്ലിപിയേറിയൻ, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും നമ്മുടെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ച് രംഗത്തുവന്നു.
ഈ സർക്കാർ കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീർക്കുകയാണ്. ഇതിനായി പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാന്റ് ലീസ് പോളിസിയിൽ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാർക്ക് പോളിസി കൊണ്ടുവന്നു. എക്സ്‌പോർട് പോളിസി രൂപീകരിച്ചു. ഇന്ന് കൊച്ചിയിൽ ആരംഭിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിനു വേണ്ടിയെന്നതു പോലുള്ള അതിവിപുലമായ മുന്നൊരുക്ക പരിപാടികൾ മറ്റൊരു നിക്ഷേപ സംഗമത്തിനായും മുൻപ് നടന്നിട്ടില്ല. ഏറ്റവും മികച്ച ടാലന്റ് പൂളുള്ള, മികച്ച കാലാവസ്ഥയും മികച്ച കണക്ടിവിറ്റി സൗകര്യങ്ങളുമുള്ള കേരളം ലോകത്തിനു മുന്നിൽ അതിന്റെ വാതിലുകൾ തുറന്നിടുകയാണ്. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |