SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

വ്യവസായം ക്യാമ്പസിലേക്ക്

park

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുമെന്ന ബഡ്ജറ്റിലെ പ്രഖ്യാപനം കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് വലിയൊരളവ് പരിഹാരമാവുന്നതാണ്. കേന്ദ്രകണക്കനുസരിച്ച് സംസ്ഥാനങ്ങളിൽ ഗോവ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കേരളത്തിലാണ്. 15 മുതൽ 29 വയസുവരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്നുള്ള വ്യവസായ പാർക്കിൽ ഇന്റേൺഷിപ്പ്, അപ്രന്റീസ് സൗകര്യമൊരുക്കുന്നതോടെ തൊഴിലവസരമേറും. തൊഴിൽശാലകൾക്ക് ആവശ്യമായ തരത്തിൽ സിലബസുകളും മാറുന്നതോടെ ഉന്നതവിദ്യാഭ്യാസം തൊഴിൽ ഉറപ്പാക്കുന്നതാവും. പഠനത്തിനൊപ്പം തൊഴിൽചെയ്ത് വരുമാനമുണ്ടാക്കുന്ന വിദേശപഠനത്തിനുള്ള ഒഴുക്കും കുറയ്ക്കാനാവും.

കേന്ദ്രകണക്കനുസരിച്ച് 1448കോളേജുകളാണ് കേരളത്തിലുള്ളത്. ഡിപ്ലോമ മുതൽ പി.എച്ച്.ഡി വരെ 13.65ലക്ഷം കുട്ടികൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നു. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ- അക്കാഡമിക്ക് ബന്ധം ശക്തിപ്പെടുത്താനും തൊഴിൽ നൈപുണ്യമുണ്ടാക്കാനും ക്യാമ്പസ് പാർക്കുകൾ ഉപകരിക്കും. രാജ്യത്ത് ആദ്യമാണിത്. കോളേജുകളുടെയും മറ്റും ഉപയോഗിക്കാത്ത ഭൂമിയാണിതിന് ഉപയോഗിക്കുക. അഞ്ചേക്കർ ഭൂമിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. പാർക്കിന് രണ്ടേക്കറെങ്കിലും ഭൂമിവേണം. വിദ്യാർത്ഥികളുടെ പഠനത്തെയടക്കം ബാധിക്കാത്ത രീതിയിലാകും പാർക്കുകളുടെ പ്രവർത്തനം. അപേക്ഷകർക്ക് ഏകജാലക ക്ലിയറൻസ് നൽകും. പാർക്കിന് സൗകര്യമൊരുക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന് 20ലക്ഷം നിരക്കിൽ പരമാവധി ഒന്നരക്കോടി രൂപ സർക്കാർ നൽകും. വ്യവസായമേഖല പദവിക്കും അർഹതയുണ്ടാവും. പ്ലാന്റേഷൻ, പരിസ്ഥിതി ദുർബലമേഖല, നെൽവയൽ, തണ്ണീർത്തടം എന്നിവിടങ്ങളിൽ പാർക്ക് അനുവദിക്കില്ല.

വ്യവസായ സ്ഥാപനങ്ങളുടെ യൂണിറ്റുകളിൽ പരിശീലനം നേടുന്നവരെ ക്യാമ്പസ് റിക്രൂട്ട്മെന്റും നടത്താം. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയെല്ലാം പാർക്കുകളിലുണ്ടാവും. ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളിൽ പഠിച്ചിറങ്ങിയവർക്കും പാർക്കുകൾ ഉപകാരപ്പെടും. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സർവകലാശാലകൾ, ഐ.ടി.ഐകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെല്ലാം ക്യാമ്പസ് വ്യവസായപാർക്ക് വരും. കൊട്ടാരക്കരയിലാണ് ആദ്യത്തെ ക്യാമ്പസ് വ്യവസായ പാർക്ക്.

വ്യാവസായിക ആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യത കുറവ് മറികടക്കുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ താത്പര്യം വളർത്തുന്നതിനുമാണ് ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തിയാവും ക്യാമ്പസ്‌ വ്യവസായ പാർക്കുകൾ ആരംഭിക്കുക. വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പദ്ധതിയിലൂടെ സാദ്ധ്യമാകുമെന്ന് മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളിലൂടെ പുതിയതായി കണ്ടെത്തുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്‌പാദനം വേഗത്തിൽ ആരംഭിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. ക്യാമ്പസ്‌ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ ലഭിക്കുന്ന വ്യവസായ ഭൂമിക്ക്‌ കേരള ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡവലപ്മെന്റ് ആക്ട് എന്നിവക്ക് കീഴിൽ ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാകും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌ വെബ്‌പോർട്ടൽ മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്‌. ജില്ലാതല സൈറ്റ് സെലക്ഷൻ കമ്മറ്റി ശുപാർശ ചെയ്യുന്ന അപേക്ഷകൾ സർക്കാർ തലത്തിൽ വകപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച്‌ സ്വകാര്യ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ പെർമിറ്റ്‌ നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായ സമിതിയാണ് പെർമിറ്റുകൾ നൽകുക. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ, റവന്യൂ, തദ്ദേശ, ജലവിഭവ, ഊർജ്ജ, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിമാർ കമ്മിറ്റി അംഗങ്ങളായിരിക്കും. ക്യാമ്പസ്‌ വ്യവസായ പാർക്കിലെ പൊതുസൗകര്യങ്ങളായ റോഡ്‌, വൈദ്യുതി, ഡ്രൈനേജ്, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് , ലാബ്, ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് ഡെവലപ്പർ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന്‌ 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപ വരെ ഒരു എസ്റ്റേറ്റിന് നൽകും.

സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം പരിശീലനത്തിലൂടെ തൊഴിൽ വൈദഗ്ദ്ധ്യവും നൈപുണ്യവും ഉറപ്പാക്കും. പഠനവും തൊഴിലും സമന്വയിപ്പിക്കും. വിദ്യാർത്ഥികളെ സംരംഭകരും തൊഴിൽദാതാക്കളുമാക്കാനും ലക്ഷ്യമിടുന്നു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പുവരുത്തുയശേഷമാണ് അനുമതി നൽകുക. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ കെട്ടിട നിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 1.5 കോടി രൂപയും സർക്കാർ ധനസഹായം നൽകും. എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കുന്ന മുറയ്ക്കാണ്‌ തുക അനുവദിക്കുക. 30വർഷത്തേക്കാണ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക.

റോബോട്ടിക് പാർക്കും

ക്യാമ്പസുകളിൽ വ്യവസായ പാർക്കെന്ന സംസ്ഥാന സർക്കാർ പദ്ധതിയിലെ ആദ്യ സർക്കാരിതര സംരംഭം മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (ഐ.സി.ഇ.ടി) ആരംഭിച്ചു. സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്‌സാണ് പാർക്ക് ആരംഭിച്ചത്. റോബോട്ടിക്‌സ് സാങ്കേതികവിദ്യയിൽ നിർമ്മിതബുദ്ധി സമന്വയിപ്പിക്കാനുള്ള ഗവേഷണങ്ങളാകും നടക്കുക. മൂന്ന് കോടി രൂപ നിക്ഷേപത്തിലാണ് പാർക്ക് ആരംഭിച്ചത്. മാലിന്യക്കുഴലുകൾ വൃത്തിയാക്കുന്ന ബാൻഡികൂട്ട് എന്ന റോബോട്ടിലൂടെ പ്രശസ്തമായ കമ്പനിയാണ് ജെൻ റോബോട്ടിക്‌സ്. രാജ്യത്തെ ഏറ്റവും മികച്ച നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പുകളിൽ ആദ്യ നാലുസ്ഥാനങ്ങളിൽ ഇടം പിടിച്ച കമ്പനിയുമാണ്. ഹ്യൂമനോയിഡ്, സെമി ഹ്യൂമനോയിഡ് വിഭാഗത്തിൽപ്പെടുന്ന റോബോട്ടുകളുടെ വികസനം, വാണിജ്യവത്കരണം, നിർമ്മിത ബുദ്ധിയെ സമന്വയിപ്പിക്കൽ എന്നിവയാണ് ജെൻ റോബോട്ടിക്‌സ് പാർക്കിൽ ലക്ഷ്യമിടുന്നത്. ഇന്റേൺഷിപ്പുകൾ, ഗവേഷണം, ജോലി തുടങ്ങിയവ വിദ്യാർത്ഥികൾക്കും പുറത്തുള്ളവർക്കും പാർക്കിലൂടെ നൽകും. മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും റോബോട്ടിക്‌സിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും പാർക്ക് പ്രവർത്തിക്കും.

''തൊഴിലും വിദ്യാഭാസവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതാണ് ക്യാമ്പസ് വ്യവസായപാർക്കുകൾ. ഉന്നതവിദ്യാഭ്യാസ, ഗവേഷണമേഖലയെ ശക്തിപ്പെടുത്തി പുതിയ സാമ്പത്തികമേഖല
സൃഷ്ടിക്കും''

-ഡോ.ആർ.ബിന്ദു, മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIVATE UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION