
നാവിൽ ഗുളികൻ വന്നാൽ പറയുന്നതൊക്കെ അബദ്ധമാകുമെന്നാണ് പഴഞ്ചൊല്ല്. പറഞ്ഞത് ശരിയാണെങ്കിലും ചില സമയത്ത് നാവ് തിരിഞ്ഞുകൊത്തുമെന്നാണ് കാര്യവിവരത്തിൽ വെറും ശശിയല്ലാത്ത തരൂർജിയുടെ അനുഭവം. അറിവും ലോകപരിചയവും ആവോളമുള്ള ശശി തരൂർ മാപ്പ് അർഹിക്കാത്ത എന്തോ കുറ്റം ചെയ്‌തെന്ന മട്ടിലാണ് കോൺഗ്രസുകാരുടെ അങ്കപ്പുറപ്പാട്. കോൺഗ്രസിലെ ഐക്യത്തിനു തുരങ്കംവച്ചെന്നാണ് ആരോപണം. ഐക്യമുന്നണിയിൽ ഇല്ലാത്ത ഏകകാര്യം ഐക്യം ആണെന്ന് അറിയാത്തവരല്ല കോൺഗ്രസുകാർ.
അധികാരം കൈയിലോട്ട് വരാൻ കുറച്ചുകൂടി കാത്തിരുന്നാൽ മതിയെന്ന പ്രതീക്ഷകളെ കോൺഗ്രസുകാർ താലോലിക്കുമ്പോഴാണ് എൽ.ഡി.എഫ് സർക്കാരിനെ പുകഴ്ത്തി തരൂർജി ചില കാര്യങ്ങൾ വെട്ടിത്തുറന്ന് എഴുതിയത്. പണ്ടും ഇതുപോലെ വെട്ടിലാക്കിയിട്ടുണ്ട്. വ്യവസായ-സ്റ്റാർട്ടപ്പ് രംഗത്ത് കേരളം മുന്നേറുകയാണെന്നാണ് കണ്ടെത്തിയത്. ലേഖനം എഴുതിയത് കണക്കുകൾ സഹിതമായതാണ് കോൺഗ്രസുകാർക്ക് ക്ഷീണമായത്.
തരൂർജിക്ക് കണക്ക് അറിയില്ലെന്നും, വെറും ഊഹാപോഹങ്ങൾ എഴുതിവിടരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആഞ്ഞടിച്ചതോടെ കാര്യങ്ങൾ ഉഷാറായി. കൃത്യമായ കണക്കുകൾ ബോധിപ്പിച്ചാൽ അക്കാര്യവും എഴുതാമെന്നായിരുന്നു ഇതിനുള്ള തരൂരിന്റെ മറുപടി. അതോടെ വിമർശനങ്ങൾ അടങ്ങി.
തരൂർജി എഴുതിയത് കുറേയൊക്കെ സത്യമാണെങ്കിലും ഈ ഘട്ടത്തിൽ ഇത്തരം വെളിപാടുകൾ ശരിയല്ലെന്നാണ് ലീഗുകാരുടെ അഭിപ്രായം. പത്തുകൊല്ലം അധികാരമില്ലാതിരുന്നവരുടെ വിഷമം തരൂർജിക്ക് മനസിലാവില്ല. പണ്ഡിതനായ തരൂരിനോളം താനായിട്ടില്ലെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും പ്രതികരിച്ച് കെ. മുരളീധരനും അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, തരൂർ അത്രവലിയ പാതകമൊന്നും ചെയ്തിട്ടില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട്. എല്ലാം പോസിറ്റീവായി കാണണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. പ്രായമായി, രോഗിയായി എന്നൊക്കെ പറഞ്ഞ് പാർട്ടിയിലെ ചില മാന്യന്മാർ തനിക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന പരാതി കുറേക്കാലമായി സുധാകർജിക്കുണ്ട്. ചുറുചുറുക്കോടെ ഓടിനടക്കുന്ന കളരി ഗുരുക്കളായിട്ടും ഇതാണവസ്ഥ. നേർക്കുനേരെ നിന്ന് പോരാടാൻ കഴിയാത്തവർ കടുത്തക്ഷുദ്രപയോഗങ്ങൾ നടത്തി വീഴ്ത്താൻ ശ്രമിക്കുകയാണ്. ചില തകിടുകളും മന്ത്രച്ചരടുകളും വീട്ടിലെ പറമ്പിൽനിന്നും പാർട്ടി ഓഫീസിലെ കസേരയ്ക്കടിയിൽനിന്നും കിട്ടിയത് ഹൈക്കമാൻഡിന് പോലും അറിയാം. സത്യത്തിൽ അതിനുശേഷമാണ് മുട്ടുവേദനയും ക്ഷീണവുമൊക്കെ തുടങ്ങിയത്. അത് വയസായതുകൊണ്ടാണെന്നാണ് ചിലർ പറഞ്ഞുപരത്തുന്നത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിലുള്ള ഇരിപ്പുവശം പരസ്യമാണ്. ഒരു
വാർത്താസമ്മേളനത്തിൽ ഇഗ്ലീഷ് മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം പിടികിട്ടാതെ അടുത്തിരുന്ന പ്രമുഖനോട് സഹായം തേടിയപ്പോൾ ആക്ഷേപിച്ചതും സുധാകർജി മറന്നിട്ടില്ല.
എന്തൊക്കെയായാലും സൗന്ദര്യത്തിലും വിവരത്തിലും ഇഗ്ലീഷ് ഭാഷ അമ്മാനമാടുന്നതിലും പല സുന്ദരക്കുട്ടപ്പന്മാരേക്കാളും ബഹുദൂരം മുന്നിലാണ് തരൂർജിയെന്ന് സുധാകരനറിയാം. വല്ലപ്പോഴും ചില സത്യങ്ങൾ പറയുന്നവർ പാർട്ടിയിൽ വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
തരൂർ ചെയ്തത് മാപ്പർഹിക്കാത്ത പാതകമാണെങ്കിലും നേരിട്ട് കുറ്റപ്പെടുത്താനോ വാഗ്വാദത്തിനോ ഇല്ലെന്നാണ് കേരളത്തിലെ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും നിലപാട്. എല്ലാം മൂളിക്കേൾക്കാമെന്നല്ലാതെ മറുപടി പറയാനാവില്ല. പക്ഷേ, ബഹുഭാഷാപണ്ഡിതനായ രാഹുൽജിക്ക് ഈ പ്രശ്‌നമില്ല. അതുകൊണ്ടാണ് അടച്ചിട്ട മുറിയിൽ തരൂരുമായി അദ്ദേഹം സുദീർഘ ചർച്ചനടത്തിയത്. തരൂർജി കമ്മ്യൂണിസ്റ്റുകാരെ പിന്തുണച്ചത് ഒട്ടും ശരിയായില്ലെന്ന് ആഞ്ഞടിച്ച രാഹുൽജിയോട്, അദ്ദേഹം കുറേ സങ്കടങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പാർലമെന്റ് സീറ്റിൽ തിളങ്ങുന്ന വിജയം നേടിയിട്ടും കേന്ദ്രത്തിലോ കേരളത്തിലോ കൊള്ളാവുന്ന ഒരു സ്ഥാനത്തേക്കോ പരിഗണിച്ചില്ലെന്നായിരുന്നു പ്രധാനപരാതി. ചെറുപ്പം മുതൽ ഖദറിട്ടും നോട്ടീസ് ഒട്ടിച്ചും വളർന്നുവന്നവർ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന് രാഹുൽജി മറുപടി നൽകിയത് തരൂർജിക്ക് ഷോക്കായി. കോൺഗ്രസിൽ മന്ത്രിയും എം.പിയുമൊക്കെ ആയിരുന്ന കെ.വി.തോമസ് മാഷ് പിണങ്ങി കമ്മ്യൂണിസ്റ്റുകാരുടെ കൂടെ പോയപ്പോൾ അവർ ആഘോഷമായി വരവേറ്റത് രാഹുൽജിയെ തരൂർജി ഓർമ്മിപ്പിച്ചോ എന്നു വ്യക്തമല്ല. എം.എൽ.എയോ എം.പിയോ അല്ലാത്ത തോമസ് മാഷ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ കഴിയുകയാണ്. അടുത്തിടെ അദ്ദേഹത്തിന്റെ അലവൻസ് കൂട്ടുകയും ചെയ്തു.
കാണാതെ പോകരുത്,
അന്തർധാരകൾ
കേരളസർക്കാരിനെ പുകഴ്ത്തി താൻ ലേഖനമെഴുതിയത് തെറ്റല്ലെന്നു തന്നെയാണ് തരൂർജിയുടെ നിലപാട്. പറയേണ്ടതും എഴുതേണ്ടതും തന്റെ ജോലിയാണെന്നും അതു തുടരുമെന്നും അദ്ദേഹം പ്രതികരിച്ചതിൽ ചില ദുഃസൂചനകളുണ്ടെന്നാണ് കോൺഗ്രസിലെ ആസ്ഥാന നിരീക്ഷകരുടെ നിഗമനം.
സത്യം ചങ്കൂറ്റത്തോടെ പറഞ്ഞ വിശ്വപൗരനായ തരൂരിനെ സ്വന്തം പാർട്ടിക്കാർ വേട്ടയാടുന്നതിൽ 'ഡിഫിക്കാർക്ക വലിയ സങ്കടമുണ്ടാകുന്നത് സ്വാഭാവികം. തിരുവനന്തപുരത്ത് ഡിഫി സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മേളയോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ മുഖ്യാതിഥിയായി തരൂരിനെ ക്ഷണിച്ചത് അതുകൊണ്ടാണ്. രാഹുലുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഇതെന്നു ശ്രദ്ധേയം. അന്നു വേറെ പരിപാടി ഏറ്റുപോയതിനാൽ വരാൻ അസൗകര്യമുണ്ടെന്ന് തരൂർജി പറഞ്ഞെങ്കിലും ഡിഫിക്ക് ആശംസകൾ നേരാൻ മറന്നില്ല. ഡിഫിക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ നിശിതമായി വിമർച്ച് പോസ്റ്റിട്ട അദ്ദേഹം പിന്നീടത് പിൻവലിച്ചിരുന്നു. സി.പി.എം ഉന്നതരുടെ അഭ്യർത്ഥന മാനിച്ചാണിതെന്നാണ് സൂചനകൾ. തനിക്കെതിരെ അണിനിരന്നിട്ടാണെങ്കിലും പാർട്ടി നേതാക്കൾക്കിടയിൽ ഐക്യമുണ്ടായതിൽ സന്തോഷമുണ്ടെന്നും തരൂർ പ്രതികരിച്ചിട്ടുണ്ട്.
തരൂരിനോട് വിയോജിപ്പുണ്ടെങ്കിലും അതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതിൽ ലീഗുകാർക്ക് കടുത്ത നിരാശയുണ്ട്. തമ്മിലടി തുടരുന്നതിലെ ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം. ഇനിയൊരിക്കൽക്കൂടി യു.ഡി.എഫ് തോറ്റാൽ പിന്നെ തിരിച്ചുവരവുണ്ടാവില്ലെന്ന ആശങ്കയിലാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയ്ക്ക് ആശങ്ക സ്വാഭാവികം. പതിറ്റാണ്ടുകളായി കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്നതിനാൽ യു.ഡി.എഫ് മന്ത്രിസഭയിൽ ചുരുങ്ങിയത് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ലീഗിന്റെ ആഗ്രഹം. മുഖ്യമന്ത്രിസ്ഥാനം ആയാലും വിരോധമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |