
കണ്ണു തുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത... ചിരിക്കാനറിയാത്ത... കളിമൺ പ്രതിമകളേ... മറക്കൂ നിങ്ങളീ ആശമാരെ മറക്കൂ... ! തുച്ഛമായ വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ദിവസങ്ങളായി പൊരിവെയിലേറ്റു തളർന്ന് രാപകൽ സമരം നടത്തുന്ന പാവം അമ്മമാരുടെയും സഹോദരിമാരുടെയും വിലാപങ്ങൾക്കിടെ ഉയരുന്ന സിനിമാ ഗാന പാരഡി. കഴിഞ്ഞ ദിവസം അതിലൊരു കൂട്ടിച്ചേർക്കൽ കേട്ടു: 'കൊടുക്കൂ, വാരിക്കോരി കൊടുക്കൂ... നിങ്ങളുടെ ഇഷ്ടതോഴന്മാർക്ക്!"
നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാ പൈസയില്ലെന്ന് സദാ വിലപിക്കുന്ന സർക്കാരിന് പാവങ്ങളുടെ സാമൂഹ്യക്ഷേമ പെൻഷനിൽ നൂറുരൂപ പോലും കൂട്ടാനോ, സ്കൂൾ പാചകത്തൊഴിലാളികൾക്കും മറ്റും മാസങ്ങളായി കുടിശ്ശിക നൽകാനോ കഴിയുന്നില്ല. അതേസമയം, ഇപ്പോൾത്തന്നെ എടുത്താൽ പൊങ്ങാത്ത ശമ്പളം കൈപ്പറ്റുന്ന പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നേരേ ഇതേ ദൈവങ്ങൾ കണ്ണ് മലർക്കെത്തുറന്ന് ചിരിക്കുന്നു,ചോദിച്ചതും അതിലധികവും നൽകുന്നു. ശമ്പളം രണ്ടര ലക്ഷത്തിൽ നിന്ന് ഒറ്റയടിക്ക് നാലുലക്ഷം രൂപ! പെൻഷൻ ഒന്നേകാൽ ലക്ഷം രൂപയിൽ നിന്ന് രണ്ടരലക്ഷം രൂപ!
ഡൽഹിയിൽ പണിയില്ലാതെ 'ചൊറി കുത്തി"യിരിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്ന കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് ഇരട്ട പെൻഷനും പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയത്തിനും പുറമെ, യാത്രാബത്ത അഞ്ചു ലക്ഷത്തിൽ നിന്ന് 11.31 ലക്ഷത്തിലേക്ക്. ഗവ. പ്ലീഡർമാർക്ക് 30,000 രൂപവരെ ശമ്പള വർദ്ധന. അപ്പോൾ കണ്ണു തുറക്കാത്ത ദൈവങ്ങളല്ല, തുറക്കുന്നത് ആർക്കു നേരെ എന്നതാണ് പ്രശ്നം! മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയും, സമ്പത്തിന്റെ തുല്യമായ വിതരണത്തിലൂടെ തൊഴിലാളി വർഗ സർവാധിപത്യം സ്ഥാപിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ലക്ഷ്യം!
ചെലവുകൾ ഒന്നും കുറയ്ക്കാതിരുന്നിട്ടും സർക്കാർ സാമ്പത്തികമായി ഭദ്രമാണെന്ന് ഇക്കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അഭിമാനം കൊണ്ടപ്പോൾ പലരും പലതും മോഹിച്ചു. എല്ലാം വെറുതെയായി! ഉള്ളവനെ കൂടുതൽ ഊട്ടാനും ഇല്ലാത്തവനെ പട്ടിണിക്കിടാനും കമ്മ്യൂണിസ്റ്റ് സർക്കാരിന് മന:സാക്ഷിക്കുത്തില്ലേ എന്നാണ് പാർട്ടി അനുഭാവികളുടെയും ചോദ്യം. എന്നിട്ട്, നാഴികയ്ക്ക് നാല്പതുവട്ടം തങ്ങൾ സാധാരണക്കാർക്കും പാവപ്പട്ടവർക്കും ഒപ്പമാണെന്ന മുതലക്കണ്ണീരും!
പട്ടിണിപ്പാവങ്ങളെ മറന്ന് സ്വജനപക്ഷപാതം കാട്ടിയതും പണവും സ്വാധീനവും ഉള്ളവരുടെ പിന്നാലെ പോയതുമല്ലേ തുടർച്ചയായി 34 വർഷം ഭരിച്ച പശ്ചിമബംഗാളിലും കാൽനൂറ്റാണ്ടു ഭരിച്ച ത്രിപുരയിലും ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊടി പോലുമില്ല, കണ്ടുപിടിക്കാനെന്ന സ്ഥിതിയിലെത്തിച്ചത്. എന്നിട്ടും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ പാഠം പഠിക്കാത്തത് എന്തുകൊണ്ട്? ഉത്തരം കിട്ടാൻ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കൂ എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം!
വർഷങ്ങൾക്കു മുമ്പ് സംസ്ഥാന കോൺഗ്രസിൽ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും കാർമ്മികത്വത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ അടികലശൽ കൊടുമ്പിരിക്കൊണ്ട കാലം. ഒത്തുതീർപ്പ് ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധി സംഘം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിലെത്തി. കേരളത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ഓരോരുത്തരെയായി അവർ മുറിയിലേക്കു വിളിപ്പിച്ചു. കേന്ദ്ര സംഘത്തലവൻ ഐ ഗ്രൂപ്പുകാരോട് പക്ഷപാതം കാട്ടുന്നയാളാണെന്നായിരുന്നു പരാതി. ആ നേതാവിന്റെ മുഖത്തു നോക്കി നാല് 'നല്ലത്" പറഞ്ഞിട്ടു തന്നെ കാര്യം. പക്ഷേ, അതെങ്ങനെ ഇംഗ്ളീഷിൽ പറയും?
ആവേശത്തോടെ പുറത്തുനിന്ന് വീമ്പിളക്കിയ എം.എൽ.എമാരിൽ പലരും ഇതറിഞ്ഞപ്പോൾ നനഞ്ഞ കോഴികളെപ്പോലെയായി. പറയേണ്ടത് ഇംഗ്ലീഷിൽ കാണാപ്പാഠം പഠിച്ച് മുറിയിലെത്തിയ ഒരു എം.എൽ.എ ധൈര്യം സംഭരിച്ച് നേതാവിന്റെ മുഖത്തു നോക്കി ആക്രോശിച്ചു: 'യു.ആർ ഇംപാർഷ്യൽ!" നേതാവ് അതുകേട്ട് ക്ഷുഭിതനാവുമെന്നാണ് കരുതിയത്. പക്ഷേ. അടച്ചിട്ട മുറിയിൽ മുഴങ്ങിയത് കൂട്ടച്ചിരി. അതോടെ, കക്ഷിയുടെ ഗ്യാസ് പോയി. മുറിക്കു പുറത്തിറങ്ങിയപ്പോഴാണ് അക്കിടി പിടികിട്ടിയത്. വെപ്രാളത്തിനിടയിൽ പറഞ്ഞത്, തിരിഞ്ഞുപോയി.'യു.ആർ.പാർഷ്യൽ" (നിങ്ങൾ പക്ഷപാതിയാണ്) എന്നാണ് പറയാൻ ശ്രമിച്ചത്. പക്ഷേ, പറഞ്ഞപ്പോൾ അത് ഇംപാർഷ്യൽ (നിഷ്പക്ഷമതി) എന്നായിപ്പോയി!
ഇംഗ്ലീഷ് ഭാഷ അരച്ചു കലക്കി കുടിച്ചു നടക്കുന്നയാളാണ് ശശി തരൂർ. പലതും കടിച്ചാൽ പൊട്ടാത്ത പ്രയോഗങ്ങൾ. ഇംഗ്ലീഷിൽ തരൂർ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ സായിപ്പന്മാർ പോലും ഇംഗ്ലീഷ് നിഘണ്ടു പരതുന്നുണ്ടത്രെ! അപ്പോൾ മുറി ഇംഗ്ലീഷുകാരുടെ കാര്യമോ?പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചും, കേരളത്തിൽ പിണറായി സർക്കാരിന്റെ വ്യവസായ വിപ്ലവത്തെ പ്രശംസിച്ചും ശശി തരൂർ ലേഖനമെഴുതിയത് കോൺഗ്രസുകാരന് ചേർന്ന പണിയാണോ?
പലരും തരൂരിന്റെ രക്തത്തിനായി ദാഹിച്ചു. പിണറായിയെ താഴെയിറക്കി ഭരണം പിടിക്കാൻ വെമ്പുന്നതിനിടെയാണ് തരൂരിന്റെ വെളിപാട്. എങ്ങനെ കലി വരാതിരിക്കും? കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജി വച്ചിട്ടാവണം തരൂർ സ്വന്തം അഭിപ്രായം പറയാനെന്നായി അതിലൊരു മുതിർന്ന നേതാവ്. തരൂരിന്റെ മറുപടി ഉടൻ വന്നു.'ഞാൻ അംഗത്വം ഒഴിയാം, അതിനു മുമ്പ് എന്റെ ലേഖനം വായിച്ചു നോക്കണം. എന്താണ് ഞാൻ ചെയ്ത തെറ്റെന്ന് പറയണം!" ആ നേതാവ് പിന്നെ തരൂരെന്ന വാക്കുപോലും ഉരിയാടിയിട്ടില്ലത്രെ!
'കൃഷ്ണവിലാസത്തിൽ ഭഗീരഥൻ പിള്ള, വലിയ വെടി നാല്... ചെറിയ വെടി നാല്..." കോൺഗ്രസിലെ തന്റെ ശത്രു സംഹാരത്തിനുള്ള വെടികൾ മൈക്കിലൂടെ വിളിച്ചു പറഞ്ഞ ശശി തരൂർ ഒടുവിൽ അമിട്ടു തന്നെ പൊട്ടിച്ചു. കോൺഗ്രസ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ കോൺഗ്രസിന് ശക്തനായ ഒരു നേതാവില്ല. ഇങ്ങനെയാണ് പ്രവർത്തനമെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്ന് മൂന്നാമതും പ്രതിപക്ഷത്തു തന്നെ ഇരിക്കേണ്ടി വരും!- ഇംഗ്ളീഷ് പത്രത്തിലെ ലേഖനത്തിൽ തരൂർ വച്ചുകാച്ചി.
കണ്ണിൽച്ചോരയില്ലാത്തവൻ, ഉണ്ട ചോറിന് നന്ദി കാട്ടാത്തവൻ... പല കോൺഗ്രസ് നേതാക്കളും പുലഭ്യം പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് കൈപ്പത്തി ചിഹ്നത്തിൽ നാലുതവണ മത്സരിച്ചു ജയിച്ച് പാർലമെന്റിലെത്തിയ തരൂർ തനിക്ക് വോട്ടു ചെയ്തവരെ തള്ളിപ്പറയുകയാണെന്ന് ആക്ഷേപം. എന്നിട്ടും തരൂരിന് കുലുക്കമില്ല. പരസ്പരം തമ്മിലടിച്ച് തല കീറുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ, തന്നെ എതിർക്കുന്ന കാര്യത്തിലെങ്കിലും ഒരുമിച്ചല്ലോ എന്നാണ് തരൂരിന്റെ പരിഹാസം. ഇടുമുന്നണിക്കാർക്കാവട്ടെ ഇതു കേട്ട് ആനന്ദം തന്തുനാനേന!
നുറുങ്ങ്:
പാലക്കാട് എലപ്പുള്ളിയിലെ മദ്യ ഡിസ്റ്റിലറിക്കും സ്വകാര്യ സർവകലാശാലകൾക്കും കിഫ്ബി റോഡുകളിലെ ടോൾ പിരിവിനുമെതിരെ പാർട്ടി കമ്മിറ്റികളിൽ ഉറഞ്ഞു തുള്ളുന്ന സി.പി.ഐ നേതാക്കൾ മന്ത്രിസഭാ യോഗത്തിലും ഇടതു മുന്നണി യോഗത്തിലും മിണ്ടാപ്പൂച്ചകളാവുന്നു എന്ന് പാർട്ടിയിൽ വിമർശനം.
@ പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല!
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |