SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 AM IST

ഇഷ്ടക്കാർക്ക് വാരിക്കോരി, 'ആശ'മാ‌ർക്ക് പരിഹാസം

asha-workers

കേരളത്തിൽ രാഷ്ട്രീയ സ്വാധീനമുള്ളവർക്കും ഇഷ്ടക്കാർക്കും സർക്കാർ എന്തും വാരിക്കോരി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നും കേന്ദ്ര സർക്കാരാണ് എല്ലാറ്റിനും ഉത്തരവാദിയെന്നും രായ്ക്ക്‌രാമാനം പറയുമ്പോഴും വേണ്ടപ്പെട്ടവരെ കൈയ്യയച്ച് സഹായിക്കാൻ ഒരു സാമ്പത്തിക പ്രതിസന്ധിയും തടസമാകില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ 16 ദിവസമായി ശമ്പളകുടിശ്ശികക്കും തുച്ഛമായ ശമ്പളവർദ്ധനവിനുമായി സമരം ചെയ്യുന്ന ആരോഗ്യവകുപ്പിലെ ആശ വർക്കർമാരുടെ സമരം അനാവശ്യമെന്ന് പറഞ്ഞ് തള്ളുന്ന സർക്കാർ ഏതാനും ദിവസം മുമ്പാണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ അവർ പോലും പ്രതീക്ഷിക്കാത്ത ലക്ഷങ്ങളുടെ വർദ്ധന വരുത്തി ഉത്തരവിറക്കിയത്. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളവും ഗണ്യമായി ഉയർത്തിയത് ഇതേദിവസമാണ്.

നിലവിൽ 2. 24 ലക്ഷമുള്ള പി.എസ്.സി ചെയർമാന്റെ ശമ്പളം 3.81 ലക്ഷമായും 2.19 ലക്ഷം ശമ്പളമുള്ള അംഗങ്ങൾക്ക് 3.73 ലക്ഷമായുമാണ് വർദ്ധിപ്പിച്ചത്. വർദ്ധിപ്പിച്ച ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വർദ്ധനവുമുണ്ടാകും. നിലവിൽ ചെയർമാന് 1.25 ലക്ഷവും അംഗങ്ങൾക്ക് 1.20 ലക്ഷവുമാണ് പെൻഷൻ. ഇത് യഥാക്രമം 2.50 ലക്ഷവും 2.25 ലക്ഷവുമായി ഉയരും. വർദ്ധനവ് മൂലം സർക്കാർ ഖജനാവിനുണ്ടാകുന്ന അധികബാദ്ധ്യത 4 കോടി രൂപയുടേതാണ്. നിലവിൽ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളത്തിനായി 5.59 കോടിയാണ് ചെലവ്. ഇത് 9.48 കോടിയായി ഉയരും. സംസ്ഥാനത്ത് നിലവിൽ ലഭ്യമാകുന്ന എല്ലാ സുഖസൗഭാഗ്യങ്ങളുടെയും ഗുണഭോക്താക്കളാണ് പി.എസ്.സി ചെയർമാനും 20 അംഗങ്ങളും. ഭരണമുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിയമനത്തിലൂടെ എത്തുന്ന ഇവർക്ക് ലക്ഷങ്ങളുടെ ശമ്പളത്തിനു പുറമെ കാറ്, ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവൻസ്, യാത്രാബത്ത, മെഡിക്കൽ അലവൻസ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. 6 വർഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോൾ ആജീവനാന്ത പെൻഷനും കുടുംബാംഗങ്ങൾക്കടക്കം സൗജന്യ ചികിത്സാസഹായവും ലഭിക്കും. ഒരു ഉദ്യോഗാ‌ർത്ഥിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കണമെങ്കിൽ കുത്തിയിരുന്ന് പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഇന്റർവ്യൂ എന്ന കടമ്പയും കടക്കേണ്ടതുണ്ട്. പി.എസ്.സി ഇപ്പോൾ കേരളത്തിൽ നടത്തുന്ന നിയമനങ്ങൾ വർഷം തോറും താഴോട്ടാണ്. 2016 ൽ 37,530 നിയമനങ്ങൾ നടത്തിയെങ്കിൽ 2023 ൽ 25,144 നിയമനങ്ങളായി ചുരുങ്ങി. റാങ്ക്ലിസ്റ്റുകളിൽ പലതും നിയമനം നടത്താതെ കാലഹരണപ്പെടുന്ന സ്ഥിതിയുമുണ്ട്. പി.എസ്.സിയെ നോക്ക്കുത്തിയാക്കി താത്കാലിക നിയമനങ്ങളും കരാർ, പിൻവാതിൽ നിയമനങ്ങളും പെരുകിയതാണ് കാരണം. രാജ്യത്ത് കേരളത്തിലാണ് ഇത്രയധികം പി.എസ്.സി അംഗങ്ങളുള്ളത്.

അഭിഭാഷകർക്കും ലക്ഷങ്ങൾ,

ആശമാർക്ക് പരിഹാസം

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരായ സ്പെഷ്യൽ ഗവ. പ്ളീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് 1.50 ലക്ഷമായും സീനിയർ പ്ളീഡറുടെ ശമ്പളം 1.10 ലക്ഷത്തിൽ നിന്ന് 1.40 ലക്ഷമായും പ്ളീഡർമാർക്ക് ഒരു ലക്ഷത്തിൽ നിന്ന് 1.15 ലക്ഷമായുമാണ് ഉയർത്തിയത്. വർദ്ധന 2022 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ്. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായ കെ.വി തോമസിനും കിട്ടി ലോട്ടറി. അദ്ദേഹത്തിന്റെ യാത്രാബത്ത അഞ്ചു ലക്ഷത്തിൽ നിന്ന് 11 ലക്ഷമായി ഉയർത്തി. ഇഷ്ടക്കാർക്ക് വാരിക്കോരി നൽകിയപ്പോൾ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി രാപ്പകലില്ലാതെ പണിയെടുക്കുന്ന ആശ വർക്കർമാരോടുള്ള സർക്കാരിന്റെ ശത്രുതാ സമീപനത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. 26,000 ഓളം ആശ വർക്കർമാരാണ് സംസ്ഥാനത്തുള്ളത്. മാസം 7000 രൂപ ഓണറേറിയവും 3,000 രൂപയുടെ ഇൻസന്റീവും വാങ്ങി പണിയെടുക്കുന്ന ആശമാരുടെ സമരത്തിനു പിന്നിൽ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ചില അരാജക സംഘടനകളാണെന്ന് കുറ്റപ്പെടുത്തി സി.ഐ.ടി.യു അഖിലേന്ത്യാ നേതാവായ എളമരം കരീം ലേഖനമെഴുതിയത് വൻ പ്രതിഷേധത്തിനാണ് വഴിവച്ചത്. തങ്ങളുടെ നേതൃത്വത്തിലല്ലാത്ത സമരമെല്ലാം ജനവിരുദ്ധവും സർക്കാർ വിരുദ്ധവുമെന്ന സി.ഐ.ടി.യു നിലപാടിനെ സമരക്കാർ തള്ളിക്കളഞ്ഞു. സി.പി.ഐ യും അവരുടെ സംഘടനകളും സംസ്ഥാന വനിതാ കമ്മിഷനുമടക്കം സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. സമരത്തിന് വൈകാരിക പിന്തുണ ഏറുകയും ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തതോടെയാണ് സമരം പൊളിക്കാൻ ലക്ഷ്യമിട്ട് എളമരം കരീമിനെ രംഗത്തിറക്കിയതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സി.ഐ.ടി.യു നേതൃത്വത്തിലുള്ള ആശ വർക്കർ ഫെഡറേഷനിൽ പെട്ടവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയഭേദമെന്യെ ആശ പ്രവർത്തകർ പങ്കെടുക്കുന്നതെങ്കിലും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസസിയേഷൻ നേതൃത്വത്തിലാണ് സമരം. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ആഭിമുഖ്യമുള്ള സംഘടനയാണ് നേതൃത്വം നൽകുന്നതെന്നതാകാം സി.ഐ.ടി.യു വിനെയും സർക്കാരിനെയും ചൊടിപ്പിച്ചതെന്ന് വേണം കരുതാൻ. ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിച്ചാൽ അതിന്റെ നേട്ടം ഈ സംഘടനക്ക് ലഭിക്കുമന്നതും സർക്കാരിനെ കുഴയ്ക്കുന്നുണ്ട്.

പേര് മന്ത്രിക്ക്,

ജോലി ആശമാർക്ക്

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആശമാരുടെ പ്രവർത്തനം മൂലം കൊവിഡ്, നിപ്പ പോലെയുള്ള മഹാമാരികളെയും പകർച്ചവ്യാധികളെയും ചെറുത്തു നിറുത്തുന്നതിന്റെയെല്ലാം ക്രെഡിറ്റ് എടുത്തണിഞ്ഞത് ആരോഗ്യവകുപ്പും മന്ത്രിയുമായിരുന്നു. പൊതുജനാരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി ആരോഗ്യമേഖലയെ രാജ്യത്തെ നമ്പർവണ്ണാക്കിയെന്ന് പറഞ്ഞ് അതിന്റെ നേട്ടം കൊയ്യുന്ന സർക്കാരും മന്ത്രിയും തുച്ഛമായ വേതനത്തിന് പണിയെടുത്ത് കുടുംബം പുലർത്താൻ പാടുപെടുന്ന ആശമാരുടെ വേദന മനസിലാക്കുന്നതിന് പകരം അവരെയും അവരുടെ നിസാരമായ ആവശ്യത്തെയും തള്ളിപ്പറയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുസമൂഹവും തിരിച്ചറിയുകയാണ്. തുച്ഛമായ വേതനമായിട്ടും കഴിഞ്ഞ മൂന്ന് മാസമായി കുടിശ്ശികയായ ഓണറേറിയം നൽകണമെന്ന ആവശ്യവും ഉയർത്തിയാണ് സെക്രട്ടേറിയറ്റ് നടയിൽ അവർ രാപ്പകൽ സമരം നടത്തുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 10 വിഭാഗത്തിലുള്ള ജോലികളാണ് ആശമാർ സമയപരിധി പോലും നോക്കാതെ ചെയ്യേണ്ടത്. ഓരോന്നിനും 700 രൂപ വീതമാണ് ഇൻസന്റീവ്. എല്ലാവർക്കും 10 വിഭാഗം ജോലികളും ചെയ്യാൻ കഴിയാറില്ല. അതിനനുസരിച്ച് ഇൻസന്റീവ് കുറയും. എന്നാൽ ആശമാർക്ക് 7,000 രൂപ ഓണറേറിയത്തിനു പുറമെ ഇൻസന്റീവും ചേർത്ത് മാസം 14,000 രൂപ വരെ ലഭിക്കുന്നുവെന്നാണ് മന്ത്രിയും ഭരണകക്ഷി അംഗങ്ങളും പറയുന്നത്. അത്രയും ലഭിച്ചാലും മാസം 14,000 രൂപ കൊണ്ട് കേരളത്തിൽ ഒരു കുടുംബത്തിന് എങ്ങനെ ജീവിക്കാനാകുമെന്ന ചോദ്യത്തിന് മറുപടിയില്ല. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമൊക്കെ ലക്ഷങ്ങൾ വാരിക്കോരി നൽകിയ സർക്കാരാണ് ദിവസം 233 രൂപയ്ക്ക് ജോലി ചെയ്യുന്ന ആശമാരെ പരിഹസിക്കുന്നത്. പ്രതിമാസം 3000 രൂപ വീതം കേന്ദ്ര സർക്കാർ നൽകേണ്ട തുക നൽകുന്നില്ലെന്ന് പറഞ്ഞ് കേന്ദ്ര സർക്കാരിനെയും പഴിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകുന്നില്ലെങ്കിൽ അത് വാങ്ങി എടുക്കേണ്ട ചുമതല സർക്കാരിനാണെന്നിരിക്കെ തങ്ങൾ എന്ത് പിഴച്ചുവെന്നാണ് ആശമാരുടെ ചോദ്യം.

ഐ.എൻ.ടി.യു.സി

എവിടെ ?

തലസ്ഥാനത്ത് ആശമാർ നടത്തുന്ന സമരത്തിന് വിവിധ രാഷ്ട്രീയകക്ഷികളും ട്രേഡ് യൂണിയനുകളും പിന്തുണയുമായി എത്തുമ്പോൾ പ്രതിപക്ഷത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഐ.എൻ.ടി.യു.സി യുടെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. കെ.പി.സി.സി അടക്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ നേതാക്കളെല്ലാം അഭിവാദ്യം അർപ്പിക്കാൻ എത്തുമ്പോഴാണ് ഐ.എൻ.ടി.യു.സി എവിടെയെന്ന ചോദ്യം ഉയരുന്നത്. ആശ വർക്കർമാരുടെ ആവശ്യങ്ങൾ തികച്ചും ന്യായമെന്നും മുഖ്യമന്ത്രി വിചാരിച്ചാൽ 5 മിനിറ്റ് കൊണ്ട് സമരം തീർക്കാവുന്നതാണെന്നും സി.പി.ഐ യിലെ മുതിർന്ന നേതാവായ സി.ദിവാകരൻ പോലും അഭിപ്രായപ്പെട്ടിടത്താണ് ഐ.എൻ.ടി.യു.സിയുടെ പൊടിപോലും ഇല്ലാത്തത്. കോൺഗ്രസിന്റെ പോഷകസംഘടനയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇടതുമുന്നണി സർക്കാരിനെതിരെ ഒരു പ്രസ്താവനയിലൂടെ പോലും നോവിക്കാൻ ഐ.എൻ.ടി.യു.സി നേതൃത്വം തയാറാകാത്തത് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയായതാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സർക്കാരിനെതിരെ രാഷ്ട്രീയമായി പ്രയോഗിക്കാവുന്നൊരു അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃത്വത്തിനെതിരെ കോൺഗ്രസിനുള്ളിലും പ്രതിഷേധം കനക്കുകയാണ്. ആശമാരുടെ സമരത്തെക്കുറിച്ച് സി.ഐ.ടി.യു സ്വീകരിച്ച തൊഴിലാളി വിരുദ്ധ നിലപാടാണോ ഐ.എൻ.ടി.യു.സിക്കും എന്ന ചോദ്യവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് സെക്രട്ടേറിയറ്റിനു മുന്നിലടക്കം സർക്കാരിനെതിരെ പരസ്യമായി സമരം ചെയ്ത സംഘടനയാണ് ഐ.എൻ.ടി.യു.സി എന്നതും ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION