
ഓരോ നഗരത്തെയും അടയാളപ്പെടുത്തുന്ന ഒരു മുഖമുദ്ര ഉണ്ടാകും. വിവിധ ആവശ്യങ്ങൾക്കായി ഒരിക്കലെങ്കിലും ആ നഗരത്തിൽ വന്നവരെല്ലാം ഓർത്തുവയ്ക്കുന്ന ഒരു ലാൻഡ് മാർക്ക്. കോഴിക്കോടിനെ സംബന്ധിച്ച് ഇത് മാനാഞ്ചിറയും പരിസരവും ഉൾപ്പെടുന്ന പ്രദേശമാണ്. പകൽ ചൂടിൽ നഗരത്തിലെത്തുന്ന മനുഷ്യർ അൽപം തണലുതേടിയെത്തുന്ന പ്രദേശം. ഒറ്റവാക്കിൽ അനേകം ചരിത്രങ്ങൾ ഉറങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തുടിപ്പെന്ന് മാനാഞ്ചിറയെ വിശേഷിപ്പിക്കാം. നൂറുകണക്കിന് ആളുകൾ പതിവായി സന്ദർശിക്കുന്ന മാനാഞ്ചിറ സ്ക്വയർ, തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ സമയം ചെലവഴിക്കാൻ അനുയോജ്യമായ ഇവിടം നഗരത്തിന്റെ സാമൂഹിക-സാംസ്കാരിക ഒത്തുചേരലുകളുടെ കേന്ദ്രം കൂടിയാണ്.
രാജഭരണകാലത്ത്
നിർമിച്ച കുളം
സാമൂതിരി ഭരണകാലത്ത് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി നിർമിച്ച കുളം പിന്നീട് നഗരത്തിന്റെ പ്രധാന അടയാളമായി മാറിയതാണ് മാനാഞ്ചിറയുടെ ചരിത്രം. സാമൂതിരി മനവിക്രമൻ നിർമ്മിച്ച ഈ കുളമാണ് പിന്നീട് മാനാഞ്ചിറ എന്ന പേരിൽ പ്രസിദ്ധിയാർജിച്ചത്. 3.49 ഏക്കർ വിസ്തൃതിയിൽ ചതുരാകൃതിയിലുള്ള ശുദ്ധജല കുളം ഇന്ന് നഗരത്തിന്റെ ഒരു പ്രധാന ജലസ്രോതസുകളിൽ ഒന്നാണ്. നഗരത്തിന്റെ വികസനങ്ങൾക്കിടയിൽ ജലാശയങ്ങൾ ചവറു തള്ളാനുള്ള കുഴികളായി മാറുകയോ, കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പെടുകയോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് നഗരത്തിൽ വലിയ പരിക്കുകളൊന്നുമില്ലാതെ മാനാഞ്ചിറ ഇന്നും നിലനിൽക്കുന്നത്. നഗരത്തിലെ സമാനമായ പല കുളങ്ങളും ഒദ്യോഗികമായിതന്നെ കൈയേറ്റത്തിന് വിധേയമായപ്പോഴും മാനാഞ്ചിറ പരിരക്ഷിക്കപ്പെട്ടിരുന്നു. നഗരത്തിലെ കണ്ടംകുളം നികത്തി, നഗരസഭ തന്നെ ജൂബിലി ഹാൾ നിർമിച്ചിരുന്നു. കൊടുംവേനലുകൾ കടന്നുപോയിട്ടും മാനാഞ്ചിറ മനുഷ്യകോടികളുടെ ദാഹമകറ്റി വറ്റാതെ വരളാതെ തെളിഞ്ഞുകിടന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, അന്നത്തെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ ഈ കുളം കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്ന് പ്രഖ്യാപിച്ചു. 1994 ലാണ് ൽ മാനാഞ്ചിറ സ്ക്വയർ ഒരു പാർക്കായി പ്രവർത്തിക്കാനാരംഭിച്ചത്. അതിന് മുൻപ് നിരവധി ഫുട്ബോൾ മത്സരങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്.
30 വർഷം
തോന്നിയ ആശയം
ശുദ്ധവായു ലഭിക്കുന്ന, പച്ചപ്പുള്ള തുറന്ന സ്ഥലം നഗരമദ്ധ്യത്തിൽ വേണമെന്ന ആശയത്തിൽ നിന്നാണ് മാനാഞ്ചിറ സ്ക്വയറിന്റെ പിറവി. 1994 ലാണ് മാനാഞ്ചിറയെ ഇന്ന് കാണുന്ന പാർക്കിന്റെ രൂപത്തിലേക്ക് മാറ്റിയത്. അന്നത്തെ കോഴിക്കോട് കളക്ടറായ അമിതാഭ് കാന്ത് മുൻ കൈയെടുത്താണ് മാനാഞ്ചിറയെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയത്. വിശാലമായ കുളത്തിനും ടാഗോർ പാർക്കിനും, അൻസാരി പാർക്കിനും ഇടയിലൂടെ വാഹനങ്ങൾ നിറഞ്ഞോടുന്ന റോഡായിരുന്നു അന്നത്തെ മാനാഞ്ചിറ. നിരവധി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും, റോഡുകൾ പൊളിച്ചുനീക്കിയുമാണ് മാനാഞ്ചിറയെ ഇന്നത്തെ രൂപത്തിലാക്കിയത്. അന്ന് പാർക്കിനകത്ത് സംഗീതജലധാരയും (മ്യൂസിക്കൽ ഫൗണ്ടൻ) ഉണ്ടായിരുന്നു. ഇതിനോടു ചേർന്ന് പ്രശസ്ത ചിത്രകാരൻ യൂസഫ് അറയ്ക്കൽ ഒരുക്കിയ പടയാളിയുടെ ശില്പവും. അന്ന് നഷ്ടക്കണക്ക് പറഞ്ഞാണ് നടത്തിപ്പുകാർ ജലധാരയുടെ പ്രവർത്തനം അവസാനിപ്പിച്ചുപോയത്. പിന്നീട് മാനാഞ്ചിറ മോടികൂടിയപ്പോഴൊന്നും ജലധാര നന്നാക്കിയില്ല. വർഷങ്ങൾക്കുശേഷം മാനാഞ്ചിറ മൈതാനം വീണ്ടും കാണാനെത്തിയ അമിതാഭ് കാന്ത് തുരുമ്പെടുത്ത ജലധാരയടക്കമുള്ള മാനാഞ്ചിറയുടെ അവസ്ഥകണ്ട് ദുഃഖം തോന്നുന്നുവെന്ന്
പറഞ്ഞിരുന്നു.
തുടരുന്ന അവഗണന
നഗരത്തിന്റെ ഹൃദയത്തിൽ പച്ചപ്പും നഗരവാസികൾക്ക് ആശ്വാസവും നൽകുന്ന മാനാഞ്ചിറ സ്ക്വയറിന് പറയാനുള്ളത് കാലങ്ങളായുള്ള അധികാരികളുടെ അവഗണനയുടെ കഥകൂടിയാണ്. 2020 ലാണ് ടൂറിസം വകുപ്പ് കോടികൾ മുടക്കി മാനാഞ്ചിറയിലെ പാർക്ക് നവീകരിച്ചത്. 40 വർഷങ്ങൾക്കിപ്പുറം 2023 ലാണ് മാനാഞ്ചിറ കുളം നവീകരിച്ചത്. വേണ്ടത്ര പരിചരണമില്ലാത്തതിനാൽ പാർക്ക് വീണ്ടും ശോച്യാവസ്ഥയിലാണ്. അൻസാരി പാർക്കിലും കളിയുപകരണങ്ങൾ പലതും നാശത്തിന്റെ വക്കിലാണ്. ഇവിടെ മിയാവാക്കി വനം വളർത്തുന്ന പദ്ധതി പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. പാർക്കിലെ പുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. പച്ചപ്പരവതാനിക്ക് പകരം തരിശായ പാർക്കാണ് സന്ദർശകർക്ക് വിശ്രമിക്കാനുള്ളയിടം. സ്ക്വയറിന്റെ പരിസരങ്ങളിലെ പല പ്രദേശങ്ങളും കാടുപിടിച്ച അവസ്ഥയിലാണ്. മാനാഞ്ചിറയെ രാത്രിസമയത്ത് ഭംഗിയാക്കിയിരുന്ന അലങ്കാരവിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി. ജനങ്ങൾ മുറവിളി കൂട്ടുന്നതല്ലാതെ അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടെത്തിയില്ല. സ്ക്വയറിന്റെ ചുറ്റുമതിൽ താരതമ്യേന ചെറുതായതിനാൽ ഇവിടേക്ക് രാത്രസമയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതും ലഹരി ഉപയോഗവും പതിവാണ്. നഗരവാസികൾ പ്രഭാത നടത്തത്തിന് വരുന്ന സ്ഥലം കൂടിയാണിത്.
ഉച്ച സമയത്താണ് മാത്രമേ തുറന്ന് കൊടുക്കൂ എന്നതും പാർക്കിലേക്ക് ആളുകളെ എത്തിക്കുന്നത് കുറയ്ക്കാൻ കാരണമായിട്ടുണ്ട്. കോഴിക്കോടിന്റെ മഹത്തായ കച്ചവട പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലായി കാടുപിടിച്ചുകിടക്കുന്ന കോംട്രസ്റ്റ് ഭൂമിയും മാനാഞ്ചിറയ്ക്ക് മുന്നിലാണ്. കോംട്രസ്റ്റ് ഭൂമി, ടൗൺഹാൾ, മിഠായിതെരുവ് എല്ലാം ഉൾപ്പെടുത്തി സാംസ്കാരിക ഇടനാഴി എന്ന വാഗ്ദാനവും എങ്ങുമെത്താതെ നിൽക്കുകയാണ്.
പ്രതീക്ഷ നൽകി ടൂറിസം
വകുപ്പിന്റെ പദ്ധതികൾ
മാനാഞ്ചിറ സ്ക്വയറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതാണ് കഴിഞ്ഞ ദിവസം വന്ന ടൂറിസം വകുപ്പിന്റെ പ്രഖ്യാപനം. ആരും പരിപാലിക്കാനില്ലാതെ തുരുമ്പെടുത്തുപോയ പാർക്കിലെ സംഗീതജലധാരയ്ക്ക് (മ്യൂസിക്കൽ ഫൗണ്ടൻ) പകരം പുതിയ മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. പദ്ധതിക്കായി 2.4 കോടി രൂപയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. സൗന്ദര്യവത്ക്കരണം പൂർത്തിയായ മിഠായിതെരുവിനോടൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കൽ ഫൗണ്ടൻ കൂടിയാകുമ്പോൾ നഗരത്തിന്റെ നെെറ്റ് ലെെഫ് കൂടുതൽ മികച്ചതാകുമെന്നും കൂടുതൽ ആളുകളെ ആകർഷിക്കാനും കഴിയുമെന്നുമാണ് ടൂറിസം വകുപ്പും പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |