
ഐക്യത്തിന്റെ യാഗം; മഹാകുംഭമേള പൂർത്തിയായി. ഒരു രാഷ്ട്രത്തിന്റെ ബോധം ഉണരുമ്പോൾ, നൂറ്റാണ്ടുകളുടെ അടിമത്ത മാനസികാവസ്ഥയുടെ ചങ്ങലകൾ പൊട്ടിച്ച് പുതിയ ബോധത്തോടെ വായുവിൽ ശ്വസിക്കാൻ തുടങ്ങുമ്പോൾ, സമാനമായൊരു രംഗം ദൃശ്യമാകുന്നു- ജനുവരി 13 മുതൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ നാം കണ്ടതുപോലെ! 2024 ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ, ദൈവഭക്തിയിലൂടെയുള്ള ദേശസ്‌നേഹത്തെക്കുറിച്ച് ഞാൻ സംസാരിച്ചു.
പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ എല്ലാ ദേവീദേവന്മാരും ഒത്തുകൂടി. സന്യാസിമാരും മഹാത്മാക്കളും കുട്ടികളും വൃദ്ധരും സ്ത്രീകളും യുവാക്കളും ഒത്തുകൂടി. രാജ്യത്തിന്റെ ഉണർന്നിരിക്കുന്ന ബോധം നാം അതിൽ കണ്ടു. ഈയൊരു ഉത്സവത്തിലൂടെ 140 കോടി ജനങ്ങളുടെ വിശ്വാസം ഒരേസമയം ഒത്തുചേർന്നു. കഴിഞ്ഞ 45 ദിവസം രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ ത്രിവേണീ സംഗമത്തിലേക്ക് എത്തുന്നതു കണ്ടു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം ഓരോ ഭക്തനിലും ആവേശവും ഊർജ്ജവും വിശ്വാസവും നിറയ്‌ക്കുകയായിരുന്നു.
സമാനതയില്ലാത്ത
സാധനാകർമ്മം
ആധുനിക കാലഘട്ടത്തിലെ മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും, ആസൂത്രണ വിദഗ്ദ്ധർക്കും ഒരു പുതിയ പഠന വിഷയമായി കുംഭമേള മാറിയിരിക്കുന്നു. ഇതിനു സമാനമായ മറ്റൊരു ഉദാഹരണവുമില്ല. ഒരു നദീതീരത്ത് കോടിക്കണക്കിന് ആളുകൾ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതപ്പെടുന്നു. കുളി കഴിഞ്ഞ് അതിരറ്റ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. യുവതലമുറ വലിയ തോതിൽ പ്രയാഗ്‌രാജിൽ എത്തിയതു കണ്ടപ്പോൾ സന്തോഷം തോന്നി. വലിയൊരു സന്ദേശമാണിത്. ഇന്ത്യയിലെ യുവതലമുറ പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും വാഹകരാണെന്നും അത് മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം അവർ മനസിലാക്കുന്നുവെന്നും അതിനായി ദൃഢനിശ്ചയവും സമർപ്പിതരുമാണെന്നുമുള്ള വിശ്വാസത്തെ ഇത് ശക്തിപ്പെടുത്തുന്നു.
കുംഭമേളയിലെ ആളുകളുടെ എണ്ണം റെക്കാർഡ് സൃഷ്‌ടിച്ചിട്ടുണ്ട്. പ്രയാഗിൽ എത്താൻ കഴിയാത്തവരും ഈ പരിപാടിയുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടു. കുംഭമേള കഴിഞ്ഞ് മടങ്ങുമ്പോൾ ത്രിവേണി തീർത്ഥത്തിലെ വെള്ളം കൊണ്ടുപോയവർക്ക്, ആ വെള്ളത്തിന്റെ ഏതാനും തുള്ളികൾ ദശലക്ഷക്കണക്കിനു ഭക്തർക്ക് കുംഭസ്നാനം ചെയ്‌തിന്റെ അതേ പുണ്യം നൽകി. അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടിയോളം പേർ കുംഭമേളയിൽ പങ്കെടുക്കുകയും മുങ്ങിക്കുളിക്കുകയും ചെയ്‌തു. ഇന്ത്യയ്‌ക്ക് ഒരു പുതിയ ഭാവി എഴുതാൻ പോകുന്ന കാലഘട്ടത്തിലെ മാറ്റത്തിന്റെ ശബ്‌ദമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഭാരതീയതയുടെ
മഹായജ്ഞം
സുഹൃത്തുക്കളേ, കുംഭമേളയുടെ പാരമ്പര്യം ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിവരികയാണ്. പന്ത്രണ്ട് പൂർണകുംഭങ്ങളുടെ സമയത്ത്, അതായത് 144 വർഷത്തെ ഇടവേളയ്‌ക്കു ശേഷം, കാലഹരണപ്പെട്ട മാർഗനിർദ്ദേശങ്ങളും പാരമ്പര്യങ്ങളും ഉപേക്ഷിക്കപ്പെട്ടു, ആധുനികത അംഗീകരിക്കപ്പെട്ടു. സമയം, യുഗം, സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് സന്യാസിമാർ പുതിയ സന്ദേശങ്ങൾ നൽകി. ഐക്യത്തിന്റെ മഹാകുംഭത്തിലെന്ന പോലെ, ദരിദ്രനായാലും ധനികനായാലും, കുട്ടികളായാലും വൃദ്ധരായാലും, രാജ്യത്തു നിന്നോ വിദേശത്തു നിന്നോ, ഗ്രാമത്തിൽ നിന്നോ നഗരത്തിൽ നിന്നോ, കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ, വടക്കു നിന്നോ തെക്കു നിന്നോ, ഏതെങ്കിലും ജാതിയിൽ നിന്നോ പ്രത്യയശാസ്ത്രത്തിൽ നിന്നോ.... എല്ലാവരും ഐക്യത്തിന്റെ മഹാകുംഭത്തിൽ ഒരു മഹായജ്ഞത്തിനായി ഒന്നിച്ചു!
ഒരു ഇന്ത്യ, മഹത്തായ ഇന്ത്യ എന്ന അവിസ്‌മരണീയമായ ഈ രംഗം ആത്മവിശ്വാസത്തിന്റെ ഉത്സവമായി മാറി. ഈ വിധത്തിൽ, വികസിത ഇന്ത്യ എന്ന ദൗത്യത്തിനായി നാം ഒന്നിച്ചു നിൽക്കണം. ഭക്തി പ്രസ്ഥാനത്തിന്റെ കാലത്ത് നമ്മുടെ സന്യാസിമാർ രാജ്യത്തിന്റെ എല്ലാ കോണുകളിലും അവബോധം വളർത്തിയെടുത്ത ഇന്ത്യയുടെ ഒരു ശക്തിയാണിത്. വിവേകാനന്ദനായാലും ശ്രീ അരബിന്ദോ ആയാലും എല്ലാവരും ഇതിനെക്കുറിച്ച് ഞങ്ങളെ ബോധവാന്മാരാക്കിയിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്കും ഇത് അനുഭവപ്പെട്ടു. സ്വാതന്ത്ര്യലബ്ദ്ധിക്കുശേഷം ഇന്ത്യയുടെ ഈ ശക്തിയുടെ മഹത്തായ രൂപം നാം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ, എല്ലാവരുടെയും ക്ഷേമത്തിലേക്കും എല്ലാവരുടെയും സന്തോഷത്തിലേക്കും ഈ ശക്തിയെ തിരിച്ചുവിട്ടിരുന്നുവെങ്കിൽ , അടിമത്തത്തിന്റെ ഫലങ്ങളിൽ നിന്ന് കരകയറുന്ന ഇന്ത്യയ്ക്ക് അത് ഒരു വലിയ ശക്തിയായി മാറുമായിരുന്നു.
പവിത്ര ഗംഗയായി
ആത്മീയബോധം
പക്ഷേ അന്ന് ഞങ്ങൾക്ക് അതു ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ ജനശക്തി ഒരു വികസിത ഇന്ത്യയ്ക്കായി ഒന്നിക്കുന്നതിൽ എനിക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. ഐക്യത്തിന്റെ മഹത്തായ മന്ത്രം നമ്മുടെ ജീവിത മന്ത്രമാക്കാം. രാജ്യസേവനത്തിൽ ദൈവസേവനത്തിനും, ജീവജാലങ്ങളുടെ സേവനത്തിൽ ശിവസേവനത്തിനും സ്വയം സമർപ്പിക്കാം. ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നുവെന്ന് എനിക്കറിയാം. കേന്ദ്രമായാലും സംസ്ഥാനമായാലും, എല്ലാവരും ഭക്തി നിറഞ്ഞ സേവകരായിരുന്നു. നമ്മുടെ ശുചീകരണ തൊഴിലാളികൾ, പോലീസുകാർ, സഹനാവികർ, ഡ്രൈവർമാർ, പാചകക്കാർ തുടങ്ങി എല്ലാവരും ഈ മഹാ കുംഭമേള വിജയകരമാക്കാൻ പൂർണ സമർപ്പണത്തോടെ തുടർച്ചയായി പ്രവർത്തിച്ചു.
നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും ഈ 45 ദിവസങ്ങളിൽ പ്രയാഗ്‌രാജിലെ നിവാസികൾ ഭക്തരെ സേവിച്ച രീതി അതുല്യമാണ്. പ്രയാഗ്‌രാജിലെ എല്ലാ നിവാസികൾക്കും, ഉത്തർപ്രദേശിലെ ജനങ്ങൾക്കും ഞാൻ എന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ജനങ്ങളുടെ കഠിനാധ്വാനത്തിലും പരിശ്രമത്തിലും ദൃഢനിശ്ചയത്തിലും ആകൃഷ്‌ടനായി, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥിൽ ഞാൻ ഉടൻ സന്ദർശനം നടത്തും. ഗംഗാ മാതാവിന്റെ നിലയ്‌ക്കാത്ത പ്രവാഹം പോലെ, കുംഭമേളയുടെ ആത്മീയ അവബോധത്തിന്റെയും ഐക്യത്തിന്റെയും പ്രവാഹം ഒഴുകിക്കൊണ്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
( മോദി തന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ബ്ലോഗിൽ കുറിച്ചത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |