SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ചരിത്രം മറന്നുപോയ ഗൗരി ശങ്കുണ്ണി, വനിതാ വിദ്യാഭ്യാസത്തിലെ നവോത്ഥാന ശക്തി

gouri

കെ.ആർ. ഗൗരിഅമ്മയ്ക്ക്, അച്ഛൻ ചേർത്തല കളത്തിപ്പറമ്പിൽ രാമൻ ആ പേരിടാൻ ഒരു കാരണമുണ്ട്. ഈഴവരാദി പിന്നാക്ക സമുദായങ്ങൾ ഏറ്റവും അടിച്ചമർത്തപ്പെട്ട്, ജാതിവിവേചനത്തിലും ദാരിദ്ര്യത്തിലും വലഞ്ഞ് അവശരായിക്കഴിഞ്ഞിരുന്ന ആ കാലത്ത് പുരുഷന്മാർക്കു പോലും കഴിയാത്ത വിധത്തിൽ ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും നേടിയ ഒരു ചേർത്തലക്കാരിയുണ്ടായിരുന്നു. അവരുടെ പേര് ഗൗരി എന്നായിരുന്നു. ആ അസാധാരണ ജീവിതമാണ് രാമന്, സ്വന്തം മകൾക്ക് ഗൗരി എന്നു പേരിടാൻ പ്രചോദനമായത്!

ആ പേരുവിളി പാഴായില്ല. കെ.ആർ. ഗൗരിഅമ്മയുടെ പേര് ഒഴിവാക്കി ഇന്ന് കേരളത്തിന്റെ ചരിത്രമെഴുതാനാവില്ല. എന്നാൽ കെ.ആർ. ഗൗരിഅമ്മയുടെ പേരിന് പ്രചോദനമായി വർത്തിച്ച ഗൗരിയുടെ പേരും കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തിൽ സ്‌മരിക്കപ്പെടേണ്ടതാണെങ്കിലും, എന്തുകൊണ്ടോ അതുണ്ടായില്ല. അവരെക്കുറിച്ച് വേണ്ടത്ര രേഖകൾ ലഭ്യവുമല്ല. ദേശീയ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറും എന്റെ പ്രിയ സുഹൃത്തുമായ പ്രൊഫ. മോഹൻ ഗോപാലിന്റെ മുത്തശ്ശി കൂടിയായ ഗൗരി ശങ്കുണ്ണി അന്തരിച്ചിട്ട് ഇന്ന് 74 വർഷങ്ങൾ പിന്നിടുന്നു.

പ്രൊഫ. മോഹൻ ഗോപാലിന്റെ പിതാവും കേരള പൊലീസ് ചട്ടങ്ങൾ എഴുതിയുണ്ടാക്കിയ ആളും 1967ലെ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ പൊലീസ് ഇൻസ്പെക്ടർ ജനറലും പിന്നീട് സി.ബി.ഐ ജോയിന്റ് ഡയറക്ടറും ഒക്കെയായിരുന്ന എം. ഗോപാലന്റെ ഭാര്യ ഡോ. ചിത്രയുടെ മാതാവാണ് ഗൗരി ശങ്കുണ്ണി. ആലപ്പുഴ,​ അരൂരിൽ 1895 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഗൗരിയുടെ ജനനം. കൊച്ചിയിൽ ബോയ്‌സ് ഹൈസ്‌കൂൾ അദ്ധ്യാപകനും സംസ്കൃത- മലയാള പണ്ഡിതനും കവിയുമായിരുന്ന എ.പി. കുട്ടാപ്പു മുൻഷിയാണ് പിതാവ്. അമ്മ ബാവ. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന അരൂരിലാണ് ജനനമെങ്കിലും ഗൗരി വളർന്നതും വിദ്യാഭ്യാസം ചെയ്തതും ബ്രിട്ടീഷ് കൊച്ചിയുടെ ഭാഗമായിരുന്ന ഫോർട്ടു കൊച്ചിയിലായിരുന്നു.

അച്ഛനിൽ നിന്ന് ചെറുപ്പത്തിലേ സംസ്‌കൃതവും മലയാളവും പഠിച്ച ഗൗരിയുടെ സ്കൂൾ വിദ്യാഭ്യാസം കെച്ചിയിലായിരുന്നു. ഇരുന്നൂറിലധികം വർഷം പഴക്കമുള്ളതും കേരളത്തിലെ ആദ്യ ഇംഗ്ളീഷ് മീഡിയം സ്കൂളുമായ ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി എന്നാണ് അറിവ്. സെന്റ് തെരേസാസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജിലെ പഠനത്തിനു ശേഷം, 1918-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഇംഗ്ളീഷ് എം.എ പരീക്ഷയിൽ ഉന്നതവിജയം നേടി. എം.എ ബിരുദം നേടിയ ആദ്യ മലയാളി വനിതയാണ് ഗൗരി ശങ്കുണ്ണി എന്നു കരുതപ്പെടുന്നു.

എൽ.ടി ബിരുദം കൂടി നേടിയ ഗൗരി ശങ്കുണ്ണിയെ എസ്.എൻ.ഡി.പി യോഗം സ്വർണപ്പതക്കം നൽകി ആദരിച്ചു. തുടർന്ന് തിരുവിതാംകൂർ സർക്കാർ സർവീസിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 1920-ൽ മിസ് ഡി.എച്ച്. വാട്‌സ് തിരുവനന്തപുരം വിമൻസ് കോളേജ് പ്രിൻസിപ്പലായിരുന്നപ്പോൾ ഗൗരി ശങ്കുണ്ണി അവർക്കു കീഴിൽ അദ്ധ്യാപികയായിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടയാവുകയും തിരുവനന്തപുരത്ത് പല സമ്മേളനങ്ങളിലും പ്രസംഗിക്കുകയും ചെയ്ത ഗൗരി,​ അങ്ങനെ സർക്കാരിന്റെ നീരസത്തിനു പാത്രമായി. 1921-ൽ കോഴിക്കോട്ടെ തലാഞ്ചേരി കുടുംബാംഗവും പ്രമുഖ അഭിഭാഷകനുമായിരുന്ന ടി.കെ. ശങ്കുണ്ണിയെ വിവാഹം ചെയ്തതോടെ കോഴിക്കോടായി ഗൗരിയുടെ പ്രവർത്തനരംഗം.

ബി.എ,​ ബി.എൽ ബിരുദധാരിയായ ശങ്കുണ്ണി പേരെടുത്ത അഭിഭാഷകൻ മാത്രമല്ല, കോഴിക്കോട്ടെ വളരെ പ്രസിദ്ധമായ കുടുംബത്തിലെ അംഗവുമായിരുന്നു. മലബാർ ഹൗസ് എന്ന ബംഗ്ളാവിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെയും ഗൗരി പല യോഗങ്ങളിലും പ്രസംഗിച്ചിരുന്നു. ആനി ബസന്റിനൊപ്പം പങ്കെടുത്ത കോൺഗ്രസ് യോഗങ്ങളിൽ ഇംഗ്ളീഷിലായിരുന്നു ഗൗരിയുടെ പ്രസംഗം. ചെന്നൈയിലെ ക്വീൻ മേരി കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ,​ ഡിസ്ട്രിക്ട് സ്കൂൾ ഇൻസ്‌പെക്ട്രസ്, ചീഫ് ഇൻസ്‌പെക്ട്രസ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

ഇൻസ്‌‌പെക്ട്രസ് എന്ന നിലയിൽ മദ്രാസ് സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിൽപ്പോലും സഞ്ചരിക്കുകയും സാക്ഷരതാ പ്രചാരണം നടത്തുകയും ചെയ്ത ഗൗരി ശങ്കുണ്ണി അനാഥശാലകളും സ്‌കൂളുകളും സ്ഥാപിക്കാനും യത്നിച്ചു. കർമലീത്താ സന്യാസി സമൂഹത്തിലെ പുരോഹിതരോടും കന്യാസ്‌ത്രീകളോടും ഒപ്പമായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ. റെഡ്‌ക്രോസ് സൊസൈറ്റിയുടെയും എസ്.പി.സി.എയുടെയും വിമൻസ് വിജിലൻസ് അസോസിയേഷന്റെയുമൊക്കെ പ്രവർത്തകയെന്ന നിലയിൽ സാമൂഹിക രംഗത്ത് ഗൗരി നിറഞ്ഞുനിന്നു. മദ്രാസ് പ്രവിശ്യയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി.

ഗുണ്ടൂരിൽ ഒരു വനിതാ കോളേജ് സ്ഥാപിക്കാൻ യത്നിക്കുകയും അതിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഗൗരിയുടെ അടുത്ത ശ്രമം ആ കോളേജിനെ ഒന്നാം ഗ്രേഡ് കോളേജായി ഉയർത്തുന്നതിനായിരുന്നു.

അക്കാലത്താണ് ഗൗരിയുടെ മകൾ ഡോ. ചിത്രയുമായി വിവാഹത്തിനുള്ള എം. ഗോപാലന്റെ ആലോചന വരുന്നത്. നിയമബിരുദം നേടി തിരുവിതാംകൂർ സർക്കാർ ചീഫ് സെക്രട്ടറി വരെ ഉയർന്ന സി.ഒ. മാധവന്റെ മകനാണ് ഗോപാലൻ. ഗോപാലൻ അന്ന് നാട്ടുരാജ്യമായ തിരുവിതാംകൂർ സൈന്യത്തിലെ മേജർ എന്ന നിലയിൽ രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യുദ്ധരംഗത്തായിരുന്നു.

മുൻ കേന്ദ്ര മന്ത്രി ലക്ഷ്മി എൻ. മേനോനെപ്പോലുള്ള പ്രമുഖർ ഗൗരി ശങ്കുണ്ണിയുടെ ശിഷ്യരായുണ്ട്. ലക്ഷ്മി എൻ. മേനോന്റെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു ഗൗരി. ഗൗരി പ്രസവത്തിനായി അവധിയെടുത്ത കാലത്ത് കോളേജിലുണ്ടായ ഒഴിവിൽ അദ്ധ്യാപികയായി നിയമിതയായത് ലക്ഷ്മി എൻ. മേനോനായിരുന്നു! ഗൗരി ശങ്കുണ്ണിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ആ നിയമനം. ആ ഗുരുശിഷ്യബന്ധം ഇരുവരുടെയും മരണംവരെ അഭംഗുരം തുടർന്നു. ജി. കുമാരപിള്ള എഴുതിയ ലക്ഷ്മി എൻ. മേനോന്റെ ജീവചരിത്രത്തിൽ ഗൗരി ശങ്കുണ്ണിയുടെ ജീവചരിത്ര സംഗ്രഹവും ചേർത്തത് ആ ഗുരുശിഷ്യ ബന്ധത്തിന്റെ ദൃഢത വ്യക്തമാക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറായിരുന്നു ഡോ. ചിത്രാ ഗോപാലൻ. ചിത്രയെക്കൂടാതെ ശങ്കുണ്ണി - ഗൗരി ദമ്പതികൾക്ക് ഒരു മകനുണ്ട്. ജയ്‌കർ. ഐ.ആർ.എസ് നേടിയ അദ്ദേഹം ആദായനികുതി വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ അന്തരിച്ചു. 1950-ലാണ് ഗൗരി ശങ്കുണ്ണി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പിറ്റേ വർഷം ഫെബ്രുവരി 28ന് ചെന്നൈയിൽ വച്ച് ആ മഹതി അന്തരിച്ചു. ചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ഗൗരി ശങ്കുണ്ണിയുടെ ജീവിതം രേഖപ്പെടുത്തിയിട്ടില്ല. ജാതി വിവേചനത്തിന്റെയും അവഗണനയുടെയും ഇരുണ്ട ഭൂതകാലത്ത് അവയോടു പൊരുതി മുന്നേറി വിദ്യാഭ്യാസരംഗത്ത് സേവന മനോഭാവത്തോടെ ഉയരങ്ങൾ താണ്ടിയ ഗൗരി ശങ്കുണ്ണിയുടെ ജീവിതവും പ്രവർത്തനങ്ങളും സംഭാവനകളും പഠിക്കപ്പെടേണ്ടതാണ്. ആ നവോത്ഥന നായികയുടെ ഓർമ്മകൾക്കു മുന്നിൽ അഞ്ജലി.

(സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ വൈസ് ചെയർമാനാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOURI SANKUNNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION