SignIn
Kerala Kaumudi Online
Friday, 23 October 2026 12.36 PM IST

വർക്കലയെ ഇന്നിലേക്കു നയിച്ച മാർഗദീപം

s-raghavan

വർക്കലയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഏറെ മുമ്പു മുതൽ വിവിധ സംരംഭങ്ങൾ വിഭാവനം ചെയ്യുകയും,​ അവ ഒന്നൊന്നായി യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്ത് മുന്നോട്ടു നീങ്ങുകയും ചെയ്ത വ്യവസായ പ്രമുഖനായിരുന്നു എസ്.ആർ മുതലാളി എന്ന് അറിയപ്പെട്ടിരുന്ന എസ്. രാഘവൻ. വർക്കലയെ സംബന്ധിച്ച്,​ എല്ലാ വിഭാഗം ആളുകൾക്കും ആശ്രയമായി,​ പ്രകാശഗോപുരം പോലെ നിറഞ്ഞുനിന്നിരുന്ന എസ്. രാഘവൻ ഓർമ്മകളിലേക്ക് യാത്രയായിട്ട് ഇന്ന് പതിനെട്ടു വർഷങ്ങളായിരിക്കുന്നു!

വർക്കലയുടെ ടൂറിസം സാദ്ധ്യതകളെ പണ്ടുതൊട്ടേ പ്രതികൂലമായി ബാധിച്ചിരുന്ന ഒരു പ്രധാന കാര്യം ഗതാഗത രംഗത്തെ അപര്യാപ്തതകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽതന്നെ ഇതിനൊരു പരിഹാരമെന്ന നിലയിലാണ് അദ്ദേഹം വർക്കലയെ കൊല്ലം മുതൽ തിരുവനന്തപുരംവരെ ബന്ധിപ്പിക്കുന്ന രീതിയിൽ നിരവധി ബസ് സർവീസുകൾ ആരംഭിച്ചത്. ഒരു ഗ്രാമം മാത്രമായിരുന്ന വർക്കലയെ മുനിസിപ്പാലിറ്റി തലത്തിലേക്ക് ഉയർത്തിയെടുക്കുന്നതിന് സഹായകരമായ രീതിയിൽ സിനിമാ തിയേറ്ററുകളും മറ്റു സ്ഥാപനങ്ങളും പടുത്തുയർത്തി എന്നുള്ളത് വർക്കലക്കാർ ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് വർക്കലയെ കൈപിടിച്ചുയർത്തുന്നതിനും വർക്കല ശ്രീനാരായണ കോളേജ് സ്ഥാപിക്കുന്നതിനും നിർണായകമായ പങ്കു വഹിച്ചത് എസ്. രാഘവനാണ്. ശിവഗിരി മഠത്തിന്റെ വളർച്ചയിലും നിസ്തുലമായ സംഭാവനകൾ എസ്.ആറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ശിവഗിരി തീർത്ഥാടനത്തെ ആകർഷകമാക്കി മാറ്റിയ സുപ്രധാന ഘടകങ്ങളിലൊന്ന് തീർത്ഥാടന ഘോഷയാത്രയാണ്. വനിതാ ഘോഷയാത്രയായിട്ടാണ് ഇത് ആരംഭിച്ചത്. ആദ്യ കാലത്ത് ഈ വനിതാഘോഷയാത്ര എസ്.ആറിന്റെ വസതിയിൽ നിന്നാണ് ആരംഭിച്ചിരുന്നത്. വർഷാവർഷം ഈ ഘോഷയാത്രകളെ വർണ്ണാഭമാക്കുന്നതിൽ എസ്.ആറിന്റെ വ്യക്തിപരമായ ശ്രദ്ധ പതിച്ചിരുന്നു.

എം.പി. മുത്തേടത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രദർശനങ്ങളും കലാപരിപാടികളും സമ്മേളനങ്ങളുമൊക്കെ സംഘടിപ്പിക്കുന്നതിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിനൊപ്പം നിന്ന് സുപ്രധാനമായ നേതൃത്വം വഹിച്ചത് വർക്കലയുടെ ശക്തനായ സാരഥി എസ്.ആർ. തന്നെയാണ്. എസ്.ആർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ വർക്കലയ്ക്കുണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടുന്നതിൽ ധീരമായ നേതൃത്വം അദ്ദേഹം നൽകിയിരുന്നു എന്നത് പിൽക്കാലത്താണ് വർക്കലക്കാർ മനസിലാക്കുന്നത്.

ഓരോ പ്രതിസന്ധി ഘട്ടത്തിലും എസ്.ആർ ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിക്കാത്ത വർക്കലക്കാർ ഇല്ലെന്നതാണ് സത്യം. എസ്. ആറിന്റെ പതിനെട്ടാം ചരമവാർഷികം ഇന്ന് വർക്കലയിൽ ആചരിക്കുകയാണ്. വർക്കല എസ്.ആർ മിനി ഓഡിറ്റോറിയത്തിൽ,​ എസ്.ആർ ഗ്രൂപ്പ് ചെയർമാൻ ആർ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ,​ സാമൂഹ്യ,​ ആത്മീയ രംഗങ്ങളിലെ പ്രമുഖർ പങ്കുചേരും. എസ്.ആറിന്റെ സന്തത സഹചാരിയായിരുന്ന രഘുനാഥനുള്ള ആദരവേദിയായിക്കൂടി സമ്മേളനം മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S RAGHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION