SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

സ്വർഗവാതിൽ തുറക്കുന്ന റംസാൻ നന്മയുടെ ക്ഷേമകാലം

eid

പട്ടിണി അനുഭവിക്കുന്ന കാലം ക്ഷാമകാലമാണെന്നാണല്ലോ. എന്നാൽ അല്ലാഹുവിന്റെ പ്രീതിക്കായി പട്ടിണിയനുഭവിക്കുകയും എല്ലാ ലൗകിക സുഖങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുന്ന റംസാൻ നന്മയുടെ ക്ഷേമകാലമാണ്. ഓരോ റംസാൻ മാസവും വിശ്വാസികൾക്ക് അതിരുകളില്ലാത്ത അനുഗ്രഹമാണ് സമ്മാനിക്കുന്നത്. അതുകൊണ്ടാണ് റംസാൻ മാസത്തിലേക്ക് എത്തിക്കണമെന്ന് വിശ്വാസികൾ ഹൃദയംകൊണ്ട് കേഴുന്നത്.

'അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് അനുഗ്രഹം ചൊരിയേണമേ, പരിശുദ്ധമായ റംസാൻ മാസത്തിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കേണമേ" എന്ന പ്രാർത്ഥനയോടെ വിശ്വാസികൾ ആ വിതയ്ക്കൽ കാലത്തിലേക്കുള്ള കാത്തിരിപ്പ് തുടങ്ങും. റംസാനു മുന്നോടിയായി വിശ്വാസികൾ ഒരുങ്ങും. വീടും ചുറ്റുപാടുകളും പള്ളികളും വിശ്വാസി ഇടപെടുന്ന പരിസരങ്ങളുമെല്ലാം വൃത്തിയാക്കി കാത്തിരിക്കും. ആ വിശുദ്ധ മാസത്തിലേക്ക് എല്ലാ നിലയ്ക്കും പരിശുദ്ധമായി പ്രവേശിക്കുക എന്നതിന്റെ പ്രതീകമാണ് ആ ഒരുക്കങ്ങളെല്ലാം.

ദൈവത്തിനുള്ള

നന്ദി പ്രകടനം

അല്ലാഹു നൽകിയ സൗകര്യങ്ങൾ ആസ്വദിച്ചു ജീവിച്ച പതിനൊന്ന് മാസങ്ങൾക്കുശേഷം റംസാനിൽ ചില ഇഷ്ടങ്ങൾ മാറ്റിവയ്ക്കുന്നത് ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കൽ കൂടിയാണ്. ഭൗതിക സുഖങ്ങളിൽ മുഴുകാനും തിന്മകളെ ആഘോഷമാക്കാനുമുള്ള ചോദനകളെ ഉരുക്കിക്കളയുകയും നന്മകളിൽ ജീവിതം ധന്യമാക്കുകയും വേണം. റംസാൻ എന്ന വാക്കിന്റെ അർത്ഥംതന്നെ 'കരിച്ചുകളയുക" എന്നാണ്. തെറ്റായ ചിന്തകളും ആഗ്രഹങ്ങളും കരിച്ചുകളഞ്ഞ്,​ ആത്മീയതയുടെ വിളവ് കൊയ്യാനുള്ള പരിശ്രമമാണ് ഈ മാസത്തിലുടനീളം വിശ്വാസികളിൽ നിന്ന് ഉണ്ടാകേണ്ടത്.


വ്രതം ഒരു അനുഷ്ഠാനം പോലെ നിർവഹിക്കുക എന്നതു മാത്രമല്ല, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുള്ള ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിഷ്‌കളങ്ക മനുഷ്യനായി പരിവർത്തനം ചെയ്യപ്പെടുക എന്നതിനാവണം നാം ശ്രദ്ധ കൊടുക്കേണ്ടത്. കെട്ടുവിടുന്ന ചിന്തകൾക്കു കടിഞ്ഞാണിട്ട്, നിയന്ത്രണങ്ങൾ അംഗീകരിച്ച് സർവശക്തൻ കല്പിച്ച വഴിയിലൂടെ മുന്നോട്ടുപോകണം. വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും ഏറെ സാദ്ധ്യതകളുള്ള വർത്തമാനകാല ലോകത്തിന്റെ ഇച്ഛകളെ അടക്കിനിറുത്തി ദൈവേച്ഛയ്ക്കായുള്ള സത്കർമ്മങ്ങളിൽ മുഴുകണം. അങ്ങനെ അക്ഷരാർത്ഥത്തിൽ പുണ്യങ്ങളുടെ പൂക്കാലമാക്കി റംസാൻ മാസത്തെ മാറ്റണം.


നന്മകൾക്ക് പത്തു മുതൽ എഴുപത് ഇരട്ടിവരെ പ്രതിഫലമാണ് റംസാനിന്റെ വാഗ്ദാനം. ഈ മാസത്തിൽ സ്വർഗീയ കവാടങ്ങൾ തുറന്നിടും. നരകത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുകയും പിശാചുക്കളെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്യും. സ്വർഗത്തിന്റെ റയ്യാൻ എന്ന വാതിലിലൂടെ നോമ്പുകാർക്കു മാത്രമാണ് പ്രവേശനം. അന്ത്യദിനത്തിൽ നോമ്പുകാർ എവിടെയെന്ന് വിളിച്ചു ചോദിക്കും. അപ്പോൾ നോമ്പുകാർ എഴുന്നേറ്റു നിൽക്കും. റയ്യാൻ കവാടത്തിലൂടെ അവർ പ്രവേശിച്ചുകഴിഞ്ഞാൽ ആ വാതിൽ പൂർണമായും അടച്ചുകളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയുമില്ല.

അല്ലാഹുവിന്റെ

തൃപ്തിയിലാകട്ടെ...


ശരീരവും മനസുമെല്ലാം അല്ലാഹുവിന് സമർപ്പിക്കണമെന്നാണ് ഇസ്‌ലാമിൽ ആരാധനകളുടെ മർമ്മം. വികാര വിചാരങ്ങൾപോലും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ആ തരത്തിലുള്ള പരിവർത്തനത്തിലേക്കാണ് റംസാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. ത്യാഗവും അനുസരണയും ആത്മീയതയും സ്‌നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവുമെല്ലാം പഠിപ്പിക്കാനും മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും റംസാന് സാധിക്കുന്നു.


അബൂഹുറൈറ (റ) നിവേദനം: നബി (സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാൽ നോമ്പുകാരൻ തെറ്റായ പ്രവൃത്തികൾ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്‌തെങ്കിൽ,​ നോമ്പുകാരനാണ് എന്ന് രണ്ടുപ്രാവശ്യം അവൻ പറയട്ടെ.
സഹജീവി സ്‌നേഹവും കാരുണ്യവും റംസാൻ മാസത്തിലെ വലിയൊരു ആരാധനയാണ്. ദാനധർമ്മങ്ങൾ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേർത്തുപിടിച്ചും സർവശക്തനിലേക്ക് കൂടുതൽ അടുക്കാൻ നമുക്കു കഴിയണം. സഹായങ്ങളിൽ പ്രകടനപരത പാടില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയാൻ പാടില്ല. അത്രയും സൂക്ഷ്മവും രഹസ്യവുമായി ആയിരിക്കണം ദാനങ്ങൾ ചെയ്യേണ്ടത്. അതിലാണ് അല്ലാഹുവിന്റെ തൃപ്തി.


ആത്മീയമായ ശുദ്ധീകരണം മാത്രമല്ല, ശാരീരികമായും ഏറെ ഗുണപരമായൊരു ആനുഷ്ഠാനമാണ് നോമ്പ്. ലോകാരോഗ്യ സംഘടന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പറയുന്നത്,​ റംസാൻ നോമ്പ് ആരോഗ്യപരമായി ഏറെ ഗുണപ്രദമാണെന്നാണ്. അമിതഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ഓർമ്മയ്ക്കും ചിന്താശേഷിക്കുമെല്ലാം നല്ലതാണ് നോമ്പ് അനുഷ്ഠിക്കൽ. ഭക്ഷണ നിയന്ത്രണത്തിലൂടെ അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്‌റ്ററോൾ, ബോഡി ഫാറ്റ് തുടങ്ങിയവ കുറയ്ക്കാനും സഹായിക്കും. കൂടാതെ ദഹനപ്രക്രിയയും മികച്ചതാക്കാനും നോമ്പിന് സാധിക്കുന്നു. മാനസികമായ ഉന്മേഷവും നോമ്പ് നോൽക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ നിലയ്ക്കും നമ്മെ ശുദ്ധീകരിക്കുന്ന സുകൃതമാസത്തിൽ സർവശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ചെലവഴിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMSAN, NOMB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION