
ദേശീയ പ്രസ്ഥാനത്തിന്റെ ആദർശങ്ങളും ഭരണഘടനാ മൂല്യങ്ങളും കനത്ത വെല്ലുവിളി നേരിടുന്ന ഇന്ത്യൻ രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. മതനിരപേക്ഷത രാജ്യത്തിന്റെ അനിവാര്യ ഘടകമായിരിക്കെ, മതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള കാൽവയ്പുകളാണ് സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ കേന്ദ്ര ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം നേരിടുന്ന ഈ വിപത്ത് മുൻകൂട്ടി കാണുവാനും, ആശയതലത്തിലും തിരഞ്ഞെടുപ്പുകളിലും നിയമവേദികളിലും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കുവാനും ഇടതുപക്ഷം എപ്പോഴും മുൻനിരയിൽത്തന്നെയുണ്ട്.
ജനാധിപത്യവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിലും, അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ഈ പ്രതിരോധം മൂലമാണ് ജനങ്ങൾ കേന്ദ്ര സർക്കാരിനെതിരായി ചിന്തിക്കുന്നതിന് ഇടയായത്. വസ്തുത ഇതായിരിക്കെ, സംഘപരിവാറിനെ പ്രതിരോധിക്കാൻ തങ്ങൾക്കു മാത്രമേ കഴിയൂ എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സത്യമാകട്ടെ, മറ്റൊന്നാണ്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ ഉയർന്ന കർഷകരോഷം കഴിഞ്ഞ ലോക്സ
ഭാ തിരഞ്ഞെടുപ്പിലും പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയിൽ ബി.ജെ.പിക്കെതിരെ പ്രതിഫലിച്ചു.
എന്നിട്ടും അവിടങ്ങളിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസിന്റെ നയം തന്നെയാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി, മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോൺഗ്രസ് തടഞ്ഞു. അങ്ങനെ ബി.ജെ.പിയെ തോൽപ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകർക്കുന്ന റോളാണ് കോൺഗ്രസ് ഏറ്റെടുത്തത്. ബി.ജെ.പിക്ക് ജയമുണ്ടാക്കിക്കൊടുക്കുന്ന പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണ്.
കോൺഗ്രസിന്റെ
തിരനാടകം
രാജ്യതലസ്ഥാനത്ത് മേധാവിത്വമുറപ്പിക്കാൻ ബി.ജെ.പിക്ക് അവസരമുണ്ടാക്കിയത് കോൺഗ്രസാണെന്നു വ്യക്തം. ആം ആദ്മി പാർട്ടിയുമായി എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും അവ പരിഹരിക്കാനും, ഒരുമിച്ചു നിന്ന് ബി.ജെ.പിയുടെ തോൽവി ഉറപ്പുവരുത്താനുമായിരുന്നു കോൺഗ്രസ് ശ്രമിക്കേണ്ടിയിരുന്നത്. കുറച്ചു മാസം മുമ്പ് ഹരിയാനയിലും പ്രാദേശിക കക്ഷികളോട് ഇതേ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അപ്പോൾ, ബി.ജെ.പിയെ തോൽപ്പിക്കുന്നതല്ല, അവരുടെ ജയം ഉറപ്പാക്കിക്കൊടുക്കുന്നതാണ് തങ്ങളുടെ പണിയെന്ന് കോൺഗ്രസ് തന്നെ ആവർത്തിച്ച് വ്യക്തമാക്കുന്നു!
ഇന്ന് രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികൾ സംഘപരിവാർ ശക്തികൾ ഉയർത്തുന്ന വർഗീയവാദവും അവർ പിന്തുടരുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങളും ഫെഡറൽ വിരുദ്ധ നയങ്ങളുമാണ്. ഇവയ്ക്കെല്ലാം എതിരെ നടക്കുന്ന പോരാട്ടങ്ങളിൽ നിന്ന് മാറിനിൽക്കുകയും, ചിലപ്പോൾ ഒളിച്ചോടുകയും ചെയ്യുന്ന കോൺഗ്രസ് സമീപനമാണ് ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദൽ ഉയർത്തുന്നതിനുള്ള ഏറ്റവും വലിയ തടസം. ഉത്തരേന്ത്യയിൽ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാൻ അവിടത്തെ വലിയ പ്രാദേശിക പാർട്ടികളായ സമാജ്വാദിക്കും ആർ.ജെ.ഡിക്കുമാണ് സാധിക്കുക. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്.
ദേശീയ തലത്തിൽ ശക്തിയാർജ്ജിച്ചിട്ടുള്ള സംഘപരിവാർ ശക്തികൾ കേരളത്തിൽ മേധാവിത്വമുറപ്പിക്കാൻ നിരന്തരം ശ്രമിക്കുകയാണ്. ഇതിന് കോൺഗ്രസ്സ് ഇപ്പോൾ ഒരു പുതിയ സഹായം കൂടി ചെയ്തുകൊടുക്കുകയാണ്. സംഘപരിവാർ കൈക്കൊള്ളുന്ന അതേ വർഗീയതയുടെ മറ്റൊരു പകർപ്പ് നയമായി സ്വീകരിച്ച എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് ഇപ്പോൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നയം. ഇതാകട്ടെ, ബി.ജെ.പിയുമായുള്ള ആന്തരിക ബന്ധം നിലനിറുത്തിക്കൊണ്ടാണ് എന്നതാണ് ഏറെ വിചിത്രം!
ഇടതുവിരുദ്ധ
അജണ്ട!
ഒരു കാര്യത്തിൽ മാത്രം കോൺഗ്രസിന് വ്യക്തതയുണ്ട്- അത് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തണമെന്ന കാര്യത്തിലാണ്! കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മികച്ചതാണെന്ന ഒരു ആഗോളതല റിപ്പോർട്ടിലെ കണ്ടെത്തൽ ഉദ്ധരിച്ചുകൊണ്ട് സ്വന്തം സംസ്ഥാനത്തിന്റെ നേട്ടത്തിൽ അഭിമാനംകൊണ്ട കോൺഗ്രസ് നേതാവിനെ തള്ളിപ്പറയാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കാട്ടിയ മത്സരബുദ്ധി അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിവാക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കാതെയിരുന്ന വികസന പദ്ധതികൾ ഒന്നൊന്നായി ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടിസ്ഥാനത്തിൽ ഇടതു സർക്കാർ നടപ്പാക്കുമ്പോൾ എന്തു വിലകൊടുത്തും അവയെ തടയുക എന്ന നിലപാടാണ് കോൺഗസ് സ്വീകരിക്കുന്നത്.
നവകേരളം;
പുതുവഴി
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയും നൂതനസമൂഹവുമാക്കി മാറ്റുന്നതിലൂടെ ഒരു നവകേരളം യാഥാർത്ഥ്യമാക്കുക എന്നതാണ് ഇടതു മുന്നണി സർക്കാരിന്റെ ലക്ഷ്യം. 2016- നു ശേഷം കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്. ഒരു വികസന പദ്ധതിയും ഇവിടെ നടപ്പാകില്ലെന്ന ധാരണ മാറുകയും, യു.ഡി.എഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട ദേശീയപാതാ വികസനം ഉൾപ്പെടെ യാഥാർത്ഥ്യമാവുകയും ചെയ്യുന്നതാണ് ഇന്ന് കാണുന്നത്. ഗെയിൽ പൈപ്പ്ലൈൻ, പവർഹൈവേ തുടങ്ങി നിരവധി നേട്ടങ്ങൾ 2016-നു ശേഷം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ പുരോഗതി എടുത്തുപറയേണ്ടതുണ്ട്. 2045 എന്ന സമയപരിധിക്കു മുമ്പേ 2028- ൽത്തന്നെ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാക്കുകയാണ്. ഇത് സംസ്ഥാന വികസനത്തിൽ ഒരു നാഴികക്കല്ലായിരിക്കും. വ്യവസായസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് പകൽപോലെ തെളിഞ്ഞുനിൽക്കുന്നു. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രമുഖ നിക്ഷേപകർ ആവേശവും ഉത്സാഹവും കാണിച്ചത് നാം കണ്ടതാണ്. ആ നിക്ഷേപ സംഗമത്തിൽ 1,52,905 കോടി രൂപയുടെ നിക്ഷേപങ്ങൾക്കായി 370-ലധികം ധാരണാപത്രങ്ങൾ ഒപ്പിട്ടിട്ടു. അവ യാഥാർത്ഥ്യമാക്കാൻ സർക്കാർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ഉന്നതവിദ്യാഭ്യാസം, ഐ.ടി എന്നീ മേഖലകളിലെല്ലാം നാം മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും ദേശീയ റാങ്കിംഗുകളിൽ മുൻപന്തിയിൽ വരുന്നു. 2016-ൽ ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാത്തെ മൂന്ന് ഐ. ടി പാർക്കുകളിലെ 676 കമ്പനികളിലായി 84,720 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2023-24 ൽ ഇത് 1,153 കമ്പനികളും 1,47,200 ജീവനക്കാരുമായി വളർന്നു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടമാണ് കേരളം നടത്തിയിരിക്കുന്നത്. 6,200 സ്റ്റാർട്ടപ്പുകളിലൂടെ സൃഷ്ടിക്കപ്പെട്ടത് 62,000 തൊഴിലവസരങ്ങളാണ്!
വികസനവും
കരുതലും
പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം സാമൂഹ്യ സുരക്ഷാ പെൻഷൻ
ഇനത്തിൽ കുടിശ്ശിക വന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഇക്കാര്യം തുറന്നുപറയുകയും സാമൂഹ്യസുരക്ഷാ പെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് പ്രതിവർഷം രണ്ട് ഗഡു ഡി.എ നൽകുമെന്നും, പെൻഷൻകാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുമെന്നുമുള്ള
വാഗ്ദാനവും നടപ്പാവുകയാണ്.
2016-21 കാലയളവിൽ പി.എസ്.സി വഴി 1,77,674 നിയമനങ്ങൾ നടത്തി. 2022-25 കാലയളവിൽ ഇതുവരെ 96,275 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ ലളിതമായ പ്രക്രിയയിലൂടെ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ ചട്ടങ്ങൾ ലഘൂകരിക്കുകയും ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. വികസന പദ്ധതികൾ ഒന്നൊന്നായി പൂർത്തീകരിക്കുന്നതിലും സാമൂഹ്യക്ഷേമം ഉറപ്പാക്കുന്നതിലും പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് ഈ സർക്കാർ. ഈ വികസന മാതൃക തകരാതെ മുന്നോട്ടു കൊണ്ടുപോകാനും കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കാനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടക്കിക്കൊണ്ടിരിക്കുന്നത്. ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |