SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

വടക്കൻ കേരളത്തിനും വേണം ഒരു റഡാർ

pic-1
മംഗലാപുരത്ത് സ്ഥാപിക്കുന്ന റഡാർ

പ്രകൃതിക്ഷോഭങ്ങൾ നിരവധി നേരിടേണ്ടി വന്ന കണ്ണൂരിന് കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനമില്ലാത്തത് വലിയ പരിമിധിയാണ്. പ്രളയഭീതിയുള്ള വടക്കൻ ജില്ലകളിൽ മഴ ശക്തമായാൽ മലയോര മേഖലകളിൽ ഉൾപ്പെടെ വലിയ മഴക്കെടുതികളും ആളപായങ്ങളും സംഭവിക്കാറുണ്ട്. നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിരീക്ഷണം പലപ്പോഴും വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കുന്നില്ലെന്നത് മലബാർ മേഖലയിലെ പ്രകൃതിക്ഷോഭങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. ഇത്തരത്തിൽ നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പരിമിധി മറകടക്കാൻ മംഗലാപുരത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിക്കുന്ന പുതിയ റാഡാർ സഹായകരമാകുമെന്നത് കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഗുണകരമാവുകയാണ്. മംഗാലപുരത്ത് സ്ഥാപിക്കുന്ന സി ബാൻഡ് ഡോപ്ലർ റഡാറിന്റെ നിർമ്മാണപ്രവർത്തനം പുരോഗമിക്കുകയാണ്. റ‌ഡാർ പ്രവർത്തനക്ഷമമാകുന്നതോടെ വടക്കൻ ജില്ലകളിൽ കാലാവസ്ഥ മുന്നറിയിപ്പ് കൂടുതൽ കാര്യക്ഷമാകും. കദ്രിക്ക് സമീപമാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്. മൺസൂണിന് മുൻപ് റഡാർ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞു.

മലബാർ മേഖലയിൽ

നിരീക്ഷണം കാര്യക്ഷമമല്ല

250-300 കിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്ന ഈ റ‌ഡാർ പ്രവർത്തനമാരംഭിക്കുന്നതോടെ നിലവിൽ കൊച്ചി റഡാർ പരിധിയിൽ ഉൾപ്പെടാത്ത വടക്കൻ മേഖലയിലെ കാലാവസ്ഥാ നിരീക്ഷണങ്ങളും പ്രവചനങ്ങളും കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. റഡാറിന്റെ പരിധി കർണാടകയ്ക്കൊപ്പം തന്നെ കാസർകോടും കണ്ണൂരും എത്തുമെന്നുള്ളതാണ് നേട്ടം. നിലവിൽ വടക്കൻ ജില്ലകൾക്ക് കാര്യക്ഷമമായ കാലാവസ്ഥാ പ്രവചന, നിരീക്ഷണ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ പ്രവചനത്തിൽ കൃത്യത പൊതുവെ കുറവാണ്. കാലാവസ്ഥാ നിരീക്ഷണത്തിന് സംസ്ഥാനത്ത് നിലവിൽ രണ്ട് റഡാറുകളാണുള്ളത്. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് (ഐ.എം.ഡി) കീഴിലുള്ള ഒരു റഡാറും തിരുവനന്തപുരം തുമ്പയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു റഡാറും. എന്നാൽ ഇവ രണ്ടുമുപയോഗിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലെയും കാലാവസ്ഥാ കാര്യക്ഷമമായി നിരീക്ഷിക്കാൻ സാധിക്കുന്നില്ല. മലബാറിൽ പ്രവചിക്കാനാകുന്നത് കനത്തമഴ മാത്രമാണ്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന റഡാറിന്റെ പരിധി തൃശൂർ വരെ മാത്രമാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കഴിഞ്ഞാൽ ഗോവയിൽ മാത്രമാണ് റഡാർ ഉള്ളത്. പ്രധാനമായും കടലിലെ അന്തരീക്ഷ സ്ഥിതി അറിയാനാണ് ഇതുപയോഗിക്കുന്നത്. തെക്കൻ ജില്ലകളിലെ അന്തരീക്ഷ സ്ഥിതിയും ഈ റഡാർ വഴി അറിയാൻ കഴിയുമെങ്കിലും മലബാറിന്റെ കാലാവസ്ഥാ പ്രവചനത്തിന് മുതൽക്കൂട്ടല്ല. കൊച്ചിയിലുള്ള റഡാറിനെയാണ് നിലവിൽ കാലാവസ്ഥാ പ്രവചനത്തിനും നിരീക്ഷണത്തിനും പൂർണ്ണമായും ആശ്രയിക്കുന്നത്. എന്നാൽ കോഴിക്കോട് വരെയും കണ്ണൂരിന്റെ ഭാഗികമായ സ്ഥലങ്ങളും മാത്രമാണ് ഈ റഡാറിന്റെ പരിധിയിൽ വരുന്നത്.

നിലവിൽ ഒരു റഡാറും പ്രവർത്തിക്കാത്ത കർണ്ണാടക ഇടിമിന്നലും മഴയും മുൻകൂട്ടി അറിയാൻ നിലവിൽ ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഡോപ്ലർ വെതർ റഡാറുകളെയാണ് ആശ്രയിക്കുന്നത്. ഇവ മൂന്നും ബംഗളൂരു നഗരത്തിൽനിന്ന് ഏറെ ദൂരെയായതിനാൽ കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യതയും കുറവായിരിക്കും. മംഗലാപുരത്ത് റഡാർ സ്ഥാപിക്കുന്നതോടെ അഗുംബെ, ഹുലിക്കൽ, തലക്കാവേരി, കെരെകട്ടെ, ഭാഗമണ്ഡല എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനം സാദ്ധ്യമാകും. കൃത്യതയേറിയ കാലാവസ്ഥാ പ്രവചനം സാദ്ധ്യ മാകുന്ന ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ബംഗളൂരുവിന്റെ ആവശ്യത്തിനാണ് ഇപ്പോൾ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചത്. മിന്നൽ പ്രളയത്തെ തുടർന്ന് നഗരം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭിച്ചത്. മികച്ച കാലാവസ്ഥാ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങൾക്കുള്ള തയാറെടുപ്പിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. പുതിയ റഡാർ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകും. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനും നിർണായകമാകും.

പ്രവചനം കാര്യക്ഷമമാകും

ജലസംരക്ഷണം, കൃഷി, ഗതാഗതം, അന്തരീക്ഷ ഭൗതിക ഗവേഷണം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള കാലാവസ്ഥാ വിഭാഗങ്ങൾക്ക് സഹായകരമാണ് സി ബാൻഡ് ഡോപ്ലർ റഡാർ. ഡോപ്ലർ തത്വത്തെ അടിസ്ഥാനമാക്കി, ഒരു പാരബോളിക് ഡിഷ് ആന്റിനയും ഒരു ഫോം സാൻഡ്‌വിച്ച് സ്ഫെറിക്കൽ റാഡോമും ഉപയോഗിച്ച് ദീർഘദൂര കാലാവസ്ഥാ പ്രവചനത്തിലും നിരീക്ഷണത്തിലും കൃത്യത മെച്ചപ്പെടുത്തുന്നതിനുമാണ് റഡാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഴയുടെ തീവ്രത, കാറ്റിന്റെ വ്യതിയാനം, വേഗത എന്നിവ അളക്കുന്നതിനും കൊടുങ്കാറ്റിന്റെ കേന്ദ്രവും ടൊർണാഡോയുടെയോ കാറ്റ് മുന്നണിയുടെയോ ദിശ കണ്ടെത്തുന്നതിനുമുള്ള ഉപകരണങ്ങൾ ബാൻഡ് ഡോപ്ലർ റഡാറിലുണ്ട്. മേഘത്തിലെ ജലകണങ്ങളെ കണ്ടെത്താനാകുമെന്നതാണ് റഡാറിന്റെ പ്രത്യേകത. മഴ എത്ര തീവ്രതയിലാണ് പെയ്യുമെന്ന് മുൻകൂട്ടി അറിയാനും മഴമേഘങ്ങളുടെ ചലനം മനസിലാക്കാനും മഴവർഷിക്കുന്ന മേഘങ്ങൾ എവിടേക്കാണ് ചലിക്കുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും കാറ്റിന്റെ ഗതിയും തീവ്രതയും മനസിലാക്കാനും പുതിയ റഡാറിന് സാധിക്കും.

വടക്കൻ കേരളത്തിനും വേണം റഡാർ

വടക്കൻ കേരളത്തിൽ ഒരു റഡാർ വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. ഇക്കാര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. വടക്കൻ കേരളത്തിൽ റഡാറില്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ പ്രയാസകരമാണ്. ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടലിന് പിന്നാലെ വയനാട്ടിൽ കാലാവസ്ഥ പ്രവചിക്കാൻ പുതിയ റഡാർ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്‌നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡാർ സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.വയനാട്ടിൽ റഡാർ വരുന്നതോടെ വയനാട് ജില്ലയെ കൂടാതെ കോഴിക്കോട്, മലപ്പുറം, ജില്ലകൾക്ക് ഇത് ഗുണകരമാകും. ഓരോ പത്ത് മിനിറ്റിലും പ്രവചനം നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RADAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION