
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിലെ സുപ്രധാന ചരിത്ര സന്ദർഭങ്ങളിൽ ഒന്നായ ഗാന്ധിജി - ശ്രീനാരായണ ഗുരുദേവൻ കൂടിക്കാഴ്ചയുടെ ശതാബ്ദിയാണ്, വരുന്ന ബുധനാഴ്ച. 1925 മാർച്ച് 12 നാണ് ഗാന്ധിജി ശിവഗിരിയിലെത്തി, ഗുരുവുമായി കൂടിക്കാഴ്ച നടത്തുന്നത്. തന്റെ രണ്ടാം കേരള സന്ദർശന ഘട്ടത്തിലാണ് (1925 മാർച്ച് 8 - 19) വൈക്കം സത്യഗ്രഹ സമരമുഖത്ത് എത്തിയതിനു ശേഷം ഗാന്ധിജി ശിവഗിരിയിലെത്തുന്നത്. തലേദിവസം തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മി ബായിയെ സന്ദർശിച്ചു. ഇതിനു ശേഷമായിരുന്നു ശിവഗിരി സന്ദർശനം. എം.കെ. ഗോവിന്ദ ദാസ് എന്നയാളുടെ 'ഗാന്ധ്യാശ്രമം" എന്ന വീട്ടിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ സി. രാജഗോപാലാചാരി, ഇ.വി. രാമസ്വാമി നായ്ക്കർ, ഗാന്ധിജിയുടെ മകൻ രാംദാസ് ഗാന്ധി, പേഴ്സണൽ സെക്രട്ടറി മഹാദേവ ദേശായി എന്നിവരും ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്നു.
ഗാന്ധിജിയുടെ വരവിനെപ്പറ്റി അറിഞ്ഞ് വൻ ജനക്കൂട്ടം അവിടെയുണ്ടായിരുന്നു. മൂന്നര മണിയോടെ എത്തിയ ഗാന്ധിജിയെ രണ്ടുകൈകളും നീട്ടിയാണ് ഗുരു സ്വീകരിച്ചത്. ഹാളിനുള്ളിൽ നിലത്ത് ഖദർ വിരിപ്പണിഞ്ഞ പുല്ലു പായയിലിരുന്നായിരുന്നു ആ സംഭാഷണം. ഗാന്ധിജി ഇംഗ്ലീഷിലും ഗുരു സംസ്കൃതത്തിലുമായിരുന്നു സംസാരം. അഭിഭാഷകനായിരുന്ന എൻ. കുമാരൻ പരിഭാഷകനായി. അയിത്തത്തെക്കുറിച്ചും മതപരിവർത്തനത്തെക്കുറിച്ചും വൈക്കം സത്യഗ്രഹത്തെക്കുറിച്ചുമൊക്കെ തുടക്കത്തിൽത്തന്നെ സംസാരിക്കുന്നുണ്ട്. ഹിന്ദുമത ദർശനവും സംസാര വിഷയമായി.
'ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ" എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്, 'മറ്റു മതങ്ങളിലും മോക്ഷമാർഗമുണ്ടല്ലോ" എന്നായിരുന്നു ഗുരുവിന്റെ മറുപടി. ' സ്വാമിയുടെ ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ" എന്ന ചോദ്യത്തിന് ഉണ്ടെന്ന ഗുരുവിന്റെ മറുപടിയിൽ ഗാന്ധിജിക്ക് ഏറെ സന്തോഷമായി. പുലയ സമുദായത്തിലെയും പറയ സമുദായത്തിലെയും കുട്ടികൾ മറ്റുള്ള കുട്ടികൾക്കൊപ്പം താമസിച്ചു പഠിച്ചു വരികയാണെന്നും, മറ്റുള്ളവരുമൊത്ത് അവർ ആരാധനകളിൽ സംബന്ധിക്കുന്നുണ്ടെന്നും ഗാന്ധിജിയോട് ഗുരു വിശദീകരിച്ചു.
ഇതിനു പിന്നാലെയാണ് ഹിന്ദുമതത്തിലെ വർണവ്യത്യാസത്തെപ്പറ്റി ചർച്ചയുണ്ടാകുന്നത്. മനുഷ്യരിൽ പല ജാതികളും ഉണ്ടാകുന്നത് പ്രകൃതിക്കനുസരിച്ചല്ലേ എന്നായിരുന്നു ഗാന്ധിജിയുടെ സന്ദേഹം. ഇതിന് ഉപോത്ബലകമായി, മുറ്റത്തെ മാവിലെ ഇലകൾക്കിടയിലും വലിപ്പച്ചെറുപ്പമുണ്ടല്ലോ എന്ന് ഗാന്ധിജി ചുണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ ഇത് കേവലം ഉപരിപ്ലവമായ കാഴ്ചപ്പാടാണെന്നും, എല്ലാ ഇലകളുടേയും ചാറിന് ഒരേ ഗുണമായിരിക്കും എന്നുമാണ് ഗുരു മറുപടി പറഞ്ഞത്. വ്യത്യസ്ത ജാതികളിൽപ്പെട്ടവരാണെന്നു തോന്നിയാലും മനുഷ്യരെല്ലാം ഒരേ സത്തയുടെ വിഭിന്ന ഭാവങ്ങളാണെന്നും ഗുരു കൂട്ടിച്ചേർത്തു. ഇത് ശരിയായ യുക്തിവിചാരമാണെന്ന് ഗാന്ധിജി സമ്മതിച്ചു.
പിൽക്കാലത്ത് ചാതുർവർണ്യത്തെക്കുറിച്ചും അയിത്തത്തെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ നിലപാടിൽത്തന്നെ ഗുരുവിന്റെ ഈ വാക്കുകളുടെ സാരഗാംഭീര്യം മാറ്റമുണ്ടാക്കി എന്നത് ചരിത്രമാണ്. ഇതിനു ശേഷം ഗാന്ധിജി ശിവഗിരിയിലെ വൈദികമഠത്തിൽ വിശ്രമിച്ചു. അവിടത്തെ പുലയക്കുട്ടികളടക്കമുള്ള അന്തേവാസികൾ ചൊല്ലിയ 'ദൈവദശക"ത്തിലെ വരികളും ഗാന്ധിജി ശ്രദ്ധാപൂർവം കേട്ടു. ഗുരു രചിച്ച പ്രാർത്ഥനാ ഗീതമാണ് 'ദൈവദശകം" എന്നറിഞ്ഞതും ഗാന്ധിജിയെ ഏറെ സന്തോഷിപ്പിച്ചു.
അടുത്ത ദിവസം ഗുരു വൈദികമഠത്തിലെത്തി ഗാന്ധിജിയെ കണ്ടു. രാവിലെ ചേർന്ന യോഗത്തിൽ ഗുരുവിന്റെ മാഹാത്മ്യത്തെപ്പറ്റി ഗാന്ധിജി ഏറെ ആദരവോടെ സംസാരിച്ചു. പിന്നീട് ഗാന്ധിജിയുടെ കാർ നിന്നിടത്തു വരെ ഗുരു അദ്ദേഹത്തിനൊപ്പം ചെന്ന് യാത്രയാക്കി. ഗുരു ഒരു റോസാപ്പൂമാല അണിയിച്ചാണ് ഗാന്ധിജിയെ യാത്രയാക്കിയത്. തുടർന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും ഗുരുവുമായി കൂടിക്കാഴ്ച നടത്താനിടയായതും ജീവിതത്തിലെ പരമഭാഗ്യമായി കരുതുന്നതായി ഗാന്ധിജി പ്രസംഗിക്കുകയും ചെയ്തു. ഗുരുവിന്റെ മാഹാത്മ്യത്തെപ്പറ്റി റാണി സേതുലക്ഷ്മി ബായി തന്നോട് സംസാരിച്ചതായും ഗാന്ധിജി പറഞ്ഞു.
ചാതുർവർണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമാണെന്ന് അതുവരെ കരുതിയിരുന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ അപ്പാടെ ഇളക്കിക്കളയുന്നതായിരുന്നു ഗുരുവിന്റെ വാക്കുകൾ. ഗുരുവിന്റെ വാക്കുകളുടെ സാരസർവസ്വത്തിൽ നിന്നാണ് അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളും എതിർക്കപ്പെടേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമാണെന്ന ബോദ്ധ്യത്തിലേക്ക് ഗാന്ധിജി എത്തുന്നത്. ഇതേ തുടർന്നാണ് അയിത്തത്തിനെതിരായി 'ഹരിജനി"ൽ ഗാന്ധി വലിയ പ്രചാരവേല തന്നെ ആരംഭിച്ചത്. അയിത്തം വലിയ പാപവും കുറ്റകൃത്യവും ആണെന്നും അദ്ദേഹം എഴുതി.
ചുരുക്കിപ്പറഞ്ഞാൽ, ഗാന്ധിജിയുടെ മതവീക്ഷണത്തിലെ മൗലിക ധാരണയെത്തന്നെയാണ് ചുരുക്കം ചില വാക്കുകളിലെ യുക്തിസാരസ്യം കൊണ്ട് ഗുരു കീഴ്മേൽ മറിച്ചത്. അയിത്താചരണം കുറ്റകരമാണെന്ന നിബന്ധന (അനുച്ഛേദം 17) പിന്നീട് നമ്മുടെ ഭരണഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തു. ഗുരു മുന്നോട്ടുവച്ച സാഹോദര്യ ഭാവനയ്ക്കും ഭരണഘടന വലിയ പ്രാധാന്യം നൽകി. ഭരണഘടനയുടെ ആമുഖത്തിൽ സാഹോദര്യത്തിന് (fraternity) സവിശേഷ സ്ഥാനം ലഭിച്ചു. അങ്ങനെ നവോത്ഥാന ചരിത്രത്തിൽ വിപ്ളവകരമായ മാറ്റം കുറിച്ച കൂടിക്കാഴ്ചയായി അത് മാറി.
(ലേഖകൻ മുൻ വിവരാവകാശ കമ്മിഷണറാണ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |