
കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പകൽ മാത്രമാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളുടെ പരിശോധനകൾ എ.ഐ ക്യാമറകളും സ്‌കാനറുകളും മാത്രം ഉപയോഗിച്ചാകും നടപ്പാക്കുക. നിലവിൽ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലൂടെയാണ് ഇ-വേ ബിൽ പരിശോധിക്കുക. വാഹനം കടന്നെത്തുമ്പോൾ തന്നെ ഇ-വേ ബില്ലിന്റെ ലിങ്ക് ആർ.ടി.ഒ ഓഫിസിൽ കൺട്രോൾ റൂമിലെത്തും. ഇതിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച് വാഹനം പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.
'വെർച്വൽ ചെക്‌പോസ്റ്റ്' സംവിധാനത്തിലേക്കു മാറുമ്പോൾ പൂർണമായി മോട്ടർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകളുടെയും സ്‌കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ- വേ ബിൽ പരിശോധനയെന്നതാണ് പ്രത്യേകത. ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ഓഫിസ് ജോലികൾ വേഗത്തിൽ തീർപ്പാക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാരെ പിൻവലിക്കാനാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന അഴിമതിയാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മാസം ലക്ഷങ്ങളാണ് വാളയാർ ഉൾപ്പെടെയുള്ള ചെക്ക്പോസ്റ്റുകളിൽ കൈക്കൂലിപ്പണമായി വിജിലൻസ് പിടികൂടിയത്.
നിലവിൽ വൈകിട്ട് മുതൽ ചെക്ക്പോസ്റ്റുകൾ രാത്രി അടച്ചിട്ടു തുടങ്ങിയിട്ടുണ്ട്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി എന്നീ 8 ചെക്ക്പോസ്റ്റുകളാണു പാലക്കാട് ജില്ലയിലുള്ളത്. രാവിലെ 9 മുതൽ 5 വരെ മാത്രമേ ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുള്ളൂ. എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രം ചെക്ക്പോസ്റ്റിലുണ്ടാകും. ഇതോടെ 8 ചെക്ക്പോസ്റ്റുകളുടെയും നിയന്ത്രണം ആർ.ടി.ഒയുടെ കീഴിലേക്കു ചുരുങ്ങി. നേരത്തെ 3 ഷിഫ്റ്റിലായി മുപ്പതിലേറെ ജീവനക്കാർ ജോലി ചെയ്തിടത്താണ് പകൽ ഒറ്റ ഷിഫ്റ്റിൽ രണ്ടു പേരാകുന്നത്. വർഷങ്ങൾക്കു മുമ്പ് തന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയ സേവനങ്ങൾ 'പരിവാഹൻ' സൈറ്റിലേക്കു മാറ്റിയിരുന്നു. ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകൾ നിറുത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങൾക്ക് ഒരിടത്തും നിറുത്താതെ സംസ്ഥാനത്തേക്കു പ്രവേശിക്കാനും സമയനഷ്ടമില്ലാതെ ചരക്കു നീക്കം നടത്താനും സാധിക്കും. നേരത്തെ പെർമിറ്റും ടാക്സും ഓൺലൈനായി എടുത്തിട്ടണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെക്ക്പോസ്റ്റിൽ ചെയ്തിരുന്നത്. ഇതു കൃത്യമായി പാലിക്കുന്ന വാഹനങ്ങളിൽ നിന്നു പോലും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി പിരിക്കുന്നുണ്ടെന്നാണു വിജിലൻസ് കണ്ടെത്തിയത്. ജനുവരിയിൽ 3 തവണ നടത്തിയ പരിശോധനയിൽ മാത്രം 4.88 ലക്ഷം രൂപയുടെ കൈക്കൂലിപ്പണമാണു പിടികൂടിയത്. 'കൈക്കൂലി പിരിവ്' കേന്ദ്രങ്ങളായി ചെക്ക്പോസ്റ്റുകൾ മാറിയെന്ന ആക്ഷേപം ഉയർന്നതും ഇതിനാലാണ്. ചെക്ക്പോസ്റ്റുകൾ ഇല്ലാതായാൽ മോട്ടർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഒരു പരിധിവരെ ഇല്ലാതാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.
പ്രവർത്തനം കാര്യക്ഷമമാകും
ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ നിലവിൽ മോട്ടർ വാഹന വകുപ്പിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം ആറിൽ നിന്ന് 9 - 12 ആകും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌ക്വാഡുകളിലേക്ക് ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
നിലവിൽ 6 താലൂക്കുകൾ കേന്ദ്രീകരിച്ച് 6 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണുള്ളത്. സ്‌ക്വാഡിൽ എം.വി.ഐയും 3 എ.എം.വി.ഐയുമാണുള്ളത്. ആകെ എൻഫോഴ്സ്‌മെന്റ് വിങ്ങിൽ 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അതിനാൽത്തന്നെ സ്‌ക്വാഡിൽ പലപ്പോഴും ഇത്രയും ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാവില്ല. 24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടി വേണമെന്നാണു നിർദേശമെങ്കിൽ ഉദ്യോഗസ്ഥ ക്ഷാമത്താൽ നിലവിൽ രാവിലെ 10 മുതൽ 5 വരെയുള്ള ഒരു ഷിഫ്റ്റിൽ മാത്രമാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുള്ളൂ.
ചെക്ക്പോസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാൽ ഇവരെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്കാണു നിയോഗിക്കുക. ടാക്‌സോ പെർമിറ്റോ ഇല്ലാതെ വാഹനം എൻഫോഴ്സ്‌മെന്റാണു പിടികൂടുന്നതെങ്കിൽ ഇരട്ടിയോളം തുകയും പിഴയും അടയ്ക്കണം. അതിനാൽ സ്‌ക്വാഡിന്റെ എണ്ണം കൂട്ടിയാൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി നിയമലംഘനം തടയാനും റോഡപകടം കുറയ്ക്കാനും സാധിക്കും.
കൈക്കൂലിപ്പണം
അരക്കോടിയോളം
കഴിഞ്ഞ 10 വർഷത്തിനിടെ നൂറിലേറെ പരിശോധനകളിലായി അരക്കോടിയോളം രൂപയുടെ കൈക്കൂലിപ്പണമാണു വിജിലൻസ് പിടിച്ചെടുത്തത്. ജനുവരിയിൽ വിജിലൻസ് എസ്പി എസ്.ശശികുമാറിന്റെയും പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെയും നേതൃത്വത്തിൽ 3 തവണകളായി നടത്തിയ പരിശോധനയിൽ 4.88 ലക്ഷം രൂപയുടെ കൈക്കൂലി വിജിലൻസ് പിടികൂടി. കഴിഞ്ഞ 3 വർഷത്തിനിടെയാണു കൂടുതൽ പരിശോധനകൾ നടന്നത്. വിജിലൻസ് പരിശോധനയിൽ ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയ ചെക്ക്പോസ്റ്റുകളിലൊന്നായി ഇതോടെ മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ മാറി. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം.
മറയുന്നത് ഏഷ്യയിലെ
ഏറ്റവും വലിയ ചെക്‌പോസ്റ്റ്
വാളയാറിലെ മോട്ടർ വാഹന ചെക്ക്പോസ്റ്റ് ഇല്ലാതാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണു ചരിത്രത്താളുകളിലേക്കു മറയുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാളയാർ ചെക്ക്പോസ്റ്റ്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടർ വാഹന ചെക്ക്പോസ്റ്റ് 2021ൽ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്പനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. ഓൺലൈൻ സംവിധാനത്തിലേക്കു മാറിയതിനാൽ ചെക്ക്പോസ്റ്റുകൾ വേണ്ടെന്നു കേന്ദ്രത്തിന്റെ നിർദേശം വന്നതോടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ ചെക്ക്പോസ്റ്റ് സംവിധാനവും ഇല്ലാതാകുന്നു. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോൾ 'അഴിമതി രഹിത വാളയാർ' പദ്ധതിയും 'സംയോജിത ചെക്ക്പോസ്റ്റ് പദ്ധതി'യും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എല്ലാ ചെക്ക്പോസ്റ്റുകളും ഒറ്റക്കെട്ടിടത്തിലേക്കു മാറ്റുന്നതായിരുന്നു പദ്ധതികൾ. ചെക്ക്പോസ്റ്റുകൾ ഇല്ലാതാകുന്നതോടെ നൂറുകണക്കിനാളുകൾ ഉപജീവനം നടത്തുന്ന വാളയാറിലെ വ്യാപാര മേഖല ഇല്ലാതാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |