
ഒരിറ്റു ചോര പൊടിയാതെ, ഒരു പീഡയെറുമ്പിനും വരുത്താതെ, ഒരു വാക്കിനാൽ ആരെയും നോവിക്കാതെ നടന്ന, അസാധാരണമായ മാനങ്ങൾ ലോകത്തിനു പകർന്ന ഒരു സാമൂഹിക വിപ്ളവം... അതായിരുന്നു 137 വർഷം മുമ്പ്, ശിവരാത്രി ദിനമായ 1888 മാർച്ച് 11-ന് അരുവിപ്പുറത്തെ നെയ്യാറിന്റെ കരയിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ ശിവലിംഗപ്രതിഷ്ഠ. ശങ്കരൻകുഴിയെന്ന കയത്തിൽ നിന്ന് ഗുരുദേവൻ മുങ്ങിയെടുത്ത ശില തീരത്തെ പാറയിൽ പ്രതിഷ്ഠിച്ചപ്പോൾ തകർന്നുവീണത് ബ്രാഹ്മണ മേധാവിത്വത്തിന്റെയും ജാതിവിവേചനങ്ങളുടെയും കോട്ടകൊത്തളങ്ങളാണ്. ഉദിച്ചുയർന്നത് തലമുറകളായി ചവിട്ടിത്തേയ്ക്കപ്പെട്ട സമൂഹങ്ങളുടെ ആത്മാഭിമാനവും. അവിടെ നിന്നാണ് ആധുനിക കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ തുടക്കം.
അവർണർക്ക് വഴിനടക്കാൻ പോലും സാധിക്കാതെ, അനാചാരങ്ങൾ കൊടികുത്തി വാണ ഒരു നാട്ടിൽ അനീതിക്കെരെ നാവനക്കാൻ അവസരമില്ലാത്ത ഒരു ജനതതിയെ വിമോചന പാതയിലേക്കാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ നയിച്ചത്. ക്ഷേത്രപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണർക്കു മാത്രമായിരുന്ന കാലഘട്ടത്തിൽ ബ്രാഹ്മണനല്ലാത്ത ശ്രീനാരായണ ഗുരുദേവൻ പൊതുവഴിയിൽപ്പോലും കയറാൻ അവകാശമില്ലാത്തവർക്കു വേണ്ടി ആരാധനാലയം സ്ഥാപിച്ചതിലൂടെ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്മണ പൗരോഹിത്യ അധികാരത്തിന്റെ ആണിക്കല്ലും ഇളക്കി.
ശിലയിൽ നിന്ന്
പിറന്ന മാറ്റം
രാഷ്ട്രീയ പരിവർത്തനത്തേക്കാൾ പ്രയാസമേറിയ സാമൂഹ്യപരിവർത്തനം വെറുമൊരു ശില കൊണ്ട് സാധിച്ചതിന്റെ യുക്തി ചികയുമ്പോൾ അസാമാന്യമായ ദീർഘവീക്ഷണവും തന്ത്രജ്ഞതയും സാമൂഹ്യബോധവും ആദ്ധ്യാത്മിക ഉന്നതിയും കനിവുമുള്ള ഒരാളുടെ കരസ്പർശം തെളിഞ്ഞുവരും. ലോകത്ത് ഒരിടത്തും ഇങ്ങിനെയൊരു സാമൂഹ്യവിപ്ളവം നടന്നിട്ടില്ല. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കു വേണ്ടി വിഗ്രഹം സ്വയം പ്രതിഷ്ഠിച്ച് സ്വന്തമായി ആരാധാനാലയം നിർമ്മിച്ചു. ആരോടും കലഹിക്കാൻ പോയില്ല. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാൻ തുനിഞ്ഞില്ല. പുതിയ ക്ഷേത്രങ്ങൾ സ്ഥാപിച്ചോ വെട്ടിപ്പിടിച്ചോ ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചില്ല.
കേവലം 33 വയസു മാത്രമുള്ളപ്പോഴാണ് പാരമ്പര്യ പ്രതിഷ്ഠാ രീതികളെ തീർത്തും തള്ളിക്കളഞ്ഞ് ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നിർവഹിച്ചതെന്ന കാര്യവും ഓർക്കണം. കേരളത്തിലെ നവേത്ഥാന മുന്നേറ്റങ്ങൾക്ക് അജണ്ട നിശ്ചയിക്കൽ കൂടിയായി അരുവിപ്പുറം പ്രതിഷ്ഠ. വിഗ്രഹം മാത്രമല്ല, സമത്വബോധത്തിന്റെ സന്ദേശമാണ് ഈ പ്രതിഷ്ഠയിലൂടെ ഗുരു പകർന്നത്. അതിലൂടെ മനുഷ്യത്വത്തിന്റെ മഹാസന്ദേശവും ജനങ്ങളിലേക്കെത്തിച്ചു. അബ്രാഹ്മണനും അവർണനുമായ ഗുരുവിന് ശിവപ്രതിഷ്ഠ നടത്തുവാൻ അധികാരവും അവകാശവും ഇല്ലെന്ന വാദങ്ങളുയർന്നപ്പോഴാണ്, 'നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ..." എന്ന സുപ്രസിദ്ധമായ പ്രതികരണം ഗുരുവിൽ നിന്നുണ്ടായത്.
ചിമിഴിൽ അടച്ച
കടൽ പോലെ
ആ ചെറുവാചകത്തിൽ ആഴവും പരപ്പുമുള്ള വിശദീകരണങ്ങളെ ഗുരു ഒരു ചിമിഴിലെന്നവണ്ണം ഒതുക്കി. അവിടത്തെ ചുവരിൽ ഗുരുവിന്റെ തന്നെ നിർദേശപ്രകാരം 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്" എന്നെഴുതിവച്ചതോടെ വിശദീകരണം പൂർണവുമായി. എല്ലാ മനുഷ്യരിലേക്കും കടന്നുചെല്ലാൻ കഴിയുന്ന ദൈവസങ്കല്പമായിരുന്നു ആ പ്രതിഷ്ഠ. സാമൂഹികമായ അന്ത:സത്ത ഉൾക്കൊള്ളുന്ന പ്രതിഷ്ഠയെ അതുകൊണ്ടുതന്നെ സാധാരണ ക്ഷേത്രപ്രതിഷ്ഠയായി മാത്രം കാണാനുമാകില്ല.
പിന്നീട് ഗുരുദേവൻ നടത്തിയ പ്രതിഷ്ഠകളിൽ ചിലത് പ്രതീകാത്മകവുമായിരുന്നു. കളവങ്കോടത്ത് കണ്ണാടി, ചിലയിടത്ത് അക്ഷരം, ചിലയിടത്ത് ദീപം എന്നിവ പ്രതിഷ്ഠിച്ചു. ഒരു നൂറ്റാണ്ടിനു മുമ്പ് ഇങ്ങനെയൊക്കെ വിപ്ളവകരമായി ചിന്തിക്കാൻ ഗുരുവിനു മാത്രമേ സാധിച്ചിരുന്നുള്ളൂവെന്നതാണ് സത്യം. കാലം ഒട്ടേറെ കടന്നുപോയി. മനുഷ്യ സമൂഹവും ചിന്തകളും മാറി. സാങ്കേതിക വിദ്യകൾ മാറി, ലോകം ഒരു ഗ്രാമമായി. ഗുരുവിലൂടെ നവോത്ഥാന ചരിത്രമെഴുതിയ കേരളത്തിലെ പുതുതലമുറ ദേശവിദേശങ്ങൾ കടന്ന് ബഹിരാകാശ ജീവിതത്തിനു വരെ ഒരുങ്ങുന്നു.
ഗുരുപഥത്തിലേക്ക്
വീണ്ടും നടക്കാം
ഇന്ന്, ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ ഗുരു തെളിച്ച വഴിയിലൂടെത്തന്നെയാണോ നാം ചരിക്കുന്നതെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. മദ്യവും മയക്കുമരുന്നും കുത്തഴിഞ്ഞ സാമൂഹ്യ വ്യവസ്ഥിതിയും അക്രമവും അരാജക ജീവിതവും തകർന്ന മനുഷ്യബന്ധങ്ങളും മത, ജാതി വിവേചനങ്ങളും പൂർവാധികവും ശക്തിയോടെ തിരിച്ചെത്തുകയാണോ എന്ന സന്ദേഹം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അമ്മയെ കൊല്ലുന്നതും മാതാപിതാക്കളെ വഴിയിൽ തള്ളുന്നതും മതത്തിന്റെ പേരിൽ കഴുത്തുവെട്ടുന്നതും ദമ്പതികൾ പരസ്പരം വെട്ടി മരിക്കുന്നതും സഹപാഠികൾ കൊല്ലുന്നതും ദുരഭിമാന കൊലകളും മറ്റും നിത്യസംഭവങ്ങളാണ്. ഇതെല്ലാം കാണുമ്പോൾ കേരളീയ സമൂഹം ശ്രീനാരായണ ഗുരുവിന്റെ വഴിയിൽ നിന്ന് മാറിനടക്കുകയാണോ എന്ന് ചിന്തിച്ചു പോകുന്നു.
കഴിഞ്ഞ ദിവസം, പുരാതനമായ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഒരു ജീവനക്കാരന്റെ ജാതിയുടെ പേരിൽ ഉണ്ടായ സംഭവവികാസങ്ങൾ ശ്രീനാരായണ ഗുരുദേവൻ കേരളത്തിനു സമ്മാനിച്ച നവോത്ഥാന മൂല്യങ്ങളിൽ നിന്നുള്ള തിരിച്ചുപോക്കാണോ എന്ന സംശയങ്ങൾ ഗൗരവമായി ഉയർത്തുകയും ചെയ്യുന്നുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമിച്ച ഈഴവ സമുദായാംഗമായ ബി.എ. ബാലു കെട്ടിയ മാല വിഗ്രഹത്തിൽ ചാർത്താൻ പൂജാരിമാർ കൂട്ടാക്കിയില്ല. ഈഴവനായ ജീവനക്കാരനെ മാറ്റാതെ പൂജയ്ക്കു വരില്ലെന്ന ഭീഷണിയുമായി തന്ത്രിമാർ ക്ഷേത്രത്തിൽ നിന്ന് വിട്ടുനിന്നു. ഒടുവിൽ തന്ത്രിമാരുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ നിയന്ത്രിക്കുന്ന ദേവസ്വം ഭരണസമിതി ബാലുവിനെ മാറ്റി പകരം, മാലകെട്ടാൻ അമ്പലവാസിയെ നിയോഗിച്ചു!
ഈ 21-ാം നൂറ്റാണ്ടിൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ 137-ാം വാർഷികത്തിൽത്തന്നെ ഇത്തരം സാംസ്കാരിക അശ്ളീലങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഗുരുദർശനവും ഗുരു നമുക്കു മുന്നിൽ വച്ച അരുവിപ്പുറം പ്രതിഷ്ഠ പോലുള്ള മാതൃകകളും കാല, ദേശങ്ങൾക്ക് അതീതമാണ്. അതിന്റെ പ്രസക്തി ഒരിക്കലും മങ്ങുന്നുമില്ല. പുതിയ ലോകത്ത് പുതിയ തലമുറകളെ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിലേക്കു നയിക്കാൻ ശ്രീനാരായണ ഗുരുദേവ ദർശനത്തിനു സാധിക്കും. ഗുരുവിലേക്ക് അവരെ അടുപ്പിക്കുക മാത്രമാണ് അതിനുള്ള പോംവഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |