
വിത മുതൽ വിളവെടുപ്പുവരെ നെൽകൃഷിയുമായി ബന്ധപ്പെട്ട് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എണ്ണിയാലൊടുങ്ങില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നെല്ല് സംഭരണവും നെല്ലിന്റെ വില വിതരണവുമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കൃഷി, സപ്ളൈകോ വകുപ്പുകളുടെയും അനാസ്ഥ കർഷകരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കുമാണ് നയിച്ചത്. ഫേസ്ബുക്ക് ലൈവിലെത്തി 'ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ, എനിക്ക് സിബിൽസ്കോ
റില്ല, ബാങ്കുകാർ ലോൺ പോലും നൽകാൻ കൊള്ളാത്തവനായി ആക്ഷേപിച്ചിറക്കിവിട്ടെന്ന്' അലമുറയിട്ട് വിഷം കുടിച്ച് ജീവനൊടുക്കിയ തകഴി കുന്നമ്മ സ്വദേശി പ്രസാദ് എന്ന കർഷകന്റെ വിലാപം പെട്ടെന്ന് മറക്കാനാകില്ല. അർബുദം ബാധിച്ച മകനെ ചികിത്സിക്കാൻ നിവൃത്തിയില്ലാതെ അമ്പലപ്പുഴയിൽ ജീവനൊടുക്കിയ രാജപ്പനെന്ന കർഷകനുൾപ്പെടെ കൃഷിയുണ്ടാക്കിയ കണ്ണീരിലും കടത്തിലും കളം വിട്ടവർ അനവധിയാണ്. കാലാവസ്ഥാ വ്യതിയാനവും കീടബാധയുൾപ്പെടെയുള്ള പ്രശ്നങ്ങളും കാരണം നെൽകൃഷി ആണ്ടോടാണ്ട് കുറഞ്ഞിട്ടും നെൽകൃഷിയെ സംരക്ഷിക്കാനോ നെല്ലിന് ന്യായവില യഥാസമയം ലഭ്യമാക്കാനോ യാതൊരു നടപടിയുമില്ല. പുഞ്ചകൃഷി വിളവെടുപ്പ് സീസണിൽ ഓരുവെള്ള ഭീഷണിയും കൊടും ചൂടും കാരണം നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയും കതിരിന് തൂക്കം കുറയുകയും ചെയ്തതിനാൽ നെൽസംഭരണത്തിൽ നിന്നും മില്ലുകൾ പിൻമാറിയതിന്റെ പ്രതിസന്ധിയിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. പതിരിന്റെയും തൂക്കക്കുറവിന്റെയും പേരിൽ കിഴിവ് കൂട്ടി കർഷകരെ മില്ലുകാർ ചൂഷണം ചെയ്യുമ്പോൾ സപ്ളൈകോയും കൃഷി വകുപ്പും നിസംഗതയിലാണ്. സർക്കാർ ഉടമസ്ഥതയിൽ റൈസ് മില്ലുകൾ സ്ഥാപിച്ച് കുത്തരിയാക്കി റേഷൻ കട വഴി വിതരണം ചെയ്യാനുള്ള സംവിധാനമില്ലാത്തതാണ് ഇവിടെ പ്രശ്നം. കഴിഞ്ഞ സീസണിലെ നെൽവില ഇനിയും പലർക്കും കുടിശ്ശികയായി തുടരുന്നതിനിടെ പുഞ്ചകൃഷിയുടെ സംഭരണവും നെൽവില വിതരണവും എങ്ങനെയാകുമെന്ന് ആർക്കും തീർച്ചയില്ല. പ്രശ്നത്തിന് പരിഹാരമായി സഹകരണ സംഘങ്ങളുടെ സഹായത്തോടെ നെല്ല് സംഭരിക്കാൻ ആലോചിച്ചെങ്കിലും അതിലും തീരുമാനമായില്ല.
സംഘങ്ങൾക്കും
സംഭരണം കീറാമുട്ടി
കർഷകർ അളന്നു നൽകുന്ന നെല്ലിന് പണം നൽകുന്നതിൽ അവസാനിക്കുന്നതല്ല, നെല്ലു സംഭരണവുമായി ബന്ധപ്പെട്ട ചുമതല. കൊയ്ത്തിനും മെതിക്കും ശേഷം പാടങ്ങളിൽ തൂക്കി ചാക്കിൽക്കെട്ടി വയ്ക്കുന്ന നെല്ല് സംഭരിച്ചു സൂക്ഷിക്കാനുള്ള വലിയ ഗോഡൗൺ സൗകര്യങ്ങളില്ലാത്തിടത്തു തുടങ്ങുന്നതാണ് സംഭരണത്തിലെ പ്രതിസന്ധി. നിലവിലെ കണക്കനുസരിച്ച് കുട്ടനാട്ടിൽ മാത്രം 23,000 ഹെക്ടറിൽ ആണ് നെൽക്കൃഷി. കുറഞ്ഞത് ഒന്നര ലക്ഷം ടൺ നെല്ല് സംഭരിക്കണം.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ചെറുതും വലുതുമായി രണ്ടു ഡസനിലധികം സഹകരണ സംഘങ്ങളുണ്ടെങ്കിലും, ഒരു ഡസനിൽ താഴെ സംഘങ്ങൾക്കു മാത്രമാണ് ഗോഡൗൺ സൗകര്യം. കൃഷിക്കു വേണ്ടുന്ന രാസവളവും കീടനാശിനിയും മറ്റും സംഭരിച്ച് സൂക്ഷിക്കാനുള്ള ഈ ഗോഡൗണുകളിലെല്ലാം കൂടി 9000 ടൺ നെല്ലു മാത്രമേ സംഭരിക്കാൻ കഴിയൂ. സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടിൽ താത്ക്കാലിക ഗോഡൗൺ സംവിധാനം സജ്ജമാക്കുന്ന കാര്യം ആലോചിക്കാമെന്നു വച്ചാൽ മടവീഴ്ചയിലോ ശക്തമായ മഴയിലോ വെള്ളത്തിൽ മുങ്ങുന്നതിനാൽ അതിനും നിർവാഹമില്ല. താൽക്കാലിക ഗോഡൗണുകളിൽ സംഭരിച്ചു സൂക്ഷിക്കുന്ന നെല്ലിന് മഴ നനയുകയോ ഈർപ്പം തട്ടുകയോ ചെയ്താൽ ലക്ഷങ്ങളുടെ നഷ്ടമാകും സംഘങ്ങൾക്കുണ്ടാകുക. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക നൽകാൻ സംഘങ്ങൾക്ക് കരുതൽ മൂലധനം ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കും.പതിറ്റാണ്ടുകൾക്കു മുമ്പ് സംഭരണം ഏറ്റെടുത്ത പല സഹകരണ സംഘങ്ങളും തകർന്നടിഞ്ഞത് അനുഭവപാഠമായുണ്ട്. മാത്രമല്ല, നെല്ല് പ്രോസസ് ചെയ്ത് അരിയാക്കി ഗോഡൗണുകളിലും റേഷൻ കടകളിലും എത്തിക്കുന്നതു പോലുള്ള നടപടികളിൽ സപ്ലൈകോയ്ക്കുള്ള പരിചയസമ്പത്തും സംവിധാനങ്ങളും സഹകരണ വകുപ്പിനോ പ്രാഥമിക സംഘങ്ങൾക്കോ ഇല്ല. കേരളത്തിലെ മുഴുവൻ നെല്ലും സംഭരിച്ച് അരിയാക്കി മാറ്റാൻ സർക്കാർ ഉടമസ്ഥതയിൽ മില്ലുകൾ ഇല്ലാത്തതുകൊണ്ട് സ്വകാര്യ മില്ലുകളുടെ സഹായത്തോടെ മാത്രമേ ഇത് സാദ്ധ്യമാകൂ. ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യ മില്ലുകൾക്ക് നെല്ലു കൈമാറുന്ന ഇടനിലക്കാരന്റെ റോളിനപ്പുറം സഹകരണ സംഘങ്ങൾക്ക് ഇക്കാര്യത്തിൽ അധികമൊന്നും ചെയ്യാനില്ല.
റിവോൾവിംഗ് ഫണ്ട് അനിവാര്യം
ഭൂമി തരംമാറ്റലിനുള്ള ഫീസിനത്തിൽ സർക്കാരിന് ലഭിക്കുന്ന കോടികൾ നെൽവില വിതരണത്തിനുള്ള റിവോൾവിംഗ് ഫണ്ടായി വിനിയോഗിച്ചാൽ നെൽവില യഥാസമയം വിതരണം ചെയ്യാം. ഇതിന് സംസ്ഥാന സർക്കാർ മനസുവച്ചാൽ മതി. കേന്ദ്രവിഹിതം ലഭിക്കുന്നത് കാത്തുനിൽക്കാതെ കൈകാര്യ ചെലവുൾപ്പെടെ കർഷകർക്ക് യഥാസമയം നൽകാൻ ഇത് ഉപകരിക്കും. ധന -കൃഷി - റവന്യൂ വകുപ്പുകൾ സംയുക്ത ഇടപെടൽ വഴി ഇത് സാദ്ധ്യമാകുമെന്നിരിക്കെ വകുപ്പ് മന്ത്രിമാരുൾപ്പെടെ ആരും ഇതിന് മുൻകൈയെടുക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രാഥമിക സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ചാലും നിലവിലെ രീതി അനുസരിച്ച് കേരള ബാങ്കുമായി സഹകരിച്ച് വില നൽകാൻ കഴിയൂ. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെയും, മില്ലുകൾ മുഖേന അരിയാക്കി വിതരണം ചെയ്തതും സഹിതം നെൽവിലയും പ്രോസസിംഗ് ചാർജും ഉൾപ്പെടെയുള്ള ചെലവിന്റെയും അരിവിതരണം ചെയ്തതിന്റെയും കണക്ക് കേന്ദ്രത്തിനു സമർപ്പിച്ചെങ്കിലേ കേന്ദ്രവിഹിതം അനുവദിക്കൂ. നെല്ല് അരിയാക്കി വിതരണം ചെയ്തതിന്റെ കണക്ക് കേന്ദ്രസർക്കാരിനു കൈമാറുന്നതിലുണ്ടായ കാലതാമസം കാരണം കേന്ദ്രവിഹിതം വൈകിയതും, വായ്പാ പദ്ധതിയ്ക്ക് ദേശസാൽകൃത ബാങ്കുകളുടെ കൺസോർഷ്യത്തെ മാത്രമായി നിയോഗിക്കുന്നതുമാണ് കർഷകരെ കണ്ണീരിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലും ചെറുകിട ബാങ്കുകളിലുമാണ് കർഷകരിൽ മിക്കവർക്കും ബാങ്ക് അക്കൗണ്ട്. ഇത്തരം സംഘങ്ങൾക്ക് പി.ആർ.എസ് വായ്പാപദ്ധതി അന്യമായതോടെ കർഷർക്ക് ദേശസാൽകൃത ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുടങ്ങേണ്ടിവന്നു.
കടത്തിൽപ്പെട്ട് നിസഹായരായ കർഷകരിൽ പലരും മിനിമം ബാലൻസിനുള്ള പണം പോലും കണ്ടെത്താനാകാതെ നക്ഷത്രമെണ്ണി. പി.ആർ.എസ് നടപ്പിലായി ആഴ്ചകൾക്കു ശേഷമാണ് പലർക്കും അക്കൗണ്ടെടുക്കാൻ പോലും പറ്റിയത്. പണം കിട്ടാതായതോടെ സപ്ലൈകോയ്ക്ക് ബാങ്കുകളിലെ കാർഷിക വായ്പകൾ യഥാസമയം അടയ്‌ക്കാനുമായില്ല. ഇത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിച്ചു.
സംഘം വന്നെങ്കിലും
മില്ലുകൾ ഫയലിൽ
സംസ്ഥാനത്തെ നെൽകർഷകരുടെ സംഭരണ- വിപണന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം നിലവിൽ വന്നെങ്കിലും കർഷകർക്ക് അതുകൊണ്ട് ഉദ്ദേശിച്ച ഗുണമൊന്നുമുണ്ടായില്ല. കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്താൻ ഉദ്ദേശിച്ചായിരുന്നു സഹകരണ സംഘം സ്ഥാപിച്ചത്.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നെൽകർഷക സംഘങ്ങളുടെ നേതൃത്വത്തിൽ അരി മില്ലുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കർഷകരിൽ നിന്ന് വിപണി വിലയ്ക്ക് നെല്ലു സംഭരിച്ച് അരിയാക്കി വിപണനം ചെയ്യുകയായിരുന്നു ലക്ഷ്യം. നെൽ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികളും ഫയലിലൊതുങ്ങി. ഫലമോ നെൽപ്പാടങ്ങളുടെ വിസ്തൃതിയും കൃഷിയും കുറയുന്നതിനൊപ്പം കഴിഞ്ഞവർഷത്തെ ഉഷ്ണതരംഗത്തിലുണ്ടായതിന്റെ ഇരട്ടിയിലേറെയായി ഇത്തവണ ഉത്പ്പാദനവും ഇടിയുന്നതോടെ വരും വർഷങ്ങളിൽ കേരളത്തിന്റെ നെല്ലറ കൃഷിയുടെ കല്ലറയായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |