SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

പദ്മകുമാറിന്റെ കലാപക്കൊടി

padmakumar

കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം അവസാന ദിവസം വരെ അച്ചടക്കത്തിന്റെ ഇരുമ്പറക്കുള്ളിലാണ് നടന്നത്. പക്ഷെ, സംസ്ഥാന സമിതിയംഗങ്ങളുടെ പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ പതിവില്ലാത്തതും അസാധാരണവുമായ അച്ചടക്ക ലംഘനം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് ക്ഷീണമായി. പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും അൻപത്തിരണ്ടു വർഷത്തെ പ്രവർത്തന പരിചയവുമുള്ള മുതിർന്ന നേതാവ് എ. പദ്മകുമാറാണ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

അദ്ദേഹം ദിവസേന ഫെയ്സ്ബുക്ക് പേജിൽ തന്റെ നിലപാടുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതിയംഗങ്ങളുടെ പട്ടിക പുറത്തുവന്നതിന് പിന്നലെ ചതിവ്, വഞ്ചന, അവഹേളനം. അൻപത്തിരണ്ടു വർഷത്തെ ബാക്കി പത്രം.... ലാൽ സലാം എന്നു കുറിച്ച് നിരാശനായ തന്റെ ചിത്രവും പോസ്റ്റു ചെയ്തു. അതിനു പിന്നിൽ രണ്ടു കാരണങ്ങളാണുളളത്. പാർട്ടിയുടെ പത്തനംതിട്ട ജില്ലയിലെ ആദ്യ ജില്ലാ കമ്മറ്റി മുതൽ സജീവപ്രവർത്തനത്തിൽ മുഴുകി ജീവിക്കുന്ന പദ്മകുമാർ സംസ്ഥാന സമിതിയിൽ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. മുൻ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡോ. തോമസ് ഐസക്ക് നേതൃത്വം നൽകുന്ന വിജ്ഞാന പത്തനംതിട്ടയുടെ ശക്തനായ സംഘാടകൻ എന്നീ നിലകളിൽ ജന സ്വാധീനമുണ്ടാക്കിയ പദ്മകുമാറിന് സംസ്ഥാന സമിതി അംഗത്വം അർഹതപ്പെട്ടതാണ്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതുമാണ് ഈ അറുപത്തിയാറുകാരൻ.

തന്നെ തഴഞ്ഞ് പാർട്ടിയിൽ പ്രവർത്തന പരിചയമില്ലാത്തതും ഒൻപതുവർഷം പാർലമെന്ററി പരിചയം മാത്രവുമുള്ള വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് പദ്മകുമാറിനെ പ്രകോപിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത മാനദണ്ഡത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. പാർട്ടി ജ്ഞാനവും സംഘടനാ പാരമ്പര്യവും സമരചരിത്രവും പുതിയ കാലത്തിന് വേണ്ടാതായിക്കാണും എന്ന് അദ്ദേഹം പരിഹാസച്ചുവയോടെ മാദ്ധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. മുതിർന്ന നേതാവിൽ നിന്നുണ്ടായ ഇത്തരം അസാധാരണമായ അച്ചടക്ക ലംഘനം സംസ്ഥാന നേതൃത്വത്തിന് കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്.

നടപടി പ്രതീക്ഷിച്ചുകൊണ്ട്

നടപടി പ്രതീക്ഷിച്ചു തന്നെയാണ് പദ്മകുമാർ പരസ്യ പ്രതികരണം നടത്തിയതെന്നു വേണം കരുതാൻ. പരസ്യമായി പ്രതികരിച്ചാലുണ്ടാകുന്ന നടപടിയെപ്പറ്റി വ്യക്തമായ ധാരണയുള്ളയാണ് അദ്ദേഹം. നടപടിയെടുത്താൽ തരം താഴ്ത്തുമായിരിക്കും, ബ്രാഞ്ച് കമ്മറ്റിയിലായാലും പ്രവർത്തിച്ചുകൊള്ളാം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ നടപടിയുടെ സാദ്ധ്യത മുന്നിൽ കണ്ടാണ്. പദ്മകുമാർ പാർട്ടി വിട്ടുപോകുമോ എന്ന ആശങ്കയും പരന്നു. കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ അവരുടെ പാർട്ടികളിലേക്ക് പദ്മകുമാറിനെ സ്വാഗതം ചെയ്തിരിക്കുന്നു.

പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്ന നേതാക്കളെ മറ്റു നേതാക്കൾ വീട്ടിൽ പോയി കാണാറില്ല. എന്നാൽ, ആ രീതി മാറ്റി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പദ്മകുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ ചന്നു കണ്ടു. സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹർഷകുമാറും ഒപ്പമുണ്ടായിരുന്നു. പദ്മകുമാർ ജില്ലയിലെ വലിയ നേതാവാണെന്നായിരുന്നു രാജു ഏബ്രഹാമിന്റെ പ്രതികരണം. പദ്മകുമാറിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. പദ്മകുമാറിനെ പാർട്ടിക്കൊപ്പം നിറുത്താനുള്ള ശ്രമമായിരുന്നു അത്.

പാർട്ടി നേതാക്കൾ വീട്ടിലെത്തി കണ്ടിട്ടും അദ്ദേഹം നിലപാട് മയപ്പെടുത്തിയില്ല. നേതാക്കൾ വരുന്നതിന് മുൻപേ ഫെയ്സ് ബുക്ക് പേജിലെ വാചകങ്ങൾ നീക്കിയിരുന്നു. പ്രതികരണം അൽപ്പം വൈകാരികമായിപ്പോയി എന്നാണ് പദ്മകുമാർ അതിനു പറഞ്ഞ ന്യായീകരണം.

പാർട്ടിയിലെ വി.എസ് - പിണറായി വിഭാഗീയത ശക്തമായിരുന്ന കാലത്ത് ജില്ലയിലെ പിണറായി പക്ഷത്തെ ശക്തനായിരുന്നു പദ്മകുമാർ. കുറച്ചുകാലം ജില്ലാ ആക്ടിംഗ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കമാൻഡിംഗ് പവറുള്ള കമ്മ്യൂണിസ്റ്റായ പദ്മകുമാർ കടുത്ത ഈശ്വരവിശ്വാസിയുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖരെ തഴഞ്ഞ് പദ്മകുമാറിനെ നിയമിച്ചത് പിണറായിയുടെ വിശ്വസ്തൻ എന്ന നിലയിലാണ്. പക്ഷെ, പിണറായി പ്രതീക്ഷിച്ചപ്പോലെ പദ്മകുമാർ പ്രവർത്തിക്കാതിരുന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി വിശ്വാസകളുടെ പക്ഷം ചേർന്നു. പാർട്ടി നേതാക്കളിൽ ചിലർക്ക് അനഭിമതനായിരുന്ന പദ്മകുമാർ ജില്ലാ സെക്രട്ടറിയേറ്റംഗമെന്ന നിലയിൽ സജീവമായിരുന്നു. അടുത്ത കാലത്ത് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ജില്ലയിലെ പ്രമുഖ സംഘാടകനായി തിളങ്ങി. പക്ഷെ, പാർലമെന്റ് തിര‌ഞ്ഞെടുപ്പ് സമയത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി ഹർഷകുമാറുമായി നടത്തിയ കയ്യാങ്കളി വ്യക്തപരമായി ക്ഷീണമുണ്ടാക്കി. ഇരുവരെയും പാർട്ടി താക്കീത് ചെയ്യുകയുമുണ്ടായി.

നിരാശപ്പെട്ട് എത്രനാൾ

പാർട്ടിയുടെ ജില്ലയിലെ മുതർന്ന അംഗമെന്ന നിലയിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പദ്മകുമാർ പരിഗണിക്കപ്പെട്ടിരുന്നു. രാജു ഏബ്രഹാമിനെ സെക്രട്ടറിയാക്കിയപ്പോൾ താൻ തഴയപ്പെട്ടതിന്റെ നിരാശ പദ്മകുമാർ അടുപ്പക്കാരോട് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സമ്മേളന പ്രതിനിധിയായി കൊല്ലത്തെ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. പിണറായി അടക്കമുള്ള ഉന്നത നേതാക്കൾ സമ്മേളനത്തിന് എത്തുന്നതിന്റെ ദൃശ്യങ്ങൾ എഫ്.ബി പേജിൽ പോസ്റ്റു ചെയ്തു. പിറ്റേന്ന് വൈകിട്ടാണ് വിവാദമായ പോസ്റ്റിട്ടത്.

തനിക്ക് കഴിവല്ലാത്തതിനാലായിരിക്കും സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്ന് പദ്മകുമാർ പറയുന്നു. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാ രംഗത്ത് പ്രവർത്തിക്കാത്തവർ ആവരുത്. പാർലമെന്ററി പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം കൊടുക്കുന്നത് ശരിയല്ല. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

പാർട്ടിയിൽ മറ്റു പലർക്കും ഇതേ അഭിപ്രായം ഉണ്ടാകാമെന്ന് പദ്മകുമാർ സൂചിപ്പിക്കുകയും ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളുടെ പുതിയ പട്ടിക കണ്ട് ചില നേതാക്കൾ അസംതൃപ്തരാണ്. അതുകൊണ്ടു കാര്യമില്ല. പല മേഖലകളിലും സ്വകാര്യ പങ്കാളത്തിമാകാമെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്. സംസ്ഥാന സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പിലും ഇതേ നിലപാട് മാറ്റം ഉണ്ടായെന്ന് പദ്മകുമാറും കൂട്ടരും കരുതിയാൽ മതി. അതായത് പ്രവർത്തന പരിചയവും സമരചരിത്രവും മാത്രമല്ല പാർലമെന്ററി പരിചയവും സംസ്ഥാന സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കിയതാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION