SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 PM IST

കൊല്ലം കണ്ട പുകഴ്ത്തിപ്പാട്ട് ബാലെ

cpm-kollma

സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞു, എല്ലാം ശരിയായി, ചിലരെയൊക്കെ ശരിയാക്കി. ബാക്കിയുള്ളവരുടെ കാര്യം വൈകാതെ ശരിയാക്കും. ദേശീയ പാർട്ടികളായ കോൺഗ്രസും സി.പി.ഐയുമുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുണ്ടെങ്കിലും മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സി.പി.എം സമ്മേളനങ്ങളെ ജനങ്ങളും മറ്ര് രാഷ്ട്രീയ സംഘടനകളുമെല്ലാം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കാറുള്ളത്. കാരണം കൃത്യമായ തയാറെടുപ്പോടെയും രാഷ്ട്രീയ കാഴ്ചപ്പാടോടെയും യഥാസമയം ഈ കലാപരിപാടി നടത്താൻ ത്രാണിയുള്ള പ്രസ്ഥാനമാണ് സി.പി.എം. അവിടെ ഹൈക്കമാൻഡും ലോ കമാൻഡും ഒന്നുമല്ല കാര്യങ്ങൾ നിശ്ചയിക്കുന്നത്. സ്വയം പ്രഖ്യാപിത പാർട്ടി സെക്രട്ടറിമാരുമുണ്ടാവില്ല. ഓരോ ഘടകത്തിലും തലപ്പത്ത് ആരു വരണമെന്നും ആരെല്ലാം കാര്യക്കാരായി ഉണ്ടായിരിക്കണമെന്നുമൊക്കെയുള്ള വിഷയങ്ങളിൽ കാലേകൂട്ടിയുള്ള കാഴ്ചപ്പാടുണ്ടാവും. മുൻനിശ്ചയപ്രകാരം ഓരോന്നും നീക്കാനും ആ നീക്കങ്ങളെ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാനുമുള്ള സ്കിൽ സി.പി.എമ്മിനെപ്പോലെ മറ്റൊരു പാർട്ടിക്കുമില്ല താനും. തീരുമാനങ്ങളെല്ലാം എടുത്ത് പ്രഖ്യാപനം വന്നു കഴിയുമ്പോൾ ചില തേങ്ങലുകളും ഞരക്കങ്ങളും മുറുമുറുപ്പകളുമൊക്കെയുണ്ടാവുമെങ്കിലും ഒന്നിന്റെയും ശബ്ദം പുറത്തേക്കൊട്ടു വരികയുമില്ല. അതാണ് പാർട്ടി അച്ചടക്കം. ഇങ്ങനെയൊക്കെ നടത്താൻ പ്രാപ്തിയില്ലാത്തവർ തിട്ടയിലും വരമ്പിലുമൊക്കെയിരുന്ന് അടിച്ചമർത്തലെന്ന് ആക്ഷേപിക്കും. പക്ഷെ ഇടതു ചെവിയിൽ കൂടി കയറ്റി വലതുചെവിയിലൂടെ മോക്ഷപ്രാപ്തി നൽകി വിടുകയാണ് അത്തരം ആക്ഷേപങ്ങളുടെ ഗതി.

ഏതായാലും കൊല്ലം സമ്മേളനം മുൻ സമ്മേളനങ്ങളിൽ നിന്ന് തീർത്തും വിഭിന്നമായിരുന്നു. സ്വാഗതസംഘം ചെയർമാനായ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പിശുക്കു കൊണ്ട് മാത്രമല്ല ഇത് വേറിട്ടതാവുന്നത്. പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളുടെ 'കമ്പോസിംഗി'ന്റെ പ്രത്യേകതയാണ് ഒരു കാര്യം. പുറമെ, പഴയ വെട്ടിനിരത്തലിന്റെ പകിട്ടില്ലെങ്കിലും 'രക്തം പൊടിയാതെ മാംസം മുറിച്ചെടുക്കുന്ന' വൈദഗ്ദ്ധ്യത്തോടെ കണ്ണിലെ കരടുകളെ നുള്ളിമാറ്റുന്ന അസാധാരണ കൈപ്പുണ്യമാണ് മറ്റൊന്ന്. പുറംമോടിയിൽ കാട്ടിയ പിശുക്ക് പക്ഷെ ഭക്ഷണ കാര്യത്തിൽ കാട്ടിയില്ല. സമുദ്രവിഭവങ്ങൾ ആവോളം വാരി വിളമ്പി തൃപ്തി വരുത്തിയിട്ടാണ് പ്രതിനിധികളെ ഇരിപ്പിടങ്ങളിൽ പ്രതിഷ്ഠിച്ചത്. നന്നായി ഭക്ഷിച്ചാൽ ചെറിയ മയക്കവും കിട്ടുമല്ലോ.

പതിവുപോലെ സ്വയം വിമർശനവും തെറ്റുതിരുത്തലും ഭാവി രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാനുള്ള കരു നിരത്തലുമൊക്കെയായി സാമാന്യം ഭേദപ്പെട്ട പ്രവർത്തന റിപ്പോർട്ടാണ് കായികാദ്ധ്യാപകൻ കൂടിയായിരുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അവതരിപ്പിച്ചത്. തുടർന്ന് ചർച്ചയുടെ ഊഴമെത്തി. ഗ്രൂപ്പ് ചർച്ചയിൽ എല്ലാവരും വട്ടംകൂടിയിരുന്ന് തീരുമാനിച്ച കാര്യങ്ങൾ ചർച്ചാവേളയിൽ അവതരിപ്പിക്കാൻ ഓരോരുത്തരെ ചുമതലപ്പെടുത്തി. ചുമതലപ്പെട്ടവർ ആ ദൗത്യം ഗംഭീരമായി നിർവഹിച്ചു. പാർട്ടി സെക്രട്ടറിയെയും മരുമക്കത്തായ സമ്പ്രദായത്തിൽ വിശ്വാസമില്ലാത്ത മന്ത്രിമാരെയുമൊക്കെ തലങ്ങും വിലങ്ങും പ്രതിനിധികൾ പ്രഹരിച്ചു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെന്ന് വരെ ധ്വനി വരും വിധമായിരുന്നു വിമർശനം. പക്ഷെ മുഖ്യമന്ത്രിയുടെ ഭരണനൈപുണ്യത്തിലോ കാര്യപ്രാപ്തിയിലോ ഒരു പിഴവും ആർക്കും ചൂണ്ടിക്കാട്ടാനുണ്ടായില്ല. ഒരു പ്രതിനിധിപോലും മുഖ്യനെതിരെ കമാന്നൊരക്ഷരം ഉരിയാടിയില്ല. തരിമ്പു വിമർശനത്തിനുപോലും അവസരം നൽകാത്ത ഈ മുഖ്യമന്ത്രിയെക്കുറിച്ചാണ് പ്രതിപക്ഷം ആക്ഷേപം നിരത്തുന്നതെന്നു പോലും ചിന്തിക്കേണ്ടി വന്നു.

വികസനത്തിന്റെ

പുതുവഴി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന, വികസനത്തിന് വേണ്ടി ദാഹിക്കുന്ന കേരളത്തിന്റെ സമഗ്ര പുരോഗതിക്കുള്ള ഒരു നയരേഖ പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. പക്ഷെ അതിന്റെ ഉള്ളടക്കം ജീത്തു ജോസഫിന്റെ 'ദൃശ്യം" സിനിമ പരമ്പരയുടേതു പോലെ അതീവ സസ്പെൻസാക്കി വയ്ക്കുകയും ചെയ്തു. ഏതായാലും പ്രതിനിധി സമ്മേളനത്തിൽ 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന വികസന നയരേഖ പിണറായി വിജയൻ അവതരിപ്പിച്ചു. അവതരണം കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. കേരളത്തെ വികസന പാതയിൽ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള 'മൃതസഞ്ജീവനി'യാണ് മുഖ്യമന്ത്രി, പ്രതിനിധികളുടെ കാതിലേക്ക് ഓതിയത്. പക്ഷെ ഇതിനെല്ലാം പണം വേണം. കേന്ദ്രം തുടർച്ചയായി അർഹതപ്പെട്ടത് തരാതെ കേരളത്തെ ഞെരുക്കുകയാണ്. പക്ഷെ പ്രളയത്തെയും കാലവർഷക്കെടുതിയെയും കൊവിഡിനെയും അതിജീവിച്ച കേരളം ഇവിടെയും കരഞ്ഞു കൊണ്ടിരിക്കില്ല, പൊരുതി മുന്നേറും. ഇങ്ങനൊക്കെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ, പ്രതിനിധികളുടെ ഞരമ്പുകളിൽ ആവേശ തള്ളൽ കൊണ്ട് രക്തം ചീറിപ്പാഞ്ഞു.

അതിജീവിക്കാനുള്ള വിഭവസമാഹരണ മാർഗങ്ങളും മുഖ്യൻ അക്കമിട്ട് നിരത്തുന്നുണ്ട്. സെസ് ചുമത്തലാണ് പ്രധാനം. ഇതുവരെ ഫീസ് ഏർപ്പെടുത്താത്ത സേവനങ്ങൾക്കുൾപ്പെടെ ചെറിയ നിരക്ക് കൊണ്ടുവരിക. അടിച്ചാലും നന്നാവില്ലെന്ന് പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകുക, പക്ഷെ അക്കാര്യത്തിലൊക്കെ കടുത്ത നിബന്ധനയുണ്ടാവും. കഴിയുന്നത്ര നിക്ഷേപം ആകർഷിക്കുക...അങ്ങനെ ചില ഞൊടുക്ക് വിദ്യകൾ. ജനങ്ങളെ ഊറ്റിപ്പിഴിയുക, മോലാളിമാരെ മൊത്തക്കച്ചവടം ഏൽപ്പിക്കുക, പുറത്തൊക്കെയുള്ളപണക്കാരെ തൂപ്പു കാട്ടി കൊണ്ടുവരിക എന്നൊക്കെ തനി നാടൻ ഭാഷയിൽ ഈ വിദ്യകളെ വിശേഷിപ്പിക്കാം. പക്ഷെ ഇതിനെയെല്ലാം നല്ല അർത്ഥത്തിൽ കാണണം.

വികസന രേഖയിന്മേലുള്ള ചർച്ച തുടങ്ങി. പിന്നീട് കണ്ടത് ഒരു മത്സരമായിരുന്നു, പുകഴ്ത്തിപ്പാട്ട് മത്സരം. ചില പ്രതിനിധികൾക്ക് വികസന രേഖ അത്രക്കങ്ങ് ബോധിച്ചില്ല. അവർ വെറുതെ മിഴിച്ചിരുന്നു. പക്ഷെ മുഖ്യന്റെ നോട്ടം അവർക്ക് നേരെയായപ്പോൾ, അവരുടെ നോട്ടം നേരെ കീഴ്പ്പോട്ടായി. ഇങ്ങനൊരു വികസന നയരേഖ മുഖ്യൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കേരളം ഇനി എന്തു ചെയ്തേനെ എന്ന് പലരും മൂക്കത്ത് വിരൽ വച്ച് ചോദിച്ചു. ചർച്ചയിൽ ആവേശം കയറിയ ചില പ്രതിനിധികൾ മുഖ്യനെ ക്യാപ്റ്റനെന്നും ഇരട്ടച്ചങ്കനെന്നും ഒറ്റയാൾ പട്ടാളമെന്നുമൊക്കെയുള്ള വിശിഷ്ട പദവികൾ ചാർത്തി സന്തോഷിപ്പിച്ചു. 'ഉടേ തമ്പുരാനേ" എന്ന് വിളിക്കാതിരുന്നതാണ് ഏക ആശ്വാസം. കടുപ്പത്തിന്റെ ഛായയുള്ള ചെറുമന്ദഹാസത്തോടെ അദ്ദേഹമാവട്ടെ ഈ സംബോധനകളെല്ലാം ഹൃദയപൂർവ്വം സ്വീകരിച്ചു. ഇടയ്ക്കൊക്കെ ചില 'ദോഷൈകദൃക്കുകൾ" മാത്രം 'അങ്ങനെയായാൽ എങ്ങനെയാവും ഇങ്ങനെയായാൽ അങ്ങനെയാവുമോ" എന്നൊക്കെ ചില സംശയങ്ങൾ ഉയർത്തിയെന്നു മാത്രം. കാര്യഗൗരവമില്ലാത്തവർ.

ചർച്ചയും മറുപടിയുമൊക്കെ കഴിഞ്ഞ് ആശ്രാമം മൈതാനത്തെ പൊതു സമ്മേളന വേദിയിൽ, പാർട്ടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ മാസ്റ്ററെയും പോളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെയും സാക്ഷിയാക്കി മുഖ്യൻ ആ പ്രഖ്യാപനവും നടത്തി. 'കേരളത്തിന്റെ വികസനത്തിന് വിഭവസമാഹരണം വേണം. അതിനുള്ള പോംവഴിയാണ് നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന വികസന നയരേഖയെന്ന് ഈ സമ്മേളനം അടിവരയിടുന്നു." അതോടെ നിലയ്ക്കാത്ത കയ്യടി.

 ഇതുകൂടി കേൾക്കണേ

സംസ്ഥാനത്തിന്റെ വികസനമെന്നത് നിശ്ചയമായും വേണ്ടകാര്യമാണ്. പിരിച്ചെടുക്കാനുള്ള നികുതി കൃത്യമായി പിരിച്ചെടുത്ത ശേഷം പോരെ, സെസിന്റെ ഭാണ്ഡം പാവം ജനത്തിന്റെ ചുമലിൽ കയറ്റി വയ്ക്കുന്നത്. "

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION