
മാറാത്ത നിലപാടായിരുന്നു കെ.കെ. കൊച്ച് എന്ന കൊച്ചേട്ടന്റെ ജീവിതത്തിന്റെ ആകെത്തുക. സന്ധിയും സമരസപ്പെടലുകളുമില്ലാതെ പ്രത്യയശാസ്ത്രത്തെ ജീവശ്വാസം പോലെ കരുതി കീഴാള രാഷട്രീയത്തിന്റെ കാൽപ്പാടുകൾ പതിച്ചു. കമ്യൂണിസ്റ്റ് ആശയവഴികൾ ഉപേക്ഷിച്ച് ദളിത് വാദവും അംബേദ്കറിസവും തന്റേതായ രീതിയിൽ ഉയർത്തിക്കാട്ടി. സഹോദര ജനതയ്ക്ക് അന്തസും ആത്മാഭിമാനും ഉറപ്പാക്കാൻ ഐതിഹാസിക പരിശ്രമങ്ങൾ നടത്തി. വാതിലുകളെല്ലാം അടഞ്ഞപ്പോഴും മുന്നോട്ടു തന്നെ നടന്നു. നേരിട്ട അപമാനത്തിനും അവഹേളത്തിനുമെതിരെയുള്ള പോരാട്ട ജീവിതം!
ചെറുപ്പം മുതലേ പൊതുരംഗത്തു പ്രവർത്തിക്കുകയും എഴുത്തും വായനയുംകൊണ്ട് അനേകരെ സ്വാധീനിക്കുകയും ചെയ്തിട്ടും അംഗീകാരത്തിലും കൂടുതൽ പുറംതള്ളലാണ് കൊച്ചിനു കിട്ടിയത്. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച്, ഇടതുപക്ഷക്കാരനായി തുടങ്ങി കാർഷിക കലാപങ്ങളിൽ ഇടപെട്ട്, ഒടുവിൽ ഭൂ പരിഷ്കരണത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയാണ് കൊച്ച് ആദിവാസി -ദളിത് എഴുത്തുകളിൽ സദാ വ്യാപൃതനായി നിലകൊണ്ടത്. പുരോഗമന മുഖംമൂടികൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന വിവേചനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കേരളത്തിലെ ദളിത് ബൗദ്ധിക ജീവിത്തിന്റെ ആൾരൂപമായി മാറുകയായിരുന്നു. അവസാന ശ്വാസം വരെ സ്വത്വ രാഷട്രീയത്തെ നെഞ്ചോടു ചേർത്തു.
സാമൂഹ്യ നവോത്ഥാനങ്ങളുടെ കാറ്റ് കടുത്തുരുത്തിയിലെ നാട്ടിൻപുറത്ത് നിലച്ചിരുന്നില്ല. ജന്മിയുടെ പണിക്കാരനായിരുന്നു അച്ഛൻ. അഞ്ചാം വയസിൽത്തന്നെ വായന വ്രതമാക്കി. ലൈബ്രറിയും സ്കൂളും വായനാചോദനയെ പരമാവധി പരിലസിപ്പിച്ചു. ക്ളാസിക്കുക്കളും കഥകളും വായിച്ച് തുടക്കം. പഠനത്തിലും മിടുക്കൻ. പത്താം ക്ളാസിലെത്തിയപ്പോഴായിരുന്നു ജീവിതത്തിലെ ആദ്യ പ്രതിസന്ധി. ജ്യേഷ്ഠന് മാനസിക രോഗം, ചികിത്സാ ചെലവിനായി പറമ്പും പാടവും വിൽക്കേണ്ടി വന്നു. സാമ്പത്തികമായി തകർന്നു. അതിനിടെയായിരുന്നു പരീക്ഷ. പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.
മഹാരാജാസ് കോളേജിലെ പഠനകാലമാണ് ജാതീയ വേർതിരിവകളെക്കുറിച്ചുള്ള ബോധമുണ്ടാക്കിയത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയുടെ കാലത്ത് അത് ഏറി വന്നു. ദളിത് വിഭാഗങ്ങളോടുള്ള വേർതിരിവുകൾ വേദനിപ്പിച്ചു. ക്യാമ്പസുകളിൽ ഇടത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി. തികഞ്ഞ ഈശ്വര ഭക്തനായ കൊച്ചേട്ടൻ പിന്നീടങ്ങോട്ട് യുക്തിവഴികളിലൂടെ സഞ്ചരിച്ചു. ഇടതുപക്ഷ ആശയങ്ങളെ ഉപേക്ഷിച്ച് ദളിത് പ്രസ്ഥാനങ്ങളോട് അടുത്തു.
തന്റെ ജനത അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അടിമത്തമാണ് കൊച്ചിലെ പോരോളിക്ക് കനലേകിയത്. ഇടതുവിരുദ്ധത കടുത്ത വിമർശങ്ങൾക്കു കാരണമായി. ആശയരൂപീകരത്തിന്റെ വളമിട്ട് നൽകുമ്പോഴും വ്യവസ്ഥാപിതമായ ഏതെങ്കിലും സംഘടനയുടെയോ രാഷ്ടീയ പാർട്ടിയുടെയോ കീഴിൽ നിലകൊള്ളാൻ കൊച്ച് ഒരുക്കമല്ലായിരുന്നു. പൊതുസമൂഹത്തിലും സ്വസമുദായത്തിലും പല സമ്പ്രദായങ്ങളോടുമുള്ള വിയോജിപ്പുകൾ വെട്ടിത്തുറന്നു പറഞ്ഞു.
കുടികിടപ്പുകാരായ ദളിത് വിഭാഗക്കാർക്ക് ഭൂപരിഷ്‌കരണംകൊണ്ട് യാതൊരു പ്രയോജനവും കിട്ടിയില്ലെന്ന് 1985-ൽ കൊച്ചേട്ടൻ ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്തപ്പോഴാണ് ആ വിഷയം അത്രമേൽ ചർച്ചയായതുപോലും. കെ.എസ്.ആർ.സിയിൽ നിന്ന് വിരമിച്ച ശേഷം പിന്നീടിങ്ങോട്ടുള്ള ജീവിതം മുഴുവൻ സാമൂഹ്യ സേവനത്തിനായി മാറ്റിവച്ചു. പ്രക്ഷോഭങ്ങളിലൂടെ ചലനാത്മകമായ ദളിത് മുന്നേറ്റത്തെ അദ്ദേഹം ആവോളം പ്രോത്സാഹിപ്പിച്ചു.
ഭ്രാന്തമായ വായന തുടർന്നതു പോലും തന്റെ ജനതയ്ക്കു വേണ്ടിയായിരുന്നു. എഴുത്തിനേക്കാൾ ഏറെ വായനയെ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പലകുറി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കും എഴുത്തും ആയിരങ്ങളെ സ്വാധീനിച്ചിട്ടും ആ നിലയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. ജാതീയ വേർതിരിവിനു പുറമേ, ആർക്കും കീഴ്പ്പെടില്ലെന്ന നിലപാടു കൂടി അതിനു കാരണമായി. പൊതുസമൂഹത്തിലും സ്വസമുദായത്തിലും നിരന്തരം ഉന്നയിച്ച വിയോജിപ്പുകളിലൂടെയാണ് കെ.കെ.കൊച്ചിനെ ചരിത്രം ചേർത്തുപിടിക്കുക.
'ദളിതൻ" എന്ന ആത്മകഥയിൽ, താൻ അനുഭവിച്ച കീഴാള ജീവിതം അദ്ദേഹം വരച്ചു ചേർത്തു. കമ്യൂണിസത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും സ്വത്വവാദത്തിന്റെ തുടക്കവും വിശദമാക്കി. സംവരണ വിഷയത്തിൽ ദളിത് പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ എതിർത്തു. ന്യൂനപക്ഷ വിഷയത്തിൽ അംബേദ്കറിന്റെ ചിന്തകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിലും സ്വന്തമായ നിലപാട് ഉന്നയിച്ച അദ്ദേഹം കമ്യൂണിസത്തോടും നക്സലിസത്തോടും ഒരുകാലത്ത് കലഹിച്ചു. മുത്തങ്ങ സമരത്തെ തള്ളിപ്പറഞ്ഞപ്പോൾ ചെങ്ങറ സമരത്തിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി...
ജാതി വ്യവസ്ഥ തകർന്നാലും വ്യക്തികൾക്ക് ആത്മാഭിമാനം നിലനിറുത്തി ബഹുമാനിതരാവാൻ ദാരിദ്ര്യം കൂടി ഇല്ലാതാകണമെന്ന് 'ദളിതൻ" പറയുന്നു. നിലപാടുകളിലെ ചരിത്ര പശ്ചാത്തലമായിരുന്നു ദളിതന്റെ കാതൽ. വിമർശകരിലേറെയും കൊച്ചിന്റെ നിലപാടിനു കൈയടിച്ചത് ആത്മകഥയുടെ പ്രസിദ്ധീകരണത്തിനു ശേഷമായിരുന്നു. 2021ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരവും കെ.കെ കൊച്ചിനെ തേടിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |