SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

അതിർത്തിയിലൂടെ അകത്തേക്ക്

a

പൊലീസും എക്‌സൈസ് വകുപ്പും പരിശോധന ശക്തമാക്കുമ്പോഴും സംസ്ഥാനത്തേക്കുള്ള ലഹരിയുടെ ഒഴുക്ക് വർദ്ധിക്കുന്നു. അധികൃതർ പരമ്പരാഗത മാർഗങ്ങളിലൂടെ നിരീക്ഷണം തുടരുമ്പോൾ വ്യത്യസ്ത വഴികളിലൂടെയാണ് പുതിയ ലഹരികൾ യുവതലമുറകളിലേക്ക് നിർബാധം ഒഴുകിയെത്തുന്നത്.

പാലക്കാട് ജില്ലയിൽ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം ലഹരിക്കേസുകളിൽ പൊലീസ് പിടികൂടിയത് 333 പേരെയാണ്. ഈ വർഷം ഫെബ്രുവരി 22 മുതൽ മാർച്ച് 12 വരെയുള്ള കണക്കാണിത്. ലഹരി കണ്ടെത്തുന്നതിനായി പൊലീസ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്. ലഹരിയുമായി ബന്ധപ്പെട്ട് 328 കേസുകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. 123 കിലോ കഞ്ചാവ്, 196 ഗ്രാം എം.ഡി.എം.എ, 122 ഗ്രാം മെത്താഫെറ്റാമൈൻ, 9.2 ഗ്രാം ഹാഷിഷ് ഓയിൽ, ലഹരിക്കായി ഉപയോഗിക്കുന്ന വേദന സംഹാരി ട്രമഡോൾ ടാബ്‌ലറ്റ് (Pyeevon Spas Plus capsule tablets contains Tramadol HCI) 148.75 ഗ്രാം, ആൽപ്രസോളം (Alprapal capsule tablet contains Alprazolam tablets IP 0.5 mg) 11.78 ഗ്രാം എന്നിവയാണ് ഈ കാലയളവിൽ പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടിയതെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അറിയിച്ചു.

അന്തർ സംസ്ഥാന ബസുകൾ, സ്‌കൂൾ, കോളേജ് പരിസരങ്ങൾ, ലോഡ്ജ് മുറികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരിക്കടത്ത്. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങൾ വഴിയുമെല്ലാം ലഹരിക്കടത്ത് നടക്കുന്നുണ്ട്. എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ തുടങ്ങിയവ ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും എത്തുന്നതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്.

ലഹരി ഹബായി പാലക്കാട്

കഴിഞ്ഞ 13 മാസത്തിൽ 550 എൻ.ഡി.പി.എസ് കേസുകളാണ് ജില്ലയിൽ പിടികൂടിയത്. ഇത്രയും കേസുകളിലായി 415 പേരെ അറസ്റ്റുചെയ്തു. 2024 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള എക്‌സൈസിന്റെ കണക്കുപ്രകാരമാണിത്. 1436.428 കിലോ ഗ്രാം കഞ്ചാവ്, 2433 കഞ്ചാവ് ചെടി, രണ്ട് കഞ്ചാവ് ബീഡി, 436.952 ഗ്രാം ഹെറോയിൻ, 35 ഗ്രാം ഹാഷിഷ്, 2660.960 ഗ്രാം ഹാഷിഷ് ഓയിൽ, 10.800 ഗ്രാം എം.ഡി.എം.എ, 880.585 ഗ്രാം മെത്തഫെറ്റമിൻ എന്നിങ്ങനെയും ഇക്കാലയളവിൽ പിടികൂടി. 27.120 ഗ്രാം നെട്രോസെഫാം ഗുളികകളും പിടികൂടിയിട്ടുണ്ട്. 15,428 പരിശോധനകളാണ് എക്‌സൈസ് നേതൃത്വത്തിൽ ഇക്കാലയളവിൽ നടത്തിയത്. 473 റെയ്ഡുകൾ മറ്റ് വകുപ്പുകളുമായി സഹകരിച്ചും നടത്തി.

2087 അബ്കാരി കേസുകളിലായി 1796 പേരെയാണ് അറസ്റ്റു ചെയ്തത്. 100 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 29,060 രൂപ പിടികൂടി. 7706 കോട്പ കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും കേസുകളിലായി 7219 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽനിന്ന് 15,36,000 രൂപ പിഴ ഈടാക്കി. കോട്പ നിയമപ്രകാരം 2619.090 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 4106 ലിറ്റർ സ്പിരിറ്റ്, 894.650 ലിറ്റർ ചാരായം, 7934.350 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 123.500 ലിറ്റർ ബിയർ, 14,276 ലിറ്റർ കള്ള്, 64,364 വാഷ്, 66.060 ലിറ്റർ വ്യാജമദ്യം, 357.300 ലിറ്റർ അന്യസംസ്ഥാന മദ്യം എന്നിവയും പിടികൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരിശോധനയിൽ 1,14,19,000 രൂപയും എക്‌സൈസ് പിടികൂടിയിരുന്നു. ഇതിനുപുറമേ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ലേബർ ക്യാമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.


ലഹരിക്ക് ഊടുവഴികൾ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് ലഹരി കേസുകൾ പിടികൂടുന്നതിന്റെ എണ്ണം കൂടുതലാണ്. വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ, അനുലൂർ, വില്ലുണി, എല്ലംപാട്ടം കോവിൽ, നടപ്പുണി, ഗോപാലപുരം, സ്രാമ്പി, മോളക്കാട്, മീനാക്ഷിപുരം എന്നീ അതിർത്തി വഴികളിൽ ഒരു പരിശോധനയും ഇല്ല. കൂടാതെ 20 ഓളം ഊടുവഴികളും കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് ആരോപണമുണ്ട്. പ്രധാന അതിർത്തി വഴികളിലും ഊടുവഴികളിലും വരെ സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റുകൾ രാപകൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യഥേഷ്ടം കടന്നുപോകാറുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടക്കുന്നുണ്ട്. ചെക്ക്‌പോസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ റാൻഡം പരിശോധനയും ഉണ്ട്.

കഞ്ചാവ് കത്തിച്ചുകളയും

പരിശോധനകളിൽ പിടികൂടുന്ന കഞ്ചാവ് കത്തിച്ചുകളയുകയാണ് ചെയ്യുക. ഇതിനായി കോടതിയുടെ ഉത്തരവ് വേണം. ശേഷം ഡെപ്യൂട്ടി കമ്മിഷണർ ചെയർമാനും അസിസ്റ്റന്റ് കമ്മിഷണറും എൻഫോഴ്സ്‌മെന്റ് സി.ഐ അംഗങ്ങളുമായിട്ടുള്ള ഡിസ്‌പോസൽ കമ്മിറ്റി ചേരും. കമ്മിറ്റി തീരുമാനപ്രകാരം വാളയാറിലോ മറ്റേതെങ്കിലും സ്ഥലത്തോ എത്തിച്ച് കഞ്ചാവ് കത്തിക്കും. പിടികൂടുന്ന സ്പിരിറ്റ് കെമിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം ഏതെങ്കിലും ഡിസ്റ്റലറികൾ അപേക്ഷ നൽകുകയാണെങ്കിൽ നിയമപ്രകാരം ലിറ്ററിന് 50 രൂപ നിരക്കിൽ നൽകും.

തുറന്നുകിടക്കുന്ന അതിർത്തികൾ

കേരളത്തിന്റെ അതിർത്തിവഴികൾ ലഹരിവസ്തുക്കളുടെ ഒഴുക്കിന്റെ പ്രധാന കേന്ദ്രമാകുകയാണ്. പാലക്കാട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഭൂരിഭാഗവും തുറന്നുകിടക്കുകയാണ്. പരിശോധനകളില്ലാതെ എന്തും ഇതുവഴി കൊണ്ടുവരാം എന്നതാണ് സ്ഥിതി.
പൊലീസിന്റെയോ, എക്‌സൈസിന്റെയോ ചെക്ക്‌പോസ്റ്റുകൾ പല സ്ഥലത്തും ഇല്ല. മുമ്പുണ്ടായിരുന്ന വിൽപ്പന നികുതി, പൊലീസ് ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കി. വാളയാറിൽ പേരിന് മാത്രമാണ് പരിശോധന. വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ, അനുലൂർ, വില്ലുണി, എല്ലംപാട്ടം കോവിൽ, നടപ്പുണി, ഗോപാലപുരം, സ്രാമ്പി, മോളക്കാട്, മീനാക്ഷിപുരം എന്നീ അതിർത്തി വഴികളിൽ ഒരു പരിശോധനയും ഇല്ല. പൊലീസ് ഔട്ട് പോസ്റ്റുകളും ഇവിടെയില്ല.

അതിർത്തി കടന്നു ഒരു കിലോമീറ്റർ കടന്നാണ് എക്‌സൈസ് വകുപ്പിന്റെ ചെക്ക്‌പോസ്റ്റ്. എന്നാൽ യാതൊരു പരിശോധനയുമില്ല. സ്പിരിറ്റും കഞ്ചാവും പാൻ മസാലയും എല്ലാം ലോഡുകണക്കിനാണ് ഇതുവഴി എത്തുന്നത്. വേലന്താവളം, കുപ്പാണ്ട കൗണ്ടനൂർ അതിർത്തിവഴി തുറന്നാണ് കിടക്കുന്നത്. ഇതുകൂടാതെ 20 ഓളം ഊടുവഴികളും കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണ്.
കൊഴിഞ്ഞാമ്പാറ താവളമാക്കിയുള്ള പ്രമുഖരായ നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് ലഹരി വസ്തുക്കൾ ഒഴുക്കുന്നത്. സ്പിരിറ്റും പാൻമസാലയും എം.ഡി.എം.എയും എവിടെയും കിട്ടുന്ന സ്ഥലമായി ഇവിടം മാറി.
സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത്. രാഷ്ട്രീയബന്ധമുള്ളവരും വൻകിട നിർമ്മാണ കമ്പനികളുടെ കരാറുകാരുമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവർക്കായി ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. പരിശോധന ശക്തമാക്കുകയും പിടികൂടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താൽ മാത്രമേ ഈ സ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHECKPOST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION