
ചൂട് കൂടിയതും നോമ്പുകാലവും ഒന്നിച്ചെത്തിയതോടെ പഴവിപണിയും സജീവമാവുകയാണ്. കത്തിയമരുന്ന ചൂടിൽ തണ്ണിമത്തനും പൈനാപ്പിളുമാണ് വിപണിയിലെ താരങ്ങൾ. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന് മറ്റു സംസ്ഥാനങ്ങളിലും വൻ ഡിമാന്റാണ്. ഉത്പ്പാദനം കുറഞ്ഞതാണ് വില വർദ്ധനവിനുള്ള കാരണം. കയറ്റുമതിയും കൂടുതലാണ്. ഇതാദ്യമായാണ് പൈനാപ്പിളിന് ഒറ്റയടിക്ക് വിലവർദ്ധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. തണ്ണിമത്തന് കിലോ 25 രൂപയും പൈനാപ്പിളിന് 90 രൂപയുമാണ്. അതേസമയം തൊണ്ണൂറുവരെ എത്തിയിരുന്ന നേന്ത്രപ്പഴവില എഴുപത് രൂപയിലേക്ക് ഇടിഞ്ഞു. ഞാലിപൂവൻ 80 രൂപ നിരക്കിലാണ് പൊതുവേ വിറ്റഴിക്കുന്നത്. മാമ്പഴം വിപണിയിൽ എത്തിയിട്ടില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അൽഫോൺസയും കിളിച്ചുണ്ടനും കോട്ടകോണം തുടങ്ങിയ മാങ്ങകളാണ് തീരെ എത്താത്തത്. നോമ്പുകാലത്തെ പ്രധാന ഇനങ്ങളായ ഈന്തപ്പഴം ഇത്തവണയും വൈവിദ്ധ്യത്തോടെ സജീവമാണ്.
വിപണി ഇനിയും
സജീവമാകും
ചൂട് വർദ്ധിക്കുന്നതിന് പുറമെ വേനലവധി ആയതിനാൽ ഇനിയും പഴം വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. പഴവർഗങ്ങൾക്ക് വില വർദ്ധിക്കുന്നതിനനുസരിച്ച് ബേക്കറികളിലും കൂൾബാറുകളിലുമെല്ലാം ജ്യൂസുകൾക്കും വില കൂടുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട്, ഷമാം, അനാർ പോലെയുള്ള വ്യത്യസ്ത പഴങ്ങൾക്കും വലിയ സ്വീകരണമാണ് വിപണിയിൽ ലഭിക്കുന്നത്. പ്രധാനമായും ജ്യൂസ് നിർമിക്കാനാണ് ഇവ ഉപഭോക്താക്കൾ വാങ്ങുന്നത്. ഇളനീർ ജ്യൂസിനും ഡിമാന്റുണ്ട്. വഴിയോര കച്ചവടക്കാർക്കും ചാകരക്കാലമാണ്.
മോരും താരം
നാട്ടിൻ പുറങ്ങളിലെ വഴിയോര വിപണയിൽ മാത്രം സജീവമായിരുന്ന മോരും വെള്ളം ഉൾപ്പെടെ ഇപ്പോൾ നഗരങ്ങളിലെ കൂൾ ബാറുകളിൽ ലഭ്യമാണ്. വിവിധ പേരുകളിൽ നാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നത്. കുടംകലക്കി മോര്, പാൽ സർബ്ബത് , മോരു സോഡ , മസാല സോഡ തുടങ്ങി വേനൽക്കാല ചൂടിനെ ശമിപ്പിക്കുന്ന പാനീയങ്ങൾ അനവധിയാണ്.
കരുതൽ വേണം
ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുൻകരുതൽ നിർദ്ദേശവും, പരിശോധനകളും വ്യാപകമായി നടക്കുന്നുണ്ട്. ചൂട് കാലമായതിനാൽ ധാരാളം വെള്ളം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒന്നാണ് ജ്യൂസ് വിപണി. കുട്ടികളുൾപ്പെടെ ദിവസേന യാത്ര ചെയ്യുന്നവർക്കും പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ആശ്വാസമാണ് ഇത്തരം വിപണികൾ എന്നിരിക്കെ ഭക്ഷ്യസുരക്ഷയെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും ഭക്ഷ്യവകുപ്പ് പരിശോധനകൾ നടത്തുണ്ട്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നണ്ട്.
ഇവ ശ്രദ്ധിക്കാം
1.സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.
2.കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക
3.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം
4.ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം
ചൂടിനെ ചെറുക്കാൻ ശീലമാക്കാം
വേനൽകാലത്ത് നേരിടുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക മാത്രമാണ് ഏക പോംവഴി. അതപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും ജ്യൂസും ഇളനീരുമെല്ലാം കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
തണ്ണിമത്തൻ
കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും പ്രദാനം ചെയ്യും. തണ്ണിമത്തനിൽ 95 ശതമാനം വരെയും ജലാംശമാണ്. അതിനാൽ വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം പകരും. നാല് വ്യത്യസ്ത ഇനം തണ്ണിമത്തൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ശരീരത്തിലെ ജലാംശം നിലനിറുത്തുന്നതിനൊപ്പം രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും.
പപ്പായ
വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 90 ശതമാനത്തിലധികം ജലാംശമാണ്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ വളരെ നല്ലതാണ്.
മാമ്പഴം
വിറ്റാമിനുകളായ എ, ബി 6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയുടെ കലവറയാണ്. ചൂടുകാലത്ത് മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വേനൽക്കാലത്ത് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും ഗുണം ചെയ്യും.
സ്ട്രോബറി
ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി വേനൽക്കാലത്ത് മികച്ച പഴമാണ്. ഓറഞ്ചും ശരീരം തണുപ്പിക്കും. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇവ ദഹനത്തിന് സഹായമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |