
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാത്യധിക്ഷേപം എന്ന ആരോപണം ചർച്ച ചെയ്യപ്പെട്ട രീതി ഏറെ ആശങ്കാജനകമാണ്. ക്ഷേത്രസംബന്ധിയായ ആചാരക്രമങ്ങളാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിലും, അടിസ്ഥാനപരമായി ജാതിരാഷ്ട്രീയമാണ് ക്ഷേത്രാചാരങ്ങളുടെ മറവിലൂടെ പുറത്തുവന്നത്. ഒരു ഭാഗത്ത് തന്ത്രിമാരുൾപ്പെടുന്ന നമ്പൂതിരി സമൂഹമാണ് എന്നതുകൊണ്ടു മാത്രം കലക്കവെള്ളത്തിൽ മീൻ പിടിക്കാനെന്നവണ്ണം രംഗത്ത് ചാടിവീണവരും ഏറെയുണ്ട്. ഏഴോ എട്ടോ മാസത്തെ ഇടവേളയിൽ ഒരു വിവാദമെങ്കിലും ഈ വിഷയങ്ങളിൽ ബോധപൂർവം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പലതും ലക്ഷ്യം വച്ചത് ജാതീയമായ വിഭജനമാണ്.
ഹിന്ദുക്കളിലെ മുഴുവൻ ജാതി വിഭാഗങ്ങളും തികച്ചും വ്യത്യസ്തമായ ആചാരക്രമങ്ങൾ പാലിക്കുന്നവരും, വ്യത്യസ്തമായ ആഹാര്യവും, ആന്തരികവുമായ സാംസ്കാരിക ഘടനയുള്ളവരുമാണ്. ഒരർത്ഥത്തിൽ, ജാതികൾ ഓരോന്നും വ്യത്യസ്തമായ മതസംഘങ്ങൾ തന്നെ. നിരവധിയായ മതങ്ങളുടെ കൺസോർഷ്യത്തിന്റെ പേരാണ് ഹിന്ദുമതം അഥവാ സനാതന ധർമ്മം. അതുതന്നെയാണ് ഈ സമൂഹത്തിന്റെ ഗുണവും ദോഷവും. ഗുണം എന്നത് ഹൈന്ദവർ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. വിശ്വാസ പ്രമാണങ്ങളെ ഇഷ്ടമുള്ള വിധം കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മറ്റെവിടെയുണ്ട്? ഈ സ്വാതന്ത്ര്യവും ചട്ടക്കൂടില്ലായ്മയും അതിന്റെ ന്യൂനതയുമാണ്. അതുകൊണ്ടുതന്നെ വിശ്വാസ പ്രമാണങ്ങളെക്കാൾ മറ്റു പലതിനും പ്രാമുഖ്യം വന്നു. ആചാരാനുഷ്ഠാനങ്ങൾക്ക് ഐകരൂപ്യമില്ലെന്നതും ന്യൂനത തന്നെ.
ആചാരവും
ജാതിയും
കേരളത്തിൽ ചെറുതും വലുതുമായി മുപ്പതിനായിരത്തിലേറെ ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. ബഹുഭൂരിപക്ഷവും ആചാരപരമായി വ്യത്യസ്തത പുലർത്തുന്നവയാണ്. പൗരാണിക കേരളത്തിലെ ജാതീയ സമവാക്യങ്ങളോട് ചേർന്നുതന്നെയാണ് ക്ഷേത്രങ്ങളേറെയും വളർന്നത്. അന്നത്തെ സാമൂഹിക ഘടനയിൽ ഉണ്ടായിരുന്ന ഉച്ചനീചത്വങ്ങൾ ക്ഷേത്ര സംവിധാനങ്ങളിലും സ്വാഭാവികമായും പ്രതിഫലിച്ചിട്ടുണ്ട്. തങ്ങളിൽ നിന്ന് താഴോട്ട് എന്ന വിധത്തിൽ ഇതര സമുദായങ്ങളെ മാറ്റിനിറുത്തുന്ന പ്രവണത എല്ലാ സമുദായ ക്ഷേത്രങ്ങളിലും പ്രകടമായിരുന്നു. ഇത്തരം മാറ്റിനിറുത്തലുകൾ ഉത്തര കേരളത്തിലെ ചില സമുദായങ്ങളുടെ തെയ്യാട്ടക്കാവുകളിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
രാഷ്ട്രീയ സാദ്ധ്യതകൾ കണ്ടിട്ടാകണം, ബ്രാഹ്മണ്യത്തിനെതിരായ ആക്രമണങ്ങൾക്കു മാത്രമേ ഏതാണ്ട് എല്ലാവർക്കും താത്പര്യമുള്ളൂ. കൂടൽമാണിക്യം ക്ഷേത്രവിവാദം ഇത്ര രൂക്ഷമായ അവസ്ഥയിലേക്ക് പരിവർത്തനപ്പെട്ടതിന്റെ താത്പര്യവും മറ്റൊന്നല്ല. തന്ത്രിമാർ ക്ഷേത്രങ്ങളിലെ ആചാരപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളിലെ അന്തിമ വിധികർത്താക്കളാണ്. അവരവരുടെ ക്ഷേത്രങ്ങളിൽ പൂർവികമായി ചിട്ടപ്പെടുത്തിയ ആചാര വൈവിദ്ധ്യങ്ങളെ സംരക്ഷിക്കാൻ ബദ്ധശ്രദ്ധരായി നിലകൊള്ളുന്നതിനു മാത്രമേ തന്ത്രിസമൂഹം ശ്രമിച്ചിട്ടുള്ളൂ.
ഊരാണ്മയും
കാരായ്മയും
പാരമ്പര്യമായ ദായക്രമം ക്ഷേത്ര ആചാരപദ്ധതികളിൽ പൗരാണികമായി നിലനിൽക്കുന്നുണ്ട്. ആചാരപരമായും, അനുഷ്ഠാനപരമായുമുള്ള പ്രത്യേകതകൾ ഇതിന് പിൻബലവുമാണ്. കൂടൽമാണിക്യം ക്ഷേത്രം ഉൾപ്പടെയുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിലെല്ലാം ഇന്നും ഇത്തരം പാരമ്പര്യ ദായക്രമം നിലനിൽക്കുന്നുണ്ട്. ഉടമസ്ഥതയെ ആസ്പദമാക്കിയ ദായക്രമം ഊരാണ്മ എന്നും, ജോലിയെ അടിസ്ഥാനമായത് കാരായ്മ എന്നും അറിയപ്പെടുന്നു. ഊരാണ്മക്കാർ ക്ഷേത്രത്തിന്റെ ഉടമസ്ഥരാണ്. നിത്യനിദാനവുമായി ബന്ധപ്പെട്ട കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള പരിചാരക വിഭാഗമാണ് ക്ഷേത്ര അടിയന്തരക്കാർ. മേൽശാന്തി, കീഴ്ശാന്തി, കഴകം, വാദ്യം, അടിച്ചു തളി, മാറ്റ് (വസ്ത്രം അലക്കൽ) എന്നിങ്ങിനെ നിരവധി അടിയന്തര വിഭാഗങ്ങളുണ്ട്.
കൂടൽമാണിക്യത്തെപ്പോലുള്ള ചില മഹാക്ഷേത്രങ്ങളിൽ കൂത്ത് അവതരിപ്പിക്കുന്ന ചാക്യാർ, നമ്പ്യാർ മുതൽ കാവൽ പ്രവൃത്തിയിലും, ആചാരവെടി മുഴക്കുന്ന തസ്തികയിലും വരെ ഇത്തരത്തിൽ പാരമ്പര്യമായി ചില കുടുംബത്തിൽ നിക്ഷിപ്തമായ കാരായ്മ അവകാശക്കാരെ കാണാറുണ്ട്. ജാതി അടിസ്ഥാനത്തിൽ സാമൂഹികഘടന നിലനിന്ന കാലത്ത് സംവിധാനം ചെയ്യപ്പെട്ടതാകയാൽ ഈ വിഭാഗങ്ങളുടെ പ്രവൃത്തികളെല്ലാം കുലധർമ്മത്തിന്റെ പരിധിയിൽ വരും. അവരുടെ ജാതി പോലും പിൽക്കാലത്ത് ജോലിയുടെ അടിസ്ഥാനത്തിൽ ഉരുവം കൊണ്ടതാണ്. എന്തായാലും നിരവധി അവാന്തര ജാതിവിഭാഗങ്ങൾ ഇവിടെ ഉടലെടുത്തതിൽ ഇത്തരത്തിലുള്ള ക്ഷേത്ര അടിയന്തര പ്രവൃത്തികൾക്ക് നിർണായക സ്ഥാനമുണ്ട്.
കാരായ്മ അവകാശം ആണെന്നതു പോലെ തന്നെ, ഒഴിവാക്കാനാകാത്ത ചുമതല കൂടിയാണ്. തറവാട്ടിലെ മുഴുവൻ അംഗങ്ങൾക്കും പാരമ്പര്യ ദായക്രമപ്രകാരം ക്ഷേത്രഅടിയന്തരം നിർവഹിക്കുന്നതിനുള്ള ചുമതലയുണ്ടായിരുന്നു. മക്കത്തായത്തിലോ മരുമക്കത്തായ ക്രമത്തിലോ ആണ് ഇത് പിന്തുടരുന്നത്. ക്ഷേത്ര അടിയന്തര കർമ്മങ്ങൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുവാൻ, രണ്ടോ അതിലധികമോ കുടുംബങ്ങൾക്ക് ഇപ്രകാരം കാരായ്മ വിഭജിച്ചു നൽകുന്ന പതിവും ഉണ്ടായിരുന്നു. കാരായ്മ വിഭാഗങ്ങൾക്ക് പൂർവകാലത്ത് ശമ്പളത്തിനു പകരം നിവേദ്യച്ചോറോ ഭക്ഷണത്തിനുള്ള വിഹിതമോ മാത്രമാണ് ലഭിക്കാറ്. അപൂർവം ഇടങ്ങളിൽ മാത്രം തുച്ഛമായ വേതനവും നൽകി. ദേവസ്വം ബോർഡുകൾ പിറവി കൊണ്ടതോടെ വേതനം നൽകുന്ന സമ്പ്രദായം ആരംഭിച്ചു. അപ്പോഴും ക്ലാസ് ഫോർ ജീവനക്കാർക്കുള്ള പരിഗണന പോലും ഇവർക്ക് കിട്ടിയിരുന്നുവോ എന്ന് സംശയമാണ്.
കൂടൽമാണിക്യം ക്ഷേത്ര വിവാദത്തിൽ പൗരോഹിത്യ ബ്രാഹ്മണ്യം ഇന്നും ജാതി സമവാക്യങ്ങളുടെ പിറകെ പോവുകയാണെന്നും, അയിത്ത ചിന്തയിൽ പെരുമാറുകയാണെന്നും ഉള്ള ആരോപണങ്ങൾ ഉയരുകയുണ്ടായി. യാഥാർത്ഥ്യം അറിയാൻ ഇവർ താത്പര്യപ്പെട്ടുവോ എന്ന് സംശയമാണ്. 2005-ലാണ് നിയമസഭ പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇരിങ്ങാലക്കുട ദേവസ്വം ആക്ട് പാസാക്കുന്നത്. ഇതനുസരിച്ച് കൂടൽമാണിക്യം ദേവസ്വത്തിൽ ക്ഷേത്രത്തിനകത്തെ ആചാരപരമായ ഏതൊരു പ്രവൃത്തിക്കും അടിയന്തരക്കാരുടെ നിയമനങ്ങൾക്ക് ഉൾപ്പടെ തന്ത്രിയുടെ അനുമതി വേണമെന്ന് കൃത്യമായ നിയമമുണ്ട്.
ആചാരക്കാരുടെ
തസ്തികകളിൽ
ഇക്കാലമത്രയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയായിരുന്നില്ല ആചാരക്കാരുടെ തസ്തികകളിലെ നിയമനം. ഇത് മറികടന്ന് തന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ നൂറ്റാണ്ടുകളായി കാരായ്മയായി ചില കുടുംബങ്ങളിൽ നിക്ഷിപ്തമായിരുന്ന മാലക്കഴകം തസ്തികയിലേക്ക് പുതിയ ഒരാളെ നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്ന നിലപാട് മാത്രമാണ് തന്ത്രിമാർ അവിടെ എടുത്തത്. അതിനപ്പുറമുള്ള ജാത്യാരോപണങ്ങൾ നിറംപിടിപ്പിച്ച എച്ചുകൂട്ടലുകൾ മാത്രമാണ്.
കേരളത്തിൽ വിവിധ ദേവസ്വങ്ങളുടെയും അല്ലാത്തതുമായ ക്ഷേത്രങ്ങളിൽ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് മുപ്പതോ നാൽപ്പതോ ശതമാനത്തോളം ഇടങ്ങളിൽ ഇന്ന് അബ്രാഹ്മണ സമുദായംഗങ്ങൾ ശാന്തി പ്രവൃത്തിയിലുണ്ട്. ഇവിടങ്ങളിൽ ഒരു തന്ത്രിയും ജീവനക്കാരുടെ ജാതി ഏതെന്ന് അന്വേഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നില്ല.
കാലാനുസൃതമായ മാറ്റത്തെ ഉൾക്കൊള്ളാൻ ഈ സമൂഹം സന്നദ്ധമായിട്ടുണ്ടെന്നു തന്നെയാണ് അത് കാട്ടുന്നത്.
അത്തരം ഘട്ടത്തിലാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന അധിക്ഷേപം തന്ത്രിമാർക്ക് കേൾക്കേണ്ടി വരുന്നത്. ജാതി ഇതായതുകൊണ്ടു മാത്രം അവർ പ്രതിക്കൂട്ടിലാക്കപ്പെടുന്നു. യാഥാർത്ഥ്യം ഇതാണെന്നിരിക്കെ, ജാതി, വർണദ്വേഷം ആരോപിക്കുകയും താല്ക്കാലിക ലാഭങ്ങൾക്കായി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമാറ് സമൂഹത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശ്രമങ്ങൾ. ഒന്നു പറയട്ടെ- ഇത്തരം കോലാഹലങ്ങളിൽ സ്വന്തം ചേരി തിരിഞ്ഞ് പടവാളുമായി യുദ്ധത്തിനിറങ്ങാൻ അന്നും ഇന്നും നമ്പൂതിരിയും തുനിഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാത്തത് മറുപടി അർഹിക്കുന്നില്ലെന്ന് ഉള്ളതകൊണ്ടു മാത്രമാണ്.
(അഖില കേരള തന്ത്രി സമാജം ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് ശ്രീരാജരാജേശ്വരി ക്ഷേത്ര തന്ത്രിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |