SignIn
Kerala Kaumudi Online
Thursday, 22 October 2026 6.41 PM IST

കോൺഗ്രസിൽ നിന്നകലുന്ന ഈഴവ പ്രാതിനിദ്ധ്യം

congress

സംസ്ഥാനത്ത് അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണികളും പ്രമുഖ രാഷ്ട്രീയ കക്ഷികളുമെല്ലാം കരുനീക്കങ്ങൾ ശക്തമാക്കി. ബി.ജെ.പി പുതിയ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തത് മറ്റു പാർട്ടികളിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാം തവണയും തുടർഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എമ്മും ഇടതുമുന്നണിയും കരുക്കൾ നീക്കുമ്പോൾ കോൺഗ്രസും യു.ഡി.എഫും എങ്ങനെയും അധികാരത്തിലേക്ക് മടങ്ങിയെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി 2026ൽ അധികാരത്തിലെത്തുക അത്ര എളുപ്പമാകില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിനും യു.ഡി.എഫിനും വ്യക്തമായറിയാം. ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമാണ് ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനത്തോളം വോട്ട് നേടി കേരളത്തിൽ ഏറ്റവും വളർച്ചയുള്ള പാർട്ടിയെന്ന നിലയിലേക്ക് ബി.ജെ.പി എത്തിയതാണ് ഇടത്, വലത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. പല നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്ന ശക്തിയായി ബി.ജെ.പി മാറുമെന്നതിലാണ് ഇരു മുന്നണികളുടെയും ആശങ്ക. അതുകൊണ്ടു തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഓരോ മുന്നണിയും ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കാമെന്നതിന് മുൻഗണന നൽകിയാകും അവരുടെ തിരഞ്ഞെടുപ്പ് തന്ത്രരൂപീകരണം. കഴിഞ്ഞദിവസം കൊല്ലത്ത് ചേർന്ന കോൺഗ്രസിന്റെ ജില്ലാ നേതൃയോഗം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അതുകഴിഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗവും വാർഡ്, ഡിവിഷൻ പ്രസിഡന്റുമാരുടെ തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനവും വരുന്ന തിരഞ്ഞെടുപ്പുകളുടെ തയാറെടുപ്പിലേക്കുള്ള തുടക്കമായും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ആഹ്വാനവുമായി മാറി. നിർജ്ജീവമായിക്കിടക്കുന്ന പാർട്ടി അണികളെ ഉണർത്താനും തിരഞ്ഞെടുപ്പിന് സജ്ജമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോൺഗ്രസ് നടത്തുന്ന വാർഡ് അദ്ധ്യക്ഷരുടെ സംഗമത്തിന്റെ ഭാഗമായാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങി കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാതലത്തിലെ പ്രമുഖ നേതാക്കളെല്ലാം പരിപാടിയിൽ സംബന്ധിച്ചു.

ആർ. ശങ്കറിന് ശേഷം

ഈഴവ മുഖ്യമന്ത്രി ഇല്ല
കോൺഗ്രസിന്റെ ശക്തി എക്കാലവും സാമുദായിക പിന്തുണയിലായിരുന്നുവെന്നതാണ് ചരിത്രം. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരിൽ നിന്ന് വളരെയേറെ അകന്നതാണ് കോൺഗ്രസിന് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ പരാജയമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ആവശ്യമായ തിരുത്തൽ വരുത്താൻ പാർട്ടി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. 1962 ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അടുത്തകാലത്തെങ്ങും ഉണ്ടാകുമെന്ന് കരുതാനും ന്യായമില്ല. സംസ്ഥാന നിയമസഭയിൽ 41 അംഗങ്ങളുള്ള യു.ഡി.എഫിൽ ഈഴവ സമുദായ പ്രാതിനിദ്ധ്യം ഇപ്പോൾ ഒന്നിൽ മാത്രമായി ഒതുങ്ങുകയാണ്.

1962 സെപ്തംബർ 26 ന് കേരള മുഖ്യമന്ത്രിയായ ആർ. ശങ്കറിനെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണ, മതലോബികൾ നടത്തിയ ഗൂഢാലോചനയിലൂടെ താഴെയിറക്കിയ നടപടി കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 1964 സെപ്തംബർ 10 വരെ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിനായുള്ളു. അതിനുശേഷം കോൺഗ്രസിൽ നിരവധി ഈഴവ നേതാക്കൾ മന്ത്രിമാരായെങ്കിലും മുഖ്യമന്ത്രി പദവിയിലെത്താൻ ആർക്കുമായില്ല. വക്കം പുരുഷോത്തമൻ, വി.എം സുധീരൻ, വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ എം.എൽ.എ മാരും എം.പി മാരും മന്ത്രിമാരും ഒക്കെ ആയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയ മുല്ലപ്പള്ളിയെയും സുധീരനെയും കോൺഗ്രസുകാർ തന്നെ അവഹേളിച്ച് താഴെ ഇറക്കിയതിനും കേരളം സാക്ഷ്യം വഹിച്ചു. കേരളം കണ്ട ഏറ്റവും കഴിവുറ്റ ആരോഗ്യമന്ത്രിയെന്ന് പേരെടുത്ത വി.എം സുധീരന് വെറും 14 മാസം മാത്രമേ ആ സ്ഥാനത്ത് തുടരാനായുള്ളു. ഈഴവ സമുദായം കോൺഗ്രസിൽ നിന്നകന്ന് സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കും പോകുന്നതിന് തടയിടാനുള്ള പദ്ധതികളൊന്നും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർക്കും ഇല്ലെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിൽ ഇപ്പോൾ ഈഴവ സമുദായക്കാരായ നേതാക്കൾ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. അടുത്ത തിരഞ്ഞെടുപ്പിൽ വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ രംഗത്തിറക്കാൻ നീക്കം തുടങ്ങിയെങ്കിലും അവരൊക്കെ ജയിച്ചുവന്നാലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. പാർട്ടി അണികളെ ഉണർത്താനും തിരഞ്ഞെടുപ്പിന് സജ്ജമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോൺഗ്രസ് നടത്തുന്ന വാർഡ് അദ്ധ്യക്ഷരുടെ സംഗമം കൊല്ലം ജില്ലയിലടക്കം ഉദ്ഘാടനം നിർവഹിച്ചത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയോ ഈ പരിപാടികളിൽ കാണാത്തതും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. വേണുഗോപാലിന്റെ ഈ നിറഞ്ഞാട്ടം വരാൻ പോകുന്ന എന്തിനെയോ ലക്ഷ്യമിട്ടാണെന്നാണ് കോൺഗ്രസിലെ അടക്കം പറച്ചിൽ.

കിട്ടാക്കനിയായി

കൊല്ലം കോർപ്പറേഷൻ ഭരണം

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൊയ്താൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടി ഭരണം പിടിക്കാനാകൂ എന്നാണ് നേതാക്കളെല്ലാം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നത്. 2000 ൽ കൊല്ലം കോർപ്പറേഷൻ രൂപീകരിച്ചതു മുതൽ ഇന്നുവരെ ഭരണം നടത്തുന്ന ഇടതു മുന്നണിയിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയെന്നത് കോൺഗ്രസിന്റെ കാലങ്ങളായുള്ള ലക്ഷ്യമാണെങ്കിലും അതിന്നും കിട്ടാക്കനിയായി അവശേഷിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോർപ്പറേഷന്റെ ചുമതല നൽകിയിട്ടുള്ളത് വി.എസ് ശിവകുമാറിനാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹം വല്ലപ്പോഴും കൊല്ലത്തെത്തി മടങ്ങുന്നതാണ് പതിവ്. കൊല്ലത്ത് താമസക്കാരായ ഏതെങ്കിലും നേതാക്കൾക്ക് ചുമതല നൽകണമെന്ന അഭിപ്രായമാണ് കൊല്ലത്തെ കോൺഗ്രസ് നേതാക്കൾക്കുള്ളത്. കോർപ്പറേഷൻ ഭരണം പിടിക്കുകയെന്നത് സ്വപ്നമായി മാത്രം അവശേഷിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 അസംബ്ളി മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. ബാക്കി 9 സീറ്റും നേടിയത് എൽ.ഡി.എഫാണ്. രണ്ടിൽ നിന്ന് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ കോൺഗ്രസിന് കേരള ഭരണം സ്വപ്നം കാണാനെങ്കിലും കഴിയുകയുള്ളു. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി കേരളം ഭരിക്കുമെന്നതാണ് മുൻകാല ചരിത്രം. 2016 ലെ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും 2021 ൽ 11 ൽ 9 സീറ്റും നേടിയ ഇടതുമുന്നണിയാണിപ്പോൾ കേരളം ഭരിക്കുന്നത്.

എ യും ബി യും

സി യും വേണ്ട

കോൺഗ്രസ് ഗ്രൂപ്പ് കളിയിലാണ് പലപ്പോഴും അവരുടെ സ്ഥാനാർത്ഥികൾ തോൽക്കുന്നതെന്നതാണ് ചരിത്രം. 2021ൽ കോൺഗ്രസിന് കൊല്ലം സീറ്റ് നഷ്ടപ്പെട്ടതും ഗ്രൂപ്പ് കളിയിലൂടെയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനെതിരെ മത്സരിച്ച ബിന്ദുകൃഷ്ണ തോറ്റത് വെറും 2000 വോട്ടിനായിരുന്നു. അത് മുൻകൂട്ടി കണ്ടാണ് ഗ്രൂപ്പ് കളി ഇനിയും ആവർത്തിച്ചാൽ ലക്ഷ്യം നേടാനാകില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓർമ്മിപ്പിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ എയും ബിയും സിയും ഡിയുമായിറങ്ങി ജയസാദ്ധ്യത ഇല്ലാതാക്കരുതെന്നും ഈഗോ മാറ്റിവച്ച് ജയമെന്ന ഒറ്റ ലക്ഷ്യം മുൻനിറുത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയം വളരെ പ്രധാനമാണ്. ഒരു സ്ഥാനാർത്ഥിയെയും കെട്ടിയിറക്കാൻ അനുവദിക്കില്ലെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചെങ്കിലും ഇത് യാഥാർത്ഥ്യമായാൽ നന്നായിരിക്കുമെന്നാണ് കോൺഗ്രസിൽ നിന്നുയരുന്ന അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRRES, EZHAVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION