SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 AM IST

മാറേണ്ടത് മനസിന്റെ കറുപ്പ്

sharadha

ടി. പദ്മനാഭൻ

രണ്ട് ജാനകിമാർ എന്നൊരു ലേഖനം ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. കറുത്ത ജാനകിയും വെളുത്ത ജാനകിയും. എനിക്ക് നേരിട്ട് അറിയാവുന്നവരാണ് ഇരുവരും. പേര് മാറ്റിയാണ് എഴുതിയത്. അതിൽ കറുപ്പു നിറക്കാരിയായ ജാനകിയുടെ ജീവിതം ശുഭകരമായിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതവും അവർക്ക് ലഭിച്ചു. ഭർത്താവ് ഒരു സുന്ദര പുരുഷനുമായിരുന്നു. വെളുത്ത ജാനകിയുടെ ജീവിതം അത്ര ശുഭകരമായിരുന്നില്ല. നിറത്തിന് എന്ത് അർത്ഥമാണുള്ളത്? മനുഷ്യരെ നിറത്തിന്റെ പേരിൽ വേർതിരിക്കുനന്ത് ശുദ്ധ വിവരക്കേടാണ്. വളരെ കറുപ്പിയായ ഒരു യുവതിയെ വെളുത്തു സുന്ദരനായ ഒരാൾ സ്നേഹിച്ചു വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നതും എനിക്കറിയാം. പാഞ്ചാലി കറുത്തിട്ടായിരുന്നില്ലേ? ശ്രീകൃഷ്ണൻ കറുത്തിട്ടായിരുന്നില്ലേ? മനസിന്റെ കറുപ്പാണ് മാറ്റേണ്ടത്.

കറുപ്പിന്റെ പേരിൽ വിവേചനം ഉണ്ടായാൽ എന്റെ സ്ഥിതിയെന്താകും? എനിക്കങ്ങനെ വിവേചനം നേരിടേണ്ടി വന്നിട്ടില്ല.

ആ പരാമർശം
മ്ളേച്ഛം, ക്ഷുദ്രം

സി.വി. ബാലകൃഷ്ണൻ

ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാളുടെ പ്രവർത്തനത്തെ നിറത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത വിധം ക്ഷുദ്രവും ബാലിശവുമാണ്. വെളുപ്പിന് എന്തെങ്കിലും മേന്മയുള്ളതായി എനിക്കു തോന്നിയിട്ടില്ല. അമേരിക്കൻ ഐക്യനാടുകളിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ നിലനിന്ന വർണ വിവേചനം ചരിത്രത്തിലെ മാഞ്ഞുപോയ ഏടുകളാണ്.

ലോക സാഹിത്യത്തിലും ലോക സിനിമയിലുമൊക്കെ കറുത്തവർ അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഓസ്‌കാർ അവാര്‍ഡ് നേടിയ എത്രോ കറുത്ത വംശജരെ നമുക്കറിയാം. സിഡ്‌നി പോയിറ്റ‌ർ. ഡെൻസൽ വാഷിംഗ്ടൺ, മോർഗൻ ഫ്രീമാൻ, വിൽ സ്മിത്ത് തുടങ്ങിയവരൊക്കെ അവരുടെ നൈസർഗികമായ കഴിവുകളിലൂടെ അംഗീകാരം നേടിയവരാണ്. സർഗാത്മകമായ കഴിവോ പ്രവർത്തന മികവോ ആണ് അവരെയൊക്കെ ഉന്നതമായ പരിഗണനകൾക്ക് അർഹരാക്കിയത്. ശാരദാ മുരളീധരനെ നിറത്തിന്റെ പേരിൽ ഇകഴ്ത്തിയത് ആരായലും ആ മനസ് വികൃതമാണ്, മ്ലേച്ഛമാണ്.

എന്നെ പ്രണയിച്ച
ശ്യാമസുന്ദരിമാർ

ശ്രീകുമാരൻ തമ്പി

എന്റെ 'കാക്കത്തമ്പുരാട്ടി" എന്ന നോവൽ തുടങ്ങുന്നത് കഥാനായികയായ ജാനമ്മയെ വർണിച്ചുകൊണ്ടാണ്- 'ജാനമ്മ കറുത്തതാണ്... എന്നാൽ എണ്ണക്കറുപ്പല്ല. വെയിലേറ്റു വാടിയ ഏത്തവാഴക്കൂമ്പിന്റെ നിറം... "- ജാനമ്മയെ പിന്നീട് നടി ശാരദ സിനിമയിൽ അവതരിപ്പിച്ചു. ഞാൻ കറുപ്പാണ്. പക്ഷെ എന്നെ പ്രണയിച്ച സ്ത്രീകളെല്ലാം വെളുത്തിട്ടായിരുന്നു. കറുപ്പിന് ഒരു പ്രശ്നവുമില്ലെന്ന് എനിക്കു മനസിലായി. എത്രയെത്ര കറുത്ത സുന്ദരിമാർ. അവരെ പ്രണയിച്ച് വിവാഹം ചെയ്യുന്നവർ...

കറുപ്പ് മോശമാണെന്നത് തെറ്റായ ചിന്തയാണ്. ഒരാളിന്റെ സ്വഭാവമാണ് ഏറ്റവും പ്രധാനം. നടൻ സത്യൻ കറുത്തിട്ടായിരുന്നില്ലേ?​ ചന്ദ്രലേഖയിൽ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യൻ താരറാണി ടി.ആർ. രാജകുമാരിയെ ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. ഒന്നാന്തരം കറുപ്പ്. മരിച്ചുപോയ പെങ്ങളുമായി നല്ല സൗഹൃദമുണ്ടായിരുന്ന ആളാണ് ശാരദാ മുരളീധരൻ. വളരെ കഴിവുള്ള ഒരു സ്ത്രീയാണ് അവർ. ആ കഴിവിനെയാണ് നമ്മൾ കാണേണ്ടത്.

നാണിക്കട്ടെ

കേരളം

ജസ്റ്റി​സ് പി​.എസ്.ഗോപി​നാഥൻ (റി​ട്ട.)

പത്താം ക്ളാസ് മുതൽ റാങ്കുകൾ നേടി ചീഫ് സെക്രട്ടറി പദവിയിലെത്തിയ ശാരദാ മുരളീധരൻ അതീവസമർത്ഥയായ വ്യക്തിയും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയുമാണ്. അവരെ നിറത്തിന്റെ പേരിൽ വേദനിപ്പിക്കുന്നവരുണ്ടെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? തൊലിയുടെ നിറവും ജാതിയും മതവുമൊക്കെ മനസിൽ കൊണ്ടുനടക്കുന്നവർ സമൂഹത്തിൽ ഇപ്പോഴും ജീവിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ. കേരളം നാണിക്കണം.

കഥാപാത്രത്തിന്റെ

'കറുപ്പിനഴക്..."

കമൽ

ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി ഞാൻ 'സെല്ലുലോയ്ഡ്" എന്ന സിനിമ ചെയ്തപ്പോൾ നായികാ കഥാപാത്രമായി തൊലിക്കറുപ്പുള്ള ഒരു നടിയെയാണ് അന്വേഷിച്ചത്. പി.കെ. റോസിയുടെ ക്യാരക്ടർ ആയിരുന്നല്ലോ അത്. ഒരു കീഴാള പെൺകുട്ടിയുടെ കഥാപാത്രം. പൊതുവെ സമൂഹം അങ്ങനെ ചിന്തിക്കും. പക്ഷെ അതൊരു ശരിയായ ചിന്തയാണെന്ന അഭിപ്രായം എനിക്കില്ല. ഒടുവിൽ കറുപ്പു നിറക്കാരിയായ ചാന്ദ്നിയെ കണ്ടെത്തി അഭിനയിപ്പിച്ചു.

കഥാപാത്രത്തിന് അനുസൃതമായിട്ടായിരുന്നു ആ സെലക്ഷൻ. ചാന്ദ്നി പിന്നീട് പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇപ്പോൾ ഓസ്ട്രേലിയയിലാണ്. 'നമ്മൾ" എന്ന ചിത്രം ചെയ്തപ്പോൾ വെളുത്ത ഭാവനയെ ‌ഡാർക്ക് മേക്കപ്പിട്ടാണ് അവതരിപ്പിച്ചത്. ഭാവന അവതരിപ്പിച്ച പരിമളം എന്ന കഥാപാത്രം തമിഴ്നാട്ടിൽ നിന്ന് വന്നവരായിരുന്നു. മേക്കപ്പ് ടെസ്റ്റ് കഴി‌ഞ്ഞ് ഭാവനയുടെ സമ്മതത്തോടെയാണ് ആ കഥാപാത്രത്തെ അവർക്കു നൽകിയത്.

'സ്വപ്നക്കൂട്" എന്ന എന്റെ ചിത്രത്തിൽ 'കറുപ്പിനഴക് ... വെളുപ്പിനഴക്..." എന്നൊരു പാട്ടുണ്ട്. കൈതപ്രം തിരുമേനി എഴുതിയതാണ്. പക്ഷെ,​ ഒരു നിർമ്മാതാവ് ചോദിച്ചു; 'വെളുപ്പിനഴക്..." എന്നു തുടങ്ങിയാൽ പോരേ എന്ന്. ഓരോരുത്തരും ഓരോ രീതിയിൽ ചിന്തിക്കുന്നു. തമിഴിൽത്തന്നെ രജനീകാന്തും വിജയും മരിച്ചുപോയ വിജയ്‌കാന്തുമൊക്കെ കറുത്തിട്ടല്ലേ. 'കറുപ്പിന് ഒരു ദോഷവുമില്ല. ഞാൻ കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചാണ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കാറുള്ളത്. 'കറുപ്പു താൻ എനിക്കു പുടിച്ച കളറ്..." എന്ന് തമിഴ് സിനിമയിൽ ഒരു പാട്ടുണ്ട്. പക്ഷെ,​ അത് വെളുത്ത നായിക കറുത്ത നായകനെ നോക്കി പാടുന്നതാണ് എന്നു മാത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARDHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION