
നമ്മൾ എത്ര കാലം സംസാരിച്ചുകൊണ്ടിരുന്നിട്ടും, നിറത്തെ മുൻനിറുത്തിയുള്ള നമ്മുടെ സങ്കല്പങ്ങൾക്ക് ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പോസ്റ്റും അതിനെക്കുറിച്ചുള്ള പ്രതികരണങ്ങളും. വളരെ ഉന്നതമായൊരു സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ. സത്യത്തിൽ ശാരദാ മുരളീധരൻ കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്ന് ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഫോട്ടോ കണ്ടിട്ടുണ്ട്. അവരുടെ നിറം ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാരണം, എന്നെ അസൂയപ്പെടുത്തിയിട്ടുള്ള ഒരു സ്ഥാനത്താണ് അവർ ഇരിക്കുന്നത്.
അവർ കടന്നുപോകുന്ന വളർച്ചയുടെ വഴികൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ നിലപാടുകൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ ഭർത്താവ് വെളുത്തതാണോ എന്നും എനിക്കറിയില്ല. ഞാൻ അതും നോക്കിയിട്ടില്ല. അവരൊക്കെ എത്തിപ്പെട്ട ചില സ്ഥാനങ്ങൾ, ആ സ്ഥാനങ്ങളുടെ വലിപ്പം... അതൊക്കെയാണ് എന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളത്. ഉന്നതസ്ഥാനീയ ആയ ആ സ്ത്രീ പോലും ഇതിന്റെ പേരിൽ ഇത്രയധികം ഇൻസൾട്ട് സഹിച്ചിട്ടുണ്ട് എന്നത് അവർ തന്നെ പറഞ്ഞപ്പോൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ. നമ്മളറിയാത്ത ഒരുപാടു കാര്യങ്ങൾ വലിയ സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾ പോലും നിറത്തിന്റെ പേരിൽ അനുഭവിക്കുന്നുണ്ട് എന്നുള്ളത് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.
നമ്മുടെ മാട്രിമോണി പരസ്യങ്ങളും, കറുത്ത നിറത്തെ നോക്കി പരിഹസിക്കുന്ന കോമഡി സ്കിറ്റുകളും നോക്കൂ. നമ്മുടെ വീട്ടിൽത്തന്നെ വിവാഹാലോചനകൾ നടക്കുമ്പോഴുള്ള സംഭാഷണങ്ങളും, ഒരു കുഞ്ഞ് ജനിക്കുമ്പോഴത്തെ സംഭാഷണങ്ങളും ശ്രദ്ധിച്ചാൽ ഇതു മനസിലാകും. കുട്ടി കറുത്തതാകുമ്പോൾ തുടങ്ങും വീട്ടിലുള്ളവരുടെ അസ്വസ്ഥത. പെൺകുട്ടി കൂടിയാണെങ്കിൽ പറയുകയും വേണ്ട. കല്യാണ മാർക്കറ്റിൽ ഇവളെ എങ്ങനെയാണ് അവതരിപ്പിക്കുക എന്നത് വലിയ പ്രശ്നമാകുന്നു. കല്യാണ മാർക്കറ്റ് എന്നു തന്നെയാണല്ലോ പറയുന്നത്!
സത്യത്തിൽ നമ്മളാരും വെളുത്തവരല്ല. ബ്രൗൺ ആണ് നമ്മുടെ നിറം. നമ്മൾ പുറത്തെ രാജ്യത്തൊക്കെ ചെന്നാൽ നമ്മളാരും വെളുത്തവർ അല്ലല്ലോ. പക്ഷേ നമുക്കിടയിൽ ഈ കറുപ്പിനെക്കുറിച്ച് ആലങ്കാരികമായി പറയുന്ന സംഭാഷണങ്ങൾ പോലും ആ നിറത്തിന് എതിരാണ്! കറുത്താൽ എന്താ കുഴപ്പം എന്നു ചോദിക്കും. കറുപ്പല്ലാത്ത നിറത്തിന്റെ മഹാത്മ്യത്തെക്കുറിച്ചാണ് വ്യംഗ്യമായി നമ്മൾ പറയുന്നതും ചിന്തിക്കുന്നതും. ജാതീയമായ കറുപ്പ് അനുഭവിക്കുന്ന അവഹേളനങ്ങൾ ഇതിനേക്കാൾ രൂക്ഷമാണ്.
ഇതൊക്കെ കാണുമ്പോൾ സാധാരണഗതിയിൽ ഞാൻ ഫേസ്ബുക്കിൽ ആയാലും ഒന്നും പ്രതികരിക്കാറില്ല. കാരണം എനിക്കു ഭയമാണ്. പ്രതികരിക്കുമ്പോൾ എന്റെയുള്ളിലും എവിടെയോ അടിഞ്ഞുകിടക്കുന്ന എന്തെങ്കിലും വർണ വിവേചനപരമായ മാലിന്യം എന്റെ ഭാഷയിലൂടെ പുറത്തു വന്നുപോകുമോ എന്ന്! സത്യമായും എനിക്ക് പേടിയാണ്. പ്രതികരിക്കുന്നതിനു മുന്നേ ഞാൻ വളരെ ശ്രദ്ധിക്കും. പുതിയ ജനറേഷനെക്കുറിച്ച് എനിക്ക് കുറച്ചുകൂടി വിശ്വാസമുണ്ട്. ഇത്തരം വേർതിരിവുകൾ അവർ അധികം വകവെച്ചു കൊടുക്കാറില്ല.
എങ്കിലും കല്യാണ മാർക്കറ്റിൽ ഇപ്പോഴും ഡിമാൻഡ് വെളുപ്പിനു തന്നെയാണ്. കരിവിളക്കും നിലവിളക്കും, കറുത്തവാവും വെളുത്ത വാവും എന്നൊക്കെ വിവാഹ ഫോട്ടോകൾക്കു താഴെ കമന്റുകൾ തന്നെയുണ്ട്. നമ്മളെ ഭരിക്കുന്ന ഒരുപാട് തെറ്റായ വിശ്വാസങ്ങളുണ്ട്. ചുരണ്ടിക്കളഞ്ഞാലും കഴുകിക്കളഞ്ഞാലും പോകാത്തതാണ് അവ. അതിൽനിന്നൊക്കെ എന്നാണ് നമ്മൾ പുറത്ത് കടക്കുക എന്നുള്ളത് അറിയില്ല. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരുപാട് ആളുകൾ അതിനെക്കുറിച്ച് പറയുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ട്. കറുപ്പിന്റെ രാഷ്ട്രീയം വളരെ ശക്തമായി സംസാരിച്ചു വരുന്നുണ്ട്. ജാതിയുടെ രാഷ്ട്രീയം സംസാരിച്ചുവരുന്നുണ്ട്. എന്നാൽപ്പോലും മാറാതെ കിടക്കുന്ന ചില മാലിന്യങ്ങൾ നമ്മുടെ ഉള്ളിലുണ്ട്. അതാണല്ലോ ശാരദാ മുരളീധരനു പോലും ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നത്.
ജാതീയവും വംശീയവുമായ വേർതിരിവുകൾ ഇല്ലാതാക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ശാരദാ മുരളീധരനെപ്പോലെ ഒരു ഉന്നത വ്യക്തി ഇങ്ങനെയൊരു പോസ്റ്റ് ഇടണമായിരുന്നുവോ എന്ന് ഒരാൾ എന്നോടു ചോദിച്ചു. നിറത്തെക്കുറിച്ച് നിലനിൽക്കുന്ന ബോധത്തെ ശക്തമാക്കുകയല്ലേ ഇത്തരം പോസ്റ്റുകൾ ചെയ്യുന്നത് എന്നായിരുന്നു അയാളുടെ ന്യായം. പക്ഷേ, ഇന്നും മാലിന്യപ്പെട്ടു നിൽക്കുന്ന ഒരു ജനതയാണ് നമ്മളെന്ന തിരിച്ചറിവുണ്ടാക്കാൻ ആ പോസ്റ്റ് സഹായകമായി എന്നുതന്നെ ഞാൻ വിചാരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |