
1950 കാലഘട്ടങ്ങളിൽ തിരുവിതാംകൂറിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയവരുടെ മുഖ്യ ഉപജീവന മാർഗം കൃഷിയായിരുന്നു. മലമ്പനിയും മരം കോച്ചുന്ന തണുപ്പും വന്യമൃഗങ്ങളെയും നേരിട്ടുകൊണ്ടുള്ള ജീവിതസമരത്തിൽ പലരുടെയും ജീവൻ തന്നെ ഹോമിക്കപ്പെട്ടു. അങ്ങനെ പിൽക്കാലത്ത് വയനാടൻ മണ്ണ് കൃഷിക്ക് വളക്കൂറുള്ളതായി മാറി. ഇവിടേക്കുള്ള കുടിയേറ്റങ്ങളും വർദ്ധിച്ചു. കാടിന്റെയും മണ്ണിന്റെയും മക്കളായ ആദിവാസികളും കർഷക തൊഴിലാളികളും ചോര നീരാക്കി ഇവിടെ കനകം വിളയിക്കാൻ മുന്നിലുണ്ടായിരുന്നു. കർണാടകയിലെ കുടക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പ്പാദിപ്പിക്കുന്ന ജില്ലയായി മാറി. ഒരു ഇഷ്ടത്തിന് വീട്ടമ്മമാർ വളർത്തുമൃഗങ്ങളെ പരിപാലിച്ചും പോന്നു. എല്ലാരീതിയിലും കൃഷിയുമായി ഇണങ്ങി ജീവിച്ചവരുടെ നാടായിരുന്നു വയനാട്.
കൃഷിയിൽ നിന്ന്
ടൂറിസത്തിലേക്ക്
കാലവും കാലാവസ്ഥയും മാറിയപ്പോൾ കൃഷികൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയുണ്ടായി. കെട്ടുതാലി പണയം വച്ച് കൃഷിയിറക്കിയവർക്ക് കണ്ണീരിന്റെ പറയാനുണ്ടായിരുന്നത് കഥകളായിരുന്നു. തൊട്ടടുത്ത കർണാടകയിലെ കുടക് ജില്ലയിലുള്ളവർക്ക് ഇഞ്ചി എന്തെന്ന് പോലും അറിവില്ലാതിരുന്ന സമയത്ത് അവിടേക്ക് പോയി ഇഞ്ചി കൃഷി ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാൻ വയനാട്ടുകാർ മത്സരിച്ചു. തുടക്കത്തിൽ വിജയമായിരുന്നെങ്കിലും കൂടുതൽ പേർ ഈ രംഗത്തേക്ക് വന്നതോടെ ഹെക്ടർ കണക്കിന് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർക്ക് തിരിച്ചടിയായി. വിലയിടിവും കർഷകരെ തളർത്തി. പലരും പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യയിൽ അഭയം കണ്ടെത്തി. വീട്ടുകാരെപ്പോലും വിട്ട് മാസങ്ങളായി കുടകിലെ പാടങ്ങളിൽ വിയർപ്പൊഴുക്കിയ വയനാടൻ ജനത ഉൾപ്പെടെയുള്ളവർക്ക് പറയാൻ സങ്കടക്കഥകൾ ഏറെയാണ്.
വയനാട്ടിലെ കാർഷികരംഗം തകിടം മറിയാൻ തുടങ്ങി. ഒന്നിന് പുറകെ മറ്റൊന്നായി ആത്മഹത്യകൾ പെരുകി. കടക്കെണിയും ധനകാര്യ സ്ഥാപനങ്ങളുടെ വേട്ടയാടലും പിന്നാലെ. ഇതോടെയാണ് ടൂറിസം വയനാട്ടിൽ പച്ച പിടിക്കാൻ തുടങ്ങിയത്. ഇവിടെയുളള കുന്നുകളും മലകളും എല്ലാം ടൂറിസ്റ്റുകളെ ആകർഷിക്കുന്നതായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ വളർന്നതോടെ അതിനോട് ചേർന്ന താമസക്കാരും അതുവച്ച് വരുമാന മാർഗങ്ങൾ കണ്ടെത്തി. ഉപ്പിലട്ടതും വയനാടൻ ഉത്പ്പന്നങ്ങളും എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് ചുറ്റുമായി ഹോം സ്റ്റേകളും റിസോർട്ടുകളും ഉയർന്നു. കാർഷിക ജില്ലയായ വയനാട്ടിൽ ടൂറിസം അങ്ങനെയാണ് വേര് പിടിച്ചത്. സംസ്ഥാനത്തും പുറത്തുനിന്ന് മാത്രമല്ല, രാജ്യത്തിന് പുറത്തുനിന്നും ടൂറിസ്റ്റുകൾ വയനാട്ടിലേക്ക് ഒഴുകിയെത്തി. ഒരു ചെറിയ അരുവിയും പല ശിഖരങ്ങളുളള ഒരു മരവും ഉണ്ടെങ്കിൽ അവിടെ ഒരു ഏറ് മാടം കെട്ടി റിസോർട്ടാക്കാം എന്ന ചിന്ത വയനാട്ടുകാരിൽ ഉടലെടുത്തു. എല്ലാം ടൂറിസത്തിന് വേണ്ടി. ഇതൊക്കെ തകിടം മറിയാൻ അധിക കാലം വേണ്ടി വന്നില്ല. കൊവിഡും നിപ്പയും പ്രളയവും വയനാടിനെയും ബാധിച്ചു. ഒരു മനുഷ്യൻ പോലും ചുരം കയറി വന്നില്ല. കാർഷിക വൃത്തിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടപ്പോൾ അൽപ്പം ആശ്വാസമായത് ടൂറിസം മേഖലയായിരുന്നു. കൊവിഡ് അടക്കം വന്നതോടെ ആ പ്രതീക്ഷയും തകർന്നു. അപ്പോഴും വയനാട്ടിലെ ജനങ്ങൾ പിടിച്ച് നിന്നത് വളർത്തു മൃഗങ്ങളെ ആശ്രയിച്ചാണ്.
ഉരുൾ ദുരന്തത്തിന്റെ
ബാക്കിപത്രം
കൊവിഡ് പ്രതിസന്ധിയ്ക്കുശേഷം വയനാട് ടൂറിസം മേഖല പഴയ ഊർജം വീണ്ടെടുത്ത് മുന്നേറുമ്പോഴാണ് കഴിഞ്ഞ ജൂലായ് 30ന് രാജ്യത്തെ നടുക്കിയ ഉരുൾദുരന്തം മുണ്ടക്കൈ ചൂരൽമല മേഖലകളിലുണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ വയനാട്ടുകാരായ നാനൂറിലധികം പേരുടെ ജീവനാണ് നഷ്ടമായത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിലുണ്ടായ ദുരന്തം രാജ്യം കണ്ട ഏറ്റവും വലിയ മഹാദുരന്തമായിരുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകൾ മാസങ്ങളോളം വയനാടൻ മേഖലയിൽ തളംകെട്ടി നിന്നു. ഇതിനു ബാക്കിപത്രമെന്നോണം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ ഡിസംബർ വരെ ജില്ലയിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ദുരന്തത്തിനു ശേഷം പുറം ലോകം വിലയിരുത്തിയത് വയനാടാകെ തകർന്നു എന്ന നിലയിലായിരുന്നു.
അതിജീവിച്ച്
മുന്നോട്ട് പോകുമ്പോഴും
വയനാടിനെ വീണ്ടെടുക്കാൻ വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ അടക്കമുണ്ടായത്. ജില്ലയിലെ ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ദുരന്തം ഉണ്ടായതെന്നും ബാക്കി പ്രദേശങ്ങളെല്ലാം സുരക്ഷിതമാണെന്നും വിദേശികളെയടക്കം ബോദ്ധ്യപ്പെടുത്താൻ ഏറെ അദ്ധ്വാനിക്കേണ്ടി വന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വൻ പ്രചാരണമാണ് വയനാടിന് വേണ്ടി സംസ്ഥാനത്തും പുറത്തുമായി നടന്നത്. വയനാടിനായി വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും അനുകൂല പ്രചാരണങ്ങൾ വർദ്ധിച്ചു. ഈ ശ്രമങ്ങൾക്കൊല്ലാം വയനാടിനെ തിരിച്ച് പിടിക്കാനും കഴിഞ്ഞു എന്നതാണ് സത്യം. ഇപ്പോൾ വയനാട്ടിലേക്ക് ജനങ്ങൾ പഴയത് പോലെ വരാൻ തുടങ്ങി. വയനാട് ഡി.ടി.പി.സിയും ടൂറിസം രംഗത്തെ സംഘടനകളും മത്സരിച്ചുകൊണ്ട് രംഗത്തുണ്ട്. കഴിഞ്ഞ ദിവസമാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ടൂറിസരംഗത്തേക്ക് സഞ്ചാരികളെ ആകർഷിക്കാനായുളള പ്രചാരണ പരിപാടികൾ നടത്തിയത്. ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് അസോസിയേഷൻ ഒഫ് ടൂറിസം ട്രെയ്ഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ദിദ്വിന കൺവെൻഷനും നടന്നു. പ്രിയങ്കഗാന്ധി എം.പിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. വയനാടൻ ടൂറിസത്തെ തിരിച്ച് പിടിക്കാൻ കൊണ്ട് പിടിച്ച ശ്രമങ്ങളാണ് രാജ്യത്തെങ്ങും നടത്തുന്നതും നടക്കുന്നതും. പക്ഷെ, പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പറയാതെ വയ്യ. വെക്കേഷൻ കാലം തുടങ്ങുകയാണ്. വയനാടിന്റെ ഭംഗി ആസ്വദിക്കാനായി നിരവധി ആളുകൾ ഇക്കാലയളവിൽ ഒഴുകിയെത്തും. എന്നാൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ പരിമിതമാണെന്ന കാര്യം അധികൃതർ കാണാതെ പോകരുത്. വിദേശ സഞ്ചാരികളടക്കം ഇവിടേക്ക് എത്തുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |