
വിശാഖപട്ടണത്ത് 2015-ൽ നടന്ന 21-ാം പാർട്ടി കോൺഗ്രസിനു ശേഷം ജനറൽ സെക്രട്ടറിപദം ചർച്ചയാകുന്നു എന്നതാണ് മധുര സമ്മേളനത്തിന്റെ പ്രത്യേകത. എസ്. രാമചന്ദ്രൻ പിള്ളയെ മുന്നിൽ നിറുത്തി പ്രകാശ് കാരാട്ട് പക്ഷം നടത്തിയ നീക്കങ്ങളെ പ്രതിരോധിച്ചാണ് അന്ന് സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ നിന്ന് വ്യത്യസ‌്തമായി ഇക്കുറി പാർട്ടിക്കുള്ളിലെ ചർച്ചകളിലൂടെ രൂപപ്പെടുന്നയാൾ ജനറൽ സെക്രട്ടറി ആകുമെന്നുറപ്പ്. 2015-ൽ അന്ന് പ്രകാശ് കാരാട്ട് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞപ്പോൾ മധുരയിലെത്തുമ്പോൾ സീതാറാം യെച്ചൂരി അകാലത്തിൽ വിടവാങ്ങിയെന്ന വ്യത്യാസവുമുണ്ട്.
വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ പാർട്ടിയിൽ അന്നും ഇന്നും ശക്തമായ കേരള ഘടകമാണ് എസ്.ആർ.പിയെ മുന്നിൽ നിറുത്തിയുള്ള നീക്കങ്ങൾ നടത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വന്ന സാഹചര്യം ചൂണ്ടിക്കാട്ടി പാർലമെന്ററി അനുഭവങ്ങളുള്ള യെച്ചൂരിക്കായി ബംഗാൾ ഘടകം സമ്മർദ്ദം ചെലുത്തി. എസ്.ആർ.പിയെ ജനറൽ സെക്രട്ടറിയായി നിർദ്ദേശിച്ചാൽ മത്സരം വേണ്ടിവരുമെന്ന നിലയിലായി. മത്സരിക്കുമെന്ന് യെച്ചൂരി തുറന്നു പറഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിവസം പോലും തീരുമാനമായിരുന്നില്ല. പരാജയപ്പെട്ടാൽ നാണക്കേടാകുമെന്ന സാഹചര്യത്തിനൊടുവിൽ എസ്.ആർ.പി പിൻവാങ്ങിയതോടെ യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു.
2018-ൽ നടന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ യെച്ചൂരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് വലിയ കോലാഹലങ്ങളില്ലാതെ. കോൺഗ്രസുമായുള്ള ബന്ധത്തിന്റെ പേരിൽ കേരള ഘടകത്തിൽ നിന്നുള്ള എതിർപ്പ് ഏറ്റുവാങ്ങിയതൊഴികെ യെച്ചൂരിക്ക് വലിയ സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വന്നില്ല. 2022-ൽ കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിലെത്തിയപ്പോൾ യെച്ചൂരിയും കാരാട്ടും ഏതാണ്ട് സമരസപ്പെട്ട കാഴ്‌ചയാണ് കണ്ടത്. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് അടങ്ങിയ മതേതര ചേരിക്കൊപ്പം കൂട്ടുകൂടാനുള്ള ധാരണയും യെച്ചൂരി മുൻകൈയെടുത്ത് അതു പിന്നീട് 'ഇന്ത്യ" മുന്നണിയുടെ രൂപീകരണത്തിന് ഇടയാക്കിയതും ചരിത്രം.
അകാലത്തിൽ വിടവാങ്ങിയില്ലായിരുന്നെങ്കിലും ജനറൽ സെക്രട്ടറി പദത്തിൽ മധുരയിൽ യെച്ചൂരിക്ക് പുതിയ പിൻഗാമി ഉണ്ടാകുമായിരുന്നു. നിലവിലെ പി.ബി അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവുലു, കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ എന്നിവരുടെ പേരുകളിലൊന്ന് ഉറപ്പിക്കുമെന്നും കേൾക്കുന്നു. ഇക്കാര്യത്തിൽ കോ-ഓർഡിനേറ്റർ ആയ പ്രകാശ് കാരാട്ടിന് 2015-ൽ അനുഭവിച്ച സമ്മർദ്ദം ഉണ്ടാകാനിടയില്ല. കേരള ഘടകത്തിന്റെ തീരുമാനം നിർണായകമാണുതാനും.
ഇം.എം.എസിനു
ശേഷം ബേബി
ലഭിക്കുന്ന സൂചനകൾ പ്രകാരം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും പി.ബി അംഗവുമായ എം.എ. ബേബിക്കാണ് ജനറൽ സെക്രട്ടറി പദത്തിൽ സാദ്ധ്യത കൂടുതൽ. സീനിയോറിട്ടിയും പ്രായവും (72) കേന്ദ്ര ഘടകത്തിലെ അനുഭവങ്ങളും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. പക്ഷേ അധികാരത്തിൽ ശേഷിക്കുന്ന കേരളത്തിൽ മാത്രമായി സി.പി.എം ഒതുങ്ങിയെന്ന് അല്ലെങ്കിലേ പരിഹാസമുണ്ട്. ജനറൽ സെക്രട്ടറിയും ഇവിടെ നിന്നായാൽ വിമർശകർക്ക് എളുപ്പമാകും. പന്ത് കേരള ഘടകത്തിന്റെ കോർട്ടിലാണ്.വൃന്ദാ കാരാട്ടിന് പ്രായപരിധിയിൽ ഇളവു നൽകി ആദ്യ വനിതാ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം നിലവിലുണ്ടെങ്കിലും, താൻ പി.ബിയിൽ നിന്ന് വിരമിക്കുകയാണെന്ന് വൃന്ദ ഇന്നലെ പരസ്യമായി വ്യക്തമാക്കിയതോടെ അതിനുള്ള സാദ്ധ്യത മങ്ങി.
വളരെ നേരത്തേ പാർട്ടി കേന്ദ്രക്കമ്മിറ്റിയിലെത്തിയ ബേബി 2012-ൽ കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിലാണ് പി.ബിയിലെത്തുന്നത്. പാർട്ടി സെൻട്രൽ സെക്രട്ടേറിയറ്റിലും അംഗമായിട്ടുണ്ട്. 2008-ൽ കോയമ്പത്തൂരിൽ നടന്ന 19-ാം പാർട്ടി കോൺഗ്രസിൽ അദ്ദേഹത്തെ പി.ബിയിൽ എടുക്കേണ്ടതായിരുന്നു. സ്വാഭാവികമായും ബേബി അന്ന് പി.ബിയിൽ എത്തുമെന്നു കരുതിയെങ്കിലും അവസാനനിമിഷം വി.എസ്. അച്യുതാനന്ദൻ കോടിയേരിയുടെ പേര് നിർദ്ദേശിച്ചതോടെ ഔദ്യോഗിക പക്ഷത്തിന് ആ തീരുമാനത്തിനൊപ്പം നിൽക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.
അനുഭവ സമ്പത്തും മുതിർന്ന നേതാവെന്ന പരിഗണനയുമാണ് ആന്ധ്രയിൽ നിന്നുള്ള ബി.വി. രാഘവുലുവിനുള്ള പ്ളസ് പോയിന്റ്. പക്ഷെ ദേശീയ നേതാവെന്ന പരിവേഷമില്ല.വർഗ, ബഹുജന സംഘടനകളിലെ സംഘടനാ പരിചയം മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവ്‌ളെയ്‌ക്കും സാദ്ധ്യതകൾ നൽകുന്നു. എന്നാൽ ബേബിയോളം തലയെടുപ്പ് ഇവർ ഇരുവർക്കുമില്ലെന്നത് ബേബിയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |