
സീതാറാം യെച്ചൂരിക്കു പിൻഗാമിയായ ജനറൽ സെക്രട്ടറിയും, എഴുപത്തിയഞ്ചു വയസ് പ്രായപരിധി കർശനമാക്കുന്നതിനാൽ കമ്മിറ്റികളിൽ മുതിർന്ന നേതാക്കൾക്കു പകരം പുതുമുഖങ്ങളും വരുന്നതോടെ സി.പി.എം നേതൃനിരയിൽ തലമുറമാറ്റത്തിന് വഴിയൊരുക്കുകയാണ് മധുരയിലെ 24-ാം പാർട്ടി കോൺഗ്രസ്. കേരളത്തിലൊഴികെ ദുർബലമായ പാർട്ടിയുടെ നഷ്‌ടപ്രതാപം തിരിച്ചുപിടിക്കാൻ പുതിയ നേതാക്കൾ അനിവാര്യമാണെന്ന കാഴ്‌ചപ്പാടിന്റെ തുടർച്ചയാണ് എഴുപത്തിയഞ്ചിന്റെ പ്രായപരിധി. അടിസ്ഥാന വർഗങ്ങൾക്കിടയിലും സംഘടിത മേഖലയിലും സ്വാധീനം വർദ്ധിപ്പിക്കുകയും, ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് അടക്കമുള്ള ലക്ഷ്യങ്ങളിലേക്കു നീങ്ങാൻ തലമുറമാറ്റം സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
അന്തരിച്ച സീതാറാം യെച്ചൂരി 1992-ൽ പി.ബിയിൽ എത്തുമ്പോൾ 34 വയസായിരുന്നു. അതേ വർഷം മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് എത്തിയത് 44-ാം വയസിലും. ചെറുപ്പക്കാരെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഇം.എം.എസിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു അത്. ദീർഘകാലം നേതൃപദവിയിലിരുന്നതിനാൽ പാർട്ടി നയങ്ങളിലും ദേശീയ തലത്തിലും സ്വാധീനമുണ്ടാക്കാനും ഇരുവർക്കും സാധിച്ചു.
75 വയസ് പ്രായപരിധി കർശനമാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന രീതിക്ക് കണ്ണൂർ പാർട്ടി കോൺഗ്രസിൽ തുടക്കം കുറിച്ചിരുന്നു. നിലവിലെ 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ മുപ്പതു ശതമാനം പേർ അറുപത് വയസിൽ താഴെയുള്ളവരാണ്. പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ പ്രൊഫഷണൽ കോളേജുകളിൽ നിന്നും മറ്റും യുവാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് അടക്കം നിരവധി പദ്ധതികൾ അസൂത്രണം ചെയ്തിട്ടുണ്ട്. പഠന കാലത്ത് എസ്.എഫ്.ഐയിൽ സജീവമായ പലരും പാർട്ടിയിലേക്ക് എത്തുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
പിണറായിയിക്ക് ഇളവു നൽകിയാൽ പി.ബിയിൽ ആറും കേന്ദ്ര കമ്മിറ്റിയിൽ പതിനഞ്ചോളവും നേതാക്കളുമാണ് പ്രായപരിധി കർശനമാക്കിയാൽ മാറേണ്ടത്. ഇങ്ങനെ ഒഴിയുന്ന മുതിർന്ന നേതാക്കളുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താൻ കമ്മിറ്റികളിൽ ക്ഷണിതാക്കളാക്കുന്നതും പോഷക സംഘടനകളിൽ ഉൾപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |