SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

മരണക്കളിയായി വീട്ടിലെ പ്രസവം !

asma

'വീട്ടിൽ പ്രസവിച്ചാലെന്താ കുഴപ്പം? എന്റെ അമ്മ 12 പ്രസവിച്ചു, എല്ലാം വീട്ടിലായിരുന്നു." പണ്ടുകാലത്ത് വീട്ടമ്മമാരുടെ വാദങ്ങളാണിതൊക്കെ. ആരോഗ്യ സംവിധാനങ്ങളൊന്നും ഇന്നത്തെപ്പോലെ പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് വീട്ടിൽ പ്രസവം സർവസാധാരണമായിരുന്നു. പ്രസവമെടുക്കാൻ പരിശീലനം സിദ്ധിച്ച 'വയറ്റാട്ടി" സ്ത്രീകളും അന്നുണ്ടായിരുന്നു. എന്നാൽ 12 പ്രസവിച്ചതിൽ എത്ര കുട്ടികൾ ജീവിച്ചു, ജീവിച്ചവർ എത്രകാലം ജീവിച്ചു, പ്രസവത്തിൽ മരിച്ച സ്ത്രീകൾ എത്ര? തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളൊന്നും വീട്ടിൽ പ്രസവവാദക്കാർ പുറത്തു പറയാറില്ല. ആരോഗ്യരംഗവും പ്രസവരക്ഷാ സംവിധാനങ്ങളുമെല്ലാം പുരോഗമിച്ച ഇക്കാലത്ത് പ്രസവവേദന അറിയാതെ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകാൻ താത്പര്യപ്പെടുന്ന സ്ത്രീകളുണ്ടെന്നാണ് ഗൈനക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് ഗർഭിണിയുടെ ജീവൻ പോലും പണയപ്പെടുത്തി രഹസ്യമായി വീട്ടിൽ പ്രസവിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും ഇക്കാലത്തും അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും വികല കാഴ്ചപ്പാടുകളും ചേർന്ന് ചെറിയൊരു വിഭാഗത്തെയെങ്കിലും ഇതിന് പ്രേരിപ്പിക്കുന്നുവെന്നത് ഉത്ക്കണ്ഠാജനകമാണ്. ഏറ്റവമൊടുവിൽ മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ച സംഭവമാണിപ്പോൾ ചർച്ചയായിരിക്കുന്നത്. മലപ്പുറം കോഡൂർ ചട്ടിപറമ്പിലെ വാടകവീട്ടിൽ പ്രസവിച്ച പെരുമ്പാവൂർ സ്വദേശിനി അസ്‌മ (35) യാണ് അഞ്ചാം പ്രസവത്തിടെ അമിതരക്തസ്രാവത്തെ തുടർന്ന് മരിച്ചത്. ആശുപത്രിയിൽ പോകാൻ അനുവദിക്കാത്ത ഭർത്താവ് അമ്പലപ്പുഴ സ്വദേശി സിറാജുദ്ദീനെ അസ്‌മയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ പൊലീസ് അറസ്റ്റുചെയ്തു. ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് ആറോടെ വീട്ടിൽ പ്രസവിച്ച അസ്‌മക്ക് കടുത്ത രക്തസ്രാവവും ശ്വാസംമുട്ടലുമുണ്ടായി ജീവൻ നഷ്ടപ്പെട്ടിട്ടും ആരെയും അറിയിക്കാൻ സിറാജുദ്ദീൻ തയ്യാറായില്ല. മൂന്നു മണിക്കൂറോളം അസ്വസ്ഥതകളോടെ ജീവനായി മല്ലിട്ട ശേഷമാണ് അസ്‌മ മരിച്ചത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ ആംബുലൻസ് വിളിച്ച് അസ്‌മയുടെ മൃതദേഹവും നവജാതശിശുവിനെയും കയറ്റി പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ സംശയം തോന്നിയ ആംബുലൻസ് ഡ്രൈവറാണ് രഹസ്യമായി പൊലീസിനെ അറിയിച്ചത്. പെരുമ്പാവൂരിലെത്തിയപ്പോൾ പൊലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല.

നരഹത്യക്ക് സമാനം

ചികിത്സതേടാതെ യുവതിയെ കൊലയ്ക്ക് കൊടുത്ത സിറാജുദ്ദീനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. അന്ധവിശ്വാസത്തിന്റെയും വ്യാജചികിത്സയുടെയും പേരിൽ ഭാര്യക്ക് മതിയായ ചികിത്സ നൽകാതെ മരണത്തിന് വിട്ടുകൊടുത്ത ഇയാളുടെ പ്രവൃത്തികൾ മുഴുവൻ ദുരൂഹതകളാണ്. നവജാത ശിശുവിന്റെ ചോരക്കറപോലും തുടയ്ക്കാതെ അസ്മയുടെ മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടി ആംബുലൻസിൽ കയറ്റിയാണ് പെരുമ്പാവൂരിലെത്തിച്ചത്. ഏതാനും സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഭാര്യവീട്ടിലെത്തിയപ്പോൾ സംശയം തോന്നിയ ബന്ധുക്കൾ സിറാജുദ്ദീനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം നൽകിയില്ല. യുവതിയുടെ മരണം നരഹത്യക്ക് തുല്യമാണെന്ന് മന്ത്രി വീണ ജോർജും അഭിപ്രായപ്പെട്ടു. അക്യുപംക്ചർ, സിദ്ധ ചികിത്സ നടത്തുന്ന സിറാജുദ്ദീൻ ആത്മീയ യു ട്യൂബ് ചാനലും നടത്തുന്നുണ്ട്. വീട്ടിൽ പ്രസവിക്കുന്നതിനെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണത്രെ ചാനലിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുമുണ്ട്.

വീട്ടിൽ പ്രസവം

കൂടുതലും മലബാറിൽ ?

സംസ്ഥാനത്ത് ഏറ്റവുമധികം വീട്ടുപ്രസവങ്ങൾ നടക്കുന്നത് മലബാറിൽ, വിശേഷിച്ച് മലപ്പുറത്താണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ഏപ്രിൽ മുതൽ ഇതുവരെ സംസ്ഥാനത്ത് 2931 വീട്ടുപ്രസവങ്ങളുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്ന് മുതൽ കഴിഞ്ഞ ഡിസംബർ വരെയുണ്ടായ വീട്ടുപ്രസവങ്ങളിൽ 18 കുട്ടികൾ മരിച്ചുവെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അമ്മ മാത്രവും അമ്മയും കുഞ്ഞും മരിച്ച സംഭവങ്ങളും ഇതിലുൾപ്പെടുന്നു. അക്യുപംക്ചർ, നാച്ചുറോപ്പതി തുടങ്ങിയവയുടെ മറവിൽ ചിലരും വാക്സിൻ വിരുദ്ധ കൂട്ടായ്മക്കാരുമാണ് വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ആരോപണം. വാക്സിനേഷൻ, അയൺഫോളിക് ഗുളികകൾ, സ്കാനിംഗ് തുടങ്ങിയവയൊക്കെ മതവിരുദ്ധമായ കാര്യങ്ങളെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. എന്നാൽ അക്യുപംങ്ചറിൽ പ്രസവമെടുപ്പൊന്നും ഇല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രണ്ടുവർഷം മുമ്പും വീട്ടുപ്രസവത്തെ തുടർന്ന് കുട്ടിമരിച്ച സംഭവം മലപ്പുറം ജില്ലയിലുണ്ടായിട്ടുണ്ട്. അമിത രക്തസ്രാവം ഉൾപ്പെടെ അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവനുകൾ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്. ഗർഭകാലത്തിന്റെ തുടക്കം മുതലേ ആശുപത്രി സൗകര്യങ്ങൾ മന:പൂർവം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. ഗർഭിണിയുടെ വിവരങ്ങളൊന്നും ആരോഗ്യപ്രവർത്തകരെയും ആശപ്രവർത്തകരെയും അറിയിക്കില്ല. നിർദ്ദേശങ്ങൾ അനുസരിക്കാനും ഇക്കൂട്ടർ തയ്യാറാകില്ല. വീട്ടിൽ പ്രസവിച്ച ശേഷം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ മാത്രമാണ് ഈ വിവരം അധികൃതർ അറിയുന്നത്. തെളിവോ രേഖയോ ഇല്ലാത്തതിനാൽ ജനനസർട്ടിഫിക്കറ്റ് നൽകുന്നതിലും നൂലാമാലകളുണ്ടാകും.

2022 ഒക്ടോബർ 6 ന് കൊല്ലം ചടയമംഗലത്ത് ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് പ്രസവം എടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഉണ്ടായിരുന്നു. ചടയമംഗലം പോരേടം ഏറത്തുവീട്ടിൽ അനിലിന്റെ ഭാര്യ അശ്വതി (38) യെയും നവജാതശിശുവിനെയും മരണത്തിലേക്ക് നയിച്ച സംഭവമാണ് ഇതിനുമുമ്പ് കേരളം ചർച്ച ചെയ്തത്. തീർത്തും ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബത്തിലായിരുന്നു സംഭവം. ചടയമംഗലം ബ്ളോക്ക് പഞ്ചായത്തിൽ നിന്ന് സൗജന്യമായി ലഭിച്ച ആളൊഴിഞ്ഞ സ്ഥലത്തെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. കൂലിവേലക്കാരായ ഇവരുടെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്കെത്താൻ വഴി സൗകര്യം പോലുമില്ലാത്തതിനാൽ അർദ്ധരാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ട അശ്വതിയുടെ പ്രസവം എടുത്തത് ഭർത്താവും 14 കാരനായ മകനും ചേർന്നായിരുന്നു. അമിതരക്തസ്രാവത്തെ തുടർന്ന് അശ്വതിയും കുഞ്ഞും മരണപ്പെടുകയായിരുന്നു.

ഗർഭിണിക്ക് പദ്ധതികളേറെ എന്നിട്ടും...

കേരളത്തിൽ ആരോഗ്യരംഗത്തും ചികിത്സാ മേഖലയിലും വൻ കുതിച്ചുചാട്ടമുണ്ടായതും പ്രസവത്തിനിടെയുണ്ടാകുന്ന മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞുവെന്നതും നിസാരമല്ല. സംസ്ഥാന ആരോഗ്യവകുപ്പ് രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പലവട്ടം തെളിഞ്ഞിട്ടും ഇപ്പോഴും വീട്ടിൽ പ്രസവം പോലെ അപരിഷ്‌കൃത രീതികൾ ചിലരെങ്കിലും പിന്തുടരുന്നത് ആരോഗ്യമേഖലയ്ക്ക് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. 1947 ൽ ഇന്ത്യയിൽ മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തിൽ 2000 ആയിരുന്നുവെങ്കിൽ ഇന്നത് വെറും 90 മാത്രമാണ്. ശിശുമരണനിരക്ക് 1000 ൽ 145 ആയിരുന്നത് 28 ആയി. കേരളത്തിൽ ശിശുമരണനിരക്ക് 1970 ൽ 56 ആയിരുന്നത് ഇപ്പോൾ 6 മാത്രമാണ്. ഇതൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റ ഫലമായുണ്ടായ നേട്ടങ്ങളാണ്. സ്ത്രീകൾക്ക് ഗർഭധാരണം മുതൽ പ്രസവം വരെയും പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും കുഗ്രാമങ്ങളിലെ പാവങ്ങളിലേക്ക് വേണ്ടവിധം എത്തുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും ആശവർക്കർമാരുമുണ്ട്. സ്ത്രീയുടെ ഗർഭധാരണം മുതൽ പ്രസവം വരെയും സൗജന്യ പരിശോധനയും ആവശ്യമെങ്കിൽ വൈദ്യസഹായവും ലഭ്യമാണ്. ഇതിനുപുറമെ കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അതിൽ പ്രധാനമാണ് സംയോജിത ശിശുക്ഷേമ പദ്ധതി (ഐ.സി.ഡി.എസ്). സാമ്പത്തിക മാനദണ്ഡമില്ലാതെ ഏത് സ്ത്രീയുടെയും ആദ്യപ്രസവത്തിന് രണ്ട് ഗഡുക്കളായി 3000 രൂപവീതം 6000 രൂപ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്ന പദ്ധതിയാണിത്. 'ജനനി ശിശു സുരക്ഷാ കാര്യക്രം" (ജെ.എസ്.എസ്.കെ) എന്ന പദ്ധതി പ്രകാരം സർക്കാരാശുപത്രികളിൽ പ്രസവം പൂർണമായും സൗജന്യമായിരിക്കും. പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാൻ വാഹന ചാർജിനത്തിൽ 700 രൂപ അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണിത്. പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, പരിശോധനകൾ, സ്കാനിംഗ്, കുഞ്ഞിനുള്ള പ്രതിരോധ കുത്തിവയ്പ് എന്നിവയെല്ലാം സൗജന്യമായി ലഭിക്കും. എന്നാൽ ഈ പദ്ധതികളെക്കുറിച്ചൊക്കെ എത്രപേർക്ക് അറിവുണ്ടെന്നതാണ് പ്രസക്തമായ ചോദ്യം. എത്ര പദ്ധതികളുണ്ടായാലും അതൊക്കെ അർഹരായവർക്ക് തക്കസമയത്ത് ലഭ്യമായില്ലെങ്കിൽ പിന്നെ ഈ പദ്ധതികൾ കൊണ്ട് ആർക്കാണ് പ്രയോജനം ? അത്യാഹിതമോ അനിഷ്ട സംഭവമോ ഉണ്ടായാൽ ഞെട്ടിയുണർന്ന് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയും അതിന്റെ മുറിവുണങ്ങുമ്പോൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION