SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

സംപൂജ്യ സുധാകർജി

ss

2029ൽ രാഹുൽജി പ്രധാനമന്ത്രിയാകുമ്പോൾ നല്ലൊരു വകുപ്പ് നൽകി കേന്ദ്രമന്ത്രിയാക്കാമെന്ന് കോൺഗ്രസിന്റെ ആസ്ഥാന ആശാൻ മല്ലികാർജുൻ ഖാർഗെജി ഉറപ്പുനൽകിയതോടെ നല്ലവനായ കെ. സുധാകരൻജി ക്ഷമിച്ചു. താൻ ചെറുതാണെന്നും പാർട്ടിയാണ് വലുതെന്നും വൈകിയാണെങ്കിലും അദ്ദേഹത്തിനു വെളിപാടുണ്ടായി. ചെറുതാണെന്ന് എളിമകൊണ്ട് പറഞ്ഞെന്നു കരുതി തറയാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് പറയാതിരുന്നതാണ് മാന്യത. മലബാറിലെ നൂറ്റൊന്നു കളരികളുടെ ഗുരുക്കളായ സുധാകർജിയെ മർമ്മാണി പ്രയോഗങ്ങൾ ആരും പഠിപ്പിക്കേണ്ടതില്ല. പക്ഷേ, സ്‌നേഹത്തിനു മുന്നിൽ കണ്ണീരോടെ കീഴടങ്ങുന്നതാണ് ശീലം. എതിരാളികൾ ഭയക്കുന്ന ആ ശബ്ദത്തിനു പിന്നിൽ ഒരു പിഞ്ചുഹൃദയമുണ്ട്. ഇടഞ്ഞുനിന്ന സുധാകരന്റെ ഏതോ മർമ്മത്തിൽ ഹൈക്കമാൻഡിലെ മഹാഗുരു ഖാർഗെജി തഞ്ചത്തിനൊരു പ്രയോഗം നടത്തുകയായിരുന്നു. തച്ചോളി തറവാട്ടുകാർക്കു മാത്രം അറിയാവുന്ന 'പൂഴിക്കടകൻ" പോലെ, ഹൈക്കമാൻഡിനു മാത്രമറിയാവുന്ന അപൂർവ പ്രയോഗമായിരുന്നു അത്. വേണമെങ്കിൽ 'സ്‌നേഹക്കടകൻ" എന്നും വിളിക്കാം. പച്ചമലയാളത്തിൽ സ്‌നേഹപ്പാര.


കോൺഗ്രസ് പാർട്ടിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുധാകർജി കേരളത്തിൽ കൊച്ചുപിള്ളേരുടെ കൂടെ ലോക്കൽ മന്ത്രിയായി ഒതുങ്ങേണ്ട ആളല്ലെന്നും ഇന്ത്യാ മഹാരാജ്യത്തിലെ മഹാമന്ത്രിയാകേണ്ട ആളാണെന്നും പാർട്ടിയിലെ ഭീഷ്മാചാര്യനായ എ.കെ. ആന്റണിജി ഓർമ്മിപ്പിച്ചതോടെ സുധാകരന്റെ കണ്ണുനിറഞ്ഞു പോയെന്നാണ് റിപ്പോർട്ട്. നല്ലൊരു ഭാവിക്കായി 2029വരെ കാത്തിരുന്നുകൂടെ എന്നും എ.കെ ചോദിച്ചു. ശരിയാണ്. കണ്ണടച്ചു തുറക്കും മുൻപേ രണ്ടരവർഷം കടന്നുപോകും. എം.പിമാർ രാജിവച്ച് എം.എൽ.എമാരാകേണ്ട എന്ന ഹൈക്കമാൻഡ് നിലപാടിനെതിരെയാണ് സുധാകര ഗുരുക്കൾ ഉറുമിയെടുത്തത്. വിരണ്ടുപോയ ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്കു തയ്യാറായതോടെ, തനിക്കും എം.എൽ.എ ആകണമെന്നു പറഞ്ഞ് അടൂർ പ്രകാശ് ചാടിവീഴുകയായിരുന്നു. കളരിഗുരു അല്ലെങ്കിലും അത്യാവശ്യം പണികൾ അറിയാവുന്ന ശുദ്ധഹൃദയനാണ് അടൂരാൻ. എം.എൽ.എ ആകണമെന്ന ആഗ്രവുമായി സകല കോൺഗ്രസ് എം.പിമാരും രംഗത്തുവന്നാൽ പാർലമെന്റ് കാലിയാകില്ലേയെന്ന് ഹൈക്കമാൻഡിലെ ചാണക്യൻ കെ.സി. വേണുഗോപാൽജി ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഞെട്ടൽ മാറും മുൻപേ അദ്ദേഹം അത് രാഹുൽജിയുടെ കാതിൽ കൊളുത്തിയതിന് ഉടൻ ഫലമുണ്ടായി. അതോടെ സുധാകർജിയുടെ കാര്യത്തിൽ തീരുമാനമായി. ആർത്തിരമ്പിയ മോഹം ആവിയായി.
ഡൽഹിയിലെ കാലാവസ്ഥ അനുദിനം മോശമായി വരുന്നതിനാൽ ആസ്‌ത്‌മ, ചൊറിച്ചിൽ, ചെങ്കണ്ണ്,​ വയറിളക്കം തുടങ്ങിയ രോഗങ്ങൾ കലശലാകുകയാണെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർക്ക് കുറേക്കാലമായി പരാതിയുണ്ട്. പാർലമെന്റ് കാന്റീനിലെ ചായയും കടിയും കഴിച്ച് പലർക്കും ബോറടിച്ചു. പാർലമെന്റിനകത്ത് താടിക്കാരന്മാർ അഴിഞ്ഞാടുകയാണ്. വെറുത്തുപോയി. ഈ ഗുണ്ടായിസം കാരണം പാവം രാഹുൽജി പാർലമെന്റിലേക്ക് വരാറേയില്ല. യാത്രകളിലൂടെ ഊർജ്ജം സംഭരിക്കാൻ ഒരു ഭിക്ഷാംദേഹിയെ പോലെ അദ്ദേഹം വിവിധ രാജ്യങ്ങളിൽ അലയുകയാണെന്നാണ് ഗദ്ഗദകണ്ഠനായി കെ.സി. വേണുഗോപാൽജി പറഞ്ഞത്. പകരം ഒരു കപ്പിത്താനെപ്പോലെയാണ് വേണുജി പ്രസ്ഥാനത്തെ കൊണ്ടുനടക്കുന്നത്.

എത്ര ഭേദം,​

ബ്രണ്ണൻ കലാപം
എം.എൽ.എ ആകുമ്പോൾ എം.പിയാകണമെന്നും നേരെ തിരിച്ചുമൊക്കെ തോന്നുന്നത് അസാധാരണ പ്രതിഭാസമൊന്നുമല്ല കോൺഗ്രസിൽ. രാഷ്ട്രപതിയോ,​ പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ, ഗവർണറോ ആകണമെന്ന് സുധാകർജി ആഗ്രഹിച്ചില്ല,​ ആഗ്രഹിക്കുകയുമില്ല. വെറുമൊരു എം.എൽ.എ ആക്കിക്കൂടെ എന്നു ചോദിച്ചതിന് എന്തെല്ലാം കേട്ടു. ബ്രണ്ണൻ കോളേജിൽ പോലും ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ബ്രണ്ണനിൽ പ്രത്യേക ആക്‌ഷനിലൂടെ വടിവാൾ വീശിയിരുന്ന വണ്ടർമാൻ പിണറായി വിജയനുമായി നേർക്കുനേർ നിന്നപ്പോൾ ഒരുകാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. മൂപ്പര് കള്ളവെട്ട് വെട്ടില്ല. പറയാനുള്ളത് പറയും, ദിവസവും സമയവും നിശ്ചയിച്ച് ചെയ്യാനുള്ളത് ചെയ്യും. ആണുങ്ങളെ ആണുങ്ങൾ തിരിച്ചറിഞ്ഞിരുന്ന ആ കാലം പോയി. ചിരിച്ചു കൂടെനിന്ന് പിന്നിലൂടെ പണിതരുന്നതാണ് സ്വന്തം പ്രസ്ഥാനത്തിലെ ചങ്ങാതിമാരുടെ കലാപരിപാടി. പ്രസ്ഥാനത്തിനുവേണ്ടി എല്ലാം സഹിച്ചു. വീഴ്ത്താനാവില്ലെന്നു ബോദ്ധ്യമായപ്പോൾ പഹയന്മാർ ക്ഷുദ്രപ്രയോഗം നടത്തി കിടത്തിക്കളഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ നിന്ന് നാറ്റിച്ചു പുറത്താക്കി. കർണാടകത്തിൽ നിന്നടക്കം നൂറുകണക്കിനു കോഴികളെയാണ് ഇതിനായി കൂടെയുള്ള ചങ്ങാതിമാർ മന്ത്രവാദ കളത്തിൽ അണിനിരത്തിയത്. കോഴികൾ അതിഭയങ്കരൻമാരാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻജി പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. തലയില്ലാത്ത കോഴികളുടെ പിന്നിലുള്ളവരെ കണ്ടെത്താൻ കുറിയില്ലാത്ത ഉണ്ണിത്താനേ കഴിയൂ. ലോഡുകണക്കിന് കോഴിത്തലകളും തകിടുകളും വീട്ടുപറമ്പിൽ നിന്നു കിട്ടിയപ്പോഴേക്കും വീണുപോയിരുന്നു. ഉയിർത്തെഴുന്നേൽക്കാൻ ഒരു അവസരത്തിനായാണ് എം.എൽ.എ ആക്കാൻ പറഞ്ഞത്. അല്ലാതെ സത്യമായും മന്ത്രിയാകാൻ ആഗ്രഹിച്ചിട്ടല്ല. ക്ഷുദ്രപ്രയോഗത്തിലൂടെ പുറത്തായ ഏക കെ.പി.സി.സി പ്രസിഡന്റ് എന്ന പദവി സ്വന്തമാക്കിയതാണ് ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിലെ നേട്ടം. തലപോയ കോഴികളുടെ ബോഡി, ബിരിയാണിയാക്കി കഴിച്ചവരുടെ ലിസ്റ്റ് കൈയിലുണ്ട്. കൂടുതൽ കളിച്ചാൽ അതു പുറത്തുവിടും.

ബ്രേക്കില്ലാത്ത

ബ്രോക്കർ സഖാവ്

'നല്ലൊരു നേതാവായോരെന്നെ ബ്രോക്കറെന്നു വിളിക്കല്ലേ"എന്നു പാടിയ ഏക കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് ഗോവിന്ദൻമാഷ്. വിവാഹ ബ്രോക്കർമാർക്കു വംശനാശം സംഭവിച്ച കേരളത്തിൽ, ഇല്ല, ഒരാൾ ബാക്കിയുണ്ടെന്ന് തെളിയിച്ച മാഷിന്റെ ഡയറിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പാർട്ടിയിലെ അവിവാഹിത നേതാക്കൾ. കേരള കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്ലേയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന്റെ കാർമ്മികത്വം ഏറ്റെടുത്താണ് മാഷ് മാതൃകയായത്. സഹകാർമ്മികനായി ഡബിൾ എ. റഹിം സഖാവും ഉണ്ടായിരുന്നു. തന്റെ വിവാഹം മറ്റൊരാളുമായി ബലമായി നടത്താൻ വീട്ടുകാർ തീരുമാനിച്ചതിനെ തുടർന്നാണ് മൊണാലിസ കേരളത്തിൽ മാഷിനെ അഭയം പ്രാപിച്ചത്. മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന വീട്ടുകാരുടെ വാദം ശരിയല്ലെന്ന് മാഷിന് ബോദ്ധ്യമായി. മൊണാലിസയുടെയും ഫർമാന്റെയും പ്രണയം തീവ്രമാണോ എന്നു വിലയിരുത്താൻ പി.കെ. ശ്രീമതിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

സ്‌കൂളിൽ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും മാഷ് ആയതിനാൽ ആരും കടന്നു ചെന്നിട്ടില്ലാത്ത വഴികളിലൂടെയാണ് മാഷിന്റെ സഞ്ചാരം. കെ -റെയിൽ വന്നാൽ കേരളത്തിന്റെ വികസനം മിസൈൽ വേഗത്തിലാകുമെന്ന് ലളിതമായ ഉദാഹരണത്തിലൂടെ താത്വികമായി പ്രവചിച്ച നേതാവാണ്. പാലക്കാട് കൂറ്റനാട്ടെ അപ്പം ചൂടാറും മുൻപേ കൊച്ചിയിൽ കൊണ്ടുപോയി വിറ്റാൽ ഉച്ചയോടെ തിരികെയെത്താമെന്ന് കണ്ടെത്തിയിരുന്നു. കെ - റെയിൽ ഓർമ്മയായെങ്കിലും മലയാളികളുടെ മനസിൽ അപ്പം തങ്ങിനിൽക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY