SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

ആർട്ടെമിസ്, ഇനി പോരാട്ടം ചന്ദ്രന് വേണ്ടി

men

സ്പെയ്സ് സ്റ്റേഷനുണ്ടാക്കി അതിൽ താമസിച്ച് ബഹിരാകാശ ഗവേഷണം നടത്തുന്ന സംവിധാനം വഴിമാറുന്നു. വാണിജ്യ, വ്യവസായാവശ്യങ്ങൾക്ക് ബഹിരാകാശത്തെ വിനിയോഗിക്കാനാണ് പുതിയ തയ്യാറെടുപ്പുകൾ. അമേരിക്കയുടെ ആർട്ടെമിസ് പദ്ധതി അതിനുള്ള ആദ്യ ചുവടുവെയ്പാണ്. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയോടെ നടത്തുന്ന ഈ പുതു പദ്ധതിക്ക് സമാന്തരമായി റഷ്യയുടേയും ചെെനയുടേയും നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിലൊന്നും പെടാതെ ജപ്പാനും ഇന്ത്യയും ചന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുമുണ്ട്. ഇതെല്ലാം ഭാവിയിൽ ബഹിരാകാശ, ഗ്രഹാന്തര കോളനിവത്ക്കരണത്തിനുള്ള കിടമത്സരത്തിന് വേദിയൊരുക്കലാണെന്നു വിലയിരുത്താം. വരും കാലത്ത് മനുഷ്യന്റെ പോരാട്ടങ്ങൾ ഇനി ചന്ദ്രനെ സ്വന്തമാക്കാനായിരിക്കും.

ശീതയുദ്ധകാലത്ത് വാശി, ഇന്ന് കൊതി

1976ൽ റഷ്യയുടെ ലൂണ ദൗത്യങ്ങൾ അവസാനിച്ചു. 1972ൽ അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾക്കും വിരാമമായി. ചന്ദ്രനിൽ കാലുകുത്തി കരുത്തു തെളിയിക്കാനുള്ള വാശി മാത്രമായിരുന്നു അതിന് പിന്നിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചന്ദ്രനിലെ മണ്ണ് സ്വന്തമാക്കാനുള്ള കൊതിയാണ് ചാന്ദ്രദൗത്യങ്ങൾക്ക് പിന്നിൽ. അമേരിക്കയും റഷ്യയും മാത്രമല്ല ഇന്ത്യയും ചെെനയും ജപ്പാനുമെല്ലാം ചന്ദ്രന്റെ മണ്ണിൽ കണ്ണെറിഞ്ഞ് കാത്തിരിക്കുകയാണ്. ഭൂമിക്കപ്പുറം മനുഷ്യന് പാർക്കാൻ കഴിയുന്ന ഒരു ഗ്രഹം തേടിയുള്ള യാത്രയും ചൊവ്വാ ദൗത്യങ്ങൾക്ക് ഇടത്താവളമായി ചന്ദ്രനെ തീർക്കാനുള്ള സാധ്യതയും ചന്ദ്രനിലെ വിലപിടിപ്പുളള ധാതുക്കൾ ഭൂമിയിലെത്തിക്കാനുള്ള വാണിജ്യമോഹങ്ങളുമാണ് ചാന്ദ്രദൗത്യത്തിലേക്ക് ബഹിരാകാശ വമ്പൻമാരായ രാജ്യങ്ങളെ ആകർഷിക്കുന്നത്.

1967ലെ ബഹിരാകാശ കരാർ പ്രകാരം ചന്ദ്രനിലെ മണ്ണിന് ആർക്കും ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല. അതേസമയം വിവിധ ദൗത്യങ്ങളുമായി അവിടെ എത്തുന്നവർക്ക് മറ്റാരുടെയും ഇടപെടലിന്റെ ശല്യമില്ലാതെ എന്തും ചെയ്യാനാകും. ഈ സാഹചര്യത്തിലാണ് യു.എസും ചൈനയും ചന്ദ്രനിലെ താവളമുറപ്പിക്കാൻ തിരക്ക് കൂട്ടുന്നത്. മാത്രമല്ല ചന്ദ്രനിൽ ഖനനം നടത്താനും ധാതുക്കൾ സ്വന്തമാക്കാനുമുള്ള അവകാശം സ്വകാര്യമാണെന്ന ഭേദഗതിയും അമേരിക്ക കൊണ്ടുവന്നിട്ടുണ്ട്. റഷ്യയും ചെെനയും ഇതിനോട് എതിർപ്പ് അറിയിച്ചിട്ടുമുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യം പേടകമിറക്കി ഇവിടെ അവകാശവുമുറപ്പിച്ചിട്ടുണ്ട്.

ചന്ദ്രന്റെ കൊതിപ്പിക്കുന്ന മണ്ണ്

ചന്ദ്രന്റെ മണ്ണിലെ അപൂർവ്വ ധാതുസമ്പത്താണ് ഭൂമിയിലെ മനുഷ്യരെ കൊതിപ്പിക്കുന്നത്. ചിപ്പുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കാനാവശ്യമായ ഇരുമ്പ് ,ടൈറ്റാനിയം, ഹീലിയം തുടങ്ങി അപൂർവ്വ മൂലകങ്ങൾ ചന്ദ്രന്റെ മണ്ണിൽ ധാരാളമുണ്ട്. ഭൂമിയിൽ ഇവ കുറവാണ്. മനുഷ്യർക്ക് വാണിജ്യതാത്പര്യം കൂടുതലുമാണ്.

ചന്ദ്രൻ ദക്ഷിണധ്രുവത്തിലെ ഇരുളടഞ്ഞ ഗർത്തങ്ങളിലുള്ള വാട്ടർ ഐസ് ആണ് വിലയേറിയ മറ്റൊരു വസ്തു. ഇതു കുടിക്കാനുപയോഗിക്കാം എന്നതിലുപരി, ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് റോക്കറ്റ് ഇന്ധനമായി മാറ്റാനുമാകുമെന്നാണ് വിലയേറിയ സാധ്യത. ബഹിരാകാശ ദൗത്യങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഒരു കേന്ദ്രം ചന്ദ്രനിൽ തുടങ്ങാനാണ് ആലോചന. അങ്ങനെ വന്നാൽ ചെലവ് കുറഞ്ഞ ബഹിരാകാശ സാധ്യതയ്ക്ക് വഴിതുറക്കപ്പെടും. ചൊവ്വയിലേക്ക് അടക്കമുള്ള ബഹിരാകാശ യാത്രകൾക്ക് ഭൂമിയിൽനിന്ന് ഇന്ധനം കൊണ്ടുപോകാനുള്ള ഭീമമായ ചെലവ് ഒഴിവാക്കി ചന്ദ്രനെ ഒരു 'ഗ്യാസ് സ്റ്റേഷൻ' ആയി ഉയോഗിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ചന്ദ്രനിലുള്ള ഹീലിയം 3 ധാതു ഭൂമിയിൽ അപൂർവമായ ഒരു ഐസോടോപ്പ് ആണ്. ഇത് ചന്ദ്രനിൽ സുലഭമാണെന്നാണ് കരുതപ്പെടുന്നത്. സുരക്ഷിതവും മലിനീകരണമില്ലാത്തതുമായ ന്യൂക്ലിയർ ഫ്യൂഷൻ ഊർജ്ജത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിലെ ഊർജ്ജ പ്രതിസന്ധിക്കു പരിഹാരമായി ഇതിനെ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ബാറ്ററികൾ, അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സ്‌കാൻഡിയം, യട്രിയം തുടങ്ങിയ അപൂർവ ധാതുക്കളും ചന്ദ്രന്റെ മണ്ണിൽ ഏറെയുണ്ട്.

ആർട്ടെമിസ് ദൗത്യത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ

ആർട്ടെമിസ് ദൗത്യത്തിന് അമേരിക്ക തിരക്ക് കൂട്ടിയത് ചെെനയുടെ ലൂണാർ മിഷൻ ആയ 'ചാങ്ഇ'യുടെ വിക്ഷേപണത്തിന് മുമ്പേ അങ്ങെത്താനുള്ള താത്പര്യമാണ്. റഷ്യയുമായി ചേർന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രാജ്യാന്തര ലൂണാർ റിസർച്ച് സ്റ്റേഷൻ നിർമ്മിക്കുകയാണ് ചൈനയുടെ ലക്ഷ്യം. സ്‌പേസ് എക്സ്, ബ്ലൂ ഒറിജിൻ തുടങ്ങിയ സ്വകാര്യ കമ്പനികൾ ചന്ദ്രനിൽ ഖനനത്തിനും ഗതാഗതത്തിനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെയെല്ലാം മറികടക്കുകയാണ് അമേരിയുടെ താത്പര്യം. യൂറോപ്യൻ സ്പെയ്സ് ഏജൻസിയും കനേഡിയൻ സ്പെയ്സ് ഏജൻസിയും ഇക്കാര്യത്തിൽ അമേരിക്കയുടെ പങ്കാളികളുമാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനും അവിടെ താവളമുണ്ടാക്കി ചന്ദ്രനിൽ ഒരു ബഹിരാകാശ 'ഗേറ്റ്‌വേ' സ്‌റ്റേഷൻ സ്ഥാപിക്കാനുമാണ് ആർട്ടെമിസ് ദൗത്യങ്ങളിലൂടെ നാസയും അമേരിക്കയും ലക്ഷ്യമിടുന്നത്. ആർട്ടെമിസ് വിജയകരമാകുമ്പോൾ അതു സാങ്കേതിക മേൽക്കോയ്മയുടെ തെളിവുകൂടിയായി മാറ്റാനും അമേരിക്ക ആഗ്രഹിക്കുന്നു. അതിലൂടെ ആഗോളതലത്തിൽ തങ്ങൾക്കുള്ള മേൽക്കോയ്മ ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് താത്പര്യം. മനുഷ്യരെ വിദൂര ബഹിരാകാശ ഗ്രഹങ്ങളിലേക്കു സുരക്ഷിതമായി അയക്കാനും തിരിച്ചെത്തിക്കാനും ഉള്ള കഴിവ്, ഒരു രാജ്യത്തിന്റെ സാങ്കേതിക ശേഷിയും പ്രതിരോധശേഷിയുമാണ് തെളിയിക്കുന്നത്.

ഇതു ഭാവിയിൽ ബഹിരാകാശ ശേഷിയാണ് സൂപ്പർപവറുകളെ നിർവചിക്കുന്നതെന്ന സ്ഥിതിയുണ്ടാകും.

ശക്തിപ്രകടനത്തിന്റെ പുതിയ ബഹിരാകാശ സാങ്കേതികയിലെ മേൽകൈ അളവുകോലായി മാറുമെന്നതിൽ തർക്കമില്ല. മനുഷ്യർ ദൈനംദിനം ഉപയോഗിക്കുന്ന ജി.പി.എസ് മുതൽ പ്രതിരോധ സംവിധാനങ്ങൾ വരെ എല്ലാം ബഹിരാകാശ സാങ്കേതികവിദ്യയെ ആശ്രയിച്ചാണിന്ന് പ്രവർത്തിക്കുന്നത്. ചന്ദ്രനിലെ കേന്ദ്രങ്ങൾ ഭാവിയിൽ തന്ത്രപരമായ സ്വാധീനമേഖലകളായി മാറും. സ്വന്തം മേഖലകളുണ്ടാക്കി വൻശക്തികൾ ചന്ദ്രോപരിതലത്തിൽ അതിരുകൾ നിശ്ചയിച്ചു തുടങ്ങുമ്പോൾ, ചന്ദ്രൻ മാനവരാശിയുടെ പൊതുസ്വത്തല്ലാതായി മാറുമെന്ന് മാത്രമല്ല വിഭവക്കൊള്ളയുടെ പുതിയ പോരാട്ടവേദിയുമാകും. അതിൽ ആദ്യാവകാശിയാകാനാണ് ആർട്ടെമിസിലൂടെ അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്.

ചന്ദ്രയാൻ ലക്ഷ്യത്തിലേക്ക് എത്രദൂരം

ചന്ദ്രനിൽ ചുവടുറപ്പിക്കാനുള്ള വൻശക്തികളുടെ ഈ മത്സരം ഇന്ത്യയ്ക്കും നിർണായകമാണ്. ഐ.എസ്.ആർ.ഒ ഇതിനകം തന്നെ ചന്ദ്രയാൻ ദൗത്യങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 2023 ആഗസ്റ്റ് 23ന് ചന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങിയതോടെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഇന്ത്യയും മുൻപന്തിയിലെത്തി. ചന്ദ്രയാൻ 4 വിക്ഷേപിച്ച് ചന്ദ്രനിൽ നിന്ന് മണ്ണും കല്ലും ഭൂമിയിലെത്തിക്കാനും പത്തുവർഷത്തിനുള്ളിൽ അവിടെ മനുഷ്യരെ എത്തിക്കാനും ഇന്ത്യയും ശ്രമം തുടങ്ങിയിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ ഇന്ത്യ,​ യു.എസ് നേതൃത്വത്തിലുള്ള സംവിധാനങ്ങളോട് ചേർന്നുപോകുമോ എന്നത് ഭാവിയിലെ ബഹിരാകാശ നയത്തെ നിർണയിക്കും.

men

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY