
ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തന പാതയിലെ നിർണായക വഴിത്തിരിവിലാണ് ഇപ്പോൾ ദക്ഷിണേഷ്യ. സമ്പന്ന കാർഷികജൈവവൈവിദ്ധ്യമുള്ള പ്രമുഖ കാർഷിക മേഖലയായിരുന്നിട്ടും കൃഷിയിടത്തിനും ഉപഭോക്താവിനുമിടയിൽ വൻതോതിൽ മൂല്യനഷ്ടം സംഭവിക്കുന്നുണ്ട്. ഇക്കാരണത്താൽ കർഷകർക്കും തൊഴിൽമേഖലയ്ക്കും പോഷകാഹാര ലഭ്യതയ്ക്കും നഷ്ടമാകുന്നത് വലിയൊരു അവസരമാണ്. ഈ വൈരുദ്ധ്യത്തെ ഇന്ത്യ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭ ഭക്ഷ്യകാർഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം പാലും പയറുവർഗങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യ. എങ്കിലും വിളവെടുപ്പാനന്തരം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെയും സംഭരണം, ഗതാഗതം, സംസ്‌കരണം എന്നിവയിലെയും പോരായ്മകൾ മൂലം ഇപ്പോഴും വലിയ ഭക്ഷ്യനഷ്ടം നിലനിൽക്കുന്നു.
ഉത്പാദനം വർദ്ധിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുമാണ് കാർഷിക നയങ്ങൾ പതിറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ സമീപനത്തിലൂടെ ഭക്ഷ്യസുരക്ഷയിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. എന്നാൽ അടുത്തഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തൊഴിലവസരങ്ങളുണ്ടാക്കുകയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും മികച്ച പോഷകാഹാര ഫലങ്ങൾ കൈവരിക്കുകയും ചെയ്യുന്ന മൂല്യസൃഷ്ടിയിലാണ്.
ഇന്ത്യയിലെ ആകെ കാർഷികോത്പാദനത്തിന്റെ ഏകദേശം 17ശതമാനം മാത്രമാണ് നിലവിൽ സംസ്‌കരിക്കപ്പെടുന്നത്. ഈ മേഖലയുടെ പൂർണ സാമ്പത്തിക സാദ്ധ്യതകൾ പുറത്തെടുക്കണമെങ്കിൽ 2030ഓടെ ഇത് 25 ശതമാനമായി ഉയരേണ്ടതുണ്ട്. ഒപ്പം വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതും സംസ്‌കരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതും സമ്പദ് വ്യവസ്ഥയ്ക്കകത്ത് കൂടുതൽ മൂല്യം നിലനിറുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നിർണായകമാകും.
പ്രധാനമന്ത്രി കിസാൻ സമ്പദ് യോജന, പ്രധാനമന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ ഔദ്യോഗികവത്കരണം, ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്ക് ഉത്പാദനാധിഷ്ഠിത പ്രോത്സാഹനം തുടങ്ങിയ മുൻനിര പദ്ധതികളിലൂടെ ഇന്ത്യ ഇതിനകം സുപ്രധാന ചുവടുവയ്പ്പുകൾ നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും സംഭരണ ശൃംഖലകൾ വ്യാപിപ്പിക്കുകയും ചെറുകിടഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങൾ കൂടുതൽ ഊർജസ്വലവും മത്സരശേഷിയാർന്നതുമായ മേഖലയ്ക്ക് അടിത്തറയിടുന്നു. ഭക്ഷ്യസംസ്‌കരണ ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ സ്ഥിരതയാർന്ന വളർച്ച ആഗോള വിപണിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.
ദക്ഷിണേഷ്യയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും നിക്ഷേപങ്ങൾ ലഭ്യമാക്കുന്നതും പ്രതിരോധശേഷിയുള്ള ഭക്ഷ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതുമായ പരിഹാരങ്ങളെ മുന്നോട്ടുനയിക്കാൻ സംഘടിപ്പിക്കുന്ന അടുത്ത 'സാപ്ലിംഗ്' ഉന്നതതല നയ സംവാദത്തെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |