SignIn
Kerala Kaumudi Online
Sunday, 12 July 2026 3.23 AM IST

സിലബസ് മാറ്റി കളി

d

അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളുടെ സ്വപ്‌നമാണ് സർക്കാർ ഉദ്യോഗം. ഏറെ പ്രതീക്ഷയോടെയാണ് അവർ പി.എസ്.സി പരീക്ഷകളെ സമീപിക്കുന്നതും. അതുകൊണ്ടുതന്നെ പരീക്ഷാ നടത്തിപ്പ് നീതിപൂർവമാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ,​ കുറച്ചു വർഷങ്ങളായി ഈ ഗൗരവം പി.എസ്.സി പുലർത്തുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ ആശങ്കയിലാകുന്നത് ഉദ്യോഗാർത്ഥികളാണ്.

പ്രഖ്യാപിച്ച പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷിക്കാൻ പരീക്ഷാ തീയതിക്ക് മുൻപ് പെട്ടെന്നൊരു ദിവസം സിലബസ് മാറ്റുന്നത് ശരിയാണോ?. ശരിയല്ലെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ടാകുമെങ്കിലും പി.എസ്.സിക്ക് അങ്ങനെയല്ല. തങ്ങൾ പറയുന്ന രീതിയിൽ പരീക്ഷ എഴുതാൻ പറ്റുന്നവർ എഴുതിയാൽ മതിയെന്നാണ് പി.എസ്.സി നിലപാട്. 2026 മാർച്ചിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതി പി.എസ്.സി പ്രഖ്യാപിച്ചു. പിന്നാലെ പരീക്ഷയ്ക്കുള്ള സിലബസും.

എന്നാൽ,​ പ്രഖ്യാപിച്ച സിലബസ് പിന്നീട് മാറ്റി. ഏപ്രിൽ മാസത്തിലാണ് സിലബസ് മാറ്റിയത്. സാധാരണയായി, സിലബസിൽ മാറ്റം വന്നാൽ ഉദ്യോഗാർത്ഥികളെ പ്രൊഫൈൽ, എസ്.എം.എസ്, ഇ-മെയിൽ വഴി അറിയിക്കും. എന്നാൽ ഇവിടെ ഉദ്യോഗാർത്ഥികളെ അറിയിച്ചില്ല. സിലബസിൽ പൊതുവിജ്ഞാനം ഉൾപ്പടെയുള്ള ചിലതെല്ലാം ഒഴിവാക്കി കൊമേഴ്‌സ് ഉൾപ്പടുത്തി. സിലബസിലെ മാറ്റം പലരും അറിഞ്ഞത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴായിരുന്നു. ജൂൺ 18ന് നടന്ന പരീക്ഷയ്‌ക്ക് ആകെയുള്ള 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷൻ ബി ആകുകയും ചെയ്തു. കൊമേഴ്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും സ്റ്റാറ്റിസ്റ്റിക്സിലെ 25 ചോദ്യങ്ങളിൽ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷൻ ബി തന്നെയായി. 54 ചോദ്യങ്ങൾക്ക് ബി ഓപ്‌ഷൻ വന്നത് വേണ്ടപ്പെട്ടവരെ ബോധപൂർവം ലിസ്റ്റിൽ ഉൾപ്പെടുത്താനാണെന്ന് ചില ഉദ്യോഗാർത്ഥികൾക്കെങ്കിലും സംശയമുണ്ട്.

ഉത്തരമില്ലാത്ത

ചോദ്യങ്ങൾ

ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർത്ഥികളെ പരീക്ഷിക്കുന്നതിലും പി.എസ്.സി യുടെ 'സ്വന്തം' ചോദ്യകർത്താക്കൾ മുന്നിലാണ്. അത്രത്തോളം 'ഗൗരവത്തോടെയാണ് ' ഇവർ ചോദ്യങ്ങൾ തയ്യാറാക്കുന്നത്. 2024ൽ പി.എസ്‌.സി നടത്തിയ ബിരുദതല പ്രിലിമിനറി പരീക്ഷയിൽ ആകെ 31 ചോദ്യങ്ങളാണ് ഉത്തരമില്ലാത്തതിനാൽ റദ്ദാക്കിയത്. ഈ പരീക്ഷയുടെ ആദ്യഘട്ടത്തിൽ ഏഴും രണ്ടാം ഘട്ടത്തിൽ എട്ടും ചോദ്യങ്ങളാണ് റദ്ദാക്കിയത്. മൂന്നാം ഘട്ട പരീക്ഷയിൽ മാത്രം റദ്ദാക്കിയത് 16 ചോദ്യങ്ങൾ. ഇതിൽ ആദ്യ 10 ചോദ്യങ്ങളിൽ 9 എണ്ണവും തെറ്റായിരുന്നു. മൂന്നേകാൽ ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയിലായിരുന്നു പി.എസ്.സിയുടെ കുട്ടിക്കളി. അതിനുശേഷം നടന്ന പല പരീക്ഷകളിലും ഉത്തരമില്ലാത്ത ചോദ്യങ്ങൾ പിന്നെയും കടന്നുവന്നു.

അക്ഷരത്തെറ്റ്

നിറഞ്ഞ ചോദ്യപ്പേപ്പർ

അക്ഷരപ്പിശകിന്റെ പിടിയിൽ നിന്നു മുക്തമാകാതെയാണ് പലപ്പോഴും പി.എസ്.സി ചോദ്യപ്പേപ്പറുകൾ ഉദ്യോഗാർത്ഥികളുടെ കൈകളിലെത്തുന്നത്. കേവലം അക്ഷരത്തെറ്റുകളല്ല, ആശയ വ്യത്യാസം പോലും ഉണ്ടാക്കുന്നതാണ് പലതെറ്റുകളും. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് നടത്തിയ ഹൈസ്കൂൾ ഗണിതം അദ്ധ്യാപക തസ്തികയിലെ പല ചോദ്യങ്ങളും ഗുരുതരമായ അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കിയ 11 ചോദ്യങ്ങൾക്ക് പുറമെ ആറ് ചോദ്യങ്ങൾ തെറ്റായിരുന്നുവെന്ന് പരാതി ഉയർന്നു.

ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടായിരുന്ന മൂന്ന് ചോദ്യങ്ങളുണ്ടായിരുന്നു. മലയാളം മീഡിയത്തിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയ ചോദ്യങ്ങൾ. പൊതുവിജ്ഞാനം ഇംഗ്ലീഷിലും. ആഗസ്റ്റ് 11ന് നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ പരീക്ഷയിലും അക്ഷരത്തെറ്റുകൾ ഏറെയുണ്ടായിരുന്നു. പേറ്റന്റ് ലാ എന്നതിന് പേഷ്യന്റ് ലാ എന്നും വാർ എന്നതിന് വാർഡ് എന്നുമാണ് ഉണ്ടായിരുന്നത്. നൂറുവീതം മാർക്കുള്ള രണ്ട് പേപ്പറിലും നിരവധി തെറ്റുകൾ. ഈ പരീക്ഷയിൽ 20ലധികം ചോദ്യങ്ങൾ തെറ്റാണെന്നും പരാതി ഉയർന്നു. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലും തെറ്റുണ്ടായി. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷകളായിട്ടും ഇത്തരം തെറ്റുകൾ കടന്നുകൂടുന്നത് ഗൗരവത്തോടെ കാണാൻ പി.എസ്.സി തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

വ്യാജരേഖയിലും

അന്വേഷണമില്ല

പല തസ്‌തികകളിലെയും നിയമനത്തിന് ചിലരെങ്കിലും വ്യാജരേഖ സമർപ്പിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ പോലും അതിന്റെ നിജസ്ഥിതി പി.എസ്.സി അന്വേഷിക്കാറില്ല. പ്രവൃത്തിപരിചയം വെയിറ്റേജ് എന്നിവയ്ക്കാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ചില ഉദ്യോഗാർത്ഥികൾ ഹാജരാക്കുന്നത്.

2021ൽ പി.ആർ.ഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചില ഉദ്യോഗാർത്ഥികൾ ഹാജരാക്കിയിരുന്നു. ഇതിനെതിരെ ചെയർമാന് പരാതി നൽകിയിരുന്നെങ്കിലും അവർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്തതിനാൽ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പി.എസ്.സി. സ്പോർട്സ് വെയിറ്റേജ് മാർക്ക് നേടുന്നതിനും വ്യാജ സർട്ടിഫിക്കറ്റുകൾ ചിലർ നൽകാറുണ്ടെങ്കിലും കാര്യമായ അന്വേഷണം നടത്താറില്ല. എഴുത്തുപരീക്ഷയിൽ മാർക്ക് കുറഞ്ഞവർ വ്യാജ സർട്ടിഫിക്കറ്റുകളിലൂടെ ജോലി നേടുമ്പോൾ ഔട്ടാകുന്നത് യഥാർത്ഥ യോഗ്യതയുള്ളവരാണ്.

ക്രൈംബ്രാഞ്ച്

നിർദ്ദേശങ്ങൾ ഫയലിൽ

പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടും തട്ടിപ്പും തടയുന്നതിന് ക്രൈംബ്രാഞ്ച് നൽകിയ ശുപാർശകളിൽ ഭൂരിപക്ഷവും ഏഴു വർഷം പിന്നിട്ടിട്ടും അധികൃതർ നടപ്പാക്കിയിട്ടില്ല. 2019ൽ കെ.എ.പി IV ബറ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ കേന്ദ്രത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പരീക്ഷാനടത്തിപ്പ് സംബന്ധിച്ച വിശദമായ ശുപാർശകൾ ക്രൈം ബ്രാഞ്ച് പി.എസ്.സിക്ക് നൽകിയത്.

 ഇപ്പോഴത്തെ പരീക്ഷാ നടത്തിപ്പിൽ കാലോചിതമായ മാറ്റം വരുത്തണമെന്നായിരുന്നു പ്രധാന ശുപാർശ. കാലങ്ങളായി തുടരുന്ന പരീക്ഷ ഹാളിലെ സീറ്റിംഗ് പാറ്റേണും ചോദ്യക്കടലാസ് (എ,ബി,സി,ഡി ) കോഡും മാറ്റണമെന്ന നിർദ്ദേശത്തിനും പരിഹാരമുണ്ടായില്ല. പരീക്ഷാ സെന്റർ മനസിലാക്കി സീറ്റിംഗ് പാറ്റേണടക്കം നേരത്തെ അറിയുന്നത്, ക്രമക്കേട് നടത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

 ഇന്റർനെറ്റ് സാങ്കേതിക സാദ്ധ്യത ഉപയോഗിച്ച് ചോദ്യങ്ങളും ഉത്തരവും പുറത്തുള്ള വ്യക്തികളുമായി കൈമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരീക്ഷ ഹാളുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നു. റിസ്റ്റ് വാച്ചുകൾ അടക്കം പരീക്ഷാ ഹാളുകളിൽ നിരോധിച്ചെങ്കിലും പരീക്ഷാ ഹാളിൽ ക്ളോക്ക് സ്ഥാപിക്കണമെന്നതും പി.എസ്.സിയുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കണമെന്ന നിർദ്ദേശവും നടപ്പായില്ല.

പി.എസ്.സി നിയമനം

(2017- 2025)

2017- 35911
2018- 28025
2019- 35422
2020- 25914
2021-26724
2022- 22393
2023- 34110
2024-34194
2025- 21102

(ജൂലായ് 31 വരെ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION