SignIn
Kerala Kaumudi Online
Saturday, 01 August 2026 2.10 AM IST

നിയമനത്തട്ടിപ്പ് : രേഖകൾ ഹാജരാക്കാൻ പി.എസ്.സിക്ക് നോട്ടീസ് ഒന്നാം റാങ്കുകാരനെ ചോദ്യം ചെയ്യും

a

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലെയും നിയമനത്തിലെയും ഒറിജിനൽ രേഖകൾ മുഴുവൻ ഉടൻ ഹാജരാക്കാൻ പി.എസ്.സിക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ഒന്നാം റാങ്ക് നേടി പ്ലാനിംഗ് ബോർഡിൽ ജോലിചെയ്യുന്ന അരുൺ ജെ. പ്രതാപിനെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഉത്തരക്കടലാസുകൾ, മൂല്യനിർണയം നടത്തിയതിന്റെ രേഖകൾ, അഭിമുഖം നടത്തിയവരുടെയും നൽകിയ മാർക്കിന്റെയും വിവരങ്ങൾ, റാങ്ക് പട്ടിക, അഡ്വൈസ് രേഖകൾ എന്നിവയടക്കമാണ് പി.എസ്.സി ഹാജരാക്കേണ്ടത്. നേരത്തേ ഇവ പി.എസ്.സിയിലെത്തി ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

ഒന്നാം റാങ്കുകാരൻ എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ മറ്റ് ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകളിലും മൂല്യനിർണയം നടത്താതിരുന്നതിൽ അസ്വാഭാവികതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 200മാർക്കിനുള്ള വിവരണാത്മക പരീക്ഷയിലെ ഉത്തരക്കടലാസ് നാല് ഭാഗങ്ങളാക്കിയാണ് മൂല്യനിർണയത്തിന് കൈമാറുന്നതെന്നും ഇതിൽ പൊതുവിജ്ഞാനം ഉൾപ്പെട്ട ഒരുഭാഗം മൂല്യനിർണയത്തിന് കൈമാറാതിരുന്നത് സോഫ്‌റ്റ്‌വെയറിലെ പിഴവെന്നുമാണ് പി.എസ്.സി ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചത്.

എന്നാൽ പിഴവ് കണ്ടെത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കാനോ നിയമനം നൽകാതിരിക്കാനോ പി.എസ്.സി ശ്രമിച്ചില്ല. നിയമിച്ച് ഒരു വർഷമാവും മുൻപ് ക്രമക്കേട് കണ്ടെത്തിയാൽ നിയമനം റദ്ദാക്കാനുള്ള അധികാരവും പ്രയോഗിച്ചില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകാതിരിക്കാൻ ശ്രമിച്ചതും കുറ്റകൃത്യത്തിന്റെ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ഒന്നാംറാങ്കുകാരന്റേതടക്കം മുഴുവൻ ഉത്തരക്കടലാസുകളും ഫാൾസ് നമ്പറിട്ടാണ് മൂല്യനിർണയത്തിന് കൈമാറിയതെന്ന് പി.എസ്.സി പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണസംഘം മുഖവിലയ്ക്കെടുക്കുന്നില്ല.

ഉദ്യോഗസ്ഥർ വിരമിച്ചു

1.ക്രമക്കേടിൽ പങ്കുണ്ടെന്ന് കരുതുന്ന ഡെപ്യൂട്ടി സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും വിരമിച്ചവരാണ്. ഇവരെയും ഉടൻ ചോദ്യംചെയ്യും. ഓൺസ്ക്രീൻ മാർക്കിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴവുണ്ടായതെന്നാണ് കണ്ടെത്തൽ

2.പി.എസ്.സി ചെയർമാനും രണ്ട് അംഗങ്ങളുമാണ് അഭിമുഖം നടത്തിയത്. രേഖകൾ ലഭിച്ചാലുടൻ ചോദ്യംചെയ്യലിന് ഹാജരാവാൻ ഇവർക്ക് നോട്ടീസ് നൽകും.

അന്വേഷണം നടക്കട്ടെ:

അരുൺ ജെ. പ്രതാപ്

ഏതൊരു വ്യക്തിയും പരീക്ഷയെഴുതുന്നതു പോലെയാണ് ഞാനും പരീക്ഷയെഴുതിയതും അഭിമുഖത്തിന് ഹാജരായതെന്നും ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപ്. പ്രത്യേകമായി ഒരു പ്രിവിലേജും കിട്ടിയിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ അറിഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ കൂടുതലൊന്നും പറയാനില്ല. അന്വേഷണം നടക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA