
തിരുവനന്തപുരം: പി.എസ്.സിയിലെ പരീക്ഷാ, നിയമന ക്രമക്കേടുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിലേക്ക് 10 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി. കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനാണിത്. നിലവിൽ ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഇതുവരെ നൂറോളം പരാതികളാണ് ലഭിച്ചത്. 50ലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ പരാതികളിൽ കേസെടുത്തേക്കും. പ്രാഥമിക അന്വേഷണം നടത്തിയ സംഘത്തിൽ പത്ത് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. സംഘാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. പത്തോളം പരീക്ഷകളുടെ നടത്തിപ്പ്, മൂല്യനിർണ്ണയം, വ്യാജരേഖ ചമയ്ക്കൽ, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ആരോപണങ്ങളും എസ്.ഐ.ടി അന്വേഷിക്കും. പി.എസ്.സി ആസ്ഥാനത്തു നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സംഘം ശേഖരിച്ചിട്ടുണ്ട്.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. പരീക്ഷാ ക്രമക്കേടിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികളാവുമെന്നാണ് സൂചന. ഇവരെയും ഉടൻ ചോദ്യംചെയ്യും. പ്ലാനിംഗ് ബോർഡ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ അരുണിനെ ഈയാഴ്ച ചോദ്യം ചെയ്യും. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്. കേസിൽ അഴിമതി നിരോധന നിയമം ചുമത്തിയിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |