SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

പേരുമാറ്റത്തിനപ്പുറം: കേരളത്തിന്റെ മാനസികാരോഗ്യത്തിന് സമഗ്ര സമീപനം

d

ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന് പുനർനാമകരണം ചെയ്യാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സംഘടനകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പേരുമാറ്റത്തെ എതിർത്തിട്ടുണ്ട്.

എന്നാൽ, ഈ പേരുമാറ്റ വിവാദത്തിനപ്പുറം, കേരളത്തിന്റെ മാനസികാരോഗ്യമേഖല നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളാണ് ചർച്ച ചെയ്യപ്പെടേണ്ടത്. മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച ഹൈക്കോടതി അവിടുത്തെ പരിചരണ സാഹചര്യങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പേരുമാറ്റത്തിൽ തർക്കിച്ചു നിൽക്കാതെ, ഈ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് അടിയന്തരമായി വേണ്ടത്.

ആശങ്കാജനകമായ

മാനസികാരോഗ്യം

കേരളത്തിലെ മാനസികാരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങൾ ആശങ്കാജനകമായ ചിത്രമാണ് നൽകുന്നത്. 2002 മുതൽ 2018 വരെയുള്ള ദേശീയ സർവേകളുടെ വിശകലനത്തിൽ, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മാനസികരോഗങ്ങളുടെ നിരക്ക് ഒരു ലക്ഷം ജനസംഖ്യയിൽ 272ൽ നിന്ന് 400 ആയി ഉയർന്നപ്പോൾ, ദേശീയതലത്തിൽ ഇത് 105ൽ നിന്ന് 100 ആയി കുറഞ്ഞു. 2015 - 16ലെ ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം കേരളത്തിലെ മുതിർന്നവരിൽ നിലവിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വ്യാപനം 11.36 ശതമാനവും ജീവിതകാല വ്യാപനം 14.14 ശതമാനവുമാണ്.

സ്ഥാപനങ്ങളുടെ

ഏകോപനം

അതേയവസരത്തിൽ മാനസികാരോഗ്യ ചികിത്സക്ക് കേരളത്തിൽ നിരവധി സ്ഥാപനങ്ങൾ സർക്കാർ മേഖലയിൽ മാത്രമല്ല സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ കോളേജുകളുടെയും കീഴിലുള്ള മാനസികാരോഗ്യ വിഭാഗങ്ങൾ, തിരുവനന്തപുരത്തും തൃശൂരിലും കോഴിക്കോടുമുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ, കോഴിക്കോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറൊസയൻസസ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കേരളം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ഇക്കാര്യം നടപ്പിലാക്കേണ്ട കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. സ്വകാര്യ മേഖലയിലും സന്നദ്ധ സംഘടനകളിലും ലഭ്യമായ മാനസികാരോഗ്യ സേവനങ്ങളെയും വ്യക്തമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കണം.

മനുഷ്യവിഭവശേഷി

ലഭ്യത

ഇതിനെല്ലാം അടിസ്ഥാനം പരിശീലനം നേടിയ മനുഷ്യവിഭവശേഷിയാണ്. 2015 - 16ലെ ദേശീയ മാനസികാരോഗ്യ സർവേയിൽ, 10,000 ജനസംഖ്യയ്ക്ക് മൂന്ന് വീതം സൈക്ക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക് സോഷ്യൽ വർക്കർമാർ എന്നിവ ആവശ്യമായിരുന്നപ്പോൾ കേരളത്തിലെ ലഭ്യത യഥാക്രമം 0.12, 0.06, 0.004 എന്നതായിരുന്നു.

സൈക്ക്യാട്രിസ്റ്റുകൾക്കൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക് സോഷ്യൽ വർക്കർമാർ, സൈക്യാട്രിക് നഴ്സുമാർ, റീഹാബിലിറ്റേഷൻ വിദഗ്ദ്ധർ, കൗൺസിലർമാർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ എന്നിവരടങ്ങുന്ന ബഹുമുഖ ആരോഗ്യപ്രവർത്തകരാണ് ആവശ്യമായത്. നിലവിലുള്ള പരിശീലന കോഴ്സുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കുകയും കൂടുതൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലന പരിപാടികൾ ആരംഭിക്കുകയും വേണം.

കുട്ടികളുടെയും

യുവാക്കളുടെയും

മാനസികാരോഗ്യം

ലഹരി ഉപയോഗം, ആക്രമണവാസന, സാമൂഹികവിരുദ്ധ പെരുമാറ്റം, ലൈംഗികാതിക്രമം തുടങ്ങിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് മാനസികാരോഗ്യത്തിനു ഊന്നൽ നൽകി സമഗ്രമായ സ്‌കൂൾ കോളേജ് ആരോഗ്യ പരിപാടി ആരംഭിക്കണം. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസികാരോഗ്യത്തെക്കുറിച്ചുള്ള പരിശീലനവും നൽകണം.

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കിടയിലും മാനസികാരോഗ്യത്തിന് വേണ്ടത്ര മുൻഗണന ലഭിച്ചിട്ടില്ല. ചികിത്സയ്‌ക്കൊപ്പം പ്രതിരോധം, നേരത്തെയുള്ള തിരിച്ചറിയൽ, പ്രാഥമിക മാനസികാരോഗ്യ പരിചരണം, ആത്മഹത്യാ പ്രതിരോധം, ലഹരി വിമുക്തി, പുനരധിവാസം, സമൂഹാധിഷ്ഠിത പരിചരണം എന്നിവയെ ഒരൊറ്റ നയചട്ടക്കൂടിൽ കൊണ്ടുവരേണ്ടതുണ്ട്. 'ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ" എന്ന പേര് യാഥാർത്ഥ്യമാകുന്നത് പേരുമാറ്റത്തിലൂടെയല്ല, അവിടെയെത്തുന്ന ഒരാൾക്ക് ഭയമില്ലാതെ സഹായം തേടാനും മാന്യമായ ചികിത്സ ലഭിക്കാനും സുഖം പ്രാപിച്ച് സമൂഹത്തിലേക്ക് മടങ്ങാനും കഴിയുമ്പോഴാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY