SignIn
Kerala Kaumudi Online
Friday, 16 October 2026 1.59 AM IST

യു.എസ് ഇടക്കാല ഇലക്ഷൻ ഏവർക്കും അഗ്നിപരീക്ഷ

d

അമേരിക്കയുടെ പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നവംബർ മൂന്നിന് നടക്കുന്ന നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി ലോകം ഉറ്റുനോക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ അധികാരത്തിന്റെ ആഴമളക്കുന്ന ജനവിധിയോടൊപ്പം ഇത് ലോക രാഷ്ട്രീയത്തിനും അന്താരാഷ്ട്ര ബന്ധങ്ങൾക്കും വളരെ നിർണായകമാണ്. നിലവിൽ യു.എസ് കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. പ്രതിനിധി സഭയിൽ 218 സീറ്റുകളുമായി റിപ്പബ്ലിക്കൻമാരും, 214 സീറ്റുകളുമായി ഡെമോക്രാറ്റുകളും നേർക്കുനേർ നിൽക്കുന്നു. ഒരു സ്വതന്ത്ര അംഗവും രണ്ട് ഒഴിവുകളുമാണ് സഭയിലുള്ളത്.

സെനറ്റിലാകട്ടെ, രണ്ട് സ്വതന്ത്രർ ഉൾപ്പെടുന്ന 47 അംഗ ഡെമോക്രാറ്റിക് സഖ്യത്തിനെതിരെ 53 സീറ്റുകളുടെ ഭൂരിപക്ഷമാണ് റിപ്പബ്ലിക്കൻമാർക്കുള്ളത്. ട്രംപിന്റെ ശേഷിക്കുന്ന രണ്ടുവർഷത്തെ ഭരണകാലത്ത് അദ്ദേഹത്തിന്റെ നയങ്ങൾക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ ലഭിക്കുമോ അതോ കടുത്ത പ്രതിരോധം നേരിടേണ്ടി വരുമോ എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കും. ഭരണവിരുദ്ധ വികാരവും വോട്ടർമാരുടെ അതൃപ്തിയും വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത്. പ്രത്യേകിച്ച് ശക്തമായ മത്സരം നടക്കുന്ന സബർബൻ ഡിസ്ട്രിക്ടുകളിലും സെനറ്റ് സീറ്റുകളിലും അവർക്ക് പ്രതീക്ഷയുണ്ട്. എന്നാൽ അതിർത്തി സുരക്ഷ, നികുതിയിളവുകൾ, സാമ്പത്തിക നയങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് റിപ്പബ്ലിക്കൻമാരുടെ പ്രചാരണം.

സെനറ്റ് പിടിച്ചെടുക്കാൻ ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതേസമയം, റിപ്പബ്ലിക്കൻമാരുടെ ശക്തമായ കോട്ടകളായിരുന്ന ഒഹായോ, അയോവ, അലാസ്ക, ടെക്സസ് എന്നിവിടങ്ങളിൽ പാർട്ടി ഇത്തവണ പ്രതിരോധത്തിലാണ്. ട്രംപിന്റെ സാമ്പത്തിക-നികുതി നയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തിയും യുദ്ധം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുമാണ് ഈ പരമ്പരാഗത മണ്ഡലങ്ങളെപ്പോലും പ്രവചനാതീതമാക്കിയത്.

സർവേ പ്രവചനങ്ങൾ

മിക്ക സർവേകളും പ്രവചിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയമാണ്. എമേഴ്സൺ കോളേജ് പോളിൽ 11 പോയിന്റിന്റെയും (53%-42%), യുഗവ് /ന്യൂയോർക്ക് ടൈംസ് സർവേയിൽ 9 പോയിന്റിന്റെയും (54%-45%) വ്യക്തമായ മുൻതൂക്കം ഡെമോക്രാറ്റുകൾക്കുണ്ട്. നേറ്റ് സിൽവർ ബുള്ളറ്റിനും ഇത് ശരിവയ്ക്കുന്നു. ഹാരി എന്റന്റെ വിശകലനപ്രകാരം ഇരുസഭകളും ഡെമോക്രാറ്റുകൾ പിടിച്ചെടുക്കാനുള്ള സാദ്ധ്യത 67 ശതമാനമാണ്. ട്രംപിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സർവേകൾ അത്ര കൃത്യമൊന്നുമല്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ ചിത്രം വ്യക്തമാകൂ.

ചർച്ചാ വിഷയങ്ങൾ

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവകൾ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചോ എന്ന ചോദ്യം വോട്ടർമാർ ഉയർത്തുന്നുണ്ട്.

മറ്റൊരു പ്രധാന വിഷയം കുടിയേറ്റമാണ്. കർശനമായ അതിർത്തി നിയന്ത്രണങ്ങളെ റിപ്പബ്ലിക്കൻ വോട്ടർമാർ അനുകൂലിക്കുമ്പോൾ, ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ നയങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും തൊഴിലാളി ക്ഷാമത്തിനും കാരണമായെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇതുകൂടാതെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് താത്പര്യങ്ങളും ധാർമ്മികതയും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആഗോളതലത്തിൽ പശ്ചിമേഷ്യയിലെയും യുക്രെയിനിലെയും യുദ്ധങ്ങളും അതിലൂടെ അമേരിക്കയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകളും വോട്ടർമാരുടെ പ്രതികരണത്തെ സ്വാധീനിക്കും.

പ്രത്യാഘാതങ്ങൾ

ഏതെങ്കിലും ഒരു സഭയിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ അത് ട്രംപിന്റെ ഭരണത്തെ സങ്കീർണമാക്കും. പ്രതിനിധി സഭയുടെ നിയന്ത്രണം ലഭിച്ചാൽ ട്രംപിന്റെ നയങ്ങൾക്കെതിരെയും കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിക്കും.

ഇത് ബഡ്ജറ്റ് പാസാക്കുന്നതിലും ഭരണസ്തംഭനത്തിലേക്കും നയിച്ചേക്കാം. സെനറ്റ് നിയന്ത്രണം നഷ്ടമായാൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫെഡറൽ ജഡ്ജിമാരുടെയും നിയമനങ്ങളെ അത് ബാധിക്കും. എങ്കിലും പ്രസിഡന്റിന്റെ പ്രത്യേക എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിക്കാൻ ട്രംപിന് തടസമുണ്ടാകില്ല.

2028ലെ തിരഞ്ഞെടുപ്പ്

ഈ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം 2028ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാക്കും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ അത് ട്രംപിന്റെ നേതൃത്വത്തിനെതിരെയുള്ള ജനവിധിയായി വ്യാഖ്യാനിക്കപ്പെടും. ഇത് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽത്തന്നെ ആഭ്യന്തര ഭിന്നതകൾക്ക് കാരണമായേക്കാം. മറിച്ച്, റിപ്പബ്ലിക്കൻമാർ ഭൂരിപക്ഷം നിലനിറുത്തിയാൽ, കുടിയേറ്റം, വ്യാപാരം, വിദേശനയം എന്നിവയിൽ കൂടുതൽ കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകാൻ ട്രംപിന് അത് ധൈര്യം നൽകും.

ആഗോള രാഷ്ട്രീയവും ഇന്ത്യയും

അമേരിക്കയിലെ ഭരണമാറ്റങ്ങൾ ലോക കമ്പോളങ്ങളെയും വിദേശ നയങ്ങളെയും ബാധിക്കും. കോൺഗ്രസിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പശ്ചിമേഷ്യയിലേക്കും യുക്രെയിനിലേക്കും അമേരിക്ക നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങളെ അത് ബാധിച്ചേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഉടനടി വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല. യു.എസുമായുള്ള വ്യാപാര നികുതികൾ, കുടിയേറ്റ നിയന്ത്രണങ്ങൾ, പ്രതിരോധ പങ്കാളിത്തം എന്നിവ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ജയിച്ചാൽപ്പോലും ട്രംപിന്റെ കടുത്ത വ്യാപാര നയങ്ങളിലോ കുടിയേറ്റ നിയന്ത്രണങ്ങളിലോ പെട്ടെന്ന് അയവുണ്ടാകാൻ സാദ്ധ്യതയില്ല. അതിനാൽ ഇന്ത്യയ്ക്ക് ഇരുപാർട്ടികളുമായും ഒരേപോലെ നയതന്ത്രബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടി വരും. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ഊർജ്ജ പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവയിൽ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്.

ചുരുക്കത്തിൽ, 2026ലെ ഇടക്കാല തിരഞ്ഞെടുപ്പ് വെറുമൊരു സീറ്റ് പോരാട്ടമല്ല; മറിച്ച് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന രാഷ്ട്രീയ നയത്തിന്റെ നിലനിൽപ്പും അമേരിക്കൻ ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും പരീക്ഷിക്കപ്പെടുന്ന ആഗോള രാഷ്ട്രീയ യുദ്ധം കൂടിയാണ്. അതുകൊണ്ട് അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനും ഈ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്.

(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 9447145381)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US MIDTERM ELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION