SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

അവരെ കേൾക്കണം,​ ചേർത്തു പിടിക്കണം

mental-health

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും മാനസികാരോഗ്യ രംഗത്തെ ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം തിരഞ്ഞെടുക്കുകയും ആഗോളാടിസ്ഥാനത്തിൽ ചർച്ചചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു. ഈ വർഷത്തെ ചർച്ചാ വിഷയം 'അനുഭവങ്ങൾ കേൾക്കപ്പെടുന്നു: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം' (Lived Experiences Heard: Real Voices, Real Change) എന്നതാണ്.

മാനസികാരോഗ്യ നയങ്ങളും സേവനങ്ങളും ഇതുമായി ബന്ധപ്പെട്ട പൊതു സംഭാഷണങ്ങളും ആസൂത്രണം ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരുടെ ശബ്ദം ഗൗനിക്കപ്പെടാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതുമൂലം ഇതിന്റെ യഥാർത്ഥ ഉപഭോക്താക്കൾക്കു കിട്ടുന്ന സേവനം അപൂർണമാകുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനാണ് ഈ വർഷത്തെ ദിനാചരണം ഉൗന്നൽ നൽകുന്നത്. മാനസിക വെല്ലുവിളി നേരിട്ടനുഭവിച്ചവരെ സശ്രദ്ധം കേട്ട്,​ അർത്ഥവത്തായ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ സന്ദേശം.

ഇതിലൂടെ സാമൂഹിക മാനസികാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാനാകും. കൂടുതൽ ഫലവത്തായ സേവനങ്ങൾ രൂപകല്പന ചെയ്യാനാകും. സമൂഹത്തിലും തൊഴിലിടങ്ങളിലും ഇക്കൂട്ടരുടെ പ്രവൃത്തികളും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദീർഘകാല ചികിത്സയിൽ നിന്നും ഇവരെ ഒഴിവാക്കി സ്വന്തം സമൂഹത്തിൽ തന്നെ പുനരധിവസിപ്പിച്ച് ചികിത്സ നൽകുവാനും സാധിക്കും.

വൈദ്യശാസ്ത്ര രംഗം വളരെയധികം പുരോഗതി നേടിയെങ്കിലും നമ്മുടെ നാട്ടിൽ മാനസികാരോഗ്യ രംഗം അതിനൊപ്പം ഉയർന്നിട്ടില്ല എന്നതാണ് വസ്തുത. ഇതിനു പല കാരണങ്ങളുമുണ്ട്. മനോരോഗ ചികിത്സാരംഗത്തെ ആധുനിക പ്രവണതകളുടെ അപര്യാപ്തതയല്ല ഇതിനുള്ള കാരണം. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ ഒട്ടുമിക്ക മനോരോഗങ്ങളും ഭേദമാക്കാൻ കഴിയുമെങ്കിലും നമുക്ക് അതു സാധിക്കുന്നില്ല. മറ്റേതൊരു രോഗവും പോലെ തന്നെയാണ് മാനസികാരോഗ്യ പ്രശ്നങ്ങളും എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ പൊതുസമൂഹത്തിനുള്ള വിമുഖതയാണ് പ്രധാന കാരണം.

മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണങ്ങളെപ്പറ്റി കാലാകാലങ്ങളായി നിലനിൽക്കുന്ന അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും പൂർണമായി തുടച്ചുമാറ്റാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം ഈ രംഗത്തുണ്ടായിട്ടില്ല. മനോരോഗങ്ങളോട് സമൂഹം വച്ചുപുലർത്തുന്ന അവഗണനയും വിവേചന മന:സ്ഥിതിയുമാണ് മറ്റൊരു മുഖ്യകാരണം. മനോരോഗികളെ രണ്ടാംതരം പൗരന്മാരായാണ് ഇന്നും സമൂഹം കാണുന്നത്. ഇതുമൂലം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ യഥാസമയം ചികിത്സ തേടാൻ മടിക്കുന്നു. രോഗം മൂർച്ഛിക്കാനും രോഗാവസ്ഥ ദീർഘകാലം നീളാനും ഇതു കാരണമാകുന്നു.

മാനുഷിക പരിഗണന

തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന ജൈവ രാസപരമായ ചില മാറ്റങ്ങളാണ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണം. നിത്യജീവിതത്തിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളാലും ഈ മാറ്റങ്ങൾ സംഭവിക്കും. നമ്മുടെ ചിന്തകളെയും വൈകാരിക പ്രകടനങ്ങളെയും പ്രവൃത്തികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഈ മാറ്റങ്ങളാണ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

തലച്ചോറിനെ ബാധിക്കുന്ന മറ്റു രോഗങ്ങളെയെല്ലാം ശാരീരിക രോഗങ്ങളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ തലച്ചോറിന്റെ പ്രവർത്തന വൈകല്യം മൂലമുണ്ടാകുന്ന മനോരോഗങ്ങളും ഒരുതരം ശാരീരിക രോഗങ്ങൾ തന്നെയാണ്. ഈ വസ്തുതകൾ ഉൾക്കൊള്ളാനും മറ്റു രോഗികൾക്കു ലഭിക്കുന്ന മാനുഷിക പരിഗണനയും അന്തസ്സും അവകാശവും മാനസികാരോഗ്യ പ്രശ്നമുള്ളവരും അർഹിക്കുന്നതാണെന്ന് അംഗീകരിക്കുവാനും പൊതുസമൂഹം തയ്യാറാകണം. ഇതിനാവശ്യമായ പൊതുജന ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്.

(കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടി മുൻ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 9020420925)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MENTAL HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION