SignIn
Kerala Kaumudi Online
Saturday, 10 October 2026 1.05 AM IST

അമ്മപെങ്ങന്മാർ സുരക്ഷിതരാകണം

women-harassement

സ്ത്രീകളെ വാക്കുകൊണ്ടോ സ്പർശനം കൊണ്ടോ അപമാനിക്കുന്നത് കുറ്റകരമാണ്. ലൈംഗികമായി വേട്ടയാടുന്നത് കൊടും കുറ്റകൃത്യവും. ഇതിനെല്ലാം തക്കതായ ശിക്ഷ നിയമത്തിൽ അനുശാസിക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ ദിനംപ്രതി പരാതികളും പരിദേവനങ്ങളും ആവർത്തിക്കുകയാണ്. തണലാകേണ്ടവർ കുറ്റകൃത്യത്തിന്റെ തീവ്രതയും കാഠിന്യവും അളക്കുമ്പോൾ ഇരകൾ വീണ്ടും അപമാനിക്കപ്പെടുന്നു. അപൂർമായ കേസുകളിലെങ്കിലും സ്ത്രീ തന്നെ സ്ത്രീയുടെ ശത്രുപക്ഷത്ത് വരുന്നു.


പ്രണയം, വിവാഹം, തൊഴിൽ എന്നിവ സംബന്ധിച്ച പൊള്ളയായ വാഗ്ദാനങ്ങളിലും വ്യാജ വൈകാരിക പ്രകടനങ്ങളിലും വീണു പോകുന്നവരിൽ ഏറെയും
സ്ത്രീകളായിരിക്കാം. സമാനസാഹചര്യമാണ് കളമശേരിയിൽ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗ കേസിനു പിന്നിലും. 'സ്പാ"യിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഒരു സംഘം പീഡിപ്പിച്ചത്. മാരകവും സംഘടിതവുമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്.

ഡൽഹിയിലെ നിർഭയ കേസിനെത്തുടർന്ന് നിയമങ്ങൾ ഏറെ കർശനമായിട്ടുണ്ട്. എന്നാൽ രാജ്യതലസ്ഥാനത്തും സ്ത്രീകൾ സുരക്ഷിതമല്ലെന്നാണ് സമീപകാലത്തെ സംഭവവികാസങ്ങൾ അടിവരയിടുന്നത്. അടുത്തിടെയും ഡൽഹിയിൽ കൂട്ടമാനഭംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി, സ്ത്രീപീഡകരുടെ മനസിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികളാകണം ബലാത്സംഗ കേസുകളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് നിർദ്ദേശിച്ചു. ഇത് ഏറെ ശ്രദ്ധേയമായി.

കളമശേരിയിലെ

കരാളരാത്രി

കളമശേരിയിലെ 'സ്പാ" കേന്ദ്രത്തിൽ വീട്ടമ്മ അനുഭവിച്ചത് കൊടിയ പീഡനമായിരുന്നു. ഒന്നര ദിവസം തടങ്കലിൽ വച്ചാണ് പ്രതികൾ ഉപദ്രവിച്ചത്. സ്പാ മാനേജർ തസ്തികയിൽ ജോലി ഒഴിവുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് യുവതി അപേക്ഷിച്ചത്. ടാക്സി ഡ്രൈവറായ ഭർത്താവിനെ കുടുംബച്ചെലവിന് സഹായിക്കാം എന്നാണ് മനസിലുണ്ടായിരുന്നത്.

ഭർത്താവ് മൂന്നാറിലേക്ക് ഓട്ടം പോയ ദിവസമാണ് അഭിമുഖത്തിനായി യുവതിയെ വിളിച്ചത്. ജോലി ഉറപ്പായപ്പോൾ തന്നെ ഭർത്താവിനെ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞു. തുടർന്ന് അന്നു രാത്രി 11നു ജോലിയിൽ പ്രവേശിക്കാൻ അഭിമുഖം നടത്തിയവർ ആവശ്യപ്പെട്ടു. ഇന്റർവ്യൂ സമയത്ത് മാനേജർ എന്നു പരിചയപ്പെടുത്തിയ യുവതിയാണ് വിളിച്ചത്. സ്പായുമായി ബന്ധപ്പെട്ടവർ വീട്ടിലേക്ക് വാഹനം അയയ്ക്കുകയും ചെയ്തു. അവിടെ ചെന്നപ്പോൾ ബീയറും ഐസ്‌ക്രീമും നൽകി. ഐസ്‌ക്രീമിൽ ലഹരി കലർത്തി നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനമെന്നാണ് യുവതിയുടെ പരാതി. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ആക്രമണം നടത്തിയത്. യുവതിയുടെ ഫോൺ ഇവരുടെ കസ്റ്റഡിയിലായിരുന്നു. പിന്നീട് കൂടുതൽപ്പേർ എത്തിയതോടെ ബീയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് യുവതി രക്ഷപ്പെട്ടത്. ഭർത്താവ് തുടർച്ചയായി വിളിച്ചിട്ടും മറുപടിയുണ്ടായില്ല. പിറ്റേന്ന് വൈകിട്ടാണ് അതിജീവിത ഭർത്താവിന്റെ കോൾ എടുക്കുന്നത്. കൂട്ടുകാരിയുടെ വീട്ടിൽ പോയെന്നാണ് പറഞ്ഞത്. പിന്നീട് ഭർത്താവ് തിരിച്ചെത്തിപ്പോൾ ഭാര്യ ഇരുട്ടത്തിരുന്ന് കരയുന്നതാണ് കണ്ടത്. നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് മാനഭംഗ വിവരം വെളിപ്പടുത്തിയത്. യുവതിക്ക് ഇപ്പോൾ മനുഷ്യരെ കാണുന്നതുപോലും ഭയമാണ്.


ആരെങ്കിലും അടുത്തുവന്നാൽ ദേഷ്യത്തോടെ പെരുമാറും, സ്വന്തം വസ്ത്രങ്ങൾ കീറിയെറിയും, അടുത്തുവരരുതെന്ന് ആക്രോശിക്കും. ഇതാണ് നിലവിലെ അവസ്ഥ.

പ്രതികളിൽ നാലുപേർ അറസ്റ്റിലായി. ഇവർ പെൺവാണിഭത്തിന് ഇരകളെ 'പാകപ്പെടുത്തുന്ന"വരാണെന്നാണ് പൊലീസ് പറയുന്നത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളെടുക്കുന്നതോടെ പലരും ഊരാക്കുടുക്കിലാകും. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നാണ് കരുതുന്നത്.

പീഡകർ പേടിക്കണം

നിയമവും ബോധവത്കരണവും എത്ര തന്നെ ശക്തിപ്പെടുത്തിയിട്ടും ഇരകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. ലൈംഗികാതിക്രമങ്ങൾ തടയാൻ കുറ്റവാളികളുടെ മനസിൽ ഭയം ഉണ്ടാക്കണമെന്നാണ് ഡൽഹി പൊലീസിനോട് കോടതി പറഞ്ഞതിന്റെ സാരം. തെറ്റായെന്തെങ്കിലും ചെയ്താൽ തങ്ങൾ ഇല്ലാതാകുമെന്ന ധാരണ ഇവർക്കുണ്ടാകണം.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ബലാത്സംഗക്കേസുകൾ സ്വമേധയാ പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ഉൾപ്പെടെയുള്ളവ കോടതി പരാമർശിച്ചു. ഇനി എന്തെങ്കിലും ചെയ്താൽ മരിച്ചുപോകും എന്ന ഭയം കുറ്റവാളികളിൽ ഉണ്ടാക്കാതെ ഇത്തരം ക്രൂരകൃത്യങ്ങൾ തടയാനാവില്ലെന്നും വ്യക്തമാക്കി.

കുറ്റകൃത്യങ്ങൾ തടയാൻ പൊലീസും കോടതിയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡൽഹിയിൽ ഇതിനായി ഒരു 'വാർ റൂം" സജ്ജമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദ്ദേശിച്ചു. ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസ് ഉപയോഗിച്ച് സംശയിക്കപ്പെടുന്നവരെ നിരീക്ഷിക്കാനും കോടതി ആവശ്യപ്പെട്ടു. പെൺകുട്ടികളെ ശല്യം ചെയ്യുന്ന ഗുണ്ടകൾ തമ്പടിക്കുന്ന കോളേജ് പരിസരങ്ങളിലും സാമൂഹികവിരുദ്ധർ ഒത്തുകൂടി മദ്യപിക്കുന്ന അനധികൃത ഭക്ഷണശാലകളിലും കർശന പരിശോധന വേണമെന്നും നിർദ്ദേശിച്ചു. ആഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് പഴയ ഡൽഹിയിലെ കാശ്മീർ ഗേറ്റിലേക്ക് സഞ്ചരിച്ച ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായതും സെപ്തംബർ 21ന് സൗത്ത് ഡൽഹിയിലെ ആസ്ത കുഞ്ച് പാർക്കിൽ പൊലീസ് ചമഞ്ഞെത്തിയവർ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾ കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. സ്ഥാപനപരമായ വീഴ്ചകൾ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

കേസ് നവംബർ 13നാണ് വീണ്ടും പരിഗണിക്കുന്നത്. തുടർന്ന് കോടതി പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമായിരിക്കുമെന്നത് ഏറെ പ്രധാന്യമർഹിക്കുന്നു. പീഡകർക്ക് പേടിക്കാനുള്ള വക ഇതിലുണ്ടാകുമെന്നുറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN HARASSEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION