SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

അതിർത്തിയിൽ വീണ്ടും തലപൊക്കി അരികടത്ത്

d

ഗോവിന്ദാപുരം മുതൽ വാളയാർ വരെയും അവിടെ നിന്ന് ആനക്കട്ടിവരെയും നീളുന്ന കേരള തമിഴ്നാട് സംസ്ഥാനാതിർത്തി കള്ളക്കടത്തിന് പണ്ടേ പ്രസിദ്ധമാണ്. കോഴിയും സ്പിരിറ്റുമായിരുന്നു ആദ്യകാലങ്ങളിൽ അതിർത്തിവഴി കേരളത്തിലേക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോഴത് റേഷൻ അരി വരെയായി. തമിഴ്നാട്ടിൽ സൗജന്യമായും 5 രൂപയ്ക്കും മറ്റും കിട്ടുന്ന അരി അതിർത്തി കടത്തി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന മാഫിയകൾ ഇരുസംസ്ഥാനങ്ങളിലും സജീവമാണ്.

പത്ത് ദിവസം മുൻപ് പൊലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചിക്കോട് വ്യവസായമേഖലയിലെ റൈസ് മില്ലിൽ അനധികൃതമായി സൂക്ഷിച്ച 20.6 ടൺ അരിയാണ് പിടികൂടിയത്. അരികടത്ത് സംഘങ്ങൾക്ക് സംസ്ഥാന അതിർത്തിയിൽ രഹസ്യ കേന്ദ്രങ്ങളുണ്ട്. പലരും വീടുകൾ വാടകയ്ക്ക് എടുത്താണ് അരി സൂക്ഷിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും മറ്റും തുച്ഛമായ വില നൽകി വാങ്ങുന്ന അരി അതിർത്തിയിലെ വീടുകളിൽ സൂക്ഷിക്കും. ശേഷം കേരളത്തിലെത്തിച്ച് റൈസ് മില്ലുകളിൽ രാസവസ്തുക്കളും തവിടും ചേർത്ത് പോളിഷ് ചെയ്ത് പുതിയ ബ്രാൻഡുകളിലായി കിലോക്ക് 50 മുതൽ 60 രൂപ വരെ ഈടാക്കി വിപണിയിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.

റോഡുമാർഗമുള്ള ഊടുവഴികൾക്ക് പുറമെ, പൊള്ളാച്ചിപാലക്കാട്, പോത്തനൂർ പാലക്കാട് ട്രെയിനുകളിൽ അരി വ്യാപകമായി കടത്തുന്നുണ്ട്. തട്ടിപ്പുകാർ മുമ്പ് സ്ത്രീകളെയാണ് അരിക്കടത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുരുഷന്മാരെയാണ് ഉപയോഗപ്പെടുത്തുന്നത്. തമിഴ്നാട്ടിൽ സിവിൽ സപ്ലൈസ് കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പൊലീസ് സംഘമുണ്ടെങ്കിലും കേരളത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് മാത്രമാണുള്ളത്. ഉദ്യോഗസ്ഥരുടെ കുറവും വാഹനസൗകര്യമില്ലായ്മയും കടത്തുകാർക്ക് തുണയാകുന്നു. പാലക്കാട്ടെയും പൊള്ളാച്ചി, കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെയും അതിർത്തി ഭാഗങ്ങളിലുള്ളവരുടെ വരുമാനമാർഗമാണ് ഈ അനധികൃത അരിക്കടത്ത്. ഗോവിന്ദാപുരം, മീനാക്ഷിപുരം, ഗോപാലപുരം, നടുപുണി, വേലന്താവളം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ റേഷനരി കടത്ത് തടയാൻ പ്രത്യേക പരിശോധന കേന്ദ്രങ്ങളും സിവിൽ സപ്ലൈസ്‌ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.


അരിയായും പൊടിയായും

വിപണിയിലേക്ക്

തമിഴ്നാട്ടിൽ നിന്നും അതിർത്തി ചെക്ക്‌പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷനരി കടത്തുന്നത് തടയാൻ ഇരുസംസ്ഥാനങ്ങളും സംയുക്തമായി പരിശോധന തുടരുകയാണ്. ഇതിനിടയിലും റേഷനരി കടത്ത് വൻതോതിൽ തുടരുന്നുണ്ട്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് കേരള - തമിഴ്നാട് സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികൾകൊണ്ട് ലക്ഷങ്ങൾ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിഞ്ചന്തക്കാരാണ്. പൊള്ളാച്ചിയിലെ അരിമില്ലുകൾ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിർത്തികടന്ന് കേരളത്തിലെത്തുന്നത്.

അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിത താവളങ്ങളുണ്ട്. റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് വാളയാറാണ്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർടികളുടെ പ്രാദേശിക നേതാക്കളാണ്. എത്ര ക്വിന്റൽ അരിവേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇവരുടെ വാഗ്ദാനം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രതിമാസം ഒന്നരലക്ഷം രൂപ കൈക്കൂലി നൽകിയാണ് അരികടത്ത് നിർബാധം തുടരുന്നത്.

പ്രതിദിനം 12

ടൺവരെ കടത്തും

നൂറ് ടൺ അരി വേണമെങ്കിലും തരാമെന്ന് അരി മാഫിയ ഉറപ്പു നൽകും. ഇതൊരു ഉപജീവനമാർഗമായി സ്വീകരിച്ച യുവാക്കൾ നിരവധിയുണ്ട് അതിർത്തി മേഖലകളിൽ. ഒരു കിലോ അരിക്ക് 20 രൂപയാണ് ഈ സംഘം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നത്. അരിയുടെ ഫോട്ടോ വാട്സാപ്പിൽ അയച്ചുതരും. ആവശ്യപ്പെടുന്നത് അനുസരിച്ച് സാമ്പിളുമായി ആളെത്തും. ശേഷം വിലയുറപ്പിക്കലും തൂക്കം നിശ്ചയിക്കലുമാണ്. ദിവസവും പത്തുമുതൽ പന്ത്രണ്ട് ടൺ അരിവരെ കേരളത്തിലേക്ക് കടത്തുന്നുണ്ട്.

മൊപ്പെഡ് മുതൽ

ട്രെയിൻ വരെ

തമിഴ്നാടിന്റെ അതിർത്തിജില്ലകളിലെ 41 ചെക്‌പോസ്റ്റുകൾ വഴിയാണ് റേഷനരി പാലക്കാടെത്തുന്നത്. പല വഴികളിലൂടെ വാളയാറും കഞ്ചിക്കോടും എത്തിക്കുന്ന അരി വൻകിട ഏജന്റുമാർ കിലോയ്ക്ക് 15 മുതൽ 20 രൂപ വരെ നൽകി വാങ്ങും. മൊപ്പെഡും ഓട്ടോയും മിനിവാനും വഴിയാണ് കൂടുതലായും അരി കടത്തുന്നത്. ട്രെയിനുകളിൽ പാസഞ്ചർവഴിയും രാത്രിയിലെ എക്സ്പ്രസ് വണ്ടികൾ വഴിയും അരിയെത്തുന്നുണ്ട്. ചാക്കിൽനിറച്ച് കടത്തുന്ന അരി വാളയാർ,കഞ്ചിക്കോട് സ്റ്റേഷനുകൾക്ക് സമീപം ട്രെയിനിൽനിന്ന് തള്ളിയിടുകയാണ് പതിവ്. ഇത് പിന്നെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റും.

അരി പിടിച്ചാലും

ഉടമസ്ഥരെ കിട്ടാറില്ല

തമിഴ്നാട് റേഷനരി വാങ്ങാൻ കേരളത്തിൽ ആവശ്യക്കാരേറെയുണ്ട്. നല്ല പുഴുക്കലരി കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ വിലയുള്ളപ്പോൾ 25, 30 രൂപയ്ക്ക് കിട്ടുന്ന അരി വാങ്ങാൻ ആവശ്യക്കാർ കൂടുതലുണ്ടാവും.

റേഷനരി കിട്ടാത്ത മറുനാടൻ തൊഴിലാളികൾ, ഹോട്ടലുകാർ, അരി മില്ലുകാർ എന്നിവരാണ് അരി വാങ്ങുന്നത്. സാധാരണക്കാർക്ക് ചില്ലറയായും അരി വിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടത്തുകാർക്ക് വിപണി കണ്ടെത്തൽ ഒരു വിഷയമേയല്ല. എത്ര അരി കൊണ്ടുവന്നാലും അത് വിറ്റുപോകും.

പിടികൂടിയാലും

ശിക്ഷയില്ല

കടത്തിക്കൊണ്ടുവരുന്ന റേഷനരി സംഭരിക്കുന്നത് ചിറ്റൂർ, പാലക്കാട് താലൂക്കുകൾ കേന്ദ്രീകരിച്ചാണ്. നിസാര തുകയ്ക്ക് തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന അരി പോളിഷ് ചെയ്തും അല്ലാതെയും പുതിയ ചാക്കുകളിലാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നു. പോളിഷ് ചെയ്ത അരി കിലോയ്ക്ക് 35 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. പാലക്കാട്ട് കൊണ്ടുവരുന്ന അരി പുതിയ ചാക്കുകളിലാക്കിയാൽ പിന്നെ തമിഴ്നാട് റേഷനരിയാണെന്ന് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ പറയുന്നു.

കോടതിയിൽ കേസ് നിൽക്കണമെങ്കിൽ റേഷനരിയാണെന്ന് തെളിയിക്കണം.

ഇത് പലപ്പോഴും സാധിക്കാത്തതിനാൽ അരി കടത്തുന്നവർക്ക് വലിയ ശിക്ഷയും കിട്ടാറില്ല. പിടിക്കുന്ന അരി സിവിൽസപ്ലൈസ് ഡിപ്പോകളിൽ സൂക്ഷിച്ച് റേഷൻകടവഴി വിതരണം ചെയ്യലാണ് ആകെ നടക്കുന്നത്. നേരത്തേ റേഷനരി കടത്തുന്നത് പിടിക്കുമായിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല. പക്ഷേ, കേസുകൾ കൂടിയതോടെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ശുപാർശ പരിഗണിച്ച്,കേസുകൾ രജിസ്റ്റർചെയ്ത് നടപടിയെടുക്കാൻ രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും കേരളത്തിൽ അരികടത്തലിൽ നടപടികളും ശിക്ഷയും കുറവാണ്. അതുതന്നെയാണ് റേഷനരികടത്ത് തുടരാനുള്ള കാരണവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE SMUGGLING RACKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION