
അഞ്ചുകൊല്ലം മുമ്പ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി, കേരള നിയമസഭ ഐകണ്ഠേന പാസാക്കിയ നിയമത്തിന്റെ നെടുംതൂണുകളായ രണ്ടു വ്യവസ്ഥകൾ റദ്ദാക്കിക്കാനുള്ള ഇപ്പോഴത്തെ നീക്കം ഫലം കണ്ടാൽ, യഥാർത്ഥത്തിൽ റദ്ദായിപ്പോകുന്നത് അറിവിന്റെ മഹാഗുരുവിന്റെ നാമത്തിലുള്ള ആ സർവകലാശാല തന്നെയായിരിക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികൾക്ക് തുടക്കത്തിൽ കൽപ്പിച്ച് നൽകിയ പ്രവൃത്തി മണ്ഡലം പരമ്പരാഗത രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ രംഗമായിരുന്നു. പിന്നീടവർ, അതിനുപുറമേ, വിദൂര വിദ്യാഭ്യാസവും കൈകാര്യം ചെയ്യാൻ തുടങ്ങി.
എന്നാൽ, പരമ്പരാഗതവിദ്യാഭ്യാസ രീതികളുമായി അടിസ്ഥാനപരമായ അന്തരങ്ങളുള്ള വിദൂര വിദ്യാഭ്യാസത്തിന് പുതിയ ലോകത്ത് വലിയ സാദ്ധ്യതകളുണ്ടെന്ന തിരിച്ചറിവിൽ, അതിന്റെ വ്യാപനവും ഗുണനിലവാരവും ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഈ പഠനക്രമത്തെ മറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും വേർപ്പെടുത്തി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്ന വിശേഷാൽ (specialised) സർവകലാശാലയുടെ കുടക്കീഴിലാക്കി. ഈ പരിവർത്തനങ്ങൾക്ക് നിയമപരിരക്ഷ നൽകുന്ന വകുപ്പുകൾ എടുത്ത് കളയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
വിശേഷാൽ വിദ്യാഭ്യാസത്തിന്
വിശേഷാൽ യൂണിവേഴ്സിറ്റി
ഒരു നിശ്ചിത സ്ഥലത്ത്, ഒരു നിശ്ചിത സമയത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും മുഖാമുഖമിരുന്ന് വിദ്യ അഭ്യസിക്കുന്നതാണ് പരമ്പരാഗത രീതി. അതിൽനിന്നും വ്യത്യസ്തമായി ഏതൊരാൾക്കും, ഏതു സ്ഥലത്തുവച്ചും, ഏതുസമയത്തും അറിവ് സ്വായത്തമാക്കാനുതകുന്ന പഠനക്രമങ്ങളും അവയ്ക്ക് തുണയേകുന്ന പ്രത്യേക സൗകര്യങ്ങളുമുള്ള വിദൂര വിദ്യാഭ്യാസത്തിനായി ഒരു സവിശേഷ യൂണിവേഴ്സിറ്റി വേണമെന്ന തീരുമാനം ചരിത്രപരമായ ഒരു തുടർച്ചയുടെ ഭാഗമാണ്.
2010ൽ നിയമസഭ പാസാക്കിയ നിയമം മുഖേന, അതുവരെ മറ്റ് യൂണിവേഴ്സിറ്റികൾ നടത്തിവന്നിരുന്ന ആരോഗ്യ വിദ്യാഭ്യാസം, വിശേഷാൽ സർവകലാശാലയായി രൂപീകരിച്ച ഹെൽത്ത് യൂണിവേഴ്സിറ്റിയിൽ നിക്ഷിപ്തമാക്കി. അതുപോലെ, മറ്റ് യൂണിവേഴ്സിറ്റികൾ നടത്തിവന്നിരുന്ന എൻജിനിയറിംഗ് വിദ്യാഭ്യാസം, 2014ലെ നിയമപ്രകാരം,അവിടങ്ങളിൽ നിന്നും അടർത്തിയെടുത്ത് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ കേന്ദ്രീകരിച്ചു. ഈ പൂർവ മാതൃകകളുടെ അതേ തത്വശാസ്ത്രം തന്നെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണത്തിലും വർത്തിച്ചത്.
തത്പരകക്ഷികളുടെ വാദമുഖങ്ങൾ
വിദൂര വിദ്യാഭ്യാസം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ മാത്രമായി കേന്ദ്രീകരിക്കരുതെന്ന് ഇപ്പോൾ ശഠിക്കുന്നവർ ഉന്നയിക്കുന്നത് മൂന്നു വാദങ്ങളാണ്:
മത്സരം മികവിലേക്കുള്ള വഴി തുറക്കും
വിദൂര വിദ്യാഭ്യാസം മറ്റുള്ള യൂണിവേഴ്സിറ്റികളിലേക്ക്കൂടി അനുവദിക്കുകയാണെങ്കിൽ, അത് ഓപ്പൺ യൂണിവേഴ്സിറ്റിയും മറ്റുള്ളവരും തമ്മിലുള്ള മത്സരത്തിനും അതിലൂടെ മികവിന്റെ ഉയർച്ചയ്ക്കും കാരണമാകുമെന്നതാണ് ഒരു വാദം. എന്നാൽ, ഇത് ശരിയാണെന്ന് സമ്മതിച്ചാൽ,ആ യുക്തി ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമായി ഒതുക്കാനാകില്ല. മറ്റ് വിശേഷാൽ യൂണിവേഴ്സിറ്റികളായ ഹെൽത്ത് യൂണിവേഴ്സിറ്റിയിലും ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലും അതേ യുക്തി പ്രയോഗിക്കേണ്ടിവരും. അപ്പോൾ, ഉപായത്തിലെ അപായം കൂടുതൽ തെളിമയോടെ കാണാനാകും. മറ്റൊരു കാര്യം, മത്സരംവഴി മികവ് ഉയർത്താമെന്ന് കരുതുന്നുവെങ്കിൽ അത് കേരളത്തിലെ പരമ്പരാഗത യൂണിവേഴ്സിറ്റികൾ തമ്മിലും പയറ്റാവുന്നതാണ്. എന്നാൽ ഇത്തരം മത്സരം ആരോഗ്യകരമാകില്ലെന്ന് കണ്ടറിഞ്ഞതിന്റെ ഫലമായി, അത് നിയമം മൂലം തടഞ്ഞു നിറുത്തിയിരിക്കുകയാണ്. ഓരോ യൂണിവേഴ്സിറ്റിയുടെയും പ്രവർത്തനത്തിനുള്ള ജില്ലകൾ നിയമംമൂലം നിജപ്പെടുത്തിയിട്ടുണ്ട്.
ഓരോ യൂണിവേഴ്സിറ്റിയുടെയും പ്രവർത്തനങ്ങൾക്ക് ഭൂപ്രദേശ പരിധി നിശ്ചയിച്ചത്, സർവകലാശാലകൾ തമ്മിലുള്ള മത്സരം അക്കാഡമിക് മികവിന് പകരം അക്കാഡമിക് അരാജകത്വത്തിലേക്ക് നയിക്കുമെന്ന വലിയ കാഴ്ചപ്പാടിലാണ്. അതിനാൽ, കേരളമാകെ പ്രവർത്തന പരിധി നിശ്ചയിച്ചിട്ടുള്ളതും, വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി സ്ഥാപിച്ചിട്ടുള്ളതുമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ചുമതല മറ്റ് യൂണിവേഴ്സിറ്റികളുമായി പങ്കിടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വരുമാനത്തിനുള്ള മാർഗം
വിദൂര വിദ്യാഭ്യാസം തിരിച്ചെത്തുന്നത് പരമ്പരാഗത യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക പരാധീനതകൾ മാറ്റാനുള്ള ഒരു വരുമാനമാർഗമാകുമെന്ന വാദമാണ് രണ്ടാമത്തേത്. വരുമാന വളർച്ച ഉണ്ടാകുമെന്ന് പറയുന്നവർ, പുതുതായി വന്നുഭവിക്കുന്ന അധിക ചെലവുകളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. മറ്റ് യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ, നേരത്തെ പ്രവർത്തിച്ചിരുന്ന അദ്ധ്യാപകരും അനദ്ധ്യാപകരും ഏതാണ്ട് പൂർണ്ണമായിത്തന്നെ റെഗുലർ വിദ്യാഭ്യാസ തുറകളിലേക്ക് ആഗീകരണം ചെയ്യപ്പെട്ടു കഴിഞ്ഞു. അതിനാൽ യു.ജി.സി നിബന്ധനകളനുസരിച്ച് പുതുതായി അദ്ധ്യാപകരെയും അനദ്ധ്യാപകരെയും നിയമിക്കേണ്ടിവരും. പഠനസാമഗ്രികളുടെ തയ്യാറാക്കൽ, പഠനകേന്ദ്രങ്ങളുടെ പടുത്തുയർത്തൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി കൂടുതൽ സംഖ്യ ചെലവിടേണ്ടതായും വരും. വിദൂര വിദ്യാഭ്യാസമേഖല മറ്റുള്ളവർക്ക് കൂടി വീതിച്ചു നൽകുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ശക്തിയും നിലനിൽപ്പും തകർക്കുമെന്നതിലും സംശയമില്ല.
ഗുണനിലവാരമില്ലായ്മയെന്ന ആക്ഷേപം
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഗുണമേന്മയുടെയും അക്കാഡമിക് വിഷയങ്ങളിലെ വൈവിദ്ധ്യത്തിന്റെയും കാര്യത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ലായെന്ന മൂന്നാമത്തെ വാദം അടിസ്ഥാനരഹിതമായ ആക്ഷേപമാണ്. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റെഗുലേറ്ററി സമിതികളായ യു.ജി.സിയും, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയും നിഷ്കർഷിക്കുന്നതും, പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഗുണനിലവാര മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പ്രവർത്തിക്കാനാവൂ. അതിനൊപ്പംതന്നെ, ഈ യൂണിവേഴ്സിറ്റി സ്വന്തം നിലയിൽ നടപ്പിലാക്കിയിട്ടുള്ള ഗുണമേന്മാ സംവിധാനങ്ങളുമുണ്ട്. വിദ്യാർത്ഥി- സൗഹൃദ പരിപാടികളിൽ ഇന്ത്യയിലെ മറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികൾക്ക് മാതൃകയായി ഇതിനോടകം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വളർന്നിട്ടുമുണ്ട്.
ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്; ചില പരിമിതികൾ മറികടക്കേണ്ടതുമുണ്ട്. സ്വന്തം ക്യാമ്പസ് നിർമ്മിക്കാനുള്ള കർമ്മങ്ങൾ സർക്കാരിന്റെ സഹായത്തോടെ വേഗതയിൽ മുന്നേറുന്നുണ്ട്. ഈ വലിയ വളർച്ചയുടെ സാഹചര്യങ്ങളിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമുള്ള നിയമഭേദഗതികൾക്കായി തത്പരകക്ഷികൾ നടത്തുന്ന നീക്കങ്ങൾ, ദീർഘവീക്ഷണമുള്ള
നമ്മുടെ അധികാരികൾ അവഗണിക്കുമെന്ന് പ്രത്യാശിക്കാം.
ഓപ്പൺ യൂണിവേഴ്സിറ്റി: ഹ്രസ്വകാലത്തെ മുന്നേറ്റം
കഴിഞ്ഞനാലുവർഷത്തെ ആകെ എൻറോൾമെന്റ്- ഒരു ലക്ഷത്തിലധികം പഠിതാക്കൾ. അക്കാഡമിക് പ്രോഗ്രാമുകളുടെ എണ്ണം- യു.ജി16, പി.ജി 14. പ്രൊഫഷണൽ/പുത്തൻ തലമുറ കോഴ്സുകൾ
മേഖലാകേന്ദ്രങ്ങളുടെ എണ്ണം- 5. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പഠനസഹായ കേന്ദ്രങ്ങളുടെ എണ്ണം- 61. യു.ജി.സി യോഗ്യതയും ഓറിയന്റേഷന് വിധേയരുമായ അക്കാഡമിക് കൗൺസിലേഴ്സിന്റെ എണ്ണം 2000ത്തിലധികം
അക്കാഡമിക് പരിഷ്കാരങ്ങളിൽ ആദ്യ ചുവടുവയ്പ്പുകൾ-ഒരേസമയം രണ്ടു ഡിഗ്രി നേടാനുള്ള അവസരം. TC നിർബന്ധമല്ലാതാക്കി. പോളിടെക്നിക് വിജയിച്ചവർക്ക് ഡിഗ്രി അഡ്മിഷൻ
ഭവനരഹിത വിദ്യാർത്ഥികൾക്കായുള്ള ഭവന നിർമ്മാണ പദ്ധതി. പാതിവഴിയിൽ പഠനം മുടങ്ങിയവരെയും, ഇതുവരെ, പല കാരണങ്ങളാൽ പ്രവേശനം നേടാൻ കഴിയാത്തവരെയും കണ്ടെത്തി പഠിതാക്കളാക്കുന്ന യജ്ഞങ്ങൾ.
KIRF 2026 റാങ്കിംഗിൽ പതിനൊന്നാം സ്ഥാനം. NCEVTയുടെ അക്രഡിറ്റേഷൻ ഏജൻസി എന്ന അംഗീകാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |