
കഴിഞ്ഞകാല തിരുവിതാംകൂറിലെ ജനജീവിതം സാമൂഹികമായ സ്വാതന്ത്ര്യത്തിന്റെയോ, സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അതിരൂക്ഷമായ ജാതി വ്യത്യാസമായിരുന്നു സാമൂഹിക ഘടനയുടെ മുഖ്യസവിശേഷത. അത്തരത്തിൽ ജാതി വിവേചനത്തിന്റെയും അശാസ്ത്രീയമായ സാമൂഹ്യ വ്യവസ്ഥിതിയുടെയും ദുരിതങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ ബാല്യവും, കൗമാരവും, യൗവനവുമായിരുന്നു ഡോ. പൽപ്പുവിന്റേത്. സാമൂഹ്യമായും സാമ്പത്തികമായും വളരെയേറെ ക്ലേശങ്ങളും, പ്രതിസന്ധികളും ഉണ്ടായിട്ടും അദ്ദേഹം തളർന്നില്ല. ലക്ഷ്യബോധത്തോടെ തന്റെ കർമ്മകാണ്ഡം സഫലമാക്കിയ അദ്ദേഹത്തിന്റെ ജീവിതം ആർക്കും അനുകരിക്കാവുന്നൊരു മാതൃകയാണ്.
സാമൂഹ്യബോധവും, സാമർത്ഥ്യവും മികവുള്ള വിദ്യാർത്ഥിയായിരുന്നിട്ടും പരീക്ഷകളിൽ സവർണവിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിട്ടും മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നിട്ടും ഈഴവ സമുദായത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിനു തിരുവിതാംകൂറിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ ജാതിഭ്രാന്തിന്റെ തീച്ചൂളയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.
ജാതീയമായും, സാമൂഹികമായും സാമ്പത്തികമായും വളരെയേറെ ക്ലേശങ്ങളും, പ്രതിസന്ധികളും ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച പൽപ്പു ഡോ.പൽപ്പുവായി തിരുവിതാംകൂറിൽ മടങ്ങിയെത്തി. എന്നിട്ടും അയിത്ത ജാതിക്കാരനായി ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിനു തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം ലഭിച്ചില്ല. തുടർന്നാണ് മൈസൂരിലേയ്ക്ക് പോയത്. അവിടെ ഗവൺമെന്റ് സർവീസിൽ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുകയും ചെയ്തു. 1898ൽ പ്ലേഗ് രോഗം ബാധിച്ച് ശ്മശാനതുല്യമായിത്തീർന്ന ബാംഗ്ലൂർ നഗരത്തിൽ ശവങ്ങളുടെയും മരണാസന്നരുടെയുമിടയിൽ ദൈവത്തിന്റെ ദാസനായും ശ്രീനാരായണ ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് അദ്ദേഹം ആതുരസേവനത്തിൽെ ഉദാത്ത മാതൃകയായി.
അതുപോലെ ബാംഗ്ലൂർ പട്ടണത്തിലെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്ത്രവുമില്ലാതെ തളർന്നും വിറങ്ങലിച്ചും കിടന്നിരുന്ന ബഹുശതം യാചകരെ രാത്രികാലങ്ങളിൽ അവരറിയാതെ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന ഒരു ഡോക്ടറെ കാലത്തിന്റെയും, ലോകത്തിന്റെയും ചരിത്രത്തിൽ മറ്റെവിടെയാണു കാണാനാവുക. മൈസൂരിൽ ജോലിചെയ്യുമ്പോൾ തന്നെ അദ്ദേഹം സ്വദേശത്ത് സർക്കാരും സവർണ്ണരും ചേർന്ന് പിന്നാക്ക ജനവിഭാഗങ്ങളെ ദ്രോഹിക്കുന്നതിനെ എതിർക്കുകയും തിരുവിതാംകൂർ മദ്രാസ് സർക്കാരുകൾക്ക് ഹർജികളും നിവേദനങ്ങളും നൽകി വരികയും ചെയ്തു.
വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും പിന്നാക്കക്കാർക്ക് അവകാശം ഉണ്ടെന്ന് കാണിച്ച് സമർപ്പിച്ച ഹർജികളും നിവേദനങ്ങളും തിരസ്കരിക്കപ്പെട്ടുവെങ്കിലും ഡോ.പൽപ്പു നിരാശനായില്ല. ഈ അവസരത്തിലാണ് പ്രധാന സർക്കാർ തസ്തികകളെല്ലാം പരദേശി ബ്രാഹ്മണർക്ക് കൊടുക്കുന്നതിൽ പ്രതിഷേധിച്ച് നായർ, ഈഴവർ, ക്രിസ്ത്യാനികൾ, മുസൽമാൻമാർ തുടങ്ങിയ എല്ലാ മലയാളി വിഭാഗങ്ങളും ചേർന്ന് മദ്രാസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ പത്രാധിപരായിരുന്ന ബാരിസ്റ്റർ ജി.പരമേശ്വൻപിള്ളയുടെയും (ജി.പി.പിള്ള) കെ.പി.ശങ്കരമേനോന്റെയും നേതൃത്വത്തിൽ മലയാളി പ്രക്ഷോഭം നടന്നത്.
പതിനായിരത്തിൽപരം പേർ ഒപ്പിട്ട തങ്ങളുടെ അവശതകൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം (1891) അവർ ശ്രീമൂലം തിരുനാളിനു നൽകി. മുന്നാക്ക വിഭാഗങ്ങളോടൊപ്പം നിന്നു പൊരുതിയാൽ ഈഴവ സമുദായത്തിനും എന്തെങ്കിലും ഗുണം ലഭിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു മലയാള മെമ്മോറിയൽ എന്ന ഹർജിയിൽ മൂന്നാം പേരുകാരനായി ഡോ.പൽപ്പുവും ഒപ്പിട്ടത്. എന്നാൽ ആ ഹർജിയും സർക്കാർ നിരാകരിച്ചു. അതിനാൽ ഈഴവരെ സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുവാനായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം.
ഏതൊരു സാമൂഹിക മാറ്റത്തിനും പിന്നിലെ പ്രേരകശക്തിയായി ആദ്ധ്യാത്മികതയുടെ ഒരു മുഖമുണ്ടാവണം. അതിന് തന്റെ മാർഗദർശിയായി ശ്രീനാരായണ ഗുരുവിനെയാണ് ഡോ. പൽപ്പു കണ്ടത്. ഇരുവർക്കും പുറമെ സാമൂഹ്യ നവോത്ഥാനത്തിന്റെ വീഥിക്കു വീതികൂട്ടാൻ പിൽക്കാലത്തെ മഹാകവിയായ കുമാരനാശാനും ഒപ്പംകൂടി. അങ്ങനെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി പരിലസിക്കുന്ന അരുവിപ്പുറത്തെ ദാർശനിക മണ്ണിൽ നിന്നും പിറന്നുയർന്ന ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ സംസ്ഥാപനത്തിനും, വളർച്ചയ്ക്കും ദൗത്യനിർവ്വഹണത്തിനും ആളും അർത്ഥവുമായി നിലകൊണ്ടതും ഡോ. പൽപ്പുവായിരുന്നു.
മഹാമാതൃക
ഡോ.പൽപ്പുവിന്റെ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു. ചരിത്രത്തിൽ ഉറച്ചു നിൽക്കുന്ന ആ കാൽപ്പാടുകൾ ഒരു കാലത്തും മാഞ്ഞു പോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല. പക്ഷേ ആ കാൽപ്പാടുകളെ കാണണമെങ്കിൽ സത്യസന്ധമായി മനസ്സും കണ്ണും തുറന്നുവയ്ക്കണം. എന്നാൽ മനസ്സിൽ തട്ടാതെ കണ്ണുമാത്രം തുറക്കപ്പെടുന്ന ഒരു സമൂഹത്തിൽ ആ കാൽപ്പാടുകൾ വേണ്ടവിധം ദൃശ്യമായിത്തീരുകയില്ല. ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത ഡോ.പൽപ്പുവിന്റെ പ്രകൃതം എക്കാലവും സാമൂഹ്യ സേവനത്തിനിറങ്ങുന്നവർക്ക് ഒരു മഹാമാതൃകയാണ്.
അവസര സമത്വമുള്ളൊരാധുനിക സമൂഹത്തെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം എന്നും സാമൂഹ്യരംഗത്ത് നിലകൊണ്ടിട്ടുള്ളത്. എന്നാൽ ഇന്നും ഈഴവ സമുദായം നേരിടുന്ന അവഗണനകൾക്ക് ഒരു കുറവും വന്നിട്ടില്ല. മന്ത്രിമാരുടെ എണ്ണം കുറഞ്ഞുപോയാൽ ഓർമ്മിപ്പിക്കാൻപോലും ബാഹ്യ ഇടപെടലുകൾ വേണം. നിയമസഭാ സമാജികൻമാരുടെ കാര്യത്തിലും സവർണ്ണ നേതൃത്വം പക്ഷപാതപരമായ സമീപനമാണ് കൈക്കൊള്ളുന്നത്.
സാംസ്കാരിക വകുപ്പിനു കീഴിലുള്ള അക്കാഡമി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലും നേതൃനിരയിൽ സവർണ്ണ വിഭാഗങ്ങൾക്കാണ് മുൻഗണന. സർക്കാർ ഉദ്യോഗത്തിന്റെ കാര്യത്തിൽ ഈഴവ-തീയ്യ സമുദായത്തെ എങ്ങനെ അകറ്റി നിറുത്താം എന്ന കുത്സിത ബുദ്ധിയാണ് ഉന്നത സ്ഥാനത്തിരിക്കുന്ന പുത്തൻ 'തമ്പുരാൻ'മാർക്കുള്ളത്. വർത്തമാനകാലത്തെ ഈ ദുഃസ്ഥിതി പാരമ്യത്തിലെത്തി നിന്നൊരു കാലഘട്ടത്തിൽ അതിനെതിരെ പോരാടിയ സമുന്നതനായൊരു വ്യക്തിത്വത്തിനുടമയായിരുന്നു പൽപ്പു.
അദ്ദേഹം വിഭാവനം ചെയ്ത സമുദായത്തിന്റെ പുരോഗതി പുതിയ തലമുറ ശരിയായ വിധത്തിൽ ഉൾക്കൊള്ളേണ്ട കാലമാണിത്. ഇതര സമുദായങ്ങളോടൊപ്പം സ്വസമുദായത്തിന്റെ അവകാശങ്ങൾക്കായി ഉഴിഞ്ഞുവച്ച ഡോ.പൽപ്പുവിന് ബൃഹത്തായൊരു സ്വപ്നമുണ്ടായിരുന്നു എല്ലാരംഗത്തും ജനസംഖ്യാനുപാതത്തിൽ സമുദായത്തിന് തുല്യനീതി ഉണ്ടാകണം- അത് പൂർണതോതിൽ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്വം നമ്മളൊരിക്കലും മറന്നു പോകരുത്.
(ഡോ.പൽപ്പു ഗ്ലോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |