
സമ്പന്നതയുടെ പട്ടുനൂലുകൾ കൊണ്ട് നെയ്തെടുത്തതായിരുന്നു യൂറോപ്പ് എന്ന സങ്കൽപ്പം. സാമൂഹിക സുരക്ഷയുടെ തണലും ജനാധിപത്യത്തിന്റെ സുസ്ഥിരതയും വാഗ്ദാനം ചെയ്ത ആ സ്വപ്നഭൂമിയിപ്പോൾ പുകയുകയാണ്. ഒരു വശത്ത് പെരുമഴപ്പോലെ കുതിച്ചുയരുന്ന ജീവിതച്ചെലവ്, മറുവശത്ത് നാളെയെക്കുറിച്ചുള്ള ഭീതി—പരമ്പരാഗതമായി യൂറോപ്പ് കാത്തുസൂക്ഷിച്ച ശാന്തതയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയും തെരുവുകളിൽ യുവരോഷം ആളിപ്പടരുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, അൽബേനിയ എന്നീ രാജ്യങ്ങളിലെ തെരുവുകളിൽ യുവരോഷം ആളിപ്പടരുന്നു.
കുതിച്ചുയരുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി, ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, തൊഴിലവസരങ്ങളുടെ അഭാവം, താങ്ങാനാവാത്ത ഭവന വാടക എന്നിവയാണ് യുവാക്കളെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കുന്നത്. തീവയ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ , പൊലീസുമായിട്ടുള്ള ഏറ്റുമുട്ടൽ തുടങ്ങിയവ ദിവസേന യൂറോപ്പിന്റെ തെരുവുകളിൽ അരങ്ങേറുകയാണ്. അനിതരസാധാരണമായ സ്ഥിതിവിശേഷമാണ് യൂറോപ്പ് നേരിടുന്നത്. യൂറോപ്പിന്റെ രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകളിൽ യുവതലമുറയ്ക്കുണ്ടായ വിശ്വാസ തകർച്ചയാണ് പ്രക്ഷോഭങ്ങളുടെ മൂലകാരണം. ജനകീയ പ്രക്ഷോഭങ്ങൾ സർക്കാരുകളെ വീഴ്ത്തുന്ന ആയുധമായി മാറുന്നു. അതേസമയം പിന്നിൽ ഏകോപിതമായ ഗൂഢശക്തികൾ മറഞ്ഞിരിക്കുന്നു എന്ന വിശ്വാസവും പ്രബലമാണ്.
ഉയർന്ന ജീവിതച്ചെലവിന്റെ വക്കിലെ അശാന്തി
യൂറോപ്പിലെ പ്രതിഷേധ തരംഗത്തിന്റെ ശ്രദ്ധാകേന്ദ്രം ഫ്രാൻസാണ്. ഈ വർഷം സെപ്തംബറിൽ വിദ്യാർത്ഥി സമരമായി ആരംഭിച്ച പ്രക്ഷോഭം ഒക്ടോബറായപ്പോഴേക്കും രാജ്യവ്യാപകമായി കത്തിപ്പടർന്നു. അദ്ധ്യാപക ക്ഷാമം, മോശം അടിസ്ഥാന സൗകര്യം, പഠന സാമഗ്രികളുടെ കുറവ് എന്നിവയാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങാൻ കാരണമായത്. ഇന്ധന വിലവർദ്ധനവും കുതിച്ചുയരുന്ന ജീവിതച്ചെലവും പൊതുസേവന രംഗത്തെ നിലവാര തകർച്ചയും കൂടിച്ചേർന്നപ്പോൾ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. സാമ്പത്തിക ഞെരുക്കം, ഉയരുന്ന പൊതുകടം , കമ്മി ബഡ്ജറ്റ് , സർക്കാർ നയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തി എന്നിവ ഫ്രാൻസിനെ ഉലയ്ക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളെ ഭരണത്തിലുള്ള രാഷ്ട്രീയ പ്രതിനിധികൾ അവഗണിക്കുന്നു എന്ന പരാതിയും ശക്തം.
2018 ലെ മഞ്ഞക്കുപ്പായ പ്രസ്ഥാനം ഫ്രാൻസിൽ ഒരു രാഷ്ട്രീയ പ്രതിഷേധമായി വളർന്നിരുന്നു. നിലവിലെ പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ , വിവിധ യൂണിയനുകൾ, ഇടതുപക്ഷ സംഘടനകൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളാണ് തെരുവിൽ ചേരുന്നത്.
മാക്രോണിനെ വരിഞ്ഞ് പ്രതിസന്ധി
ഫ്രാൻസിന്റെ തെരുവുകളിൽ ഉയരുന്ന രോഷം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തെ കൂടുതൽ സങ്കീർണമാക്കുന്നു. പൊതുകടവും ബഡ്ജറ്റ് കമ്മിയും നിയന്ത്രിക്കേണ്ട സാമ്പത്തിക സമ്മർദ്ദം ഒരു വശത്ത്. വിദ്യാഭ്യാസം പൊതു സേവനങ്ങൾ, ജീവിതച്ചെലവ് എന്നിവയിൽ കൂടുതൽ ആശ്വാസം വേണമെന്ന ജനങ്ങളുടെ ആവശ്യം മറുവശത്ത് . ഈ രണ്ട് സമ്മർദ്ദങ്ങൾക്കിടയിൽ സർക്കാരിന്റെ നയപരമായ ഇടം ചുരുങ്ങുന്നു. ഫ്രാൻസിന്റെ പൊതുകടം 2025 ൽ ജി.ഡി.പിയുടെ 115 ശതമാനത്തിൽ അധികമായിരുന്നു. വിരമിക്കൽ പ്രായം 62 ൽ നിന്നും 64ആക്കാനുള്ള മാക്രോൺ സർക്കാരിന്റെ നീക്കവും പ്രതിഷേധം ക്ഷണിച്ചുവരുത്തി.
മാക്രോണിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നു എന്നത് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് കൂടുതൽ പ്രയാസകരമാക്കി. തീവ്ര വലതുപക്ഷവും ഇടതുപക്ഷവും ഉൾപ്പെടുന്ന പ്രതിപക്ഷം ഈ പ്രതിസന്ധിയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നു. ഈ പ്രക്ഷോഭം മാക്രോണിന്റെ ഭരണത്തിന്റെ പൈതൃകത്തേയും ഫ്രാൻസിന്റെ അടുത്ത രാഷ്ട്രീയ ദിശയെയും ബാധിക്കുന്ന പ്രതിഭാസമായി വളർന്നു. വോട്ട് വാങ്ങി അധികാരത്തിൽ എത്തുന്ന സർക്കാരുകൾ ജനങ്ങളെ തെരുവിലേക്ക് തള്ളിവിടാതെ തന്നെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാദ്ധ്യസ്ഥരല്ലേ എന്ന ചോദ്യം ഉയരുകയാണ്.
ഇറ്റലിയിൽ സാമ്പത്തിക സമ്മർദ്ദത്തിന്റെ ഞെരുക്കം
ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല. വിദ്യാർത്ഥികളും അദ്ധ്യാപകരും കർഷകരും ട്രക്ക് ഡ്രൈവർമാരും ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങൾ പ്രതിഷേധരംഗത്തുണ്ട്. ഉയരുന്ന ഇന്ധനവില , വേതനവർദ്ധനയിലെ കുറവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നഗരങ്ങളിലെ ഉയർന്ന വാടക എന്നിവയ്ക്ക് പരിഹാരം തേടിയാണ് പ്രതിഷേധം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നയങ്ങളും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു. ഇറ്റലിയിൽ സാമ്പത്തിക അസംതൃപ്തി രാഷ്ട്രീയ ധ്രുവീകരണവുമായി ചേരുമ്പോൾ പ്രതിഷേധങ്ങളുടെ സ്വഭാവം മാറുന്നു. കുടിയേറ്റം, വിദ്യാഭ്യാസ നയം, കാലാവസ്ഥാനയം, സർക്കാർ ചെലവുകളുടെ മുൻഗണനാ ക്രമം എന്നിവയും പ്രതിഷേധക്കാരുടെ രാഷ്ട്രീയ വിഷയമായി മാറുന്നു. മിലാൻ പോലെയുള്ള വൻ നഗരങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും കടകളും വാഹനങ്ങളും പൊതുമുതലും ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ഉയരുന്ന രാഷ്ട്രീയ ചോദ്യം ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ചാണ്.
അതൃപ്തിയുടെ സാമ്പത്തികവും സാമൂഹികവുമായ കാരണം പരിഹരിക്കാൻ ശ്രമിക്കാതെ പൊലീസിനെ വിന്യസിച്ച് നിയന്ത്രണം ഏർപ്പെടുത്തി എത്രനാൾ ഒരു ഭരണകൂടത്തിന് മുമ്പോട്ട് പോകാനാകും.
സ്പെയിൻ വീടില്ലാത്ത വളർച്ചയുടെ വിരോധാഭാസം
സ്പെയിനിൽ പ്രതിഷേധങ്ങൾക്ക് മറ്റൊരു മുഖം. താങ്ങാനാവാത്ത ഭവന വാടകയാണ് സ്പെയിനിനെ പ്രതിഷേധത്തിലേക്ക് തള്ളി വിട്ടത്. മാഡ്രിഡിൽ ദീർഘകാലമായി താമസിച്ച് വന്നിരുന്ന 87 വയസുള്ള മരിക്കാർ മെൻ അബാസ്കലിനെ വർദ്ധിപ്പിച്ച വാടക നൽകാത്തതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് നിർബന്ധമായി ഒഴിപ്പിക്കുകയും തുടർന്ന് അവർ മരണപ്പെടുകയും ചെയ്തു. ഇത് സ്പെയിനിനെ പിടിച്ചുകുലുക്കി. ഇതോടെ ഭവന പ്രതിസന്ധിക്കെതിരായ പ്രക്ഷോഭം രൂക്ഷമായി. ഒറ്റപ്പെട്ട ദുരന്തം എന്നതിലുപരി സ്വന്തം നഗരത്തിൽ പോലും വീട് കണ്ടെത്താൻ കഴിയാത്ത സാധാരണക്കാർ നേരിടുന്ന പ്രതിസന്ധിയുടെ പ്രതീകമായി ഈ സംഭവം.
വാടക നിയന്ത്രണവും കുടിയൊഴിപ്പിക്കൽ നിയന്ത്രണവുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം.
ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്. സമ്പദ് വ്യവസ്ഥ വളരുമ്പോഴും നഗരങ്ങളുടെ മൂല്യം ഉയരുമ്പോഴും സാധാരണക്കാർക്ക് താമസിക്കാൻ ഇടമില്ലെങ്കിൽ വളർച്ചയുടെ ഗുണഭോക്താക്കൾ ആരാണ് ?. ഭവന വിപണിയിൽ നിക്ഷേപത്തിനും ലാഭത്തിനും പ്രാധാന്യം ലഭിക്കുമ്പോൾ വീട് ഒരു അടിസ്ഥാന മനുഷ്യാവകാശമാണ് എന്ന വസ്തുത പിന്നിലാവുന്നു. യുവാക്കൾക്ക് സ്വതന്ത്രമായി താമസിക്കാനോ കുടും ബ ജീവിതം ആരംഭിക്കാനോ കഴിയാത്ത അവസ്ഥ. ഇത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളെയും ബാധിക്കുന്നു.
അൽബേനിയയിൽ അഴിമതി വിരുദ്ധതരംഗം
അൽബേനിയയിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. വിദ്യാഭ്യാസ രംഗത്തെ കുതിച്ചുയരുന്ന ചെലവും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയുമാണ് വിദ്യാർത്ഥികളെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്.
പ്രധാനമന്ത്രി എഡിറമയുടെ സർക്കാരിനെതിരായ അതൃപ്തിയും പ്രതിഷേധ കാരണമാണ്. തലസ്ഥാനമായ ടിറാനയിൽ ആരംഭിച്ച സംഘർഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അധികാരം അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ ഉണ്ടെന്നും ഇത് ഹൈബ്രിഡ് യുദ്ധത്തിന്റെ ഭാഗമാണെന്നും അൽബേനിയൻ സർക്കാർ ആരോപിക്കുന്നു. സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ റഷ്യ-ഉക്രെയ്ൻ യുദ്ധം യൂറോപ്പിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ഏൽപിച്ച ആഘാതം ഈ പ്രക്ഷോഭങ്ങളുടെ ഒരു പരോക്ഷ കാരണമാണ്. യൂറോപ്പിലാകെ പണപ്പെരുപ്പം വർദ്ധിച്ചു. ഇത് ജനങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിച്ചു. യൂറോപ്പിന്റെ ഊർജ സുരക്ഷ പ്രതിസന്ധിയിലായി. ഇന്ധന വിലവർദ്ധനവ് ജനജീവിതത്തെ ബാധിച്ചു. ഉത്പാദന ഗതാഗത ചെലവ് വർദ്ധിച്ചു. ഇവയെല്ലാം ജനജീവിതത്തെ ദുഃസഹമാക്കി.
ഇറാൻ യുദ്ധത്തിന്റെ ബാക്കി പത്രം
യൂറോപ്പിലെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നത് ഇറാൻ-ഇസ്രയേൽ-അമേരിക്ക യുദ്ധമാണ്. ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ആഗോള എണ്ണ പ്രകൃതി വാതക വിതരണത്തെ ബാധിച്ചു.
ഇറാൻ യുദ്ധം യൂറോപ്പിന്റെ ഊർജച്ചെലവ് വർദ്ധിപ്പിച്ചു. തുടർന്ന് ഇന്ധനവിലയിലെ സമ്മർദ്ദം രൂക്ഷമാക്കി. ഏകദേശം 100 ബില്യൺ യൂറോയുടെ ആഘാതമാണ് ഈ യുദ്ധം യൂറോപ്പിന് വരുത്തി വച്ചത്.
ചുരുക്കത്തിൽ യൂറോപ്പിലെ ഭരണകൂടങ്ങൾ നേരിടുന്ന യഥാർത്ഥ അപകടം തെരുവിലെ തീ മാത്രമല്ല ആ തീ കത്തിച്ച സാമൂഹിക അസംതൃപ്തിയാണ്. തെരുവിലെ തീ അണക്കാൻ പൊലീസിന് കഴിഞ്ഞേക്കാം. ജനങ്ങളുടെ മനസ്സിലെ തീ അണക്കാൻ നയപരമായ മാറ്റങ്ങൾ വരുത്തേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |