
ആഗോള ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോൾ മനുഷ്യകേന്ദ്രീകൃത സമീപനങ്ങളാണ് പ്രധാനമെന്നാണ് യു.എൻ 'ഭാവിയുടെ ഉച്ചകോടി"സമ്മേളനത്തിൽ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജനങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്ന ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ് മോദിയുടെ വാക്കുകൾ. 2025- ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്റെ (ഡി.പി.ഡി.പി- ഡിജിറ്റൽ പെഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ട്) കരടു ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ശ്രമങ്ങളെ നയിച്ചത് ഈ ചിന്തയാണ്. നിയമങ്ങൾക്ക് അന്തിമരൂപം നല്കിയ ശേഷം, 2023-ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം പ്രവർത്തനക്ഷമമാക്കുകയും, വിവര സംരക്ഷണത്തിനുള്ള പൗരന്മാരുടെ അവകാശം പരിരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ ജീവസുറ്റതാക്കുകയും ചെയ്യും.
2025-ലെ ഡി.പി.ഡി.പി ചട്ടങ്ങളുടെ കാതലിലാണ് ഇന്ത്യൻ പൗരൻ നിലകൊള്ളുന്നത്. ഡേറ്റയ്ക്ക് ആധിപത്യമുള്ള ലോകത്ത്, ഭരണ ചട്ടക്കൂടിന്റെ കാമ്പിൽ വ്യക്തികളെ പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമ്മതത്തോടെ വിവരങ്ങൾ നൽകൽ, ഡേറ്റ നീക്കം ചെയ്യൽ, ഡിജിറ്റലായി നാമനിർദേശം ചെയ്യാനുള്ള സംവിധാനം തുടങ്ങിയ അവകാശങ്ങളാൽ ഈ ചട്ടങ്ങൾ പൗരന്മാരെ ശാക്തീകരിക്കുന്നു. ലംഘനങ്ങളുടെയോ അനധികൃത ഡേറ്റ ഉപയോഗത്തിന്റെയോ മുന്നിൽ പൗരന്മാർക്ക് ഇനി നിസഹായരാകേണ്ടി വരില്ല. ഡിജിറ്റൽ വ്യക്തിത്വം ഫലപ്രദമായി പരിരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സങ്കേതങ്ങൾ അവർക്കു ലഭിക്കും.
സാങ്കേതിക പരിജ്ഞാനം കണക്കിലെടുക്കാതെ ഓരോ ഇന്ത്യക്കാരനും അവരുടെ അവകാശങ്ങൾ മനസിലാക്കാനും വിനിയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കും വിധം ലളിതമായും വ്യക്തമായുമാണ് നിയമങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. വ്യക്തതയുള്ള നിബന്ധനകളിൽ സമ്മതം തേടുന്നത് ഉറപ്പാക്കുന്നതു മുതൽ ഇംഗ്ലീഷിലോ ഭരണഘടനയിൽ പട്ടികപ്പെടുത്തിയിട്ടുള്ള 22 ഇന്ത്യൻ ഭാഷകളിലോ പൗരന്മാർക്ക് വിവരങ്ങൾ നൽകണമെന്നി നിർബന്ധമാക്കുന്നതുവരെ, ഉൾക്കൊള്ളലിനുള്ള പ്രതിബദ്ധതയെ ഈ ചട്ടക്കൂട് പ്രതിഫലിപ്പിക്കുന്നു.
കുട്ടികളുടെ
സംരക്ഷണം
ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞ്, പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാതാപിതാക്കളുടെയോ രക്ഷാകർത്താവിന്റെയോ സമ്മതം നിയമങ്ങൾ നിർബന്ധമാക്കുന്നു. ചൂഷണം, അനധികൃത പ്രൊഫൈലുകൾ സൃഷ്ടിക്കൽ, മറ്റു ഡിജിറ്റൽ ചതിക്കുഴികൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നുവെന്ന് അധിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നു. ഭാവിതലമുറയ്ക്കായി സുരക്ഷിതമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കുന്നതിനുള്ള സമർപ്പണത്തെയാണ് ഈ വ്യവസ്ഥകൾ പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ആഗോള വിജയഗാഥയാണ്. ഈ വേഗത സജീവമായി നിലനിറുത്താനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ നവീകരണം പ്രാപ്തമാക്കുന്നതിനൊപ്പം, പൗരന്മാരുടെ വ്യക്തിഗത വിവര സംരക്ഷണവും ഞങ്ങളുടെ ചട്ടക്കൂട് ഉറപ്പാക്കുന്നു. നിയന്ത്രണത്തിലേക്ക് വളരെയധികം ചായുന്ന ചില അന്താരാഷ്ട്ര മാതൃകകളിൽനിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സമീപനം പ്രായോഗികവും വളർച്ചാധിഷ്ഠിതവുമാണ്. ഈ സന്തുലിതാവസ്ഥ, നമ്മുടെ സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും നയിക്കുന്ന നൂതന മനോഭാവത്തെ തടസപ്പെടുത്താതെ തന്നെ പൗരന്മാരെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ തോതിൽ ചട്ടങ്ങൾ പാലിക്കൽ ഭാരം നേരിടേണ്ടിവരും. പങ്കാളികളുടെ വ്യത്യസ്ത ശേഷികൾ കണക്കിലെടുത്ത്, തരംതിരിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോടെയാണ് നിയമങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി, വലിയ കമ്പനികൾക്ക് ഉയർന്ന ബാദ്ധ്യതകളുണ്ടാകും. ഇത് വളർച്ചയെ തടസപ്പെടുത്താതെ ഉത്തരവാദിത്വം ഉറപ്പാക്കും.
'ഡിജിറ്റൽ
ഫസ്റ്റ്" തത്വം
ഈ നിയമങ്ങളുടെ കാതൽ 'ഡിജിറ്റൽ ബൈ ഡിസൈൻ" എന്ന തത്വശാസ്ത്രമാണ്. പരാതികൾ പരിഹരിക്കുന്നതിനും ചട്ടങ്ങൾ പാലിക്കൽ നടപ്പിലാക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഡേറ്റാ സംരക്ഷണ ബോർഡ് പ്രധാനമായും ഡിജിറ്റൽ ഓഫീസായി പ്രവർത്തിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കാര്യക്ഷമതയും സുതാര്യതയും വേഗതയും ഉറപ്പാക്കുന്നു. നേരിട്ടുള്ള അനാവശ്യ ഇടപെടലുകളില്ലാതെ പൗരന്മാർക്ക് പരാതികൾ സമർപ്പിക്കുവാനും പുരോഗതി നിരീക്ഷിക്കുവാനും പ്രതിവിധികൾ തേടുന്നതിനും കഴിയും. ഈ 'ഡിജിറ്റൽ- ഫസ്റ്റ്" സമീപനം സമ്മതങ്ങൾക്കുള്ള സംവിധാനങ്ങളിലേക്കും ഡേറ്റ പരിപാലന പ്രവർത്തനങ്ങളിലേക്കും വ്യാപിക്കുന്നു. പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിലൂടെ, ഈ രീതിയിൽ വിശ്വാസം ഊട്ടിയുറപ്പിച്ച് പൗരന്മാരുടെ ഇടപെടലുകൾ സുഗമമാക്കുന്നു.
ഈ നിയമങ്ങളിലേക്കുള്ള യാത്ര, അതു ലക്ഷ്യമിടുന്നതു പോലെ ഏവരെയും ഉൾക്കൊള്ളുന്നതാണ്. 2023-ലെ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ നിയമത്തിന്റെ തത്വങ്ങളിൽ അധിഷ്ഠിതമായ കരടു നിയമങ്ങൾ, വിവിധ പങ്കാളികളിൽനിന്നു ശേഖരിച്ചതും, ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനത്തിന്റേതുമായ വിപുലമായ ചേരുവകളുടെ ഉൽപ്പന്നമാണ്. പൗരന്മാരിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതികരണങ്ങളും നിർദേശങ്ങളും ക്ഷണിച്ച്, 45 ദിവസത്തെ പൊതുപരിശോധനാ കാലയളവ് പ്രഖ്യാപിച്ചു.
ഈ ഇടപഴകൽ കൂട്ടായ അവബോധത്തിലും പങ്കാളിത്ത നയരൂപീകരണത്തിന്റെ പ്രാധാന്യത്തിലുമുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. അതേസമയം, ചട്ടക്കൂട് ശക്തമാണെന്നു മാത്രമല്ല, നമ്മുടെ സാമൂഹ്യ- സാമ്പത്തിക ഭൂപ്രകൃതിയുടെ അതുല്യമായ വെല്ലുവിളികൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പൗരന്മാർ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധമുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന്, സ്വകാര്യ വിവരങ്ങളിലെ അവകാശങ്ങളെക്കുറിച്ച് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഡിജിറ്റൽ ഭാവിക്ക്
അടിത്തറയിടാം
ഈ നിയമങ്ങൾ നാം അനാവരണം ചെയ്യുമ്പോൾ നിലവിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടുക കൂടിയാണ് ചെയ്യുന്നത്. ആഗോള ഡേറ്റ പരിപാലന മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ 2025-ലെ കരട് ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നു. പൗരന്മാരെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെയും നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെയും, ലോകത്തിനു പിന്തുടരാനുള്ള മാതൃക സ്ഥാപിക്കുകയാണ് നമ്മൾ.
ഈ ഡിജിറ്റൽ യുഗത്തിൽ ഓരോ ഇന്ത്യക്കാരനെയും സംരക്ഷിക്കുവാനും ശാക്തീകരിക്കുവാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ്. പരിശോധനാ കാലയളവിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ച് ഈ ചർച്ചയിൽ പങ്കെടുക്കുവാൻ എല്ലാ പൗരന്മാരെയും വ്യവസായങ്ങളെയും പൊതുസമൂഹത്തെയും ക്ഷണിക്കുന്നു. സുരക്ഷിതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ഇന്ത്യയുടെ വികസന മോഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചട്ടക്കൂട് സൃഷ്ടിക്കാൻ നമുക്കൊന്നിച്ച് ഈ നിയമങ്ങൾ പരിഷ്കരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |