SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

'നാനാ,​ ഞാൻ അല്പം വൈകിപ്പോയി...​'

ss

'ഐ ആം നാനാ പടേക്കർ' കൈനീട്ടിക്കൊണ്ട് നാനാ പറഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ ഞങ്ങൾ വാതിലിലേക്കു നടക്കുമ്പോഴായിരുന്നു ഗേറ്റ് കടന്നുള്ള നാനായുടെ വരവ്. ജീൻസും ഡെനിം ജാക്കറ്റും അണിഞ്ഞ് പരുക്കനെന്നു തോന്നിപ്പിക്കുന്ന ആ പച്ച മനുഷ്യനെ ആദ്യം കണ്ട നിമിഷം ഞാൻ ഇന്നും മറന്നിട്ടില്ല. ഉള്ളിൽ ആരാധനയോടെ കൊണ്ടുനടന്ന നടൻ പെട്ടെന്ന് മുന്നിൽ വന്നപ്പോൾ ആശ്ചര്യം തോന്നി.

'നാനാ പടേക്കർ എ മോഡറേറ്റ് ആക്‌ടർ' എന്നുകൂടി അദ്ദേഹം പറഞ്ഞപ്പോൾ 'മോഡസ്റ്റ്' എന്ന് ഞങ്ങളുടെ കൂട്ടത്തിലൊരാൾ പറഞ്ഞു. അങ്ങനെ ഒന്നും അല്ലല്ലോ എന്ന അർത്ഥത്തിൽ കോയി ഹേന എന്നും അംഗ്രേസി നഹീം ബോല (ഇംഗ്ളീഷ് അറിയില്ല) എന്നും ഹിന്ദിയിൽ വളരെ വിനയാന്വിതനായി അദ്ദേഹം കൂട്ടിച്ചേർത്തു.

നാനാ എന്റെ മനസിൽ ഇടംപിടിച്ചത് 1991ൽ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച 'പ്രഹാർ' കണ്ടപ്പോഴാണ്. അത് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകും മുമ്പായിരുന്നു. ക്രാന്തിവീറും അഗ്നിസാക്ഷിയുമൊക്കെ ഇറങ്ങും മുമ്പ്. അന്ന് ഹിന്ദി അറിയില്ല. സിനിമ കാണുന്ന ചിലരൊക്കെ ചിരിക്കുകയും കൈയടിക്കുകയും ചെയ്‌തപ്പോൾ അർത്ഥം മനസിലായില്ലെങ്കിലും നാനായുടെ ശബ്ദം അന്നേ വല്ലാതെ എന്നെ ആകർഷിച്ചു. പ്രത്യേകിച്ച്,​ സംഭാഷണം ഡെലിവർ ചെയ്യുന്ന രീതി. സാധാരണക്കാരന്റെ പരുക്കൻ ശബ്ദമായിരുന്നു അത്. നമ്മുടെ പഴയകാല നടൻ അസീസിന്റെ ഡയലോഗ് കേട്ടിട്ടില്ലേ? അങ്ങനെയാണ് നാനാ മനസിൽ കയറിവരുന്നത്.

പരീന്ദ, ഖമോഷി, ക്രാന്തിവീർ... നാനായുടെ ഓരോ ചിത്രങ്ങൾ കാണുമ്പോഴും ആ അഭിനയ മികവിൽ വിസ്‌മയം കൊണ്ടു. നസറുദ്ദീൻ ഷാ, ഓംപുരി ആ ശ്രേണിയിൽ തുടർന്ന് എടുത്തു പറയാവുന്ന നടനായി നാനാ പടേക്കർ വളർന്നു. സൻജയ് ലീല ബൻസാലിയുടെ 'ഖമോഷി'യിലെ മൂകനും ബധിരനുമായ ജോസഫ് എന്ന കഥാപാത്രം കാണുമ്പോൾ അൽ പാച്ചിനോ (വിഖ്യാത അമേരിക്കൻ നടൻ) പോലും ഒന്നുമല്ലെന്ന് തോന്നിപ്പോകും. മറാത്തി സംസ്‌കാരം, മറാത്തി നാടകവേദി അതിന്റെ കരുത്ത് നാനായ്‌ക്കുണ്ടായിരുന്നു.

ഞങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമായി. വലിയ നടനെന്നതിനൊപ്പം വലിയ മനുഷ്യനായിരുന്നു. ഹൃദയാലു. ഏതാനും വർഷം മുമ്പ് 2023ൽ ആണെന്നു തോന്നുന്നു കേരളത്തിൽ ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ സംഘാടകർ ക്ഷണിച്ചപ്പോൾ നാനാ എന്നെ വിളിച്ചു. 'എനിക്കു കേരളത്തിൽ പോകാൻ പേടിയാണ്. നീ കൂടി ഒപ്പം വന്നാൽ പോകാം' എന്നു പറഞ്ഞു'. നിങ്ങളെപ്പോലെ പ്രഗത്ഭനായ ഒരു നടൻ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: 'കേരളം പ്രബുദ്ധമായ നാടാണ്. അടൂരും അരവിന്ദനും എടുത്ത സിനിമകളുമായി നോക്കുമ്പോൾ എന്റെ സിനിമ ഒന്നുമല്ല. നീ എന്റെ കൂടെയുണ്ടെങ്കിൽ എനിക്കൊരു ധൈര്യമായിരിക്കും'. അത്രയും പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.

തിരുവനന്തപുരത്തെത്തിയാൽ അടൂർ ഗോപാലകൃഷ്ണനെ കാണണമെന്നും പറഞ്ഞു. ഞങ്ങൾ അടൂരിന്റെ വീട്ടിൽ പോയി. അടൂർ സന്തോഷത്തോടെ സ്വീകരിച്ചു. നാനാ തറയിൽ ഇരുന്നു. ഒപ്പം ഇരിക്കാൻ പറ്റില്ലെന്ന ബഹുമാനം. നിർബന്ധിച്ചപ്പോൾ അടൂരിന്റെ കസേരയിലും താഴെ ഒരു പീഠത്തിൽ ഇരിപ്പായി. അങ്ങയുടെ ചിത്രത്തിൽ എനിക്കൊരു റോൾ തരണം എന്ന് കെഞ്ചിപ്പറയുന്ന നാനായുടെ മുഖം എന്റെ മനസിലുണ്ട്.

ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചനേക്കാളും ഡിമാൻഡും വിലയുമുണ്ടായിരുന്ന നടൻ. അഭിനയത്തിലാകട്ടെ മികച്ചു നിന്നയാൾ. എന്നിട്ടും അടൂരിനോട് നല്ലൊരു റോളിനായി യാചിക്കാൻ മടിയില്ലായിരുന്നു. അതാണ് ആ മനുഷ്യന്റെ വലിപ്പം. അടൂർ പറഞ്ഞു,​ അയാൾക്കു വേണ്ടിയുള്ള കഥ പരതാമെന്ന്. കഥാപാത്രത്തിന് അഭിനേതാക്കളെ മുൻകൂട്ടിക്കണ്ട് എഴുതുന്ന രീതി അടൂരിനില്ലല്ലോ.

ലോകത്തെ രണ്ടാമത്തെ മ്യൂസിക്കൽ ഫൗണ്ടൻ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നാഗ്‌പൂരിലെ ഫുട്ടാല ലേക്കിൽ ചെയ്‌തപ്പോൾ മറാത്തിയിൽ ശബ്ദം നൽകാൻ നാനായെ നടിയും സംവിധായികയുമായ രേവതി വിളിച്ചു. ആരാണ് സൗണ്ട് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാനാണെന്നു പറഞ്ഞപ്പോൾ അപ്പോഴെ സമ്മതിച്ചു. അന്ന് തിരക്കായിട്ടും ഞാൻ വീഡിയോ കോളിലാണ് അത് ചെയ്തത്.

ഓസ്‌കാർ കിട്ടിയപ്പോൾ എന്നെ ആദ്യം വിളിച്ചു. ആശ്ളേഷിച്ചു. എവിടെ കണ്ടാലും വാരിയെടുക്കും. ഏതാനും വർഷം മുമ്പ് ഗോവയിൽ ഇഫിയിൽ അതിഥിയായി വന്നപ്പോൾ നോളജ് പാർട്നർ ആയി ഞാൻ അവിടെയുണ്ടായിരുന്നു. അന്ന് ഞാൻ അല്പം തടി വച്ചിട്ടുണ്ടായിരുന്നു. എന്റെ വയറിൽ കുത്തി. എന്നിട്ട് എന്റെ കൈ അദ്ദേഹത്തിന്റെ വയറിലേക്കു കൊണ്ടുപോയി. ഉറച്ച ശരീരമല്ലേയെന്ന് ചോദിച്ചു. വ്യായാമം ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങളൊക്കെ ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്നവരല്ലേയെന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ പിന്നിലുണ്ടെങ്കിലാണ് ഞങ്ങൾക്കു ബലം എന്നായിരുന്നു മറുപടി.

കഴിഞ്ഞ ദിവസം ഞാൻ കാർഡിയാക് സി.ടിയടക്കം പരിശോധനകൾ നടത്തി. റിസൾട്ടെല്ലാം പെർഫക്ട് ആയിരുന്നു. ആ സന്തോഷ വിവരം പറഞ്ഞ് നാനായെ ഇന്നലെ വിളിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും വിഷമകരമായ ഈ ദു:ഖവിവരം. ഏറ്റവും പ്രിയപ്പെട്ടയൊരാൾ പോയി. I Was Slightly late നാനാ. അല്പം വൈകിപ്പോയി. പ്രണാമം.

(ഓസ്കാർ പുരസ്കാര ജേതാവാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION